
തിരുവനന്തപുരം: വിജയത്തിന്റെ മധുരവും റാങ്കിന്റെ തിളക്കവും സ്വയം അനുഭവിച്ചറിഞ്ഞ ഒരാൾ തന്നെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിധി പ്രഖ്യാപിക്കാനെത്തിയത് ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തെ സവിശേഷമാക്കി. 1986-ലെ എസ്എസ്എൽസി മൂന്നാം റാങ്കുകാരിയായിരുന്ന ഷർമിള മേരി ജോസഫ് ഐഎഎസ് ആണ് ഇന്ന് സംസ്ഥാനത്തെ ഫലം പ്രഖ്യാപിച്ചത്. പഴയ റാങ്കുകാരിയിൽ നിന്ന് ഇന്നത്തെ തലമുറയ്ക്കുള്ള സന്ദേശം ലളിതമാണ്, "സ്വപ്നം കാണുക, അത് നേടിയെടുക്കുക."
1986-ലെ എസ്എസ്എൽസി പരീക്ഷയിലായിരുന്നു ഷര്‍മിള മൂന്നാം റാങ്ക് തിളക്കം കൈവരിച്ചത്. അന്നത്തെ പത്രങ്ങളെല്ലാം ആഘോഷമാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഷര്‍മിളയുടേത്. പുതിയ ഫലം പ്രഖ്യാപിക്കുമ്പോൾ, അന്നത്തെ കുട്ടിയുടെ സന്തോഷവും കൗതുകവും ഇന്നും ഓര്‍മയിലുണ്ട് ഷര്‍മിളയ്ക്ക്. ഫലം പ്രഖ്യാപിക്കാൻ ലഭിച്ച ഈ അവസരത്തെ ഒരു വലിയ നിയോഗമായാണ് കാണുന്നതെന്ന് ഷർമിള മേരി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ഏതൊരാൾക്കും ഉന്നതങ്ങളിൽ എത്താമെന്നതിന്റെ ഉത്തമ ഉദാഹരണമായി അവർ വിദ്യാർത്ഥികൾക്ക് മുന്നിൽ നിൽക്കുന്നു.
എസ്എസ്എൽസി ഫലം 2026
99.07 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ കുറവുണ്ടായി. പരീക്ഷ എഴുതിയവരിൽ 4,14,290 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 30,514 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം ഇത് 61,449 ആയിരുന്നു. വിജയശതമാനത്തിൽ ഇത്തവണയും പെൺകുട്ടികളാണ് മുന്നിൽ (99.22%). 20,771 പെൺകുട്ടികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ 9,743 ആൺകുട്ടികൾ ഈ നേട്ടം കൈവരിച്ചു. കുട്ടനാട് വിദ്യാഭ്യാസ ജില്ല 100 ശതമാനം വിജയവുമായി ഒന്നാമതെത്തി. റവന്യൂ ജില്ലകളിൽ പത്തനംതിട്ടയാണ് മുന്നിൽ. കൊല്ലം ജില്ലയിലെ 11.6% കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പുനർമൂല്യനിർണ്ണയത്തിന് മെയ് 16 മുതൽ 21 വരെ അപേക്ഷിക്കാം. സേ (SAY) പരീക്ഷ ജൂൺ ആദ്യവാരം നടക്കും, ഫലം ജൂൺ അവസാനത്തോടെ പ്രഖ്യാപിക്കും. ഡിജി ലോക്കറിലും വാട്സാപ്പ് സന്ദേശത്തിലൂടെയും ഫലം ലഭ്യമാണ്. ഫലം അറിയാൻ:
results.kite.kerala.gov.in
keralaresults.nic.in
sslcexam.kerala.gov.in
വാട്സാപ്പ് നമ്പർ: +9188619958