
സിനിമാപ്രേമികളെ സംബന്ധിച്ച് ഐഎഫ്എഫ്കെ എന്നത് ഒരു ആവേശമാണ്. ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഒരുപിടി മികച്ച സിനിമകൾ കാണാനുള്ള ആവേശം. സൗഹൃദങ്ങൾ പുതുക്കാനുള്ള, പുതിയ കൂട്ടുകാരെ കണ്ടെത്താനുള്ള, അവരുമായി സൊറ പറയാനുള്ള ആവേശം. ആ ആവേശത്തിലേക്കാണ് നിരവധി പുതിയ സംവിധായകരുടെ സിനിമകൾ എത്തുന്നത്. ഇവരെ ഇരുകയ്യും നീട്ടി സിനിമാപ്രേമികൾ ഏറ്റെടുത്തിട്ടുമുണ്ട്. അക്കൂട്ടത്തിലേക്ക് മുപ്പതാമത് ചലച്ചിത്രമേളയിലും ഒരു സംവിധായകൻ എത്തുകയാണ്. പേര് അരുൺ വർദ്ധൻ. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 'ഒരു അപസർപ്പക കഥ'യുടെ സംവിധായകനാണ് അരുൺ. കഴിഞ്ഞ പത്ത്, പന്ത്രണ്ട് വർഷമായുള്ള സിനിമാ യാത്രയുടെ സ്വപ്നസാക്ഷാത്കാരമാണ് അരുണിന് ഐഎഫ്എഫ്കെ. ആ യാത്രയെ കുറിച്ച് അരുൺ വർദ്ധൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുന്നു.
എന്താണ് ഒരു അപസർപ്പക കഥ?
സംവിധായകൻ എന്ന നിലയിലുള്ള എന്റെ ആദ്യത്തെ സിനിമയാണ് ഇത്. അപസർപ്പക കഥ എന്ന് പറഞ്ഞാൽ ഇംഗ്ലീഷിൽ ഡിറ്റക്ടീവ് സ്റ്റോറി എന്നാണ്. അതുമായി ബന്ധപ്പെട്ടൊരു എലമെന്റ് വരുന്നുണ്ടെങ്കിലും രണ്ട് സഹോദരിമാരെ കുറിച്ചാണ് ചിത്രം പറയുന്നത്. ചൈൽഡ്ഹുഡ് ട്രോമ ക്യാരി ചെയ്യുന്ന രണ്ടുപേരാണ് അവർ. ഒരു രാത്രിയിൽ നടക്കുന്നൊരു സ്റ്റോറിയാണത്. നീതു, ഷീല എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേര്. ഷീല ഒരു ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ സഫർ ചെയ്യുന്ന ആളാണ്. ഇതെല്ലാം ചൈൽഡ്ഹുഡ് ട്രോമയുടെ ഭാഗമായിട്ട് ഉണ്ടാകുന്നതാണ്. രണ്ടുപേരും റൈവൽ റിലേഷൻഷിപ്പ് ആണ്. കാരണം രണ്ടുപേർക്കും അവരുടെ പാസ്റ്റ് ക്യാരി ചെയ്യാൻ താല്പര്യമില്ല. അങ്ങോട്ടും ഇങ്ങോട്ടും ബ്ലെയിം ചെയ്യുന്ന ഡിസ്റ്റൻസിട്ട് ജീവിക്കുന്നവരാണ്.
ഒരു ദിവസം രാത്രി യുറോപ്യൻ ട്രിപ്പിന്റെ ഭാഗമായി ഷീലയുടെ പാർട്ടി നടക്കുകയാണ്. അവിടേക്ക് നീതു വരുന്നുണ്ട്. പക്ഷേ അവിടെ വച്ച് ഷീലയുടെ മൃതദേഹമാണ് നീതു കാണുന്നത്. പിന്നീട് ഒരു ലൂപ്പാണ്. നീതു ഒരു ഏഴെട്ട് മണിക്കൂർ ബാക്കിലേക്ക് ട്രാവൽ ചെയ്യും. ഓരോ പ്രാവശ്യവും ഈ ഡെഡ് ബോഡി കാണുമ്പോൾ അവള് ഈ ലൂപ്പിൽ പോവുകയാണ്. സോ റൈവലറി സിസ്റ്റർ(Rivalry sister) ആണെങ്കിലും ഷീ ജസ്റ്റ് സോൾവ്ഡ് ദ മർഡർ. ആ പാർട്ടിയിൽ ഉണ്ടായിരുന്ന ഒരു ആറ് പേര് സസ്പെക്ട്സ് ആണ്. ഓരോ ലൂപ്പിലും പുള്ളിക്കാരി ഓരോരുത്തരായിട്ട് ഇന്ററാക്ട് ചെയ്യുന്നു. പതുക്കെ ഷീലയുടെ പ്രോബ്ലംസ് റിയലൈസ് ചെയ്യുന്നു. തുടർ സംഭവങ്ങളാണ് സിനിമ പറയുന്നത്. മോസ്റ്റ്ലി ക്യാരക്ടർ ഡ്രൂൺ ആണ്.
എഴുത്തും സംവിധാനവുമല്ല, പ്രയാസം പ്രൊഡക്ഷൻ
സംവിധാനം മാത്രമല്ല, സിനിമ എഴുതിയതും ഞാന്‍ തന്നെയാണ്. ഇവ രണ്ടിലും ഏറ്റവും പ്രയാസം പ്രൊഡക്ഷൻ ആയിരുന്നു. ഞാനും എന്റെ ഫ്രണ്ട്സും കൂടിയാണ് സിനിമ പ്രൊഡ്യൂസ് ചെയ്തത്. ഇങ്ങനത്തെ ഒരു കഥ പിക്ക് ചെയ്യുമ്പോൾ തന്നെ പ്രൊഡ്യൂസറെ കിട്ടാൻ സാധ്യതയില്ലെന്ന് അറിയാമായിരുന്നു. സിനിമ ഫീമെയിൽ ഓറിയന്റഡും ആണ്. എന്റെ ക്യാരക്ടറിന് ചേരുന്ന അഭിനേതാക്കളെ ഓഡിഷൻ ചെയ്താണ് എടുത്തത്. എല്ലാം മോസ്റ്റ്ലി ന്യൂ ഫേസസ് ആണ്. നമ്മൾ ഒരു 20 ദിവസം വർക്ക്ഷോപ്പ് കൊടുത്ത്, സിംഗ് സൗണ്ടിലാണ് സിനിമ എടുത്തിരിക്കുന്നത്. ബഡ്ജറ്റ് പ്രശ്നം നല്ലപോലെ ഉണ്ടായിരുന്നു. 2 വർഷം എടുത്താണ് സിനിമ പൂർത്തിയാക്കിയത്.
പ്രതീക്ഷിച്ചതിലും ഡബിളായ ബജറ്റ്
പ്രതീക്ഷിച്ചതിലും കൂടുതൽ ബജറ്റ് സിനിമയ്ക്ക് ആയിട്ടുണ്ട്. 60, 65ല്‍ നിര്‍ത്തണം എന്ന പ്ലാനിലായിരുന്നു. പക്ഷേ അതിന്‍റെ ഡബിളായി. ടെക്നീഷ്യൻസിനെയൊക്കെ മാറ്റി ചെയ്യേണ്ടതായി വന്നു. അങ്ങനെ കുറേ പ്രശ്നങ്ങൾ. ഒരു ഡിപ്പാർട്ട്മെന്റിൽ തന്നെ രണ്ടും മൂന്നും പേരൊക്കെയാണ് വർക്ക് ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒരു തീം ആയിട്ട് വരുമ്പോൾ എല്ലാവരെയും കൺവിൻസ് ചെയ്യാൻ കുറച്ച് പാടാണ്. ആക്ടേഴ്സ് ഒഴികെ ബാക്കി എല്ലാവരെയും എനിക്ക് കൺവിൻസ് ചെയ്യാൻ ഭയങ്കര പാടായിരുന്നു. എന്റെ ഒരു പേഴ്സണൽ സിനിമ അല്ലെങ്കിൽ ആ ഒരു ക്രിയേറ്റീവ് ഫീൽഡ് ഉണ്ടാവാൻ വേണ്ടിയിട്ടാണ് ഞാൻ തന്നെ ബഡ്ജറ്റ് ഇറക്കി ചെയ്യാമെന്ന് വിചാരിച്ചത്. അതിന് അതിന്റേതായ സ്ട്രഗിൾസ് വേറെ ഉണ്ടായി. 147 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ഏറ്റവും ഒടുവിൽ ഐഎഫ്എഫ്കെയിൽ സെലക്ടായതിൽ സന്തോഷം.
10 വർഷം മുൻപ് സംവിധാനം പഠിച്ചു..
ഞാൻ ചേതനയിൽ നിന്ന് ഡയറക്ഷൻ പഠിച്ചിട്ടുള്ള ആളാണ്. അതൊരു 10, 12 വർഷം മുമ്പാണ്. അതിനുമുമ്പ് ഞാൻ തമിഴിൽ ഒരു ഷോ ചെയ്തിരുന്നു. കലൈങ്കർ ടിവിയിൽ ആയിരുന്നു അത്. അതിലാണ് നമ്മുടെ കാർത്തിക് സുബ്ബരാജ്, വിജയ് സേതുപതിയൊക്കെ വരുന്നത്. അതിൽ ഞാൻ മത്സരാർത്ഥിയായിരുന്നു. ഷോയിൽ ഞാൻ ക്വാർട്ടർ ഫൈനൽ വരെ എത്തി. പത്തിരുപത് ഷോർട് ഫിലിംസും മ്യൂസിക് വീഡിയോയുമൊക്കെ ചെയ്തിട്ടുണ്ട്. കുറച്ചുനാൾ സഫാരിയിൽ ജോലി ചെയ്തു. അങ്ങനെ പോയ്ക്കൊണ്ടിരിക്കെയാണ് സംവിധാനത്തിലേക്ക് വരുന്നത്. ഇപ്പോഴാണ് എന്റെ ഡ്രീം റിയലൈസ് ചെയ്യുന്നത്.
കൊമേഷ്യൽ സിനിമയാണോ ലക്ഷ്യം ?
അങ്ങനെയൊരു ലക്ഷ്യമില്ല. എനിക്ക് അങ്ങനെ കാറ്റഗറൈസ് ചെയ്യാനും താല്പര്യമില്ല. ഞാൻ എല്ലാ ടൈപ്പ് സിനിമയും എൻജോയ് ചെയ്യുന്ന ആളാണ്. ഒരു അപസർപ്പക കഥ എന്നത് പ്യുവർ ആർട്ട് ഹൗസ് അല്ല. എന്നാൽ പ്യുവർ കൊമേർഷ്യലും അല്ല. അത് കണക്ട് ചെയ്യേണ്ട ആളുകളുമായിട്ട് കണക്ട് ആകുമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അതിൽ പറയുന്ന കാര്യങ്ങൾ എല്ലാവരും ഡെയിലി ലൈഫിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എക്സ്പീരിയൻസ് കിട്ടിയവരായിരിക്കും.
ഗോഡ്ഫാദർ ഇല്ല..
സിനിമ പഠിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ വേറൊരു ബാക്ക്ഗ്രൗണ്ടും എനിക്കില്ല. ഒരു ഗോഡ്ഫാദർ അല്ലെങ്കിൽ ഇന്ന സ്കൂൾ എന്ന് പറയാനില്ല. അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. എന്റെ ഫസ്റ്റ് ഫീച്ചർ ഫിലിം ആണെങ്കിലും എനിക്കൊരു എക്സ്പീരിയൻസ് ഉണ്ട്. ഞാൻ ഇൻഡിപെൻഡന്റ് ആയിട്ട് ഒരുപാട് പടങ്ങൾ ചെയ്തും ഷോർട്ട് ഫിലിംസ് ഒക്കെ ചെയ്തും വന്നിട്ടുള്ള ആളാണ്. പക്ഷെ നമ്മൾ പരിചയപ്പെടുന്ന ഒരാള് ഒരു വർഷം മുമ്പ് സിനിമയിൽ സജീവായിട്ടുള്ള ആളാവും. അയാള് പറയും അമൽ നീരദ് സ്കൂളിൽ പഠിച്ചതാണ്, അവിടെ വർക്ക് ചെയ്തതാണെന്നൊക്കെ. അത് ഹാൻഡിൽ ചെയ്യാനായിരിക്കും കൂടുതൽ ബുദ്ധിമുട്ട്. അങ്ങനത്തെ കാര്യങ്ങൾ എടുത്തു പറയാൻ നമുക്ക് ഇല്ലാത്തത് ഒരു സ്ട്രഗിൾ ആണ്. അത് നമ്മൾ നേരിട്ടെ പറ്റൂ. ഫസ്റ്റ് ടൈം ഇതെല്ലാം നമ്മൾ എക്സ്പെക്ട് ചെയ്യണം.
പ്രേമം സിനിമയിൽ മേരിയുടെ അച്ഛനായി എത്തിയ ഫ്രാങ്കോ ഡേവിസ് പിന്തുണയുമായി ഉണ്ടായിരുന്നു. പ്രിവ്യൂകൾ നടത്താനും അതിലേക്ക് മാക്സിമം ആളുകളെ എത്തിക്കാനും സപ്പോർട്ട് ചെയ്തു. അതുകൊണ്ടൊക്കെയാണ് എന്റെ പടം ഈ നിലയിലേക്ക് എത്തിക്കാൻ പറ്റിയത്.
30-ാമത് ഐഎഫ്എഫ്കെ, ഓർമകൾ
ചേതനയിൽ പഠിക്കുന്ന സമയത്ത് ഐഎഫ്എഫ്കെയിൽ വന്നിണ്ട്. ഒരു 10 വർഷത്തോളമായി. അതിൽ കൂടുതലായെന്ന് വേണം പറയാൻ. അന്ന് പക്ഷേ ഇത്രയും തിരക്കൊന്നും ഇല്ല. ഇങ്ങനെ ടിക്കറ്റ് എടുത്തുള്ള പരിപാടി ഒന്നും ഉണ്ടായിരുന്നില്ല. നമുക്ക് ഏത് സിനിമയും കേറി കാണാമായിരുന്നു. അന്ന് ഞങ്ങൾ സുഹൃത്തുക്കളെല്ലാവരും ചേർന്ന് മാക്സിമം എക്സ്പ്ലോർ ചെയ്തിട്ടുണ്ട്. ദിവസം അഞ്ച് സിനിമകളൊക്കെ കാണുമായിരുന്നു. പിന്നെ അങ്ങനെ വന്നിട്ടില്ല.
ഗോവയിലെ ഫിലിം ബസാറിൽ ഞാൻ പോയിട്ടുണ്ടായിരുന്നു. അത് വേറൊരു മാർക്കറ്റ് ആണ്. നമ്മള് വിചാരിക്കാത്ത രീതിയിലുള്ളൊരു അംഗീകാരം നമുക്ക് അവിടെ കിട്ടുന്നുണ്ട്. പ്രൊഡക്ഷൻ ഹൗസുകളൊക്കെ ആയിട്ട് സംസാരിക്കുമ്പോഴും നമ്മുടെ സ്റ്റോറി കേൾക്കാനും ട്രെയിലർ കാണാനും സിനിമ കാണാനുമൊക്കെ അവർ തയ്യാറായതിൽ സന്തോഷം തോന്നി. ഇവിടെയും ഫിലിം ബസാർ ഉണ്ട്. ഫിലിം മാർക്കറ്റ് ഉണ്ട്. അതും എക്സ്പ്ലോർ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.
ഫിലിം തന്നെ പാഷൻ; 10, 12 വർഷത്തെ സ്ട്രഗിളാണത്
ഞാൻ എംബിഎ ആണ് ചെയ്തത്. അതുകഴിഞ്ഞിട്ട് ഫിലിം പാഷനായത് കൊണ്ട് നേരെ ചൈതന്യയിൽ വന്നതാണ്. എനിക്ക് തൃശൂരിൽ ഒരു റെക്കോർഡിങ് സ്റ്റുഡിയോ ഉണ്ടായിരുന്നു. നമ്മുടെ ഒരു ലിവിങ്ങും കൂടി നോക്കണമല്ലോ. രണ്ടും കൂടി ബാലൻസ് ചെയ്ത് കൊണ്ടുപോകാവുന്ന രീതിയിൽ കുറച്ച് വർക്കുകൾ ചെയ്തു. ഫിലിം തന്നെയായിരുന്നു എന്റെ പാഷൻ. പിന്നെ എഴുതും. എല്ലാ ദിവസവും എഴുതും. അപ്പോൾ ആ രീതിയിൽ ഒരു 10, 12 വർഷത്തെ സ്ട്രഗിളാണിത്. ഞാനിപ്പോൾ ഒരു കൊമേഴ്ഷ്യൽ സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്നുണ്ട്. പുതിയ സംവിധായകന്റെ പടമാണത്.