നെൽച്ചെടി ചൂണ്ടി ഒരു കുട്ടി എന്നോട് ചോദിച്ചു, 'സാർ ഇതെന്നാ ചെടിയാ?'

By Web TeamFirst Published Sep 22, 2022, 1:32 PM IST
Highlights

ഞാൻ ബുദ്ധിമുട്ടി കഷ്ടപ്പെട്ടാണ് പഠിച്ചത് എന്റെ കുട്ടി അങ്ങനെ ആകരുത്. അവൻ ഒരു ബുദ്ധിമുട്ടും അറിയരുത്. ഈ മനോഭാവമാണ് പല രക്ഷിതാവിനും ഉള്ളത്. അത് തികച്ചും തെറ്റായ ഒരു ധാരണയാണ്...

അക്ഷരങ്ങൾ സ്വായത്തമാക്കുക എന്നത് മാത്രമല്ലല്ലോ വിദ്യാഭ്യാസം. അതിനൊപ്പം തന്നെ മറ്റ് ചില ജീവിത മൂല്യങ്ങളെക്കുറിച്ചു കൂടി കുട്ടികൾ അറിയേണ്ടതുണ്ട്. പാഠപുസ്തകങ്ങൾ മനപാഠമാക്കുന്ന  കുട്ടിക്ക് ചിലപ്പോൾ സാമൂഹ്യ വിദ്യാഭ്യാസവും അടിസ്ഥാന ജീവിതസാഹചര്യങ്ങളും എങ്ങനെയാണെന്ന് അറിവുണ്ടായിരിക്കില്ല. സാമ്പത്തിക അച്ചടക്കവും അവനവൻ ജീവിക്കുന്ന സാഹചര്യവും ചുററുപാടുകളും കൂടി ഓരോ വിദ്യാർത്ഥിയും അറിഞ്ഞിരിക്കട്ടെ.

സാമ്പത്തിക അച്ചടക്കം

വ്യക്തി ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത മറ്റൊരു ഘടകമാണ് സാമ്പത്തിക അച്ചടക്കം. പല രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഇപ്പോൾ ബുദ്ധിമുട്ടും പ്രയാസങ്ങളും ഒന്നും അറിയിക്കാതെയാണ് വളർത്തുന്നത്. ഒരു കൊച്ചു കുട്ടിക്ക്  പെൻസിൽ വേണമെന്ന് പറഞ്ഞാൽ ഒരു പെട്ടി പെൻസിലാണ് വാങ്ങി നൽകുന്നത്. ഫലമോ അവൻ ഓരോ പെൻസിലും പൂർണമായും ഉപയോഗിക്കാതെ വെട്ടി കളയുന്നു.  ഈയൊരു ചെറിയ   ശീലം പോലും അവനിൽ ധാരാളിത്തത്തിന്റെയും ആർഭാടത്തിന്റെയും വിത്തുകൾ പാകിയിരിക്കും. പെൻസിലിന്റെ കാര്യത്തിൽ  മാത്രമല്ല അവൻ ആവശ്യപ്പെടുന്നതിലുമപ്പുറം വാരികോരി കൊടുക്കുന്നവരാണ് ഇന്നത്തെ രക്ഷിതാക്കളിൽ ഭൂരിപക്ഷം.

ഞാൻ ബുദ്ധിമുട്ടി കഷ്ടപ്പെട്ടാണ് പഠിച്ചത് എന്റെ കുട്ടി അങ്ങനെ ആകരുത്. അവൻ ഒരു ബുദ്ധിമുട്ടും അറിയരുത്. ഈ മനോഭാവമാണ് പല രക്ഷിതാവിനും ഉള്ളത്. അത് തികച്ചും തെറ്റായ ഒരു ധാരണയാണ്. ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ വളർത്തുന്ന കുട്ടികളാണ് ഭാവിയിൽ പല ബുദ്ധിമുട്ടുകളും  രക്ഷിതാക്കൾക്ക് തിരിച്ചു നൽകുന്നത്. ഓരോ കുട്ടിയും ചെറു പ്രായത്തിൽ തന്നെ തന്റെ കുടുംബത്തിലെ ആകെ വരുമാനവും ചെലവും അറിഞ്ഞിരിക്കണം. സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസങ്ങളും അറിഞ്ഞു തന്നെയാണ് കുട്ടികൾ വളരേണ്ടത്. അതിനായി കുടുംബ ബഡ്ജറ്റുകൾ ചെറുപ്പത്തിലേ  കുട്ടികളെ കൊണ്ട് തയാറാക്കാം. ഇത്  രൂപയുടെ മൂല്യവും പ്രാധാന്യവും മനസിലാക്കാൻ കുട്ടിയെ സഹായിക്കും. സാമ്പത്തിക ഭദ്രതയും സാമ്പത്തിക അച്ചടക്കവും കുട്ടികൾ മനസിലാക്കാൻ ഉതകുന്ന തരത്തിലുള്ള  ഭാഗങ്ങൾ പാഠ്യ പുസ്തകത്തിൽ ഉൾപ്പെടുത്തണം. അത് അറിവും ആരോഗ്യവും പോലെ ഒരു വ്യക്തിയുടെ ജീവിതത്തിലെ ജയപരാജയങ്ങൾ തീരുമാനിക്കുന്ന നിർണ്ണായക ഘടകമാണ്.

ആദ്യം പിറന്ന നാടിന്റെ ചരിത്രമറിയട്ടെ

ഈ അടുത്ത കാലത്ത് ഒരു  എൻ എസ്‌ എസ്‌ ക്യാമ്പിൽ  പരിശീലകനായി ക്‌ളാസെടുക്കുന്ന വേളയിൽ സ്വന്തം പഞ്ചായത്ത് ഏതെന്ന് ചോദിച്ചപ്പോൾ ഉത്തരം അറിയാത്ത കുട്ടികളുടെ എണ്ണം കൂടുതൽ ആയിരുന്നു. ഇതാണ് അവസ്ഥ. അതല്ലേ അവർ ആദ്യം പഠിക്കേണ്ടതും അറിയേണ്ടതും. ഓരോ പാഠഭാഗങ്ങളും തെരെഞ്ഞെടുക്കുമ്പോൾ അത് പഠിക്കുന്ന കുട്ടിക്ക്  കിട്ടുന്ന അടിസ്ഥാന അറിവായി മാറണം. ആദ്യം   കുട്ടികൾക്ക്  അവരവരുടെ പ്രാദേശിക ചരിത്രം പഠിക്കുവാൻ സൗകര്യമൊരുക്കി കൊടുക്കണം. സ്വന്തം ജില്ലയിൽ എത്ര താലൂക്കുകൾ ഉണ്ടെന്നും എത്ര പഞ്ചായത്തുകൾ ഉണ്ടെന്നും സ്വന്തം പഞ്ചായത്തിൽ എത്ര വാർഡുകൾ ഉണ്ടെന്നുമുള്ള അടിസ്ഥാന വിവരമെങ്കിലും പത്താംക്ലാസ് കഴിഞ്ഞു വരുന്ന ഒരു കുട്ടിക്ക്  ഉണ്ടായിരിക്കണം. പിന്നീട് മതി ലോകചരിത്രം പഠിക്കുന്നത്.

സ്വയം പ്രചോദിതരാകുന്ന  കഥകൾ ഉണ്ടാകണം

നമ്മുടെ ക്‌ളാസിൽ ഇരിക്കുന്ന കുട്ടിക്ക് ഒരു പക്ഷേ നമ്മുടെ ഒരു വാക്കോ സമ്മാനമോ അവരുടെ ജീവിതത്തിലെ വഴിത്തിരിവാകാം. അതുപോലെ തന്നെയാണ് അവർ പഠിക്കുന്ന പാഠപുസ്തകത്തിലെ പ്രചോദനകഥകളും. പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിത വിജയം നേടിയ ആളുകളുടെ കഥ ഭാഷാ പുസ്തങ്ങളിലെങ്കിലും  ഉൾപ്പെടുത്തുവാൻ ശ്രമിക്കണം. ജീവിതത്തിലെ സുഖം മാത്രം അനുഭവിച്ചു വളർന്ന്  വരുന്ന ഇന്നത്തെ തലമുറക്ക് അതിന്റെ മറുവശം കൂടി ബോധ്യപ്പെടുത്തി കൊടുക്കാൻ കഴിയണം.

അരിയാഹാരം എങ്ങനെ ഉണ്ടാകുന്നുവെന്നും അവർ പഠിക്കട്ടെ

2015 ൽ എന്റെ സ്കൂളിൽ കരനെൽകൃഷി നടത്തിയ വർഷം അഞ്ചാം ക്‌ളാസിലെ ഒരു കുട്ടി നെൽച്ചെടി ചൂണ്ടി കാണിച്ചു കൊണ്ട് എന്നോടായി ഒരു ചോദ്യം ചോദിച്ചു. "സർ ഇത് എന്നാ ചെടിയാണെന്ന്".  പിന്നീട് നെൽകൃഷിയുടെ ഓരോ ഘട്ടങ്ങളും അവരെ ബോധ്യപ്പെടുത്തി ആ അരികൊണ്ട് അവർക്ക് അന്നം വിളമ്പി  കൊടുക്കേണ്ടി വന്നു. ഇത് ഒരു കുട്ടിയിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല. നമ്മുടെ മിക്ക കുട്ടികൾക്കും അറിയില്ല മൂന്നു നേരം കഴിക്കുന്ന അരിയാഹാരം എങ്ങനെ ഉണ്ടാകുന്നുവെന്ന്. ഭാവിയിൽ നമ്മുടെ രാജ്യത്ത് കൃഷി ചെയ്യുന്നവരും വേണമല്ലോ. അന്യം നിന്നുപോയ കാർഷിക സംസ്കാരം നമ്മുടെ കുട്ടികളിൽ തിരിച്ചു കൊണ്ടുവരണം. കൃഷിയുടെ പ്രാധാന്യവും അതിലൂടെയുള്ള ഭക്ഷണത്തിന്റെ ശുദ്ധിയും കുട്ടികൾ പഠിക്കട്ടെ.

അതിനായി ആഴ്ചയിൽ ഒരു പീരീഡ് കൃഷി പാഠത്തിനായി മാറ്റിവെയ്ക്കാം.വിവിധ കാർഷിക വിളകളെ കുറിച്ചും കർഷകർ നേരിടുന്ന പ്രതിസന്ധികളെകുറിച്ചും കാലാവസ്ഥാ  വ്യതിയാനവും  കൃഷിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും കൃഷി പാഠത്തിൽ ഉൾപെടുത്താം. പഠനത്തിന്റെയും പരീക്ഷകളുടെയും മാനസിക സംഘർഷത്തിൽ   നിന്നും അവർ  മുക്തരാക്കുന്നതോടൊപ്പം നമ്മുടെ നാട്ടിൽ  ഭാവിയിലെ മികച്ച കർഷകരും ഉണ്ടാകട്ടെ. എന്നാലല്ലേ  ഭാവിയിൽ അവർക്ക് മൂന്നു നേരം കഴിക്കാൻ പറ്റുകയുള്ളൂ.
             

ആലപ്പുഴ ജില്ലയിലെ താമരക്കുളം  വി വി എച്ച് എസ്‌ എസ്സ് അധ്യാപകനാണ് ലേഖകൻ
(സംസ്ഥാന അദ്ധ്യാപക -സംസ്ഥാന വനമിത്ര അവാർഡ് ജേതാവ്, ബാലാവകാശ പ്രവർത്തകൻ )  

Part 1 വിദ്യാഭ്യാസം തൊഴിലധിഷ്ഠിതവും സാമൂഹ്യ വീക്ഷണവുമുള്ളതാകണം; എന്തുകൊണ്ടെന്നാൽ...

Part 2 : ലൈംഗിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത; യുപി തലം മുതൽ നടപ്പിലാക്കേണ്ട സുപ്രധാന വിഷയം

click me!