
റാഞ്ചി: സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫലത്തിൽ ചരിത്രനേട്ടവുമായി അവ്നി കേജരിവാൾ സംസ്ഥാന ടോപ്പറായി. റാഞ്ചി ഡിപിഎസ് സെയിൽ ടൗൺഷിപ്പിലെ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിനിയായ അവ്നി കേജരിവാളാണ് പുനർമൂല്യനിർണ്ണയത്തിലൂടെ സമാനതകളില്ലാത്ത വിജയം സ്വന്തമാക്കിയത്. ഇംഗ്ലീഷ് കോർ, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് എന്നീ അഞ്ച് പ്രധാന വിഷയങ്ങളിലും അവ്നി പൂർണ്ണ മാർക്ക് (100/100) കരസ്ഥമാക്കി. ഇതിനുപുറമെ, തന്റെ അഡീഷണൽ വിഷയമായ ഗ്രാഫിക്സിൽ 99 മാർക്കും ഈ മിടുക്കി നേടിയിട്ടുണ്ട്.
തന്റെ കഠിനാധ്വാനത്തിലും പരീക്ഷയിലെ പ്രകടനത്തിലും പൂർണ്ണ ആത്മവിശ്വാസം ഉണ്ടായിരുന്നതിനാലാണ് മാർക്കിൽ കുറവ് കണ്ടപ്പോൾ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അവ്നി കേജരിവാൾ പറഞ്ഞു. തുടക്കം മുതൽ പഠനത്തിൽ അതീവ ശ്രദ്ധാലുവായിരുന്ന അവ്നി, നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടത്തിൽ എത്തിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. വ്യവസായിയായ മിതേഷ് കേജരിവാളിന്റെയും വീട്ടമ്മയായ പൂനം കേജരിവാളിന്റെയും മകളാണ് അവ്നി.
തന്റെ ഈ വലിയ വിജയത്തിന്റെ ക്രെഡിറ്റ് മാതാപിതാക്കൾക്കും അധ്യാപകർക്കും തന്റെ മെന്ററായ സച്ചിത് സാറിനുമാണെന്ന് അവ്നി വ്യക്തമാക്കി. ഇവരുടെ പിന്തുണയും മാർഗ്ഗനിർദ്ദേശവുമാണ് തന്റെ പഠനയാത്രയിൽ പ്രധാന പങ്കുവഹിച്ചത്. ബിസിനസ് മാനേജ്‌മെന്റ് മേഖലയിൽ ഒരു മികച്ച കരിയർ കെട്ടിപ്പടുക്കുകയാണ് അവ്നിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉന്നത പഠനത്തിനായി താരം CUET UG 2026 പരീക്ഷയും എഴുതിയിട്ടുണ്ട്. സ്വന്തം പ്രകടനത്തിലുള്ള വിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് ലക്ഷ്യവും കൈവരിക്കാമെന്ന് തെളിയിക്കുന്നതാണ് അവ്നിയുടെ ഈ വിജയഗാഥ.