പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ ജനകീയമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം: മന്ത്രി വി ശിവൻകുട്ടി

By Web TeamFirst Published Aug 17, 2022, 3:02 PM IST
Highlights

പൊതുവിദ്യാലയങ്ങൾ സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പുവരുത്തിയാകണം പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതെന്നും മന്ത്രി നിർദ്ദേശിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ ജനകീയമാക്കുന്നതിന് എല്ലാ തലത്തിലേയും ജനപ്രതിനിധികളുടെ  പങ്കാളിത്തത്തോടെയും ഏകോപനത്തിലൂടെയും പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ  ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു  മന്ത്രി. പൊതുവിദ്യാലയങ്ങൾ സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പുവരുത്തിയാകണം പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതെന്നും മന്ത്രി നിർദ്ദേശിച്ചു. 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രധാന കേന്ദ്ര പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന -ജില്ലാ -ബിആർസി തലങ്ങളിലെ പദ്ധതി പ്രവർത്തനങ്ങൾ ,ആസൂത്രണം , നിർവഹണം , ഉദ്യോഗസ്ഥ  ശാക്തീകരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് മന്ത്രി യോഗം വിളിച്ചു ചേർത്തത്. സമഗ്ര ശിക്ഷ കേരളം പുതിയ അക്കാദമിക വർഷത്തിൽ നടപ്പിലാക്കിയ പദ്ധതി പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ വിലയിരുത്തലും യോഗത്തിൽ ഉണ്ടായി. സംസ്ഥാന ജില്ലാതല പ്രോഗ്രാം ഓഫീസർമാർ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും  അതുവഴി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സംയോജിത പദ്ധതി പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ഏജൻസികൾ സംയുക്തമായി തയ്യാറാക്കി നടപ്പിലാക്കണമെന്നും  ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

എച്ച്.എസ്. വിഭാഗം വായനോത്സവത്തിനുള്ള പുസ്തകങ്ങൾ പ്രഖ്യാപിച്ചു
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2022-23 വർഷം സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു.   സ്‌കൂൾതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി മത്സരങ്ങൾ നടക്കും.  എം.ടിയുടെ അസുരവിത്ത്, പി.ഗോവിന്ദപ്പിള്ള പരിഭാഷപ്പെടുത്തിയ ഏഥ്ൽ ലിലിയൻ വോയ്നിച്ചിന്റെ കാട്ടുകടന്നൽ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട നോവലുകൾ. വൈലോപ്പിള്ളിയുടെ പ്രിയ കവിതകൾ (വൈലോപ്പിള്ളി), പുല്ല് തൊട്ട് പൂനാര വരെ (ശാസ്ത്രം), മുകുന്ദേട്ടന്റെ കുട്ടികൾ (ലേഖനം), ദസ്തയേവസ്‌കി- ജീവിതവും കൃതികളും (പഠനം), സാമൂഹിക പരിഷ്‌കരണവും കേരളീയ നവോത്ഥാനവും (ചരിത്രം), മാർകേസ് ഇല്ലാത്ത മക്കോണ്ടോ (യാത്രാവിവരണം) എന്നീ പുസ്തകങ്ങൾക്കു പുറമേ മാർച്ച്, ഏപ്രിൽ ലക്കം ഗ്രന്ഥാലോകം മാസികയും ഹൈസ്‌കൂൾ തല മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 27നാണ് എച്ച്.എസ്. വിഭാഗം കുട്ടികൾക്കുള്ള സ്‌കൂൾതല മത്സരം നടക്കുന്നത്. നവംബർ 20ന് താലൂക്ക് തലത്തിലും ജനുവരി ഒന്നിന് ജില്ലാ തലത്തിലും ജനുവരി അവസാനത്തോടെ സംസ്ഥാനതല മത്സരങ്ങളും നടത്താനാണ് സംസ്ഥാന ലൈബ്രറി കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്.
 

click me!