
തിരുവനന്തപുരം: കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്) 2025 പരീക്ഷ നാളെ (നവംബർ 30). രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ മൂന്ന് സെഷനുകളിലായാണ് നടക്കുക. ആദ്യ സെഷൻ രാവിലെ 8.30 മുതൽ 10.30 വരെ നടക്കും. രണ്ടാമത്തെ സെഷൻ ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെയും മൂന്നാമത്തെയും അവസാനത്തെയുമായ സെഷൻ വൈകുന്നേരം 4.30നും 6.30നും ഇടയിലും നടക്കും. ഈ വർഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്) ആണ് പരീക്ഷ നടത്തുന്നത്.
ഹാൾ ടിക്കറ്റുകളിൽ ഉദ്യോഗാർത്ഥികളുടെ പേര്, അപേക്ഷാ നമ്പറുകൾ, പരീക്ഷയുടെ തീയതിയും ദിവസവും, പരീക്ഷാ സമയം, പരീക്ഷയുടെ സെഷൻ, റിപ്പോർട്ടിംഗ് സമയം, പ്രവേശന സമയം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാറ്റ് പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും പരീക്ഷാ ദിവസത്തെ മാർഗ്ഗനിർദ്ദേശങ്ങളും ക്യാറ്റ് 2025 അഡ്മിറ്റ് കാർഡിൽ പരാമർശിച്ചിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്കും മറ്റ് അറിയിപ്പുകൾക്കുമായി വിദ്യാര്‍ത്ഥികൾ iimcat.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണം. ഈ വർഷം ഏകദേശം 2.95 ലക്ഷം വിദ്യാര്‍ത്ഥികളാണ് ക്യാറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
A4 സൈസ് പേപ്പറിൽ പ്രിന്റ് ചെയ്ത ക്യാറ്റ് 2025 ഹാൾ ടിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ ഇന്ത്യൻ പാസ്‌പോർട്ട് പോലെയുള്ള ഒറിജിനൽ ഐഡി പ്രൂഫ്, ആവശ്യമെങ്കിൽ സത്യവാങ്മൂലവും കയ്യിൽ കരുതണം. ഈ രേഖകൾ കയ്യിലില്ലാത്ത വിദ്യാര്‍ത്ഥികൾക്ക് ഒരു കാരണവശാലും പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
എം.ബി.എ, പി.ജി.ഡി.എം തുടങ്ങിയ ബിരുദാനന്തര മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് എല്ലാ വർഷവും നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്). വെർബൽ എബിലിറ്റി, റീഡിംഗ് കോംപ്രിഹെൻഷൻ, ഡാറ്റ ഇന്റർപ്രെറ്റേഷൻ, ലോജിക്കൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയിലെ വിദ്യാര്‍ത്ഥികളുടെ കഴിവുകൾ പരീക്ഷയിലൂടെ വിലയിരുത്തും. ഇന്ത്യയിലെ 21 ഐ.ഐ.എമ്മുകൾ ഉൾപ്പെടെ, രാജ്യത്തെ മറ്റ് മികച്ച നിരവധി ബിസിനസ് സ്കൂളുകളും എം.ബി.എ. പ്രവേശനത്തിനായി ക്യാറ്റ് സ്കോറുകൾ അംഗീകരിക്കുന്നുണ്ട്.