'വിദ്യാര്‍ത്ഥികളെ, പഠനം എളുപ്പമാക്കാൻ പുതിയ വിദ്യകളുണ്ട്'; മെന്റലിസം വേദികളിൽ താരമായി അധ്യാപകൻ

By Nikhil PradeepFirst Published Oct 1, 2022, 3:42 PM IST
Highlights

നാല് വർഷം മുൻപാണ് വിനോദ് തിരുവനന്തപുരത്തെ വൂഡു സ്കൂൾ ഓഫ് മെൻ്റലിസത്തിൽ  ഗവേഷണം ആരംഭിക്കുന്നത്. കൊവിഡും ലോക്ക്ഡൗണും കാരണം വീട്ടിലിരുന്ന സമയത്ത് വിനോദ് മെൻ്റലിസത്തിൽ പൂർണസമയ പരിശീലനം ആരംഭിച്ചു. 

തിരുവനന്തപുരം: മെന്റലിസവും മോട്ടിവേഷൻ ക്ലാസുകളുമായി വിദ്യാർത്ഥികൾക്കിടയിൽ താരമായി അധ്യാപകൻ. തിരുവനന്തപുരം കിടാരക്കുഴി ഭദ്ര നഗർ ഡ്രീം പാലസിൽ വിനോദ് ശാന്തിപുരം (41) എന്ന യു.പി സ്കൂൾ അധ്യാപകനാണ് മെന്റലിസവും മോട്ടിവേഷൻ ക്ലാസുകളുമായി വിദ്യാർത്ഥികളുടെ മനസ്സു കവരുന്നത്. നാല് വർഷം മുൻപാണ് വിനോദ് തിരുവനന്തപുരത്തെ വൂഡു സ്കൂൾ ഓഫ് മെൻ്റലിസത്തിൽ  ഗവേഷണം ആരംഭിക്കുന്നത്. കൊവിഡും ലോക്ക്ഡൗണും കാരണം വീട്ടിലിരുന്ന സമയത്ത് വിനോദ് മെൻ്റലിസത്തിൽ പൂർണസമയ പരിശീലനം ആരംഭിച്ചു. സമൂഹ്യമധ്യമങ്ങളിലൂടെ ആണ് ആദ്യം തൻ്റെ പ്രകടനങ്ങൾ വിനോദ് പങ്കുവെച്ചത്. തുടർന്ന് കോവിഡിന് ശമനം വന്ന് വേദികൾ സജീവമായതോടെ സ്കൂൾ, കോളേജ് വേദികളിലും പ്രോ​ഗ്രാം അവതരിപ്പിച്ചു. മോട്ടിവേഷൻ ക്ലാസും മെൻ്റലിസവും കോർത്തിണക്കി കൊണ്ടാണ് വിനോദ് വിദ്യാർത്ഥികൾക്കിടയിൽ താരമാകുന്നത്. 

25 വർഷകാലത്തോളം സുരാജ് വെഞ്ഞാറമൂട് ഉൾപ്പടെയുള്ള നിരവധി കലാകാരന്മാർക്ക് ഒപ്പം മിമിക്രി വേദികളിൽ സജീവമായിരുന്നു വിനോദ് ശാന്തിപുരം. ശബ്ദാനുകരണവും കോമഡിയും മാത്രമായിരുന്നില്ല വേദികളിൽ അവതാരകനായും വിനോദ് തിളങ്ങിയിട്ടുണ്ട്. അമച്വർ മിമിക്രി കലാകാരൻനിൽ നിന്ന് പ്രൊഫഷണൽ മിമിക്രി കലാകാരനിലേക്ക് വിനോദ് അതിവേഗം ഉയർന്നു. ഇതിന് പിന്നാലെ ആണ് മെൻ്റലിസം എന്ന കലയെ കുറിച്ച് കൂടുതൽ അറിയാൻ വിനോദ് ഗവേഷണം ആരംഭിച്ചത്. 

മെൻ്റലിസം എന്നത് അമാനുഷികത നിറഞ്ഞ എന്തോ ആണെന്ന് പലർക്കും സംശയമുണ്ടെന്നും എന്നാൽ ഇത് ഹിപ്നോട്ടിസം, സൈക്കോളജി, ഒരു വ്യക്തിയുടെ പേശികളുടെ ചലനം, മുഖത്തെ ഭാവങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ മനസ്സിലാക്കി ചെയ്യുന്ന ഒരു കലാരൂപം മാത്രമാണെന്നും വിനോദ് പറഞ്ഞു. കൃത്യമായ പരിശീലനം ഉണ്ടെങ്കിൽ ആർക്കും ഒരു മെൻ്റലിസ്റ്റ് ആകാൻ സാധിക്കും എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.  നിലവിൽ വെള്ളനാട് വെളിയന്നൂർ പി.എസ്.എൻ.എം യു.പി സ്കൂളിലെ അധ്യാപകനാണ് വിനോദ്. 

മെന്റലിസത്തിലൂടെ കുട്ടികളുടെ മനസ് വായിച്ച് പഠനപ്രവർത്തനങ്ങൾ വളരെ രസകരമാക്കി പുതിയ പഠന തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയാണ് വിനോദ് ഇപ്പൊൾ. അവധി ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി മെൻ്റലിസം വീഡിയോകൾ വിനോദ് പങ്കിടുന്നുണ്ട്. ഭാര്യ ദീപ്തി, മകൻ അഭിനവ് ഡി വിനോദ് എന്നിവർ വിനോദിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. മകൻ അഭിനവ് മാജിക് ഷോകളിൽ ഇപ്പൊൾ സജീവമാണ്. 
 

click me!