Asianet News MalayalamAsianet News Malayalam

കൊറോണയും തോല്‍ക്കും, അത്ര ശക്തം നമ്മുടെ 'സൈന്യം';  ശൈലജ ടീച്ചറും സംഘവും നിപായെ തോല്‍പ്പിച്ച കഥ

കേരളം നിപയെ തോല്‍പ്പിച്ചത് എങ്ങനെ. ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചറുടെ ഓര്‍മ്മ. മാധ്യമപ്രവര്‍ത്തകയായ എം ജഷീന എഴുതിയ 'നിപാ സാക്ഷികള്‍, സാക്ഷ്യങ്ങള്‍' എന്ന പുസ്തകത്തില്‍നിന്നും ഒരു ഭാഗം
 

How did Kerala defeat Nipah Virus Kerala health minister KK Shailaja account Excerpts
Author
Thiruvananthapuram, First Published Mar 11, 2020, 3:59 PM IST
  • Facebook
  • Twitter
  • Whatsapp

നിപ അതിജീവനത്തിന്റെ അമ്പരപ്പിക്കുന്ന കഥകളുമായി ഒരു പുസ്തകം ഇന്നലെ പുറത്തിറങ്ങി.  നിപാ സാക്ഷികള്‍, സാക്ഷ്യങ്ങള്‍. മരിച്ചവരുടെയും അതിജീവിച്ചവരുടെയും പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളെയും തേടി മാധ്യമപ്രവര്‍ത്തകയായ എം ജഷീന നടത്തിയ യാത്രകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മലപ്പുറത്തെ പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നും ഒരു ഭാഗമാണ് താഴെ. കൊറോണ പ്രതിരോധത്തിനു വേണ്ടി നമ്മുടെ സൈന്യത്തെ നയിക്കുന്ന ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ നിപാകാല അനുഭവങ്ങള്‍. 

 

How did Kerala defeat Nipah Virus Kerala health minister KK Shailaja account Excerpts

 

 'നമ്മള്‍ ജയിച്ച യുദ്ധം', 

കണ്ണൂര്‍ ബര്‍ണ്ണശേരിയിലെ ഇ കെ നായനാര്‍ സ്മാരക അക്കാദമിയുടെ ഉദ്ഘാടനമായിരുന്നു അന്ന്. ആ നാടാകെ അതിന്റെ ആഘോഷപ്രതീതിയിലാണ്. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം. വേദിയില്‍ യെച്ചൂരി സംസാരിച്ചു കൊണ്ടിരിക്കുന്നു. അപ്പോഴാണ് രാമകൃഷ്‌ണേട്ടന്‍ (മന്ത്രി ടി പി രാമകൃഷ്ണന്‍) ഫോണില്‍ വിളിയ്ക്കുന്നത്.  മൈക്കിന്റെ ശബ്ദമുള്ളതിനാല്‍ പതിയെ കേള്‍ക്കുന്നേയുള്ളൂ. പേരാമ്പ്രയിലെ വിഷയമാണ്. അപൂര്‍വമായൊരു പനി.  കഴിഞ്ഞ ദിവസം  വിളിച്ചപ്പോള്‍ പറഞ്ഞ മൂന്നാമത്തെ രോഗിയും മരിച്ചുവത്രേ. മാത്രമല്ല,  ആശുപത്രിയില്‍ ഉള്ള ആ കുടുംബത്തിലെ മറ്റൊരാളുടെ   അവസ്ഥയും  ഗുരുതരമാണ്. 

ഗൗരവമാണ് സാഹചര്യം. അവിടെയൊന്ന് പോവുക തന്നെ വേണം. അടുത്ത ദിവസമാണേല്‍ കൊച്ചി കാന്‍സര്‍ സെന്ററിന്റെ തറക്കല്ലിടലാണ്. ചടങ്ങില്‍ അധ്യക്ഷയാണ് ഞാന്‍. പോകാതിരിക്കാന്‍ കഴിയില്ല. കോഴിക്കോട്ടേക്ക്  അപ്പോള്‍ തന്നെ പോവുന്നതാണ് ഉചിതം.  അടുത്ത് മുഖ്യമന്ത്രി പിണറായി വിജയനുണ്ട്.  കാര്യങ്ങള്‍ പറഞ്ഞ് അദ്ദേഹത്തിന്റെ അനുമതിയോടെ ചടങ്ങ് പൂര്‍ത്തിയാകാന്‍ നില്‍ക്കാതെ വേദിയില്‍ നിന്നിറങ്ങി.

രണ്ട് ദിവസം മുന്‍പ്  ടിപി വിളിച്ച് പനി മരണത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ തന്നെ അന്ന്  ആരോഗ്യ വകുപ്പ് സെക്രട്ടറി ആയിരുന്ന രാജീവ് സദാനന്ദന്‍, ഡിഎച്ച്എസ് ആര്‍ എല്‍ സരിത എന്നിവരെയും   ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയും വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഡിഎച്ച്എസിനോട് കോഴിക്കോട്ടേക്ക് പോകാനും നിര്‍ദേശിച്ചു. പനി ബാധിച്ച് ആദ്യ മരണമുണ്ടായപ്പോള്‍  തന്നെ ആരോഗ്യ വകുപ്പ് പ്രാഥമിക തലത്തില്‍ പ്രതിരോധപ്രവര്‍ത്തനം തുടങ്ങിയിരുന്നു.  

കോഴിക്കോട്ടേക്കുള്ള യാത്രയിലുടനീളം ആശങ്കയായിരുന്നു. 

എന്ത് അസുഖമാണിത്, എങ്ങനെ പ്രതിരോധിക്കുമെന്ന ഭീതി. വിശദമായി അറിയാനായി അപ്പോള്‍ തന്നെ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ  പ്രൊഫ. അരുണ്‍ കുമാറിനെ വിളിച്ചു.  നേരത്തെ ചെറിയ പരിചയമുണ്ട്.  പരിശോധന ഫലത്തെ കുറിച്ച് ചോദിച്ചപ്പോള്‍  അരുണിന്റെ ശബ്ദമൊക്കെ ഒന്ന് പതുക്കെയായി. സീരിയസാണ് കാര്യം.  മരണ നിരക്ക് കൂടുതലുള്ള പകര്‍ച്ചവ്യാധിയാണ്.  നിപാ വൈറസാണോ എന്ന് സംശയമുണ്ട്. അത് കേട്ടപ്പോള്‍ ഒന്നുകൂടി പേടിയായി. 'അരുണ്‍, കാര്യങ്ങള്‍ കൈവിട്ടുപോകുമോ, പ്രശ്‌നമാണോ'? അതിന്റെ ലക്ഷണമാണ് കാണുന്നതെന്നായിരുന്നു മറുപടി. എന്തായാലും ഇപ്പോള്‍  പറയാനായിട്ടില്ല. സാമ്പിള്‍ പൂനെ എന്‍ഐവിയിലേക്ക് അയച്ചിട്ടുണ്ട്. ആ ഫലം വന്നാലേ സ്ഥിരീകരിക്കാനാവൂ.

ഞാന്‍ അരുണിനെ കോഴിക്കോട്ടേക്ക് ക്ഷണിച്ചു. വിഷയത്തില്‍ അറിവുള്ളവര്‍ അവിടെ ഉണ്ടാകുന്നത് നല്ലതാണല്ലോ.  ഞാന്‍ ഇത് പറയുന്നതിന് മുന്‍പേതന്നെ  അരുണും സംഘവും   കോഴിക്കോട്ടേക്ക് പുറപ്പെടാന്‍ ഒരുങ്ങിയിരുന്നു. വലിയ സമാധാനം. 

ബാക്കി കാര്യങ്ങള്‍ നേരിട്ട്  വിശദമായി പറയാമെന്നും പറഞ്ഞാണ് ഫോണ്‍ വച്ചത്.  ഞങ്ങളുടെ കാറിന് പുറകെയായി അവരും കോഴിക്കോട്ടേക്ക് ലക്ഷ്യം വച്ചു.  യാത്രാ മധ്യേ നിപാ എന്താണെന്നറിയാന്‍  ഇന്റര്‍നെറ്റില്‍ പരതി ഞാന്‍. മലേഷ്യയില്‍ സുങ്ങായ് നിപാ എന്ന സ്ഥലത്തെ നദിക്കരയിലുള്ളവര്‍ കൂട്ടത്തോടെ മരിക്കുന്നത് കണ്ടാണ് ശസ്ത്രജ്ഞര്‍ പരിശോധിച്ചത്.  ചുവ എന്ന് പേരുള്ള ആളാണ് ലാബില്‍, വെട്ടിതിളങ്ങുന്ന, വളരെയേറെ ആക്രമണകാരിയായ ആ വൈറസിനെ കണ്ടുപിടിച്ചത്.  അതൊക്കെ വായിച്ചപ്പോള്‍ എന്റെ ആശങ്ക കൂടി. കാര്യങ്ങള്‍ എന്തായി മാറുമെന്ന ചിന്തയായിരുന്നു അവിടെ എത്തുംവരെ.  സാബിത്തിന്റെ ഉപ്പ മൂസ, സാബിത്തിനെ പരിചരിച്ച നഴ്‌സ് ലിനി എന്നിവര്‍ ആ സമയം ചികിത്സയിലാണ്.

ഡിച്ച്എസിനെ  വിളിച്ച്  ഗസ്റ്റ് ഹൗസില്‍ രാത്രി അടിയന്തിര യോഗം വിളിയ്ക്കാന്‍ നിര്‍ദേശിച്ചു. കോഴിക്കോട്ടെ എല്ലാ ആശുപത്രിയിലെയും മെഡിക്കല്‍ ഓഫീസര്‍മാരും വേണം. അവിടെ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ്, ഗവ. മെഡിക്കല്‍ കോളേജിലെ  കമ്മ്യൂണിറ്റി മെഡിസിനിലുള്ളവര്‍,  മറ്റ് എച്ച്ഒഡിമാര്‍, വെറ്ററിനറി വിഭാഗം  അധികൃതര്‍ ഇവരെയെല്ലാം വിളിപ്പിച്ചു.  അന്ന് വൈകീട്ട് ഏഴരയോടെ ഞങ്ങള്‍  ഗസ്റ്റ് ഹൗസിലെത്തി. കാറില്‍  ഇറങ്ങുമ്പോഴേക്കും നാട്ടിലെ എല്ലാ മാധ്യമങ്ങളും അവിടെ ഉണ്ട്. 

''എന്താ മാഡം പ്രശ്‌നം, രോഗമെന്താ'' എന്നും ചോദിച്ച് അവര്‍ ചുറ്റും കൂടി. 

അപൂര്‍വമായ ഒരു രോഗമാണ്. ഇവിടെ യോഗം വിളിച്ചിട്ടുണ്ട്. അതു കഴിഞ്ഞ് കാര്യങ്ങള്‍ പറയാം. അതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു. എത്ര വേണമെങ്കിലും കാത്തിരിക്കാം. ഞങ്ങളോട്  മറച്ചു വയ്ക്കരുതെന്ന് മാത്രമായിരുന്നു  അവര്‍ക്ക് പറയാനുള്ളത്.  തലേ ദിവസം ഒരു പത്രം, അപൂര്‍വ രോഗമാണ്, കുറേ പേര്‍ മരിക്കാന്‍ സാധ്യത ഉണ്ടെന്നൊക്കെ എഴുതി ഭീതി ഉണ്ടാക്കിയിരുന്നു.  

 

.....................................................

 പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച നിപാ സാക്ഷികള്‍, സാക്ഷ്യങ്ങള്‍ എന്ന പുസ്തകം വാങ്ങാന്‍ 9946570745 എന്ന നമ്പറില്‍ ബന്ധപ്പെടാം

How did Kerala defeat Nipah Virus Kerala health minister KK Shailaja account Excerpts

 


ഒരു സിഐഡി ജോലി തന്നെയായിരുന്നു അത്

ഈ രോഗത്തിന്റെ ചികിത്സയ്ക്ക് എവിടെയും  പ്രോട്ടോകോള്‍ ഇല്ല.  ഇവിടെ കൃത്യമായ പ്രോട്ടോകോള്‍  രൂപീകരിക്കണമെന്ന് ആദ്യ യോഗത്തില്‍തന്നെ തീരുമാനിച്ചു. ആഫ്രിക്കയില്‍ പടര്‍ന്ന് പിടിച്ച എബോളയുടെ പ്രോട്ടോക്കോള്‍ പരിശോധിച്ചിട്ട് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട്‌പോകാമെന്ന് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. റാപ്പിഡ് റെസ്‌പോണ്‍ഡ് ടീമിനെ റെഡിയാക്കി. ഐസിഎംആര്‍-എന്‍ഐവിയില്‍ നിന്നുമുള്ള വിദഗ്ധ സംഘത്തെ  അടുത്ത ദിവസം  എത്തിയ്ക്കാനും  നിര്‍ദേശം നല്‍കി. 

ഒരു പിശകും പറ്റാതെ പ്രതിരോധം കെട്ടുക എന്നതായിരുന്നു പ്രധാനം. അന്ന് തന്നെ വിവിധ കമ്മിറ്റികള്‍ ഉണ്ടാക്കി. പനി കേസുകളില്‍ ജാഗ്രത നല്‍കാന്‍ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി. എല്ലാ ആശുപത്രിയിലും പനിയ്ക്ക് പ്രത്യേക ഒപി. സമാന ലക്ഷണം  തോന്നുന്നവരെ മെഡിക്കല്‍ കോളേജിലേക്ക് അയക്കണം. സാമ്പിള്‍ അയക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തി. മരിച്ചവരും രോഗം സ്ഥിരീകരിച്ചവരുമായും ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും രണ്ട് ദിവസം കൊണ്ട്  കണ്ടെത്താനായി മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിനെ ചുമതലപ്പെടുത്തി. വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി  സംശയനിവാരണത്തിനായി ഒരു കോള്‍ സെന്റര്‍ ആരംഭിയ്ക്കാനും തീരുമാനിച്ചു. 

കോണ്‍ടാക്ട് ലിസ്റ്റ് ഉണ്ടാക്കലായിരുന്നു നിര്‍ണായക ജോലി. രോഗികള്‍ കിടന്ന  ആശുപത്രികളില്‍ അന്ന്  ചികിത്സ തേടിയവര്‍, കാണാനെത്തിയവര്‍  എന്നിങ്ങനെ  ഫോണ്‍ വിളിച്ചവരെ വരെ നോക്കിയാണ് പട്ടിക ഉണ്ടാക്കിയത്. ആ കണ്ണിയിലെ ഒരാളെ പോലും നഷ്ടപ്പെടാതെ കണ്ടുപിടിച്ച് അവരെ വീടിന് പുറത്തിറക്കാതെ  പകര്‍ച്ചാ സാധ്യത പൂര്‍ണമായും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ആരിലൊക്കെ വൈറസ് എത്തിയിട്ടുണ്ടാകുമെന്ന് ആ നിമിഷം വ്യക്തമല്ല. ഒരു സിഐഡി ജോലി തന്നെയായിരുന്നു അത്. രാത്രി ഒന്‍പതിനാണ്  യോഗം പിരിഞ്ഞത്.

 

How did Kerala defeat Nipah Virus Kerala health minister KK Shailaja account Excerpts
 

നിപാ തന്നെ!
സത്യം പറയാലോ, നല്ല പേടിയുണ്ടായിരുന്നു. എനിയ്ക്ക് മാത്രമല്ല, കൂടെയുള്ളവര്‍ക്കും. എവിടെ എത്തുമെന്ന് ഒരു പിടിയുമില്ല. ചികിത്സയില്ല, എന്തിന് പ്രോട്ടോക്കോള്‍ പോലും ഇവിടെ രൂപീകരിക്കുകയാണ്.  മാധ്യമപ്രവര്‍ത്തകര്‍  കാത്തിരിക്കുന്നു. എന്റെ ഉള്ളിലെ പേടി ഏതെങ്കിലും രീതിയില്‍ അവരുടെ മുന്നില്‍ കാണിച്ചാല്‍ പെട്ടുപോകും. പിന്നെ വാര്‍ത്തകളിലും ആ ഭീതി നിറയും. മുഖത്ത് ഒരുവിധം ധൈര്യം സ്വരൂപിച്ചാണ് അവരോട് സംസാരിച്ചത്. 'അപൂര്‍വ വൈറസാണ്. പൂനെ എന്‍ഐവി ഫലം വന്നാലെ എന്തെങ്കിലും പറയാനാവൂ'. 

അപ്പോള്‍  നിപാ എന്നൊക്കെ കേള്‍ക്കുന്നുണ്ടല്ലോ എന്നൊരാള്‍ ചോദിച്ചു.  'അങ്ങനെയൊന്നും ഇപ്പോള്‍ പറയാനാവില്ല. എല്ലാവരും സഹകരിക്കണം. ഭീതി പരത്തരുത്. അതേ സമയം ഗൗരവം ചോരാതെ വാര്‍ത്തകള്‍ നല്‍കുകയും വേണം'.  

തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും  വിശദീകരിച്ചു. ദിവസവും രാവിലെ 8.30ന് ചുമതലയുള്ള പ്രധാന ആളുകള്‍ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്ന് അന്ന് കൈക്കൊള്ളേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ധാരണയുണ്ടാക്കും. ഏല്‍പ്പിച്ച ജോലികളുമായി എല്ലാവരും ഓരോ കേന്ദ്രത്തിലേക്ക് മടങ്ങും.  വീണ്ടും വൈകീട്ട് അഞ്ചിന് ഗസ്റ്റ് ഹൗസില്‍ ഈ ടീം യോഗം ചേരും. തുടര്‍ന്ന്  വാര്‍ത്താസമ്മേളനം വിളിയ്ക്കാനും തീരുമാനിച്ചു.  മന്ത്രി, ഡിഎച്ച്എസ്, ഡിഎംഒ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ വാര്‍ത്താസമ്മേളനം നടത്തും. അതേ എഴുതാവൂ എന്നും   പത്രക്കാരോട് പറഞ്ഞു.  

അതൊക്കെ കഴിയുമ്പോഴേക്കും അന്ന്  10.30 ആയി. ഭക്ഷണം കഴിച്ച്  രാത്രി 12ന് കാറില്‍ എറണാകുളത്തേക്ക്  പുറപ്പെട്ടു. രാവിലെ 10 -നാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കലിടുന്നത്. ഞാന്‍ അധ്യക്ഷയാണ്. അദ്ദേഹത്തോട് എല്ലാ കാര്യങ്ങളും വിശദമായി സംസാരിച്ചു. മറ്റ് ഔദ്യോഗിക  പരിപാടികള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കി കോഴിക്കോട് ക്യാമ്പ് ചെയ്യാനുള്ള തീരുമാനവും അറിയിച്ചു. അദ്ദേഹം എല്ലാ കാര്യങ്ങള്‍ക്കും മുഴുവന്‍ പിന്തുണയും നല്‍കി.

ഉച്ചയ്ക്ക് ശേഷമാണ്  എന്‍ഐവി ഫലം  വന്നത്.  നിപാ തന്നെ!

ഞാന്‍ എറണാകുളത്തും ഡിഎച്ച്എസ് കോഴിക്കോടും  രോഗവിവരം ഔദ്യോഗികമായി അറിയിച്ചു. പിന്നീട് കണ്ട കാഴ്ചകള്‍, കേട്ട കഥകള്‍, നേരിട്ട അനുഭവങ്ങള്‍. എല്ലാം  മറ്റൊരിക്കലും മലയാളിയുടെ ജീവിതത്തിലുണ്ടാവാത്ത കാര്യങ്ങളായിരുന്നു. നാട്ടിലാകെ  ഭീതി പടര്‍ന്നു. കോഴിക്കോട്ടെ പൊതുഇടങ്ങളില്ലെല്ലാം മാസ്‌ക് ഇട്ട മുഖങ്ങള്‍. അവിടേക്കുള്ള യാത്ര പോലും ആളുകള്‍ മാറ്റിവച്ചു.  പഴയ കോഴിക്കോടിനെ തിരിച്ചു പിടിയ്ക്കണം. വലിയൊരു ശത്രുവിനെയാണ് നേരിടാനുള്ളത്. എല്ലാവരെയും ചേര്‍ത്തുപിടിച്ചാണ് പോരാടേണ്ടത്. കൂടെയുള്ളവരാരെയും വിട്ടുകൊടുത്തൂടാ. ഒരു യുദ്ധത്തിനെന്നോണം മനക്കരുത്തോടെ  ഇറങ്ങാന്‍ ഒരുങ്ങി. അടുത്ത ഒരാഴ്ചയിലെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ഞാന്‍ കോഴിക്കോട്ടേക്ക് അന്ന് തന്നെ തിരിച്ചു. രാത്രി 10 ഓടെ ഗസ്റ്റ് ഹൗസില്‍ എത്തി. അവിടെയായിരുന്നു താമസം. ആ ദിവസം  മെഡിക്കല്‍ കോളേജില്‍ നാല് പേര്‍ സമാന ലക്ഷണത്തോടെ മരിച്ചിട്ടുണ്ട്. സാമ്പിള്‍ ഫലം വന്നിട്ടുമില്ല.  ആ ദിവസം ഭയം ഉള്ളിനെ നന്നായി ഉലച്ചിരുന്നു.


How did Kerala defeat Nipah Virus Kerala health minister KK Shailaja account Excerpts

 

ആ ദിവസമാണ് നഴ്‌സ് ലിനി മരിയ്ക്കുന്നത്

പിറ്റേന്ന്  രാവിലെ പത്രക്കാരെ കണ്ടിരുന്നു. രോഗം പുറപ്പെട്ട കേന്ദ്രമായ ചങ്ങരോത്ത് ആകെ ഭീതിയാണ്. ആളുകളൊക്കെ വീടൊഴിഞ്ഞ് ബന്ധുക്കളുടെ വീട്ടിലേക്ക് പോകുകയാണെന്ന് അവരില്‍ ആരോ പറഞ്ഞു.  ആ നാടിന്റെ പേടി മാറ്റാനായി  ചങ്ങരോത്തേക്ക് ഒന്ന് സന്ദര്‍ശിയ്ക്കാന്‍  തീരുമാനിച്ചു.   യോഗത്തില്‍
അത്  പറഞ്ഞപ്പോള്‍ പലരും സമ്മതിച്ചില്ല. സേനാനായകന്‍ ഇല്ലാതായാല്‍ പിന്നെ, യുദ്ധത്തിന് ആര് നേതൃത്വം നല്‍കുമെന്നൊക്കെയായിരുന്നു  പ്രതികരണങ്ങള്‍. 

'ഇത് സാധാരണ യുദ്ധമായി കാണാനാവില്ല.  ആരും പോയില്ലെങ്കില്‍   അവരുടെ പേടിയും ഒറ്റപ്പെടലും കൂടുകയേ ഉള്ളൂ. നമ്മളെ കാണുന്നത് അവര്‍ക്കും ഒരു ആശ്വാസമാകും'. ഞാന്‍ പോവാന്‍ തന്നെ തീരുമാനിച്ചു.  മന്ത്രി ടി പി രാമകൃഷ്ണനും കൂടെ വന്നു. അദ്ദേഹത്തിന്  ആ സമയത്ത്  സര്‍ജറി കഴിഞ്ഞ് കുറച്ച് ദിവസമേ ആയുള്ളൂ.   വരേണ്ടെന്ന്   പറഞ്ഞെങ്കിലും കേട്ടില്ല. ഡിഎച്ച്എസ്, ഡിഎംഒ, അരുണ്‍ കുമാര്‍, കേന്ദ്ര സംഘാംഗങ്ങള്‍  ഇങ്ങനെ എല്ലാവരും പല വാഹനങ്ങളിലായി   21ന്  രാവിലെ ചങ്ങരോത്തേക്ക്  പോയി.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് ഹാളില്‍ അന്ന് യോഗം വിളിച്ചിരുന്നു. ഞങ്ങളെത്തുമ്പോള്‍ നിറയെ ആളുകളാണ്. അവിടെ കണ്ട ആ മുഖങ്ങളിലൊന്നും ഒരു തുള്ളി രക്തമില്ലാതെ വിളറിയിരിക്കുന്നു. പേടി നിഴലിക്കുന്ന കണ്ണുകള്‍. എല്ലാവര്‍ക്കും നിറയെ   സംശയങ്ങള്‍. രോഗിയെ നോക്കിയാല്‍, സംസാരിച്ചാല്‍ രോഗം  പകരുമോ  എന്നൊക്കെ ചോദ്യങ്ങള്‍. അരുണും കേന്ദ്രസംഘത്തിലെ ഡോ. എസ് കെ സിങ്ങും അവരുടെ സംശയങ്ങള്‍ ദുരീകരിച്ചു. തൊട്ടടുത്ത ഒരു പഞ്ചായത്തിലും പോയി. സൂപ്പിക്കടയില്‍ രോഗികളുടെ അയല്‍വാസികളോടും ബന്ധുക്കളോടും  ജാഗ്രത പുലര്‍ത്താന്‍ പറഞ്ഞു. അവരൊയൊന്നും പുറത്ത് വിടാതെ  വീട്ടിനുള്ളില്‍ (home quarantine) താമസിപ്പിക്കാനാണ് തീരുമാനിച്ചത്. ആശാ വര്‍ക്കര്‍മാര്‍, ജെഎച്ച്‌ഐമാര്‍ എന്നിവര്‍ അവരുടെ കാര്യങ്ങള്‍ അന്വേഷിയ്ക്കും. റേഷനുള്‍പ്പെടെ വേണ്ട സാധനങ്ങളെല്ലാം  വീട്ടില്‍ എത്തിച്ചു കൊടുക്കാനും സംവിധാനമുണ്ടാക്കി. 

ആ ദിവസമാണ് നഴ്‌സ് ലിനി മരിയ്ക്കുന്നത്.  വാര്‍ത്ത കേട്ടപ്പോള്‍ മനസാകെ മരവിച്ചു.ആ കുരുന്നു മക്കളെ ഓര്‍ക്കുമ്പോള്‍ ഇന്നും വല്ലാത്ത നീറ്റലാണ്. ആ മരണവാര്‍ത്ത  നഴ്‌സുമാരെയാകെ ഭീതിയിലാഴ്ത്തി. ധൈര്യം നല്‍കി അവരെയെല്ലാം കൂടെ നിര്‍ത്തുകയായിരുന്നു.  

അന്നെന്റെ ഫോണൊക്കെ ഏത് സമയവും തിരക്കായിരുന്നു. തലശ്ശേരി, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള ആശുപത്രികളില്‍ നിന്ന്  'മാഡം ഇവിടെ ഒരാള്‍ക്ക് നല്ല പനിയാ എന്താ ചെയ്യണ്ടേത്' എന്നും ചോദിച്ചാണ് വിളി. അപ്പോള്‍ തന്നെ  കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരാനുള്ള ഏര്‍പ്പാട് ഉണ്ടാക്കും.  ഒരു ദിവസത്തിനുള്ളില്‍  മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡും ഐസിയുവും സജ്ജമാക്കിയിരുന്നു.

അടുത്ത ദിവസം  ഞാന്‍ മെഡിക്കല്‍ കോളേജില്‍ പോയി. ഡോക്ടര്‍മാരെയും എച്ച്ഒഡിമാരെയും വിളിച്ച് ഒരു യോഗമുണ്ടായിരുന്നു. എല്ലാവരുടെയും മുഖം ജീവച്ഛവം പോലെ. മെഡി. കോളേജ് ഏത് നിമിഷവും പൊട്ടുന്ന  ആറ്റംബോബ് പോലെ ആയെന്നൊക്കെ അവര്‍ക്കിടയില്‍ നിന്നും  അഭിപ്രായമുയരുന്നുണ്ട്.  ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഒരു യുവാവ്   പറഞ്ഞു. 'ഞങ്ങള്‍ കുടുംബത്തെയൊക്കെ വീട്ടിലാക്കി ചാവാന്‍ തയ്യാറായി ഇവിടെ  നില്‍ക്കുകയാണ്. പക്ഷെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ അതൊക്കെയൊന്ന് അംഗീകരിക്കണം. മിനിമം അഭിനന്ദിയ്ക്കാനെങ്കിലും തയ്യാറാവണം'. 

ഞാന്‍ പറഞ്ഞു, 'ഒന്നും പേടിക്കണ്ട, എല്ലാ സുരക്ഷയും ഉറപ്പാക്കും.  നിങ്ങള്‍ക്കേ ഇത് ചെയ്യാനാവൂ. ഉരുള്‍പൊട്ടലൊക്കെയാണെങ്കില്‍ യുവജന സംഘടനകളെയൊക്കെ വിളിയ്ക്കാം, അതിപ്പോ പറ്റൂല്ലാലോ'. അങ്ങനെ അവരൊക്കെ പെട്ടെന്ന് തന്നെ സേവനത്തിന്  തയ്യാറായി.

നിപായ്ക്ക് ഉപയോഗിച്ച് കാണുന്ന റിബാ വൈറിന്‍ എന്ന മരുന്ന് കുറേയേറെ ശേഖരിച്ചു. പിപിഇ കിറ്റുകള്‍ ആദ്യം  ആവശ്യത്തിന് ഇല്ലായിരുന്നു.  പ്രവാസി വ്യവസായിയായ ഡോ.  ഷംസീര്‍ വയലിലിനെ വിളിച്ചു. ആ മറുപടികളൊക്കെ ഒരിക്കലും മറക്കാനാവാതെ ഇന്നും മനസിലുണ്ട്. 'ടീച്ചറെ കിറ്റൊക്കെ  എത്ര വേണമെന്ന് പറഞ്ഞാല്‍ മതി. ഉടന്‍ അവിടെയെത്തിക്കും.  ഒന്നുകൊണ്ടും പേടിക്കണ്ട, ധൈര്യമായി നിപായെ എതിരിട്ടോളൂ'. അങ്ങനെ ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്ത്   പിറ്റേന്ന് തന്നെ അദ്ദേഹം ഒന്നരകോടിയുടെ സുരക്ഷാ ഉപകരണങ്ങള്‍, ഹാന്റ് റബ്ബുള്‍പ്പെടെ  ഇവിടെയെത്തിച്ചു. അങ്ങനെ കുറേ പേരുണ്ട്, വ്യക്തികളായും സംഘടനകളായും  സഹായ ഹസ്തം നീട്ടിയവര്‍.

ഇതിനിടെ 20ന് മരിച്ച മലപ്പുറം സ്വദേശികളുടെ പരിശോധനാ ഫലം വന്നു. നിപാ തന്നെ. 

ഞെട്ടലിലായി എല്ലാവരും. മറ്റൊരു ജില്ലയില്‍ കൂടി രോഗം പകര്‍ന്നാല്‍ അവസ്ഥ എന്താകും? വൈറസ് അവിടെ എങ്ങനെ എത്തിയെന്ന ചര്‍ച്ചകളായി പിന്നെ.  ഡിഎംഒ യെയും അരുണിനെയും കൂട്ടി അങ്ങോട്ട് പോവാന്‍ തീരുമാനിച്ചു. മലപ്പുറം ഡിഎംഒ സക്കീനയ്ക്കും ജില്ലാ കലക്ടര്‍ക്കും അടിയന്തിര യോഗം വിളിയ്ക്കാന്‍ വിവരം നല്‍കി. ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും രണ്ട് എംഎല്‍എമാരടക്കം എല്ലാവരും എത്തിയിട്ടുണ്ട്. കോഴിക്കോട് ചെയ്യുന്നതെല്ലാം അവിടെ ചെയ്യണം. രോഗിയുമായി ബന്ധപ്പെട്ടവരെ  കണ്ടുപിടിയ്ക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിനെ ഏല്‍പ്പിച്ചു.  കോണ്ടാക്ട്് പരിശോധിച്ചപ്പോള്‍ സാബിത്തില്‍  നിന്നാണ് ഇവരിലേക്കും രോഗം പകര്‍ന്നത്.  ചെറുതല്ലാത്ത ആശ്വാസമായിരുന്നു അത്.   വൈറസിന് മറ്റൊരു േസ്രാതസ്സ് കൂടി ഉണ്ടായാല്‍ എത്ര ഭീകരമാവുമായിരുന്നു സാഹചര്യം?
 
ആ ദിവസങ്ങളില്‍  രണ്ട് തരം ഫോണ്‍ വിളികളായിരുന്നു മനസിന്റെ ഗതി നിര്‍ണയിച്ചത്. മണിപ്പാലില്‍ പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം വന്നാല്‍ അരുണ്‍ വിളിയ്ക്കും. സംസാര ശൈലി കേട്ടാല്‍ അറിയാം, ഫലമെന്താവും എന്ന്. മാഡം എന്ന് ശബ്ദം താഴ്ത്തി പറയുമ്പോള്‍ ഞാന്‍ ചോദിക്കും പോസറ്റീവ് ആണല്ലേ. അതെയെന്ന് പറയുന്ന കൂട്ടത്തില്‍ 'ഡോണ്ട് വറി, മാഡം, നമുക്ക് നോക്കാം, അധികം വൈകാതെ നിയന്ത്രണ വിധേയമാകും' എന്നൊക്കെ പറഞ്ഞ് ധൈര്യം പകരും.  

ആര്‍ക്കെങ്കിലും പനിയുണ്ടെന്ന് പറഞ്ഞ് ഡിഎംഒയോ മറ്റാരെങ്കിലുമോ വിളിയ്ക്കുന്നതാണ് മറ്റൊന്ന്.  ഉറക്കം പോലും ശരിയ്ക്ക് കിട്ടില്ല. ഉറക്കത്തിലായാലും  ആര് വിളിച്ചാലും വേഗം അറിയും.  കൊച്ചിയില്‍ നിപാ വന്നപ്പോള്‍  പുലര്‍ച്ചെ നാലോടെ തന്നെ സാമ്പിള്‍ പരിശോധന ഫലം ഞാനറിഞ്ഞിട്ടുണ്ട്.

ഒരു ബുധനാഴ്ച ക്യാബിനറ്റ് മീറ്റിങ് ഉണ്ടായിരുന്നു. അവിടെ പോയപ്പോള്‍ രാജീവ് സദാനന്ദന്‍ പറഞ്ഞു, ഓസ്‌ട്രേലിയയില്‍ ഒരു മരുന്നുണ്ട്. അത് നിപായ്‌ക്കെതിരെ ഉപയോഗിച്ചതായി കാണുന്നു. അദ്ദേഹം സംഭാഷണം പൂര്‍ത്തിയാക്കും മുമ്പ് ഞാന്‍ ചോദിച്ചു 'ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്റിബോഡി അല്ലേ'. ഇത് കേട്ടപ്പോള്‍ കൗതുകത്തില്‍ അദ്ദേഹം മിഴിച്ച് നോക്കി. ഞാന്‍ പറഞ്ഞു ഇത്രേ എനിയ്ക്കും അറിയൂ. ഇന്റര്‍നെറ്റില്‍ നിപാ കാര്യങ്ങള്‍ അന്വേഷിയ്ക്കുമ്പോള്‍ ഈ പേര് വായിച്ചിരുന്നു.    ഐസിഎംആര്‍ സംഘം പറഞ്ഞ മരണ സാധ്യതാ സംഖ്യ 200ന് മുകളില്‍ ആണ്. ആ ഘട്ടത്തിലേക്ക് പോവുകയാണെങ്കില്‍ ഈ മരുന്ന് ഉപയോഗിക്കേണ്ടി വരുമെന്ന് രാജീവ് പറഞ്ഞു. പക്ഷെ അത് പെട്ടെന്ന് കിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ വേണം. 

ഉടന്‍ മുഖ്യമന്ത്രിയെ കാണാന്‍ ഞങ്ങള്‍ ഇരുവരും പോയി.  എല്ലാ പിന്തുണയും അദ്ദേഹം തരുന്നുണ്ട്. വേണ്ടതെല്ലാം ചെയ്‌തോളൂ, പൈസ നോക്കണ്ടാ എന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മരുന്നിന്റെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ടു. രാജീവ് സദാനന്ദനും അദ്ദേഹത്തിന്‍േറതായ രീതിയില്‍  ഇടപ്പെടുന്നുണ്ട്. അങ്ങനെ 24 മണിക്കൂറിനുള്ളില്‍ ഓസ്‌ട്രേലിയയിലെ മരുന്ന് ഇവിടെയെത്തി. എന്നാല്‍ അത് ഉപയോഗിക്കേണ്ടി വന്നില്ല. അപ്പോഴേക്കും വൈറസ് പത്തി മടക്കിയിരുന്നു. മരുന്ന് ഇപ്പോഴും ഐസിഎംആറില്‍ സൂക്ഷിയ്ക്കുകയാണ്.  കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന ജെ പി നദ്ദ ആ ദിവസങ്ങളില്‍ എന്നും വിളിച്ച് കാര്യങ്ങളന്വേഷിയ്ക്കുമായിരുന്നു.

 

How did Kerala defeat Nipah Virus Kerala health minister KK Shailaja account Excerpts
 

മികച്ച സൈന്യമായിരുന്നു കൂടെയുണ്ടായിരുന്നത്

ഓരോ മരണശേഷവും സംസ്‌കാരം എങ്ങനെയെന്നത് വെല്ലുവിളിയായിരുന്നു.  ലിനി മരിച്ച ശേഷം രാവിലെ ഞാന്‍ സജീഷിനെ വിളിച്ചു. തകര്‍ന്നിരിക്കുന്ന അവനോട് എങ്ങനെ സംസാരിക്കുമെന്നറിയില്ലായിരുന്നു. ഞാന്‍ പറഞ്ഞു 'മോനെ ലിനിയുടെ മുഖം  കാണാനാവില്ലാട്ടോ, സാഹചര്യത്തിന്റെ ഗൗരവം അറിയാലോ. മനസില്ലാക്കണം,  കുട്ടികളെയും കാണിയ്ക്കാനാവില്ല.'

അവിചാരിത മരണം ഒറ്റപ്പെടുത്തിയതിന്റെ വേദന അവന്റെ ശബ്ദത്തിലുണ്ടായിരുന്നു. 'അറിയാം ടീച്ചര്‍, ഞങ്ങള്‍ക്ക്  മനസ്സിലാവുന്നുണ്ട്' എന്ന്  പറഞ്ഞു. ലിനിയുടെ മൃതദേഹം ആരെയും കാണിയ്ക്കാതെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചു. സംസ്‌കാര ചടങ്ങുകളുടെ മേല്‍നോട്ടത്തിന് കോര്‍പറേഷന്‍  ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍ എസ് ഗോപകുമാറിനെ  ചുമതലപ്പെടുത്തി. ഡിഎച്ച്എസ് സരിതയാണ് ഗോപനെ കുറിച്ച് പറയുന്നത്.  അതെല്ലാം റെഡിയായപ്പോള്‍ മാവൂര്‍ റോഡ് ശ്മശാനത്തിലായി പിന്നെ പ്രശ്‌നങ്ങള്‍. നിപാ വന്നവരെ അവിടെ സംസ്‌കരിക്കാന്‍ സഹകരിക്കില്ലെന്ന് ജീവനക്കാര്‍. പ്രശ്‌നത്തില്‍  കലക്ടര്‍ യു വി ജോസ് ഇടപെട്ടു പരിഹരിച്ചു. അദ്ദേഹമൊക്കെ അസാധ്യമനുഷ്യനാണ്.  ഓരോ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും മുന്‍പന്തിയിലുണ്ടായിരുന്നു. 

ശ്മശാന പ്രശ്‌നം പരിഹരിച്ചപ്പോഴേക്കും അടുത്തത് തലപൊക്കി. മൂസ മരിച്ചപ്പോഴാണത്. മൃതദേഹം ഖബടറക്കിയാല്‍ പകര്‍ച്ചാ സാധ്യത ഉണ്ടെന്നും  കത്തിയ്ക്കണമെന്നും കേന്ദ്രസംഘം പറഞ്ഞു. ഇസ്ലാം   മത വിശ്വാസമനുസരിച്ച് മൃതദേഹം കത്തിയ്ക്കുന്നത് അവര്‍ക്ക് ആലോചിയ്ക്കാന്‍ പോലും പറ്റില്ല.   ബന്ധുക്കള്‍ ഒരുവിധേനയും  സമ്മതിക്കുന്നില്ല. വിഷയത്തില്‍ ഇടപെടാനായി എം കെ മുനീര്‍ എംഎല്‍എയെയും കുഞ്ഞാലിക്കുട്ടിയെയും ഞാന്‍ വിളിച്ചു. പക്ഷെ അവരൊന്നും പറഞ്ഞിട്ടും കുടുംബം സമ്മതിയ്ക്കുന്നില്ല. എന്താ ചെയ്യുക എന്നായി. എബോള  കാലത്ത് ചെയ്തത് എന്തെന്ന്  ഒന്ന് അന്വേഷിയ്ക്കട്ടെ  എന്ന് രാജീവ് പറഞ്ഞു. കൂടുതല്‍  ആഴത്തില്‍ കുഴിച്ചിടാമെന്ന പോംവഴി അങ്ങനെയാണ് കിട്ടിയത്. അതിന്റെ പേരില്‍ ഒരു കലാപമൊന്നും വേണ്ടാലോ എന്ന് വിചാരിച്ച് ഞങ്ങളത് തീരുമാനിച്ചു. അങ്ങനെ നഗരത്തിനടുത്ത് കണ്ണംപറമ്പ് ശ്മശാനത്തില്‍  ഖബറടക്കാന്‍ തീരുമാനിച്ചപ്പോള്‍ വീണ്ടും  പ്രശ്‌നം. സമ്മതിക്കില്ലെന്നും  പറഞ്ഞ് നാട്ടുകാരാകെ തടിച്ച് കൂടി.  വല്ല രീതിയിലും രോഗം പകരുമോ എന്ന പേടിയാണ് എല്ലാവര്‍ക്കും.  ഞാന്‍ അങ്ങോട്ട് പോയി നാട്ടുകാരോട് സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ കലക്ടര്‍ യു വി ജോസ് പറഞ്ഞു, 'വേണ്ട, മാഡം വരണ്ട, ഞാന്‍ ശ്രമിയ്ക്കട്ടെ'.  ഒടുവില്‍ അദ്ദേഹം പലരെയും ഫോണില്‍ ബന്ധപ്പെട്ടും  സംസാരിച്ചും   ആ പ്രശ്‌നവും പരിഹരിച്ചു.

മികച്ച സൈന്യമായിരുന്നു എന്റെ കൂടെയുണ്ടായിരുന്നത്.  നിപാ എന്ന് തിരിച്ചറിഞ്ഞ ഉടന്‍ തകര്‍ക്കാനാവാത്ത വിധം അവര്‍ കെട്ടിയ പ്രതിരോധ കോട്ടയുടെ വിജയം മെയ് അവസാനമാവുമ്പോഴേക്കും ദൃശ്യമായി.  എന്നാല്‍ മെയ് അവസാന ദിവസം മുക്കം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ കാര്യം കൈവിടുമോ എന്ന ആശങ്ക വീണ്ടും. രണ്ടാം ഘട്ടമാവുമോ എന്ന ഭീതി. രോഗം ബാധിച്ച് മരിച്ച മറ്റൊരാള്‍ ചുമയുമായി കല്ല്യാണവീട്ടില്‍ ഭക്ഷണം വിളമ്പിയിരുന്നുവത്രേ. അതറിഞ്ഞപ്പോള്‍ ഞങ്ങളുടെ  ഉള്ളൊന്നു കാളി. എത്രപേരില്‍ അത് എത്തിയിട്ടുണ്ടാകുമെന്നായി. പക്ഷെ പേടിച്ചപ്പോലെ ഉണ്ടായില്ല. അഖിലിന്റെത് കഴിഞ്ഞ് ഒരു നിപാ മരണം കൂടിയേ ഉണ്ടായുള്ളൂ.   ജൂലൈ ഒന്നിന് നിപാ മുക്തമാകുന്നത് വരെ ഏകദേശം 40 ദിവസം  കോഴിക്കോട് തന്നെ ഉണ്ടായിരുന്നു. അവസാന  ചില ദിവസങ്ങളില്‍ അടിയന്തിര കാര്യങ്ങള്‍ക്കായി മറ്റ് ജില്ലകളില്‍  പോയി.  രാവിലെ തുടങ്ങി രാത്രി വൈകിയോളം യോഗം, കൂടിയാലോചന, മുന്നൊരുക്കങ്ങള്‍, സന്ദര്‍ശനം. അങ്ങനെ കുറേ ദിവസങ്ങള്‍. രോഗം വേഗത്തില്‍ തിരിച്ചറിഞ്ഞ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ് 200 വരെ ഉയരുമെന്ന് പറഞ്ഞ മരണ സംഖ്യയെ  16ല്‍ ഒതുക്കിയത്.  

 

How did Kerala defeat Nipah Virus Kerala health minister KK Shailaja account Excerpts

 

'മാഡം എന്നെ പുറത്ത് തൊട്ടു, എല്ലാം മാറി'

ഇതിനിടയിലെ വലിയ ആശ്വാസം നിപായെ അതിജീവിച്ച് അജന്യയും മറ്റൊരു യുവാവും  ജീവിതത്തിലേക്ക് തിരിച്ചു വന്നതാണ്.  ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ പ്‌നോള്‍ പോയി കണ്ടിരുന്നു. ഒരു സ്‌നേഹസന്ദര്‍ശനം മാത്രമായിരുന്നില്ല ലക്ഷ്യം.    

അസുഖം പൂര്‍ണമായി മാറിയിട്ടുണ്ടാകുമോ, പകരാന്‍ സാധ്യത ഉണ്ടോ എന്നൊക്കെ ചിലര്‍ക്കൊക്കെ ആശങ്ക ഉണ്ടായിരുന്നു. ഞാനവരെ നേരിട്ട് കണ്ടാല്‍ കാണുന്നവര്‍ക്ക് ഒരു വിശ്വാസം കിട്ടും. ഈ അഭിപ്രായം പറഞ്ഞപ്പോള്‍ ആദ്യം  പലരും വിയോജിച്ചു.  മാഡം, അമിത ആവേശമാണിത്. ഇപ്പോള്‍  അത് വേണോ എന്നൊക്കെ ചോദ്യമുയര്‍ന്നു.  ഞാന്‍ ഉറപ്പിച്ചിരുന്നു പോവാന്‍.  അല്ലെങ്കില്‍ നാട്ടുകാര്‍ വിശ്വസിയ്ക്കില്ല. അജന്യയ്ക്കും ഉഭീഷിനും അത്  ആത്മവിശ്വാസവും   നല്‍കും. മറ്റാരോടും പറയാന്‍ നിന്നില്ല. കേട്ടാല്‍   ആരും സമ്മതിക്കില്ല. ഡോ.  അരുണ്‍ കൂടെ വരണമെന്ന് ഞാന്‍ പറഞ്ഞു. പോവാനൊരുങ്ങിയപ്പോള്‍  ഡിഎച്ച്എസും ഡിഎംഒയുമൊക്കെ കൂടെ കൂടി.

ഇരുവരെയും വാര്‍ഡില്‍ നിന്ന് എന്റെയടുത്തേക്ക് വിളിപ്പിക്കാമെന്നൊക്കെ പറഞ്ഞിരുന്നു. ഞാന്‍ സമ്മതിച്ചില്ല.  അവരെ കാണാന്‍ വന്നാല്‍ അങ്ങോട്ട് പോയാണല്ലോ  കാണേണ്ടത്.  പിപിഇ കിറ്റ് ഇടാനും അവരെ തൊടേണ്ടതില്ലെന്നൊക്കെ നിര്‍ദേശം വന്നിരുന്നു. പിപിഇ ധരിച്ചാല്‍ വീണ്ടും ഭീതിയുടെ സന്ദേശമല്ലേ ആളുകളിലെത്തുക. ഞാന്‍ സാധാരണ വേഷത്തില്‍ തന്നെ പോയി. വാര്‍ഡിനടുത്തെ ഇടനാഴിയില്‍ പോയി നിന്നു. അപ്പോഴേക്കും ഇരുവരും അങ്ങോട്ട് വന്നു. അജന്യയെ പുറത്ത് തട്ടി അസുഖമൊക്കെ മാറീട്ടോ, ധൈര്യമായി വീട്ടില്‍  പോയ്‌ക്കോളൂ എന്ന് പറഞ്ഞു. പത്രക്കാര്‍  ചോദിച്ചപ്പോള്‍ അജന്യ പറയുന്നുണ്ടായിരുന്നു, 'മാഡം എന്നെ പുറത്ത് തൊട്ടു, എല്ലാം മാറി എന്നും പറഞ്ഞു. വലിയ സന്തോഷവും ആത്മവിശ്വാസവുമാണ് അത് നല്‍കുന്നത്'.

ഇതിനിടയില്‍ ആശങ്കപ്പെടുത്തിയ കുറച്ച് സംഭവങ്ങളുമുണ്ട്. അത് പറയാതെ വയ്യ. ഡിഎംഒ ജയശ്രീയ്ക്ക് പനി വന്നതാണ് ഒന്ന്. ഞങ്ങളാകെ പേടിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളിലും തുടക്കം മുതല്‍  കൂടെ ഉണ്ടായിരുന്നല്ലോ. സൂപ്പിക്കടയിലൊക്കെ ആദ്യ ദിവസം പോയതാണ്.  ഗസ്റ്റ് ഹൗസില്‍ ഐസൊലേറ്റ് ചെയ്തായിരുന്നു കിടപ്പ്. എന്താവുമെന്നറിയാതെ വല്ലാത്ത അസ്വസ്ഥത.  ഫലം വന്നപ്പോള്‍ നെഗറ്റീവ്. അപ്പോഴാണ് സമാധാനം ആയത്. ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ  അനൂപിനും ഇടയ്ക്ക് ചെറിയ പനി വന്നിരുന്നു.  നിപാ രോഗികളെ  പരിശോധിച്ചതാണ്.   ഒരു യോഗത്തിന് ശേഷമാണെന്ന് തോന്നുന്നു, പനിയ്ക്കുന്നുണ്ടെന്ന് അനൂപ് പറഞ്ഞപ്പോള്‍  ചെറിയ പേടി. ഞാന്‍ ഉടന്‍ നെറ്റിയില്‍  തൊട്ട് നോക്കി. സാരമില്ല, ജലദോഷ പനിയാവുമെന്ന് നിസാരമായി പറയുമ്പോഴും നല്ല പേടിയായിരുന്നു മനസില്‍.    

സജീഷിന്റെ കുട്ടികള്‍ക്ക് പനി വന്നതും അങ്ങനെ ഒന്നായിരുന്നു. രണ്ടും അഞ്ചും വയസുള്ള കുരുന്നുകള്‍ അല്ലേ. മാത്രമല്ല, അമ്മ ലിനിയ്‌ക്കൊപ്പം നടന്നതിനാല്‍ സാധ്യതയും ഏറെയാണ്. പനിയുണ്ടെന്ന് കേട്ടപ്പോള്‍  ആകെ ബേജാറായി. അവരെ മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെയും ആശ്വാസ വാര്‍ത്തയായിരുന്നു. നിപാ വൈറസ് ആ കുരുന്നുകളിലെത്തിയിരുന്നില്ല. പനി മാറി പെട്ടെന്ന് തന്നെ അവര്‍ വീട്ടിലേക്ക് പോയി.

 

How did Kerala defeat Nipah Virus Kerala health minister KK Shailaja account Excerpts
 

ചിരി വരുന്ന അനുഭവങ്ങളും!
ഇന്നോര്‍ക്കുമ്പോള്‍ ചിരി വരുന്ന അനുഭവങ്ങളും  കുറേ ഉണ്ട്. പാനൂര് കടത്തിണ്ണയില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളി  പനിച്ച് 
കിടന്നിരുന്നു. എന്റെ മണ്ഡലവുമാണല്ലോ. ആളുകള്‍ ഇങ്ങനെ വിളിയ്ക്കും. അങ്ങനെ അയാളെ നാട്ടുകാരെല്ലാം ചേര്‍ന്ന് പിടിച്ച് കൊണ്ട് വന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. സാമ്പിള്‍ പരിശോധിക്കാനയച്ചു.  പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ വാര്‍ഡില്‍ ആളെ കാണാനില്ല. ആകെ ബേജാറായി. നിപായുണ്ടെങ്കില്‍ ഇയാള്‍ എവിടെയെങ്കിലും പോയാല്‍ ബുദ്ധിമുട്ടാവുമല്ലോ. നാട്ടുകാരും ടെന്‍ഷനിലായി. ഒടുവില്‍ ആളെ കണ്ടെത്തി. ആ  കടത്തിണ്ണയില്‍ തന്നെ കിടക്കുന്നുണ്ടായിരുന്നുവത്രേ. അയാള്‍ക്കെന്ത് നിപാ. ഭാഗ്യത്തിന് ഫലം വന്നപ്പോള്‍ നിപാ ഇല്ല. അതോടെ നാട്ടുകാര്‍ക്ക്  അയാളുടെ പനിയെ കുറിച്ചുള്ള ആധിയും തീര്‍ന്നു.  

ഒരു വാര്‍ത്താ സമ്മേളനത്തിലെ അനുഭവം ഞാന്‍ ഇന്നും ഓര്‍ക്കും. വവ്വാല്‍ ഉണ്ടെന്ന് പറഞ്ഞ സൂപ്പിക്കടയിലെ കിണറില്‍ പോകാവോ എന്ന് ഒരാളുടെ ചോദ്യം. സുരക്ഷാ കാരണങ്ങളാല്‍  അതൊന്നും പാടില്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞിരുന്നു. വാര്‍ത്താസമ്മേളനം  കഴിഞ്ഞ് പോകുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അടുത്ത് വന്ന് രഹസ്യമായി പറഞ്ഞു, ടീച്ചര്‍ ആരും അവിടെ  പോകരുതെന്ന് ഒന്നും കൂടി ചട്ടംകെട്ടണം. അല്ലെങ്കില്‍ ഇതിലാരെങ്കിലും വാര്‍ത്തയ്ക്കായി പോവും. ആരെങ്കിലും  എക്ലുസീവ് ചെയ്ത്  പണി തരുമെന്ന് കരുതിയാണ് അദ്ദേഹം എന്നോട് പറയുന്നത്. ആ പറഞ്ഞയാളിന്റെ സമാധാനത്തിന്  'അപ്പോള്‍ പറഞ്ഞത് ശ്രദ്ധിയ്ക്കണം,  ആരും കിണറിനടുത്തേക്കൊന്നും പോകരുത്'എന്ന്  ഒന്നു കൂടി  ഓര്‍മിപ്പിച്ചു.    കോഴിക്കോട്ടെ പത്രക്കാരൊക്കെ നല്ല രീതിയില്‍ സഹകരിച്ചിരുന്നു. അപൂര്‍വം ചിലതൊഴിച്ചാല്‍ വസ്തുതാവിരുദ്ധമായതൊന്നും നല്‍കിയില്ല.

 

How did Kerala defeat Nipah Virus Kerala health minister KK Shailaja account Excerpts
 

വീണ്ടും നിപാ
കാണാക്കാഴ്ചയുടെ കാലമായിരുന്നു അത്.   അതൊക്കെ വിജയകരമായി നാം അതിജീവിച്ചു. ജൂണ്‍ ആദ്യവാരം മുതല്‍ പുതിയ കേസുകളൊന്നും വന്നില്ല. കേരളം തീര്‍ത്ത പ്രതിരോധത്തെ   അഭിനന്ദിച്ചു യുഎന്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ മുന്നോട്ട് വന്നു. കേന്ദ്രമന്ത്രി ജെ പി നദ്ദയും നല്ല വാക്കുകള്‍ പറഞ്ഞു.   അമേരിക്കയിലെ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും എനിയ്ക്കും ആദരവ് നല്‍കി.  പിറ്റേ വര്‍ഷവും ഇതേ സമയം  കൊച്ചിയിലും രോഗം വന്നു. രണ്ടാം തവണയും വന്നപ്പോള്‍ ഒന്ന് പേടിച്ചെങ്കിലും നല്ല ആത്മവിശ്വാസം ആയിരുന്നു. അനുഭവമായിരുന്നു കരുത്ത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ  ടീം എത്തി  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു രോഗി. ലക്ഷണങ്ങളുള്ളവരെ ചികിത്സിയ്ക്കാനായി കളമശ്ശേരി മെഡി. കോളേജില്‍ ഐസോലേഷന്‍ വാര്‍ഡ് തുടങ്ങി. ഒരു വര്‍ഷം മുമ്പെടുത്ത  നടപടികളെല്ലാം കൃത്യതയോടെ  ആവര്‍ത്തിച്ചു.  ദിവസങ്ങള്‍ക്കം ആ വിദ്യാര്‍ഥിയും  അതിജീവിച്ചു.  അവനെയും കാണാന്‍ പോയിരുന്നു.   ആത്മവിശ്വാസം നല്‍കിയാണ് 54 ദിവസശേഷം അവനെ വീട്ടിലേക്ക് യാത്രയാക്കിയത്.  

കേരളത്തിലെ ആരോഗ്യമന്ത്രിമാര്‍ നേരിട്ടിട്ടില്ലാത്ത രോഗകാലത്തെയാണ് ഞാന്‍  അഭിമുഖീകരിച്ചത്. വലിയ ദുരന്തത്തിലെത്തിയ്ക്കാതെ  പിടിച്ചു നില്‍ക്കാനായത് എല്ലാവരുടെയും വിജയമാണ്. നമ്മളെക്കൊണ്ടും ഇതൊക്കെപറ്റുമെന്ന് നമ്മുടെ ഡോക്ടര്‍മാരും നഴ്‌സുമാരും  ആരോഗ്യ പ്രവര്‍ത്തകരും തെളിയിച്ചു.  ചിലരൊക്കെ ചോദിയ്ക്കും ഈ ആത്മവിശ്വാസത്തിന്റെ രഹസ്യമെന്താണെന്ന്.  എന്റെ അമ്മ  നല്ല ധൈര്യവതിയായിരുന്നു. വസൂരിക്കാലത്ത് അമ്മ വീടിനടുത്ത കുറച്ച് പേരെ ധൈര്യത്തോടെ പരിചരിച്ച്  ജീവിതത്തിലേക്ക് കൊണ്ടുവന്നിരുന്നു. എവിടെയോ ആ ഒരു ജീന്‍ എന്നിലും ഉണ്ടായിരിക്കണം. അതല്ലാതെ ഞാനെന്തു പറയാനാ.

 പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച നിപാ സാക്ഷികള്‍, സാക്ഷ്യങ്ങള്‍ എന്ന പുസ്തകം വാങ്ങാന്‍ 9946570745 എന്ന നമ്പറില്‍ ബന്ധപ്പെടാം

 

'പുസ്തകപ്പുഴ' പ്രസിദ്ധീകരിച്ച പുസ്തക ഭാഗങ്ങളും കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

Follow Us:
Download App:
  • android
  • ios