ഇന്ന് ലോകത്തേറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാള്‍. ഇസ്രയേലി ചരിത്രപണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ യുവാല്‍ നോവാ ഹരാരിയെ അങ്ങനെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ തട്ടകം ചരിത്രമാണ്. അവിടെനിന്നും വിവിധ വിജ്ഞാനശാഖകളിലൂടെയും ദര്‍ശനങ്ങളിലൂടെയും നടത്തിയ യാത്രകളാണ് സവിശേഷമായ ആ പുസ്തകങ്ങളിലെത്തിയത്. അത് മനുഷ്യരാശിയുടെ പല തലങ്ങള്‍ അന്വേഷിക്കുന്നു. ഭാവിയെയും ഭൂതവര്‍ത്തമാനങ്ങളെക്കുറിച്ചുമുള്ള അസാധാരണമായ ഉള്‍ക്കാഴ്ചകള്‍, നിരീക്ഷണങ്ങള്‍. 

മനുഷ്യരാശിയുടെ ഭാവി സാധ്യതകളെ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ വിഖ്യാതകൃതിയാണ് 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം'. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവന്‍ മുതല്‍ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്നങ്ങളും പേടിസ്വപ്നങ്ങളും ഹോമോ ദിയൂസില്‍ എഴുത്തുകാരന്‍ വെളിവാക്കുന്നു. ഇവിടെനിന്നും നാം ഇനി എങ്ങോട്ടുപോകും? നമ്മുടെ കൈകളില്‍ നിന്നും നാശോന്മുഖമായ ഈ ലോകത്തെ എങ്ങനെയാണ് സംരക്ഷിക്കുക? നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് 'ഹോമോ ദിയൂസ്' നല്‍കുന്നത്. 

മനുഷ്യരാശിയുടെ ഭാവി സാധ്യതകളെ വിശകലനം ചെയ്യുന്ന ഈ പുസ്തകം ഇപ്പോള്‍ മലയാളത്തിലുമുണ്ട്. ഡി സി ബുക്‌സാണ് വായനാലോകം ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകം നമ്മുടെ ഭാഷയില്‍ എത്തിച്ചത്. പ്രസന്ന കെ വര്‍മ്മ വിവര്‍ത്തനം ചെയ്ത ആ പുസ്തകത്തിലെ ഒരു ഭാഗമാണിത്. 


ബോധസാഗരം

.....................................

പുതിയ മതങ്ങള്‍ അഫ്ഗാനിസ്ഥാനിലെ ഗുഹകളില്‍നിന്നോ പശ്ചിമേഷ്യയിലെ മദ്രസകളില്‍നിന്നോ ആവിര്‍ഭവിക്കാനിടയില്ല. മറിച്ച്, അവയുടെ ഉത്ഭവം പരീക്ഷണശാലകളില്‍നിന്നായിരിക്കും. ആവിയിലൂടെയും വൈദ്യുതിയിലൂടെയും മോക്ഷം വാഗ്ദാനം ചെയ്ത സോഷ്യലിസം ലോകം കീഴടക്കിയതുപോലെ, ഇനിവരുന്ന ദശാബ്ദങ്ങളില്‍ അല്‍ഗോരിതങ്ങളിലൂടെയും ജീനുകളിലൂടെയും മോക്ഷം വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ ടെക്നോമതങ്ങള്‍ ലോകത്തെ വെന്നേക്കാം.

ഇസ്ലാം തീവ്രവാദത്തെക്കുറിച്ചും ക്രിസ്ത്യന്‍ മതമൗലികവാദത്തെക്കുറിച്ചുമുള്ള സംസാരങ്ങള്‍ക്കെല്ലാമുപരി, മതപരമായ ഒരു കാഴ്ചപ്പാടില്‍നിന്ന് നോക്കുമ്പോള്‍ ലോകത്ത് ഇന്നുള്ള ഏറ്റവും കൗതുകകരമായ ഇടം ഇസ്ലാമിക ഭരണകൂടമോ ബൈബിള്‍ ബെല്‍റ്റോ അല്ല, സിലിക്കണ്‍ വാലിയാണ്. അവിടെയാണ് നമ്മുടെ ഹൈടെക്ക് ഗുരുക്കന്മാര്‍ നമുക്കുവേണ്ടി വീര്യമേറിയ പുത്തന്‍ മതങ്ങള്‍ വാറ്റിയെടുക്കുന്നത്; ആ മതങ്ങള്‍ക്ക് ദൈവവുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ല, ബന്ധമുള്ളതെല്ലാം സാങ്കേതികതയോടാണ്. പഴയ സമ്മാനങ്ങളെല്ലാംതന്നെ അവയും വാഗ്ദാനം ചെയ്യുന്നുണ്ട് സന്തോഷം, സമാധാനം, സമൃദ്ധി, കൂടാതെ അനശ്വരതപോലും പക്ഷേ, അവയെല്ലാം ഇവിടെ ഭൂമിയില്‍ത്തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്, മരണശേഷം സ്വര്‍ഗ്ഗവാസികളുടെ സഹായത്താലല്ല.

ഈ പുതിയ ടെക്നോമതങ്ങളെ രണ്ടായി വിഭജിക്കാം: ടെക്നോമാനവികതയും ഡാറ്റാ മതവും. 

മനുഷ്യര്‍ പ്രാപഞ്ചികമായ അവരുടെ ദൗത്യം നിറവേറ്റിക്കഴിഞ്ഞുവെന്നും ഇനി പുതിയ തരത്തിലുള്ള ജീവവര്‍ഗ്ഗങ്ങള്‍ക്ക് പന്തം കൈമാറണമെന്നുമാണ് ഡാറ്റാ മതം വാദിക്കുന്നത്. അടുത്ത അദ്ധ്യായത്തില്‍ ഡാറ്റാ മതത്തിന്റെ സ്വപ്നങ്ങളും ദുഃസ്വപ്നങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാം. ഈ അദ്ധ്യായം കൂടുതല്‍ യാഥാസ്ഥിതികമായ, ഇപ്പോഴും മനുഷ്യരെ സൃഷ്ടിയുടെ പരമകോടിയായിക്കാണുകയും പല മാനവികതാമൂല്യങ്ങളിലും ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന ടെക്നോമാനവികതയ്ക്കായി മാറ്റിവെച്ചിരിക്കയാണ്. നാമറിയുന്ന ഹോമോ സാപ്പിയന്‍സ് സ്വന്തം ചരിത്രത്തിന്റെ പാത ഓടിത്തീര്‍ത്തുകഴിഞ്ഞു എന്നും ഭാവിയില്‍ അതിനു പ്രസക്തിയൊന്നും ഉണ്ടാവില്ലെന്നും ടെക്നോമാനവികതയും സമ്മതിക്കുന്നുണ്ട്. പക്ഷേ, സാങ്കേതികവിദ്യ ഉപയോഗിച്ച് നാം ഹോമോ ദിയൂസിന് കൂടുതല്‍ ഉത്കൃഷ്ടമായ ഒരു മനുഷ്യന്റെ മാതൃക ജന്മം നല്‍കണമെന്ന് അത് പറഞ്ഞുനിര്‍ത്തുന്നു. ചില അനിവാര്യമായ മാനുഷികസ്വഭാവങ്ങള്‍ ഹോമോ ദിയൂസ് നിലനിര്‍ത്തുമെങ്കിലും ഏറ്റവും പരിഷ്‌കൃതമായ, ബോധം എന്നൊന്നില്ലാത്ത അല്‍ഗോരിതങ്ങളോടു മത്സരിച്ചുനില്‍ക്കാനുതകുന്ന നവീകൃതമായ ശാരീരിക മാനസികകഴിവുകളും അതിനുണ്ടാവും. ബോധത്തില്‍നിന്ന് ബുദ്ധി വേര്‍പിരിയുകയായതുകൊണ്ടും, ബോധമെന്നൊന്നില്ലാത്ത ബുദ്ധി കഴുത്തൊടിപ്പന്‍ വേഗത്തില്‍ മുന്നോട്ടു പാഞ്ഞുകൊണ്ടിരിക്കുക യായതുകൊണ്ടും മനുഷ്യര്‍ക്ക് കളിയില്‍ തുടരണമെന്നുണ്ടെങ്കില്‍ മനസ്സിനെ ക്രിയാപരമായി നവീകരിച്ചേ പറ്റൂ.

ഈ പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

എഴുപതിനായിരം കൊല്ലങ്ങള്‍ക്കുമുന്‍പ് ബൗദ്ധികവിപ്ലവം സാപ്പിയന്‍സിന്റെ മനസ്സിനെ മാറ്റിമറിച്ചു; അങ്ങനെ അത് അപ്രധാനമായ ഒരു ആഫ്രിക്കന്‍ ആള്‍ക്കുരങ്ങിനെ ലോകജേതാവാക്കി. സാപ്പിയന്‍സിന്റെ മെച്ചപ്പെടുത്തിയ മനസ്സിന് അറ്റംകാണാത്ത പാരസ്പരിക സാമ്രാജ്യത്തിലേക്ക് പെട്ടെന്ന് വാതില്‍ തുറന്നുകിട്ടി; ദൈവങ്ങളെയും കോര്‍പ്പറേഷനുകളെയും സൃഷ്ടിക്കുവാനും നഗരങ്ങളും സാമ്രാജ്യങ്ങളും നിര്‍മ്മിക്കുവാനും എഴുത്തും പണവും കണ്ടുപിടിക്കുവാനും കാലക്രമേണ തന്മാത്രയെ വിഘടിപ്പിക്കുവാനും ചന്ദ്രനിലേക്കെത്തുവാനും അത് അവര്‍ക്കു കഴിവുനല്‍കി. നമുക്കറിയാവുന്നിടത്തോളം, ഭൂമിയെ പിടിച്ചുകുലുക്കിയ ഈ വിപ്ലവം, സാപ്പിയന്‍സിന്റെ ഡി എന്‍ എയിലുണ്ടായ ചില ചെറിയ മാറ്റങ്ങളുടെയും സാപ്പിയന്‍സിന്റെ തലച്ചോറില്‍ നടത്തിയ ഒരു ചെറിയ അഴിച്ചുകെട്ടലിന്റെയും ഫലമാണ്. 

അങ്ങനെയാണെങ്കില്‍, നമ്മുടെ ജനിതകഘടനയില്‍ കുറച്ചുകൂടി മാറ്റങ്ങളും തലച്ചോറിലെ മറ്റൊരു അഴിച്ചുപണിയും മതിയാവും രണ്ടാമതൊരു ബൗദ്ധികവിപ്ലവത്തിന് വഴിതുറക്കാന്‍. ആദ്യത്തെ ബൗദ്ധികവിപ്ലവം കൊണ്ടുവന്ന മാനസികനവീകരണങ്ങള്‍ ഹോമോ സാപ്പിയന്‍സിന് പാരസ്പരികസാമ്രാജ്യത്തിലേക്ക് പ്രവേശനം അനുവദിക്കുകയും അവരെ ഭൂമിയുടെ രാജാക്കന്മാരാക്കുകയും ചെയ്തു; രണ്ടാമതൊരു ബൗദ്ധികവിപ്ലവം സങ്കല്പിക്കാനാവാത്ത ചില സാമ്രാജ്യങ്ങള്‍ ഹോമോ ദിയൂസിനുതുറന്നുകൊടുത്തേക്കാം, അവരെ സൗരയൂഥത്തിന്റെ ഉടമസ്ഥരാക്കിയേക്കാം.

പരിണാമമാനവികതാവാദത്തിന്റെ പഴയ സ്വപ്നങ്ങളുടെ നവീകരിക്കപ്പെട്ട ഭാഷ്യമാണ് ഈ ആശയം. അത് ഒരു നൂറ്റാണ്ടു മുന്‍പുതന്നെ അതിമാനുഷരെ സൃഷ്ടിക്കുവാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്ന പ്രത്യുത്പാദനരീതികളും വര്‍ഗ്ഗീയ ശുദ്ധിക്രിയകളും കൊണ്ടാണ് ഹിറ്റ്ലറും അനുയായികളും അതിമാനുഷരെ സൃഷ്ടിക്കാന്‍ പദ്ധതിയിട്ടതെങ്കില്‍, തലച്ചോറിനെയും കമ്പ്യൂട്ടറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെയും ജനറ്റിക് എന്‍ജിനീയറിങ്ങിന്റെയും നാനോടെക്നോളജിയുടെയും കുറച്ചുകൂടി സമാധാനപരമായ മാര്‍ഗ്ഗങ്ങളാണ് അതേ ലക്ഷ്യത്തിലേക്കെത്തുവാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ടെക്നോ മാനവികത തിരഞ്ഞെടുക്കുന്നത്.

പരിഭാഷ: പ്രസന്ന കെ വര്‍മ്മ

ഈ പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും