ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ!, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ; സായ് ജാദവിന് ചരിത്ര നേട്ടം

Published : Dec 16, 2025, 05:00 AM IST
sai jadhav

Synopsis

93 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് സായ് ജാദവ് എന്ന വനിതാ ഓഫീസർ പരിശീലനം പൂർത്തിയാക്കി. സൈനിക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള സായ്, ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റായി കമ്മീഷൻ ചെയ്യപ്പെട്ടു. 

ഡെറാഡൂൺ: ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ (ഐഎംഎ.) 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഓഫീസർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. 23കാരിയായ സായ് ജാദവ് ആണ് ഈ ചരിത്രപരവും അഭിമാനാർഹമായ നേട്ടത്തിന് ഉടമ. 1932-ൽ ഐഎംഎ. സ്ഥാപിതമായ ശേഷം 67,000-ത്തിലധികം ഓഫീസർ കേഡറ്റുകൾ പുറത്തിറങ്ങിയെങ്കിലും ഇത് ആദ്യമായാണ് ഒരു വനിത ഈ നേട്ടം സ്വന്തമാക്കുന്നത്.

കുടുംബത്തിലെ സൈനിക പാരമ്പര്യത്തിൻ്റെ തുടർച്ച കൂടിയാണ് സായിയുടെ നേട്ടം. മുതുമുത്തശ്ശൻ ബ്രിട്ടീഷ് ആർമിയിലും, മുത്തശ്ശൻ ഇന്ത്യൻ ആർമിയിലും ഉദ്യോഗസ്ഥനായിരുന്നു. ഇതിനെല്ലാം ഉപരിയായി അവരുടെ പിതാവ് സന്ദീപ് ജാദവും സൈന്യത്തിൽ സേവനം തുടരുന്ന ആളാണ്. സായ് ജാദവ് നിലവിൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് ആയാണ് കമ്മീഷൻ ചെയ്തിരിക്കുന്നത്. ഇതോടെ ഐഎംഎയിൽ നിന്ന് ഈ സേനാ വിഭാഗത്തിൽ ചേരുന്ന ആദ്യ വനിതാ ഓഫീസറായും സായ് മാറി. പാസിംഗ് ഔട്ട് പരേഡിൽ വെച്ച് സായിയുടെ തോളിൽ മാതാപിതാക്കൾ സ്റ്റാർസ് അണിയിച്ചതും ശ്രദ്ധേയമായി. ഈ രംഗം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. വിമുക്തഭടന്മാർ സായിക്ക് അഭിനന്ദനവുമായി എത്തി. ഈ നേട്ടം അടുത്ത തലമുറയിലെ പെൺകുട്ടികൾക്ക് പ്രചോദനമാകുമെന്ന് ഏവരും പറയുന്നു.

സ്ത്രീകൾക്കായി പുതിയ പാതകൾ

നാഷണൽ ഡിഫൻസ് അക്കാദമിയുടെ 2022 ബാച്ചിലൂടെ തിരഞ്ഞെടുക്കപ്പെട്ട എട്ട് വനിതാ ഓഫീസർ കേഡറ്റുകൾ നിലവിൽ ഇന്ത്യൻ ആർമിയിൽ പരിശീലനത്തിലാണ്. നേരത്തെ പ്രത്യേക അനുമതിയോടെയാണ് സായ് ജാദവ് ഐഎംഎയിൽ പ്രവേശിച്ചത്. പുരുഷ കേഡറ്റുകൾക്കൊപ്പം ആറുമാസത്തെ കഠിന പരിശീലനം അവരും പൂർത്തിയാക്കി. സാധാരണ കോഴ്‌സിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും നിലവാരങ്ങളും സായ് പാലിച്ചു. ബെൽഗാമിൽ ആരംഭിച്ച സായിയുടെ വിദ്യാഭ്യാസം, പിതാവിൻ്റെ സൈനിക നിയമനങ്ങൾ കാരണം വിവിധ സംസ്ഥാനങ്ങളിലായാണ് പൂർത്തിയായത്. ബിരുദാനന്തരം ദേശീയ തല പരീക്ഷ പാസായ സായ്, സർവീസ് സെലക്ഷൻ ബോർഡിലെ മികച്ച പ്രകടനത്തിലൂടെയാണ് ഐഎംഎയിൽ ഇടം നേടിയത്.

സൈന്യത്തിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നു കൊടുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്. 2026 ജൂണിൽ ചെറ്റ്‌വോഡ് കെട്ടിടത്തിന് മുന്നിൽ നടക്കുന്ന പരേഡിൽ സായ് പങ്കെടുക്കും. ഒരുകാലത്ത് സ്ത്രീകൾക്ക് അടഞ്ഞുകിടന്ന മേഖലയിലേക്ക് കടന്നുവന്ന് സായ് ജാദവ് നേടിയ ഈ വിജയം, ചരിത്രം മാറാൻ ഒരാളുടെ തീരുമാനത്തിനും സാധിക്കുമെന്ന ഓർമ്മപ്പെടുത്തൽ കൂടി ആവുകയാണ്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം
യുജിസി സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷ ഡിസംബറില്‍