General Education Department : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ടെലിഫോൺ നിർബന്ധമാക്കി

Web Desk   | Asianet News
Published : Dec 21, 2021, 09:01 AM IST
General Education Department : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ടെലിഫോൺ നിർബന്ധമാക്കി

Synopsis

 പ്രവർത്തനക്ഷമമല്ലാത്ത ഫോൺ കണക്ഷനുകൾ ഉണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാൻ നടപടി വേണം. അത് സാധ്യമല്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ പുതിയ കണക്ഷൻ എടുക്കണം.  

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് (General Education Department) കീഴിലുള്ള സ്ഥാപനങ്ങളിൽ (Institutions) ഫോൺ സംവിധാനം (Telephone) കാര്യക്ഷമമാക്കുന്നതിന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാര്യങ്ങൾ അറിയാൻ സ്ഥാപനങ്ങളിലേക്ക് വിളിക്കാൻ പല ഓഫീസുകൾക്കും ഫോൺ നമ്പർ ഇല്ല എന്ന പരാതിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം പരിശോധന നടത്തിയിരുന്നു. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ ഉണ്ടാകണം. പ്രവർത്തനക്ഷമമല്ലാത്ത ഫോൺ കണക്ഷനുകൾ ഉണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാൻ നടപടി വേണം. അത് സാധ്യമല്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ പുതിയ കണക്ഷൻ എടുക്കണം.

ഓരോ ദിവസവും ഓഫീസിലേക്ക് വരുന്ന കാളുകൾ അറ്റൻഡ് ചെയ്യാൻ ഓഫീസ് മേധാവി റൊട്ടേഷൻ അടിസ്ഥാനത്തിൽ ഓഫീസ് ജീവനക്കാർക്ക് ഉത്തരവ് വഴി ചുമതല നൽകണം. ടെലിഫോൺ വഴി പരാതി ലഭിക്കുകയാണെങ്കിൽ അത് കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം. തുടർ നടപടി രണ്ടാഴ്ചയിലൊരിക്കൽ ഓഫീസ് മേധാവി വിലയിരുത്തണം. ഓഫീസ് പരിശോധനാ വേളയിൽ ബന്ധപ്പെട്ട അധികാരികൾ  രജിസ്റ്റർ നിർബന്ധമായും പരിശോധിക്കണം.

അതാത് കാര്യാലയങ്ങളിൽ നിന്നും അയക്കുന്ന കത്തിടപാടുകളിൽ കാര്യാലയത്തിന്റെ ഫോൺ നമ്പർ, ഔദ്യോഗിക ഇ-മെയിൽ ഐ.ഡി. എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. സ്‌കൂൾ/ഓഫീസിലേക്ക് വരുന്ന ഫോൺ കോളുകൾക്ക് കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നൽകേണ്ടതാണ്. ഇക്കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് അതാതു സ്ഥാപനങ്ങളുടെ മേൽനോട്ട ചുമതലയുള്ള ജില്ലാ - ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലെ സീനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ ബന്ധപ്പെട്ട ഓഫീസ് മേധാവികൾ ചുമതലപ്പെടുത്തണം. ഈ ഉദ്യോഗസ്ഥന്റെ പേരു വിവരം ഫോൺ നമ്പർ സഹിതം ജില്ലാതലത്തിൽ ക്രോഡീകരിച്ച് ഒ&എം സെക്ഷനിലേക്ക് നൽകണം.

ഉത്തരവ് ലഭ്യമായി 10 ദിവസങ്ങൾക്കുളളിൽ സ്‌കൂൾ/ സ്ഥാപനത്തിന്റെ പേര്, ഫോൺ നമ്പർ, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല എന്നിവ ജില്ലാതലത്തിൽ ക്രോഡീകരിച്ച് എക്‌സൽ ഫോർമാറ്റിലാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഒ&എം സെക്ഷനിലെ വിലാസത്തിൽ (supdtam.dge@kerala.gov.in) ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ഈ നടപടികൾ സഹായിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഈ നടപടികൾ ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 

PREV
Read more Articles on
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു