യുകെയും യുഎസും കാനഡയുമൊക്കെ മടുത്ത് തുടങ്ങിയോ...; വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു

Published : Feb 12, 2026, 01:30 PM IST
Indian students in USA 2025

Synopsis

കഴിഞ്ഞ മൂന്ന് വർഷമായി ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്ര സർക്കാർ. 2023-ലെ 9.08 ലക്ഷത്തിൽ നിന്ന് 2025-ൽ ഇത് 6.26 ലക്ഷമായി കുറഞ്ഞു.

ദില്ലി: കഴിഞ്ഞ മൂന്ന് വർഷമായി ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരികയാണെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ ഈ വിവരങ്ങൾ പങ്കുവെച്ചത്. വിദ്യാഭ്യാസ മന്ത്രാലയം പങ്കിട്ട കണക്കുകൾ പ്രകാരമായിരുന്നു മറുപടി. 2023 ൽ 9.08 ലക്ഷത്തിലധികം ഇന്ത്യക്കാർ പഠനത്തിനായി വിദേശത്തേക്ക് പോയി. 2024 ൽ ഇത് 7.7 ലക്ഷമായും 2025 ൽ 6.26 ലക്ഷമായും കുറഞ്ഞു. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (BoI) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ മറുപടി.

വിദേശ പഠനം എന്നത് വ്യക്തിഗത ഇച്ഛാശക്തിയുടെയും തിരഞ്ഞെടുപ്പിന്റെയും കാര്യമാണ്. സാമ്പത്തിക ശേഷി, ബാങ്ക് വായ്പകൾ ലഭിക്കാനുള്ള സാധ്യത, വിദേശ സമൂഹങ്ങളുമായുള്ള സമ്പർക്കം, പ്രത്യേക പഠന ശാഖയോടുള്ള അഭിരുചി തുടങ്ങിയ കാരണങ്ങൾ വിദ്യാർഥികളുടെ വിദേശത്തേക്കുള്ള പോക്കിന് കാരണങ്ങളാണെന്നും വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ കാലഘട്ടത്തിൽ യാഥാർഥ്യം സർക്കാർ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വിജയിച്ചതും സമ്പന്നരും സ്വാധീനശക്തിയുള്ളവരുമായ പ്രവാസികളെ രാജ്യത്തിന് മുതൽക്കൂട്ടായിട്ടാണ് കാണുന്നത്. അറിവും വൈദഗ്ധ്യവും പങ്കിടുന്നതുൾപ്പെടെ പ്രവാസികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതും സർക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 പ്രകാരം സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ, അക്രഡിറ്റേഷൻ ശക്തിപ്പെടുത്തൽ, ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കൽ, ഡിജിറ്റൽ വിദ്യാഭ്യാസ സംരംഭങ്ങൾ വികസിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ ആഗോള നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി, വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് കാമ്പസുകൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതുവരെ 14 വിദേശ സ്ഥാപനങ്ങൾക്ക് അനുമതി ലഭിച്ചു. അഞ്ച് വിദേശ സർവകലാശാലകൾക്ക് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചുവെന്നും മജുംദാർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഫിസിയോതെറാപിസ്റ്റ് ഒഴിവ്; അഭിമുഖം ഫെബ്രുവരി 21ന്
സിഎം റിസർച്ചർ സ്കോളർഷിപ്പ്; അപേക്ഷകൾ പരിശോധിക്കാൻ അവസരം