തലകൾ തമ്മിൽ ഒട്ടിച്ചേർന്ന് ജനനം, മാതാപിതാക്കൾ ഉപേക്ഷിച്ചു; 12ാം ക്ലാസ് പരീക്ഷയെഴുതി വാണിയും വീണയും

By Web TeamFirst Published May 23, 2022, 4:08 PM IST
Highlights

സ്വന്തം യോഗ്യതയിലൂടെയും കഠിനാധ്വാനത്തിലൂടെയും മികച്ച നേട്ടം കൈവരിക്കണമെന്നാണ് ഇവരുടെ ആ​ഗ്രഹം. 

ഹൈദരാബാദ്: ജനന സമയത്ത് തന്നെ ഉപേക്ഷിക്കപ്പെട്ടവരാണ് വാണിയും വീണയും. തലകൾ തമ്മിൽ ഒട്ടിച്ചേർന്ന നിലയിൽ ഇരട്ടകളായിട്ടായിരുന്നു ഈ കുഞ്ഞുങ്ങൾ ജനിച്ചു വീണത്. മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ആശുപത്രിയിലാണ് ഇവർ വളർന്നത്. ഇപ്പോൾ 12ാം ക്ലാസ് പരീക്ഷയെഴുതിയിരിക്കുകയാണ് ഇവർ. തെലങ്കാനയിലെ ബോർഡ് ഓഫ് ഇന്റർമീഡിയറ്റ് എക്സാമിനേഷൻ സഹോദരിമാർക്ക് പരീക്ഷക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ തങ്ങൾക്ക് പ്രത്യേക പരി​ഗണനയൊന്നും വേണ്ടെന്നായിരുന്നു ഇവരുടെ നിലപാട്. സ്വന്തം യോഗ്യതയിലൂടെയും കഠിനാധ്വാനത്തിലൂടെയും മികച്ച നേട്ടം കൈവരിക്കണമെന്നാണ് ഇവരുടെ ആ​ഗ്രഹം. അധിക സമയത്തിന്റെ ആനുകൂല്യവും ഇവർ നിരസിച്ചു. 

പരീക്ഷ സമയത്തിന് അഞ്ചു മിനിറ്റ് മുമ്പ് തന്നെ ഇവർ പരീക്ഷ പൂർത്തിയാക്കിയതായി ഇൻവിജിലേറ്ററായ അരുണ പറയുന്നു. ഇത്രയും പെട്ടെന്ന് കൃത്യസമയത്ത് തന്നെ പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചതെങ്ങനെയെന്ന ചോദ്യത്തിന്, ഞങ്ങൾ വളരെ വേ​ഗത്തിൽ എഴുതും എന്നാണ് വാണിയുടെയും വീണയുടെയും മറുപടി. ചാർട്ടേർഡ് അക്കൗണ്ടന്റുമാരാകാനാണ് ഇരുവർക്കും ആ​ഗ്രഹം. അതിനായി പന്ത്രണ്ടാം ക്ലാസിന് ശേഷം ഫൗണ്ടേഷൻ കോഴ്സിന് ചേരണമെന്നും ഇവർ പറയുന്നു. 

പരീക്ഷാ സമയത്ത് പരസ്പരം സഹായിക്കാറുണ്ടോ എന്ന ചോദ്യത്തിന്, തങ്ങൾ വളരെ മത്സരബുദ്ധിയുള്ളവരാണെന്നാണ് വാണി പ്രതികരിച്ചത്. "ഞങ്ങൾ മത്സരബുദ്ധിയുള്ളവരാണ്, പരീക്ഷാ സമയത്ത് പരസ്പരം സംസാരിക്കാറില്ല," നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും  തങ്ങളുടെ ഭാവിയെക്കുറിച്ച് സന്തോഷത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയുമാണ് ഈ സഹോദരിമാർ കഴിയുന്നത്. 2003 ഒക്ടോബർ 15 ന് തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് ഇവര്‍ ജനിച്ചത്.

click me!