
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്നുള്ള ഐസ്സി ടോപ്പര്‍ ശ്രീജനി പരീക്ഷ പേപ്പറിൽ പേരെഴുതുമ്പോൾ തന്നെ ഒരു ചരിത്രപരമായ തീരുമാനം എടുത്തിരുന്നു. പരീക്ഷാ ഫോം അയക്കുമ്പോൾ തന്റെ കുടുംബപ്പേര് ചേര്‍ത്തില്ല. ജാതി, മതം, ലിംഗഭേദം എന്നിവ അടിസ്ഥാനമാക്കിയുള്ള വേർതിരിവുകളിൽ നിന്ന് മുക്തമായ ഒരു സമൂഹത്തിലാണ് താൻ വിശ്വാസിക്കുന്നത്. അതിൽ നിന്നാണ് ഈ തീരുമാനം ഉണ്ടായതെന്നും ശ്രീജനി പറയുന്നു.
400-ൽ 400-മാർക്ക് നേടിയാണ് ശ്രീജനി പശ്ചിമ ബംഗാളിൽ നിന്നുള്ള ഐഎസ്‌സി ടോപ്പറായത്. സൗത്ത് കൊൽക്കത്തയിലെ ഫ്യൂച്ചർ ഫൗണ്ടേഷൻ സ്കൂൾ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. എല്ലാ വിഷയങ്ങളിലും 100 മാർക്ക് നേടി. തിരക്കേറിയ അക്കാദമിക് ഷെഡ്യൂളുകൾക്കിടയിലും ആർജി കാർ മെഡിക്കൽ വിദ്യാർത്ഥിനിയുടെ ബലാത്സംഗ-കൊലപാതകത്തെ തുടർന്ന് ഓഗസ്റ്റ് 14ന് നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനും അവൾ സമയം കണ്ടെത്തിയിരുന്നു.
'ഒരു വ്യക്തി എന്ന നിലയിൽ അത് തന്റെ തീരുമാനമായിരുന്നു. അച്ഛനും സഹോദരിയും പിന്തുണച്ചു. ജാതി, ലിംഗഭേദം, മതം എന്നിവയിലുള്ള വിഭജനങ്ങൾക്കും സാമ്പത്തിക സ്ഥിതിക്കും അതീതമായി ഉയർന്നുവരുന്ന ഒരു സമൂഹത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് കുടുംബപ്പേര് ആവശ്യമുണ്ടെന്ന് തോന്നിയില്ല. സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും മുന്നിൽ ഞാൻ എപ്പോഴും തന്റെ ആദ്യ പേരിലാണ് അറിയപ്പെടുന്നത്.
കുടുംബപ്പേര് എന്തിനാണ് കൊണ്ടുനടക്കുന്നത്. ഇത്തരമൊരു തീരുമാനത്തിൽ കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്" ശ്രീജനി പറയുന്നു. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎസ്ഐ) പ്രൊഫസറും ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് ജേതാവുമാണ് അച്ഛൻ ദേബാഷിഷ് ഗോസ്വാമി. ഗുരുദാസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് അമ്മ ഗോപ മുഖർജി. മകളുടെ നേട്ടത്തിലും അവൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിലും അഭിമാനമുണ്ടെന്ന് ഇരുവരും പറയുന്നു.
ജനനം മുതൽ ഞങ്ങൾ വളർത്തിയെടുത്ത മൂല്യങ്ങളും വിശ്വാസങ്ങളും എന്റെ രണ്ട് പെൺമക്കളും മുറുകെ പിടിക്കുന്നുണ്ട്. തന്റെ ഭർത്താവിന്റെ കുടുംബപ്പേര് താൻ ഉപയോഗിക്കാറില്ല. ഞങ്ങളുടെ പെൺമക്കളുടെ ജനന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴും ഞങ്ങൾ ഒരു കുടുംബപ്പേരും ഉൾപ്പെടുത്തിയിരുന്നില്ല. പുരുഷാധിപത്യത്തിന്റെയും സങ്കുചിതത്വത്തിന്റെയും മുൻവിധികളിൽ നിന്ന് മുക്തമായ ഒരു സമൂഹത്തെയാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നതെന്നും ഗോപ മുഖര്‍ജി പറഞ്ഞു.
അച്ഛനെപ്പോലെ ശാസ്ത്രത്തിൽ ഗവേഷണം നടത്താനാണ് ശ്രീജനിയുടെ ആഗ്രഹം. ഞാൻ ഏത് സമയവും പഠനത്തിന് വേണ്ടി സമയം ചെലവഴിക്കുന്ന ആളല്ലെന്നും, മാതാപിതാക്കൾ, സഹോദരി, അടുത്ത സുഹൃത്തുക്കൾ എന്നിവരോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ എപ്പോഴും സമയം കണ്ടെത്താറുണ്ട്. മതത്തെ കുറിച്ച് ചോദിച്ചപ്പോൾ മാനവികതയാണ് തന്റെ മതമെന്നും ശ്രീജനി പറഞ്ഞു.