UPSC CSE : 4 തവണ പരാജയം; അഭിമുഖത്തിന് മുമ്പ് അച്ഛന്റെ മരണം; പ്രതിസന്ധികളോട് പൊരുതി നേടിയ സിവിൽ സർവ്വീസ്

Web Desk   | Asianet News
Published : Dec 03, 2021, 03:02 PM IST
UPSC CSE : 4 തവണ പരാജയം; അഭിമുഖത്തിന് മുമ്പ് അച്ഛന്റെ മരണം; പ്രതിസന്ധികളോട് പൊരുതി നേടിയ സിവിൽ സർവ്വീസ്

Synopsis

2020 ലെ യുപിഎസ് സി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 495ാം റാങ്ക് നേടിയാണ് ഇദ്ദേഹം ഐഎഎസ് നേടിയത്. ലുധിയാന സ്വദേശിയാണ് രാജ്ദീപ് സിം​ഗ്.   

പരാജയങ്ങളേറ്റു വാങ്ങി തളർന്നു പോയ മനുഷ്യരെക്കുറിച്ചും അവരെ മനസ്സുറപ്പോടെ നേരിട്ട വ്യക്തികളെയും കുറിച്ച് നാമെല്ലാം കേട്ടിട്ടുണ്ടാകും. പ്രതിസന്ധികളോട് പടവെട്ടുന്ന കഠിനാധ്വാനവും സ്ഥിരോത്സാഹവുമുള്ള വ്യക്തികളെക്കുറിച്ചുള്ള അറിവ് നമുക്ക് നൽകുന്ന പോസിറ്റീവ് എനർജിയും ചെറുതല്ല. അത്തരമൊരാളെ പരിചയപ്പെടാം. പേര് ഡോക്ടർ രാജ്ദീപ് സിം​ഗ് ഖെയ്റ ( Dr Rajdeep Singh Khaira). 2020 ലെ യുപിഎസ് സി (Union Public Service Commission) പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 495ാം റാങ്ക് നേടിയാണ് ഇദ്ദേഹം ഐഎഎസ് നേടിയത്. ലുധിയാന സ്വദേശിയാണ് രാജ്ദീപ് സിം​ഗ്. 

ലുധിയാനയിലെ ജമാൽപൂരിലെ സിവിൽ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായിട്ടാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. എല്ലാ ഉദ്യോ​ഗാർത്ഥികളെയും പോലെ തന്നെ, ഐഎഎസ് നേടാനുള്ള ഇദ്ദേഹത്തിന്റെ യാത്ര എളുപ്പമായിരുന്നില്ല. അഭിമുഖത്തിന് തൊട്ടുമുൻപാണ് രാജ്ദീപിന് അച്ഛനെ നഷ്ടപ്പെടുന്നത്. മാത്രമല്ല,  നാലു തവണ പരാജയപ്പെട്ട്, അഞ്ചാമത്തെ പരിശ്രമത്തിലാണ് സിവിൽ സർവ്വീസ് യോ​ഗ്യത നേടാൻ സാധിച്ചത്.  ആദ്യത്തെ രണ്ട് തവണ ഇന്റർവ്യൂ  വരെ എത്തിയെങ്കിലും ലക്ഷ്യം നേടാൻ സാധിച്ചില്ല. പിന്നീട് അഞ്ചാം തവണ എഴുതിയ പരീക്ഷയിലാണ് വിജയം നേടിയത്. 

'ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് ഒരിക്കലും പിന്നോട്ട് പോകരുത്. തിരിച്ചു പോകുക എന്നതായിരിക്കരുത് തെരഞ്ഞെടുക്കുന്ന ഓപ്ഷൻ. പലതവണ പരാജയപ്പെട്ടു, എങ്കിലും വിജയിക്കുന്നത് വരെ പരിശ്രമിക്കും എന്ന മനോഭാവമാണ് ഉണ്ടായിരിക്കേണ്ടത്.' ഐഎഎസ് നേടിയതിന് ശേഷം രാജ്ദീപ് പറഞ്ഞു. കൊവി‍ഡ് 19 രണ്ടാം തരം​ഗം സംഭവിച്ച മെയ് മാസത്തിലാണ് ഇദ്ദേഹത്തിന്റെ അച്ഛൻ മരിക്കുന്നത്. സെപ്റ്റംബറിലായിരുന്നു യുപിഎസ് സി അഭിമുഖം. ആദ്യത്തെ നാലു തവണ യുപിഎസ്‍സി പരീക്ഷ പാസ്സാകുകയും അതിൽ രണ്ട് തവണ അഭിമുഖം വരെ എത്തുകയും ചെയ്തതിന് ശേഷമാണ് രാജ്ദീപിന് സിവിൽ സർവ്വീസ് നഷ്ടപ്പെട്ടത്. വിജയത്തിലേക്ക് ഒരു ചുവടുകൂടിയേ ഉണ്ടായിരുന്നുളളൂ എന്ന് അർത്ഥം. നിരവധി പ്രതിസന്ധികൾ ഈ സമയത്ത് നേരിടേണ്ടി വന്നെങ്കിലും ഒടുവിൽ രാജ്ദീപിന്റെ കഠിനാധ്വാനത്തിനും സമർപ്പണത്തിനും ഫലം ലഭിച്ചു.

ലുധിയാനയിലെ ചണ്ഡിഗഡ് റോഡിലെ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്‌കൂൾ, ലുധിയാനയിലെ സരഭ നഗറിലെ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് രാജ്ദീപ് തന്റെ 12-ാം ക്ലാസ് പൂർത്തിയാക്കിയത്. പട്യാലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും രാജേന്ദ്ര ഹോസ്പിറ്റലിൽ നിന്നും എംബിബിഎസ് നേടി. 2017 മുതൽ ലുധിയാനയിലെ സിവിൽ ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നു.

വിജയത്തേക്കാൾ കൂടുതൽ പരാജയത്തെ സ്വീകരിക്കാൻ ആളുകൾ തയ്യാറാകണമെന്ന് രാജ്ദീപ് പറയുന്നു. ചില സമയങ്ങളിൽ നിരാശയും അശ്രദ്ധയും തെറ്റും ഒക്കെ സംഭവിച്ചേക്കാം. എന്നാൽ ഇവയെ തരണം ചെയ്താൽ നിങ്ങൾ വിജയത്തിന്റെ തൊട്ടടുത്ത് എത്തി എന്ന് പറയാം. ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ക്ഷമക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു