Asianet News MalayalamAsianet News Malayalam

ലൈംഗിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത; യുപി തലം മുതൽ നടപ്പിലാക്കേണ്ട സുപ്രധാന വിഷയം

ഓരോ പ്രായത്തിലും ലൈംഗികതയെ കുറിച്ച് അവർ  ആർജിക്കേണ്ട അറിവനുസരിച്ച്‌ വേണം ഇത് നടപ്പാക്കാൻ. ഈ അടുത്ത കാലത്ത് പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾ ലൈംഗിക അതിക്രമങ്ങൾക്ക് കൂടുതലായും വിധേയരാകുന്നുവെന്നത് ഞെട്ടലുള്ളവാക്കുന്നതാണ്. ഇതിനാണ് തടയിടേണ്ടത്. 

article of L Sugathan about education and  curriculum
Author
First Published Sep 12, 2022, 4:35 PM IST

തൊഴിലധിഷ്ഠിതവും സാമൂഹ്യവീക്ഷണവുമുള്ള വിദ്യാഭ്യാസത്തെ കുറിച്ചാണ് കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ചത്. അതുപോലെ തന്നെ പാഠ്യപദ്ധതിയിൽ എന്തൊക്കെ ഉൾപ്പടുത്തണം എന്നതും ചർച്ചാ വിഷയമാക്കിയിരുന്നു. അ​ക്ഷരങ്ങൾ പഠിക്കുക എന്നതിനപ്പുറം ജീവിതത്തിൽ സ്വായത്തമാക്കേണ്ട ചില മൂല്യങ്ങളെക്കുറിച്ചും അധ്യാപകനായ ലേഖകൻ ഈ പരമ്പരയിൽ പറയുന്നുണ്ട്. അവയെക്കുറിച്ച്...

ലൈംഗിക വിദ്യാഭ്യാസം

ജൻഡർ ഇക്വാളിറ്റിയുടെ പേരിൽ വലിയ വാഗ്വാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണല്ലോ. എന്നാൽ അതിന് മുൻപേ സ്കൂൾ തലങ്ങളിൽ നടപ്പാക്കേണ്ട ഒരു സുപ്രധാന വിഷയമാണ് ലൈംഗിക വിദ്യാഭ്യാസം. ഏഴാം ക്ലാസ് മുതലെങ്കിലും ഇത് നമ്മുടെ  സ്‌കൂളുകളിൽ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചെറുപ്രായത്തിൽ തന്നെ ഓരോ കുട്ടിയേയും "ഗുഡ്  ടച്ചും ബാഡ് ടച്ചും (നല്ല സ്പർശനവും മോശ സ്പർശനവും) എന്താണെന്ന് ബോധ്യപ്പെടുത്താൻ കഴിയണം. ഒപ്പം നോ പറയാനും". സംസ്ഥാനത്ത് കൂടി വരുന്ന ലൈംഗിക അതിക്രമങ്ങൾ ചൂണ്ടികാട്ടി  കഴിഞ്ഞ ദിവസം ഹൈക്കോടതി  അഭിപ്രായപ്പെട്ടത് ലൈംഗികാതിക്രമം തടയാനുള്ള കർമപദ്ധതി സിലബസിൽ ഉൾപ്പെടുത്തണമെന്നാണ്.

ഓരോ പ്രായത്തിലും ലൈംഗികതയെ കുറിച്ച് അവർ  ആർജിക്കേണ്ട അറിവനുസരിച്ച്‌ വേണം ഇത് നടപ്പാക്കാൻ. ഈ അടുത്ത കാലത്ത് പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾ ലൈംഗിക അതിക്രമങ്ങൾക്ക് കൂടുതലായും വിധേയരാകുന്നുവെന്നത് ഞെട്ടലുള്ളവാക്കുന്നതാണ്. ഇതിനാണ് തടയിടേണ്ടത്. ലൈംഗികത പ്രകൃതിയുടെ നിലനിൽപ്പിന്റെ അവിഭാജ്യ ഘടകമാണെന്നും എല്ലാ ജീവജാലങ്ങളും അത് നിറവേറ്റുന്നുണ്ടെന്നും കുഞ്ഞു പ്രായത്തിൽ തന്നെ അവരെ ബോധ്യപ്പെടുത്തുവാൻ കഴിയണം. അതിലൂടെ പീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ നിന്നും മാറി ചിന്തിക്കാനും എതിർ ലിംഗത്തിലുള്ളവരെ ബഹുമാനിക്കാനും കുട്ടികൾ ശീലിക്കും. കാരണം ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികൾ എല്ലാ അറിവുകളും സ്വയം സ്വാംശീകരിക്കുന്ന കൂട്ടത്തിലാണ്. പുത്തൻ സാങ്കേതിക വിദ്യയിൽ മുതിർന്നവരെക്കാൾ കൂടുതൽ കാര്യശേഷിയും കാര്യപ്രാപ്തിയും അവരിലുണ്ട്. അതിനോട്  പൊരുത്തപ്പെടുവാനും കാര്യങ്ങൾ തുറന്ന് സംസാരിക്കുവാനും അവരോടൊപ്പം ചേർന്ന് നിൽക്കുവാനും നമുക്ക് കഴിയണം.

article of L Sugathan about education and  curriculum

ശുചിത്വവും ആരോഗ്യ ചിന്തകളും ഒപ്പം മര്യാദകളും

തീരെ ചെറിയ ക്‌ളാസുകൾ മുതൽ കുട്ടികൾ പഠിക്കേണ്ട, അനുവർത്തിക്കേണ്ട ശീലങ്ങളാണ് ശുചിത്വവും ആരോഗ്യ അറിവുകളും. അത് വീട്ടിൽ തന്നെ തുടങ്ങേണ്ടതും  പാഠപുസ്തകത്തിൽ അതിന്റെ ശാസ്ത്രീമായ  അറിവുകളും നേട്ടങ്ങളും കോട്ടങ്ങളും ഉൾപ്പെടുത്തുകയും വേണം. ചെറുപ്പ കാലത്ത് കുട്ടികൾ ശീലിക്കുന്ന ദിനചര്യകൾ ഭാവിയിൽ അവന്റെ വ്യക്തിത്വ രൂപീകരണത്തിലും ആരോഗ്യ കാര്യത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നുള്ളത് നിസ്തർക്കമായ വസ്തുതയാണ്. നല്ല വിദ്യാഭ്യാസത്തോടൊപ്പം നല്ല  ആരോഗ്യവും കുട്ടികൾക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ ബഹുഭൂരിപക്ഷം കുട്ടികളും ഈ കാലഘട്ടത്തിൽ തങ്ങളുടെ ആരോഗ്യ കാര്യത്തിലും ഭക്ഷണകാര്യത്തിലും അജ്ഞരും  അലസരുമാണ്.

പുതിയ ഭക്ഷ്യ സംസ്കാരം നമ്മുടെ പുതിയ തലമുറയെ നിത്യ രോഗികളാക്കി മാറ്റിക്കൊണ്ടിക്കുകയാണ്. ഫാസ്റ്റ് ഫുഡ്‌ ഏറ്റവും വലിയ ഇഷ്ട ഭക്ഷണമായി കരുതുന്നവരാണ് തൊണ്ണൂറ് ശതമാനം കുട്ടികളും. അതിനാൽ തന്നെ  പുതുതലമുറയെ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മലാശയ കാൻസറാണെന്ന ആരോഗ്യ വിദ​ഗ്ധരുടെ വെളിപ്പെടുത്തൽ വളരെ ഗൗരവത്തോടെ കാണണം. നല്ല ഭക്ഷണം തെരെഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയും, പ്രാധാന്യവും  മറിച്ചുള്ളത്തിന്റെ പ്രത്യാഘാതവും  കുട്ടികൾ അറിഞ്ഞിരിക്കണം. അതിനായി വിദഗ്ധരുടെ വിവരണങ്ങൾ  ചെറിയ ക്‌ളാസിലെ പാഠപുസ്തകങ്ങളിൽ തന്നെ ഉൾപ്പെടുത്തുവാൻ കഴിയണം.

article of L Sugathan about education and  curriculum

ലഹരിയുടെ  ഉപയോഗവും  താളം തെറ്റുന്ന തലമുറയും

വിദ്യാർത്ഥികളുടെ ലഹരി  ഉപയോഗവും ക്രയവിക്രയവും ഇപ്പോൾ നിത്യ സംഭവങ്ങളായി മാറികഴിഞ്ഞു.  നമ്മുടെ കുട്ടികളെ പല വിധത്തിലും സ്വാധീനിക്കുവാൻ ലഹരി മാഫിയ വല വീശിക്കഴിഞ്ഞു. അതിനെ തടയുവാൻ നമ്മുടെ എക്‌സൈസ് വകുപ്പും പൊതുസമൂഹവും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇതിന്റെ വ്യാപനം കൂടി വരുന്നതല്ലാതെ കുറയുന്നില്ല എന്നതാണ് വാസ്തവം. ഇതിന്റെ വ്യാപനത്തിൽ  ഏറ്റവും കൂടുതൽ വാഹകരായിട്ടുള്ളത്  കേരളത്തിനകത്തും പുറത്തുമുള്ള  പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരാണെന്നുള്ളതാണ് വസ്തുത. ഇപ്പോൾ സ്കൂൾ കുട്ടികളും ഉണ്ടെന്നാണ് അറിവ്. ഈ അടുത്ത സമയത്ത് ഒരു സ്‌കൂളിന് മുൻപിൽ വെച്ച് രണ്ട് പെൺകുട്ടികൾ ബൈക്കിലെത്തിയ ആളുടെ പക്കൽ നിന്നും സാധനം വാങ്ങുന്നതും അതിന്റെ തുക കൊടുക്കുന്നതും ഒരു വീഡിയോയിലൂടെ കാണാൻ കഴിഞ്ഞു.

ഒരു ഹയർ സെക്കണ്ടറി പ്രിൻസിപ്പാളിന്റെ ശബ്ദസന്ദേശത്തിൽ കേൾക്കാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. അവർ നടത്തിയ അന്വേഷണത്തിലും അഭിമുഖീകരിച്ച വിഷയങ്ങളിലും അനുഭവിച്ച് അറിയാൻ കഴിഞ്ഞത് സ്കൂളിലെ വലിയൊരു ശതമാനം കുട്ടികളും ഇതിന്റെ വാഹകരോ ഉപഭോക്താക്കളോ ആണെന്നാണ്. ഇത് ഒരു വരുമാന മാർഗമായി കാണുന്ന കുട്ടികളും അവരെ സപ്പോർട്ട് ചെയ്യുന്നവരും ഉണ്ടെന്നാണ് ടീച്ചർ ആ സംഭാഷണത്തിൽ പറയാതെ പറഞ്ഞത്. ഇത് ഒരു സ്കൂളിന്റെ വിഷയമാണെങ്കിൽ ഇത് തന്നെയാണ് മറ്റ് സ്‌കൂളുകളിലും നടക്കുന്നത്. കേരളത്തെ ഒന്നാകെ ബാധിച്ചിരിക്കുന്ന ഈ ദുരന്തത്തെ എന്ത് വിലകൊടുത്തും പ്രതിരോധിക്കേണ്ടത് നമ്മുടെ ഏവരുടെയും ഉത്തരവാദിത്വമാണ്. അതിന് മുന്നോടിയായി ഇതിന്റെ ദൂഷ്യ വശങ്ങൾ വരച്ചു കാട്ടി പുതുതലമുറയെ രക്ഷിക്കണം. അതിനായി  യു പി ക്ലാസുകളിലെങ്കിലും  മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലം തിക്തഫലങ്ങൾ  അനുഭവിച്ച, അതിൽ നിന്നും മുക്തനായ, ഒരു വ്യക്തിയുടെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താം.

ഗതാഗതബോധം (മര്യാദ) ചെറു പ്രായത്തിൽ തന്നെ ഉണ്ടാകണം
വയൽ വരമ്പിലൂടെയും പറമ്പിലൂടെയും പാടത്തിലൂടെയും കാൽനടയായി സ്കൂളിൽ പോയിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും വീടിന്റെ പടിയിൽ  നിന്നും സ്കൂൾ വാനിൽ കയറി പോകുന്ന ഒരു തലമുറയെയാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്. പലതും കണ്ടും കേട്ടും അനുഭവിച്ചും  വളർന്ന കുട്ടികളായിരുന്നു പണ്ട്. എന്നാൽ ഇന്നവർ എല്ലാ സുഖ സൗകര്യങ്ങളും സാഹചര്യങ്ങളും പുത്തൻ സാങ്കേതിക വിദ്യയിലെ അറിവുകളും  മാത്രം അനുഭവിച്ചാണ് വളരുന്നത്. അതുകൊണ്ട് തന്നെ അവരിൽ ഭൂരിഭാഗവും  ജീവിതയാഥാർഥ്യങ്ങൾ അറിയാതെ  വളർന്നു വരുന്നവരാണ്. അതുപോലെ തന്നെ ഇപ്പോൾ കേരളത്തിലെ കുട്ടികളിൽ അറുപതു ശതമാനവും  പതിനെട്ട് വയസ്സ് പൂർത്തിയാക്കുന്നതിന് മുൻപ് ടൂവീലറോ ഫോർ വീലറോ ഉപയോഗിച്ചു കൊണ്ട്  നിരത്തിലിറങ്ങുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

article of L Sugathan about education and  curriculum

അതിൽ ഭൂരിഭാഗവും രക്ഷിതാക്കളറിയാതെയാണ് യാത്ര. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇന്ന് പൊതു നിരത്തിൽ ന്യൂ ജനറേഷൻ ബൈക്കുകളുടെ മരണപ്പാച്ചിൽ പൊതു സമൂഹത്തിനു തന്നെ തലവേദന ആയി മാറിയിരിക്കുകയാണ്. ഈ അടുത്ത കാലത്ത് മധ്യ  കേരളത്തിലെ ഒരു സ്കൂളിൽ പത്താംക്‌ളാസിൽ പഠിക്കുന്ന രണ്ട് കുട്ടികൾ സ്ഥിരമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനെ കുറിച്ച്  അന്വേഷിച്ചപ്പോൾ, വീട്ടുകാർ അറിഞ്ഞല്ല ബൈക്ക് യാത്ര, അത് ആരുടെ ആണെന്നും അറിയില്ല. പിന്നീട് ആണ് അറിയുന്നത് ഇത്  ആരൊ  മോഷ്ടിച്ച ബൈക്കാണെന്നും അതിന്  ഇന്ധനം നിറക്കുന്നത് കഞ്ചാവ് വിറ്റു കിട്ടുന്ന പണം ഉപയോഗിച്ചാണെന്നും. ഇതാണ് ഇന്നത്തെ അവസ്ഥ. ഗതാഗതനിയമങ്ങൾ കാറ്റിൽ പറത്തിയും  ലഹരിയുടെ ഉപയോഗവും  വിപണനവും നടത്തിയും പുതുതലമുറ ജീവിതം ആഘോഷിക്കുകയാണ്. ഇതിന് കടിഞ്ഞാണിട്ടില്ലെങ്കിൽ നമ്മുടെ പുതുതലമുറ എവിടെയെത്തി നിൽക്കും.

പൊതു നിരത്തിൽ ഇറങ്ങിയാൽ എങ്ങനെ യാത്ര ചെയ്യണമെന്നെന്നും എങ്ങനെ വാഹനം ഓടിക്കണമെന്നും മറിച്ചായാൽ എന്തെല്ലാം ഭവിഷത്തുകൾ അനുഭവിക്കേണ്ടി വരുമെന്നും ചെറിയ ക്‌ളാസിൽ തന്നെ അവനെ ബോധവൽക്കേണ്ടിയിരിക്കുന്നു. അതിനായി ഗതാഗത നിയമങ്ങൾ പ്രൈമറി ക്ലാസ് മുതൽ തന്നെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം. നിരത്തുകളിൽ യാത്ര ചെയ്യുന്ന ഓരോ വ്യക്തിയുടെയും ജീവന് തന്റെ ജീവന് തുല്യമായ  വിലയുണ്ടെന്നും തന്നെ പോലെ മറ്റുള്ളവർക്കും ഒരു ജീവിതം ഉണ്ടെന്നുമുള്ള  ബോധം ഇവരിൽ ചെറു പ്രായത്തിൽ തന്നെ ഉണ്ടാക്കിയെടുക്കണം.

 ആലപ്പുഴ വി വി എച്ച് എസ്‌ എസ്സ് ,അദ്ധ്യാപകനാണ് ലേഖകന്‍
(സംസ്ഥാന അദ്ധ്യാപക -സംസ്ഥാന വനമിത്ര അവാർഡ് ജേതാവ്, ബാലാവകാശ പ്രവർത്തകൻ )

വിദ്യാഭ്യാസം തൊഴിലധിഷ്ഠിതവും സാമൂഹ്യ വീക്ഷണവുമുള്ളതാകണം; എന്തുകൊണ്ടെന്നാൽ...
 

(തുടരും)

Follow Us:
Download App:
  • android
  • ios