ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ഉദ്ഘാടനം ​ഗാന്ധിജയന്തി ദിനത്തിൽ; മുന്നൊരുക്കങ്ങളില്ലാതെയെന്ന് വിമർശനം

Web Desk   | Asianet News
Published : Sep 16, 2020, 01:36 PM IST
ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ഉദ്ഘാടനം ​ഗാന്ധിജയന്തി ദിനത്തിൽ; മുന്നൊരുക്കങ്ങളില്ലാതെയെന്ന് വിമർശനം

Synopsis

ശ്രീനാരായണ ഗുരുവിന്‍റെ പേരില്‍ തുടങ്ങുന്ന സര്‍വകലാശാല ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇനി മുതല്‍ ഈ സര്‍വകലാശാലകളിലെ വിദൂരവിദ്യഭ്യാസ കേന്ദ്രങ്ങളില്‍ അഡ്മിഷന്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. 

കൊല്ലം: സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ യോജിപ്പിച്ച് അടുത്ത മാസം രണ്ടിന് ഓപ്പണ്‍ സര്‍വകലാശാല തുടങ്ങാനുളള സര്‍ക്കാര്‍ തീരുമാനം ധൃതിപിടിച്ചെന്ന് വിമര്‍ശനം. ബോർഡ് ഓഫ് സ്റ്റഡീസോ അക്കാദമിക്‌ കൗണ്‍സിലോ രൂപീകരിക്കാതെയാണ് സര്‍ക്കാര്‍ ഓപ്പണ്‍ സര്‍വകലാശാല ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നത്. കൊല്ലം ആസ്ഥാനമായാണ് ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല പ്രവര്‍ത്തനമാരംഭിക്കുന്നത്.

കാലിക്കറ്റ്, കണ്ണൂര്‍, എംജി, കേരള സര്‍വകലാശാലകളിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ യോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്‍റെ പേരില്‍ തുടങ്ങുന്ന സര്‍വകലാശാല ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇനി മുതല്‍ ഈ സര്‍വകലാശാലകളിലെ വിദൂരവിദ്യഭ്യാസ കേന്ദ്രങ്ങളില്‍ അഡ്മിഷന്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. 

എന്നാല്‍ അടിസ്ഥാനകാര്യങ്ങളൊന്നും പൂര്‍ത്തിയാക്കാതെയാണ് സര്‍വകലാശാല തുടങ്ങാന്‍ ഒരുങ്ങുന്നത്. കോഴ്സുകൾ തുടങ്ങണമെങ്കിൽ വിവിധ സെമസ്റ്ററുകളിൽ ഉൾപ്പെടുത്തേണ്ട പാഠഭാഗങ്ങൾ തീരുമാനിക്കാനുള്ള ബോർഡ് ഓഫ് സ്റ്റഡീസും അക്കാദമിക്‌ കൗണ്‍സിലും രൂപീകരിക്കണം. ലക്ചറിംഗ് രീതി ഇല്ലാത്തതിനാൽ ഓരോ കോഴ്സും എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്ന കാര്യത്തിലും തീരുമാനം വേണം. വിസി, പിവിസി, രജിസ്ട്രാർ, പരീക്ഷ കണ്‍ട്രോളർ പോലുള്ള പ്രധാന തസ്തികകളിലെ നിയമനവും ബാക്കി, അധ്യാപകരുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.

രണ്ടര ലക്ഷം കുട്ടികളാണ് വിദൂരവിദ്യാഭ്യാസ സമ്പ്ര​ദായത്തിലൂടെ കേരളത്തില്‍ കോഴ്സുകള്‍ ചെയ്യുന്നത്. നിലവിലുളള കേന്ദ്രങ്ങളില്‍ അഡ്മിഷന്‍ നിര്‍ത്തുകയും ഓപ്പണ്‍ സര്‍വകലാശാല പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാതിരിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാകും. കാലിക്കറ്റ് അടക്കമുളള സര്‍വകലാശാലകളുടെ തനതു വരുമാനത്തിന്‍റെ വലിയൊരു ഭാഗവും വിദൂരവിദ്യാഭ്യാസ കോഴ്സുകളുടെ ഫീസിനത്തില്‍ നിന്നാണ്. ഓപ്പണ്‍ സര്‍വകലാശാല തുടങ്ങുന്നതോടെ വരുമാനത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ സഹായം തേടേണ്ടിയും വരും.

വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളെ ഓപ്പണ്‍ സര്‍വകലാശാലയ്ക്കു കീഴില്‍ കൊണ്ടുവരണമെന്നാണ് യുജിസി നിര്‍ദ്ദേശം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഈ നിര്‍ദ്ദേശത്തിന് യുജിസി ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും നിശ്ചയിച്ച സമയത്തു തന്നെ സര്‍വകലാശാല ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.


 

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ