വിവേചനത്തിനെതിരെ ശബ്ദമുയർത്തി; അപമാനിച്ചതായി പരാതി; ജോലി രാജി വെച്ച് അധ്യാപിക

By Web TeamFirst Published Sep 22, 2022, 12:09 PM IST
Highlights

സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ റാണി ജോസഫാണ് അധ്യാപകരുടെ വസ്ത്രത്തിലെ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയത്. മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് റാണി ജോസഫ് ജോലി രാജി വച്ചു. 

പത്തനംതിട്ട: പത്തനംതിട്ട കൊല്ലമുള ലിറ്റിൽ ഫ്ലവർ സിബിഎസ്ഇ ഹയർസെക്കന്ററി സ്കൂളിൽ അധ്യാപകർക്കിടയിലെ ലിംഗവിവേചനം ചോദ്യം ചെയ്ത അധ്യാപികയെ പ്രിൻസിപ്പാൾ അപമാനിച്ചെന്ന് പരാതി. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ റാണി ജോസഫാണ് അധ്യാപകരുടെ വസ്ത്രത്തിലെ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയത്. മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് റാണി ജോസഫ് ജോലി രാജി വച്ചു. എന്നാൽ സ്കൂളിൽ നിലനിൽക്കുന്ന നിയമങ്ങൾ പാലിക്കണമെന്ന് മാത്രമാണ് അധ്യാപികയോട് ആവശ്യപ്പെട്ടതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

''ഞാൻ ഈ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചിട്ട് 5 മാസമാകുന്നു. അന്ന് മുതൽ ഞാൻ പലതും ഞാൻ കണ്ടു. ആ കണ്ടതിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് നമ്മുടെ സമൂഹത്തിന് ആവശ്യമുള്ള കാര്യങ്ങളല്ല, അല്ലെങ്കിൽ അങ്ങനെയൊരു ജനറേഷനെയല്ല സ്കൂൾ വളർത്തിക്കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് എന്നെനിക്ക് മനസ്സിലായി. ഭയങ്കരമായിട്ടുള്ള ജെൻഡർ ഡിസ്ക്രിമിനേഷനും കുട്ടികളുടെ ഇടയിൽ വേർതിരിവും ഒക്കെ ഭയങ്കരമായി കണ്ടപ്പോഴാണ് ഇതിനെതിരെ റിയാക്റ്റ് ചെയ്യണമെന്ന് പലപ്പോഴും തോന്നിയത്. ആ സിസ്റ്റത്തിനുള്ളിൽ നിന്ന് റിയാക്റ്റ് ചെയ്യാൻ എനിക്ക് ഒരുപാട് പരിമിതികളുണ്ടായിരുന്നു. അപ്പോൾ ഒരു കോട്ടിന്റെ പ്രശ്നം വരികയും അതൊരു നിമിത്തമായി മാറുകയും ഞാൻ റിസൈൻ ചെയ്യുകയും ചെയ്തത്.'' 

''ഞാൻ ജോയിൻ ചെയ്തതിന്റെ പിറ്റേന്ന് തന്നെ ടീച്ചേഴ്സിന്റെ കോട്ടിന് മെഷർമെന്റ് കൊടുക്കാൻ ആവശ്യപ്പെട്ടു. ഞാനതിനെ എതിർത്തില്ല. അതിനിടക്ക് സ്റ്റാഫ് റൂമിൽ നിന്നും ടീച്ചേഴ്സ് എന്നോട് ചോദിക്കാൻ തുടങ്ങി, മിസേ, കോട്ട് കിട്ടിയില്ലേ? ഞാനൊരു തവണ റിയാക്റ്റ് ചെയ്തു, എന്തുകൊണ്ട് നമുക്ക് കോട്ട്? ഇവിടെ മെയിൽ ടീച്ചേഴ്സ് ഉണ്ട് അവർക്ക് കോട്ടില്ല. അവരോട് കോട്ടിടാൻ മാനേജ്മെന്റ് ആവശ്യപ്പെടുന്നുമില്ല. അതു കഴിഞ്ഞ് ‍ഞാൻ ക്ലാസ് റൂമിൽ നിൽക്കുന്ന സമയത്താണ് അച്ചൻ വന്നെന്നെ വിളിച്ചിറക്കിയത്. ഇന്റർവെൽ സമയത്ത് ഒരു സ്റ്റുഡന്റിനോട് സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. എന്നോട് കോട്ടിന്റെ വിശദീകരണം ആവശ്യപ്പെട്ടു. ഞാനെല്ലാം പറഞ്ഞു, പക്ഷേ എന്നോട് ഭയങ്കരമായി കുട്ടികളുടെ മുന്നിൽ വെച്ച് ഷൗട്ട് ചെയ്ത് സംസാരിച്ചു. ഒരു വർക്ക്സ്പേസിൽ ഒരു എംപ്ലോയിക്ക് നേർക്കുള്ള ഹരാസ്മെന്റായിട്ടാണ് എനിക്ക് ഫീൽ ചെയ്തത്. കുട്ടികൾ നമ്മളെ മറ്റ് കണ്ണുകൾ കൊണ്ട് നോക്കും എന്നാണ് മറ്റ് അധ്യാപകർ പറഞ്ഞത്. വസ്ത്രം എന്നത് നമ്മുടെ കംഫർട്ടിന് അനുസരിച്ചല്ലേ?''

''അതുപോലെ സ്കൂളിന് രണ്ട് കോറിഡോർ ഉണ്ട്. മുന്നിലത്തെ കോറിഡോർ ബോയ്സിനും പുറകിലത്തെ ​ഗേൾസിനുമാണ്. അറിയാതെ എങ്ങാനും പെൺകുട്ടികൾ ആൺകുട്ടികളുടെ കോറിഡോറിലൂടെ നടന്നാൽ വനിത അധ്യാപകരുടെ തന്നെ അവഹേളനത്തിന് ഇരകളാകാറുണ്ട്. ക്ലാസ് നടക്കുന്ന സമയത്ത് എന്റെ ക്ലാസിലെ ​ഗേൾ സ്റ്റുഡന്റ്സുമായി ഞാൻ അതിലൂടെ പോയി. മുന്നിൽ പോയ പെൺകുട്ടികൾ കരഞ്ഞു കൊണ്ട് വരുന്നതാണ് പിന്നീട് കണ്ടത്. എന്താണെന്ന് ചോദിച്ചപ്പോൾ മറ്റൊരു ടീച്ചർ ക്ലാസിൽ നിന്ന് ഇറങ്ങി വന്ന്, നിനക്കൊക്കെ നാണമില്ലേടീ ആണുങ്ങൾടെ  കോറിഡോറിലൂടെ നടക്കാൻ എന്ന് ചോദിച്ച് അവരെ അവഹേളിച്ചു എന്നാണ് അവർ പറഞ്ഞത്. സിസ്റ്റം മാറ്റാൻ അവർ തയ്യാറാകണം എന്നുള്ളതാണ്.'' റാണി ജോസഫ് വിശദീകരിക്കുന്നു. 

click me!