നീറ്റ് കൗണ്‍സിലിങ് ഒക്ടോബര്‍ 27 മുതല്‍; ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു; നവംബര്‍ രണ്ട് വരെ സമയം

By Web TeamFirst Published Oct 24, 2020, 12:09 PM IST
Highlights

മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in-ലൂടെ രജിസ്റ്റര്‍ ചെയ്യാം. കൗണ്‍സിലിങ്ങിനായി രജിസ്റ്റര്‍ ചെയ്യാനും പണമടയ്ക്കാനും നവംബര്‍ രണ്ട് വരെയാണ് സമയം. 
 


ദില്ലി: 2020-ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ (നീറ്റ്) കൗണ്‍സിലിങ് ഒക്ടോബര്‍ 27 മുതല്‍ ആരംഭിക്കും. നീറ്റ് പരീക്ഷയില്‍ 50-ന് മുകളില്‍ പെര്‍സെന്റൈല്‍ സ്‌കോര്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in-ലൂടെ രജിസ്റ്റര്‍ ചെയ്യാം. കൗണ്‍സിലിങ്ങിനായി രജിസ്റ്റര്‍ ചെയ്യാനും പണമടയ്ക്കാനും നവംബര്‍ രണ്ട് വരെയാണ് സമയം. 

രജിസ്‌ട്രേഷന് ശേഷം ചോയിസ് ഫില്ലിങ്ങിനുള്ള അവസരമാണ്. മുന്‍ഗണനാക്രമത്തില്‍ കോളേജുകളും കോഴ്‌സുകളും തിരഞ്ഞെടുക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. അലോട്ട്‌മെന്റില്‍ മെറിറ്റിന് പുറമേ ചോയിസും പരിഗണിക്കുമെന്നതിനാല്‍ ഇത് ശ്രദ്ധിച്ച് വേണം പൂരിപ്പിക്കാന്‍. നവംബര്‍ അഞ്ചിനാണ് ഒന്നാം അലോട്ടമെന്റ്. അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടാന്‍ തയ്യാറാണെങ്കില്‍ നവംബര്‍ ആറിനും 12നുമിടയില്‍ അതാത് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം നിര്‍ദ്ദിഷ്ട കോളേജില്‍ പ്രവേശനം നേടാം. 

രണ്ടാംഘട്ട കൗണ്‍സിലിങ്ങിനായുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 18 മുതല്‍ 22 വരെയാണ്. രണ്ടാം അലോട്ട്‌മെന്റ് നവംബര്‍ 23-ന് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട കൗണ്‍സിലിങ്ങിന് ശേഷം ആള്‍ ഇന്ത്യ ക്വാട്ട അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ഒഴിയാന്‍ സാധിക്കില്ല.   രണ്ട് കൗണ്‍സിലിങ്ങിനുള്ള തീയതികളെ മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളൂ. അതിന് ശേഷവും സീറ്റൊഴിവുണ്ടെങ്കില്‍ ഡിസംബര്‍ 10-ന് അവസാനഘട്ട കൗണ്‍സിലിങ് നടത്തും. യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണം ഇത്തവണ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ്.
 

click me!