ഐബിപിഎസ് പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞ സിബിൽ സ്കോറിന്റെ പേരിൽ പൊതുമേഖലാ ബാങ്കുകൾക്ക് നിയമനം നിഷേധിക്കാമെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ദില്ലി: ഐബിപിഎസ് (IBPS) വഴി കഠിനമായ പരീക്ഷകൾ പാസായി പൊതുമേഖലാ ബാങ്കുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ നിയമനം അവരുടെ ക്രെഡിറ്റ് ഹിസ്റ്ററിയുടെയോ സിബിൽ (CIBIL) സ്കോറിന്റെയോ അടിസ്ഥാനത്തിൽ റദ്ദാക്കാൻ ബാങ്കുകൾക്ക് സാധിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തൽ. രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനാണ് മറുപടി. അന്തിമ തീരുമാനമെടുക്കാനുള്ള വിവേചനാധികാരം പൂർണ്ണമായും അതത് ബാങ്കുകൾക്കായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 20 പേരുടെ നിയമനം മാത്രമേ ഇങ്ങനെ റദ്ദാക്കിയിട്ടുള്ളൂവെന്നും സർക്കാർ വ്യക്തമാക്കി.
വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് ബ്രിട്ടാസ് രംഗത്തെത്തി. കഠിനമായ പരീക്ഷകൾ പാസായി പൊതുമേഖലാ ബാങ്കുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ നിയമനം അവരുടെ ക്രെഡിറ്റ് ഹിസ്റ്ററിയുടെയോ സിബിൽ (CIBIL) സ്കോറിന്റെയോ അടിസ്ഥാനത്തിൽ റദ്ദാക്കാൻ ബാങ്കുകൾക്ക് സാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും ഉദ്യോഗാർത്ഥികളെ അവരുടെ സാമ്പത്തിക പരാധീനതയുടെ പേരിൽ ശിക്ഷിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ചികിത്സാ ആവശ്യങ്ങൾക്കും വേണ്ടി വായ്പ എടുക്കുന്നതും, ജോലി ഇല്ലാത്തതിനാൽ തിരിച്ചടവ് മുടങ്ങുന്നതും സ്വാഭാവികമാണ്.
കടം വീട്ടാനാണ് ഒരാൾക്ക് ജോലി വേണ്ടത്. എന്നാൽ കടമുണ്ടെങ്കിൽ ജോലി നൽകില്ല എന്ന നിലപാട് ആരെ സഹായിക്കാനാണെന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ തുല്യമായ തൊഴിലവസരം എന്നത് ഭരണഘടനാപരമായ അവകാശമാണ്. അത് സാമ്പത്തിക നിലയുടെ പേരിൽ നിഷേധിക്കപ്പെടുന്നത് അപകടകരമായ കീഴ്വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു. മെറിറ്റും കഴിവും നോക്കി നിയമനം നടത്തേണ്ട സ്ഥാനത്ത് സാമ്പത്തിക പശ്ചാത്തലം നോക്കി വിവേചനം കാണിക്കുന്നത് ജനാധിപത്യത്തിന് ഒട്ടും യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
