സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് സിഇഒ; വൈറലായി വീഡിയോ

By Web TeamFirst Published Dec 6, 2021, 9:20 PM IST
Highlights

ഈ സൂം കോളില്‍ പങ്കെടുത്ത ഒരു ജീവനക്കാരന്‍ റെക്കോഡ് ചെയ്ത വീഡിയോ ശകലമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ദില്ലി: സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് ബെറ്റര്‍ ഡോട്ട് കോം എന്ന സ്ഥാപനം. ഈ പിരിച്ചുവിടലിന്‍റെ വീഡിയോ റെക്കോഡ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. കമ്പനി സിഇഒയായ വിശാല്‍ ഗാര്‍ഗ് ആണ് കമ്പനിയുടെ ഇന്ത്യയിലെയും, അമേരിക്കയിലെയും 900 ജീവനക്കാരെ ഓണ്‍ലൈനായി പിരിച്ചുവിട്ടത്. 

ഈ സൂം കോളില്‍ പങ്കെടുത്ത ഒരു ജീവനക്കാരന്‍ റെക്കോഡ് ചെയ്ത വീഡിയോ ശകലമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിപ്പേരുടെ ജോലി പോയ സൂ കോള്‍ ഡിസംബര്‍ ഒന്നിനായിരുന്നു നടന്നത് എന്നാണ് ഇത് പങ്കുവച്ച ട്വിറ്റര്‍ ഹാന്‍റിലുകള്‍ പറയുന്നത്.

തന്റെ തൊഴില്‍ജീവിതത്തില്‍ ഇത് രണ്ടാംതവണയാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും തനിക്ക് ഇത് ചെയ്യാന്‍ ആഗ്രഹമില്ലെന്നും ഗാര്‍ഗ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയല്ല ഇത്. ഈ കോളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന സംഘത്തില്‍ നിങ്ങളുമുണ്ട് സിഇഒ പറയുന്നു. നിങ്ങളുടെ ഇവിടുത്തെ ജോലി ഉടന്‍ അവസാനിക്കുകയാണ്- ഗാര്‍ഗ് വീഡിയോയില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞതവണ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോള്‍ താന്‍ കരഞ്ഞെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ക്കുന്നു. വിപണിയില്‍ വലിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഇതിനാല്‍ തന്നെ ഇപ്പോള്‍ ഉള്ള രീതിയില്‍ പോകാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് വിശാല്‍ ഗാര്‍ഗ് കോള്‍ ആരംഭിച്ചത് തന്നെ. കമ്പനി ജീവനക്കാരില്‍ 15 ശതമാനത്തെയാണ് ബെറ്റര്‍.കോം പിരിച്ചുവിടുന്നത്.

പിരിച്ചുവിട്ടവരില്‍ കമ്പനി വൈവിദ്ധ്യവത്കരണം, ഇക്വിറ്റി, റിക്രൂട്ടിംഗ് വിഭാഗത്തിലെ ജീവനക്കാരാണ് കൂടുതല്‍ എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിരിച്ചുവിട്ട ജീവനക്കാര്‍ ഒരു മാസത്തെ മുഴുവന്‍ ആനുകൂല്യങ്ങളും, രണ്ട് മാസത്തെ ആശ്വാസ ബത്തയും നല്‍കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2016ലാണ് ബെറ്റര്‍.കോം സ്ഥാപിക്കപ്പെടുന്നത്. ഏതാണ്ട് 720 ദശലക്ഷം ഡോളര്‍ ഇവര്‍ കമ്പനി പബ്ലിക്കാക്കി സമാഹരിച്ചിരുന്നു. ഏതാണ്ട് 1 ബില്ല്യണ്‍ ഡോളര്‍ ലാഭം കമ്പനി ഇപ്പോളും ബാലന്‍സ് ഷീറ്റില്‍ കാണിക്കുന്നുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നത്.

click me!