
ലുക്മാൻ അവറാൻ, ദൃശ്യ രഘുനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'അതി ഭീകര കാമുകൻ' നവംബർ 14 ന് തിയേറ്ററുകളിലെത്തുകയാണ്. സിസി നിതിൻ, ഗൗതം തനിയിൽ എന്നീ ഇരട്ട സംവിധായകരുടെ സംവിധാന മികവിൽ എത്തുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്നർ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകരിൽ ഒരാളായ സിസി നിതിൻ ഏഷ്യാനെറ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
ലുക്മാനെ മനസ്സിൽ കണ്ടെഴുതിയ സിനിമയൊന്നുമായിരുന്നില്ല ഇത്. 2014 ലാണ് സിനിമയുടെ കഥ നടക്കുന്നത്. ആ കാലഘട്ടമാണ് ചിത്രത്തിൽ റീക്രിയേറ്റ് ചെയ്യുന്നത്. നാട്ടിൻപുറത്തുള്ള ഒരു സാധാരണക്കാരന്റെ ജീവിതമാണ് ഈ സിനിമ. അച്ഛനില്ലാതെ ഒരമ്മ മാത്രം വളർത്തിയ, റേഷൻ കടയിൽ പോയി സാധനം വാങ്ങുന്ന ഒരു സാധാരണ നാട്ടിൻപുറത്ത്കാരനാണ് നായകൻ. നേരത്തെ കൊറോണ ധവാൻ ചെയ്തപ്പോൾ ലുക്മാനുമായി ഒരു ആത്മബന്ധം രൂപപ്പെട്ടിരുന്നു. അങ്ങനെയാണ് ലുക്മാൻ ഈ സിനിമയിലേക്ക് എത്തുന്നത്.
ഒരിടവേളയ്ക്ക് ശേഷം നായികയായി ദൃശ്യ രഘുനാഥ്
സുന്ദരിയായിട്ടുള്ള ഒരു കഥാപാത്രമാണ് ഈ സിനിമയിലെ നായിക. നമ്മൾ സ്ഥിരം കണ്ടു ശീലിച്ച നായികമാരിൽ നിന്നും വ്യത്യസ്തമായി ആരെങ്കിലും വേണം എന്നുണ്ടായിരുന്നു. അന്ഗനെയാണ് ധൃഷ്യയിലേക്ക് എത്തുന്നത്. ഹാപ്പി വെഡിങ് എന്ന ചിത്രത്തിന് ശേഷം ദൃശ്യയ്ക്ക് നല്ലൊരു ഇടവേള വന്നിരുന്നു. ആ ചിത്രത്തിൽ നല്ല പ്രകടനമായിഉർന്നു ദൃശ്യ കാഴ്‌ചവച്ചത്. അങ്ങനെയാണ് ഞങ്ങൾ പോയി കഥ പറയുന്നത്. കഥ അവൾക്ക് വർക്ക് ആയിരുന്നു. അങ്ങനെ ദൃശ്യയെ കാസ്റ്റ് ചെയ്തു.
ചിരിപ്പിക്കാൻ കാർത്തിയും അശ്വിനും
ലുക്മാന്റെ അമ്മയുടെ വേഷം ചെയ്യുന്നത് മനോഹരി അമ്മയാണ്.പിന്നെ കാർത്തിയുണ്ട്. അവൻ ആലപ്പുഴ ജിംഖാനയിൽ ഉണ്ടായിരുന്നു. നല്ല പ്രകടനമായിരുന്നു അതിൽ അവൻ കാഴ്‌ചവച്ചത്. പിന്നെ കോമഡി ഉത്സവത്തിലൂടെ വന്ന അശ്വിൻ ഉണ്ട്. ലുക്മാന്റെ നാട്ടിലെ സുഹൃത്തായി അശ്വിനും, കോളേജിലെ സുഹൃത്തായി കാർത്തിയുമാണ് എത്തുന്നത്. അങ്ങനെ എല്ലാവരും ചേർന്നുള്ള ഒരു കോമഡി എന്റർടെയ്ൻമെന്റ് തന്നെയാണ് ചിത്രം.
നാട്ടിൻപുറത്തെ ഇൻട്രോവെർട്ട് ചെറുപ്പക്കാരൻ
നാട്ടിൻപുറത്ത് കളിച്ച് വളർന്ന ഒരു ചെറുപ്പക്കാരനാണ് ലുക്മാന്റെ അർജുൻ എന്ന കഥാപാത്രം. ഇവൻ അമ്മയെ പറഞ്ഞ് ബോധിപ്പിച്ചിരിക്കുന്നത് +2 ആണ് ഏറ്റവും ഉയർന്ന വിദ്യാഭ്യാസം എന്നാണ്. അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടിലെ കോളേജ് അധ്യാപകൻ ഇവരെ കണ്ടുമുട്ടാൻ ഇടവരികയും അദ്ദേഹം ഇടപെട്ട് ആറ് വർഷത്തിന് ശേഷം അർജുനെ കോളേജിലേക്ക് പഠിക്കാൻ വിടുന്നതും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് അതി ഭീകര കാമുകന്റെ പ്രമേയം.
‘അതി ഭീകര കാമുകൻ’ എന്ന പേര്
ഒരു ഭീകര കാമുകൻ എന്നായിരുന്നു ആദ്യം നിശ്ചയിച്ച പേര്. പിന്നീട് ഞാനും ഗൗതമും തിരക്കഥാകൃത്ത് സുജയ്‌യും കൂടിയുള്ള ഒരു യാത്രയ്ക്കിടെയാണ് ഇതിനെ കുറിച്ച കൂടുതൽ ചർച്ചകൾ ഉണ്ടായത്. അങ്ങനെയാണ് പിന്നീട് അതി ഭീകര കാമുകൻ എന്ന പേരിലേക്ക് എത്തുന്നത്. അതാണ് സിനിമയുടെ കഥയ്ക്ക് കൂടുതൽ യോജിക്കുക എന്ന തോന്നലിൽ നിന്നാണ് ഈ പേര് നിശ്ചയിക്കുന്നത്.
മലയാളത്തിലെ മറ്റൊരു ഇരട്ട സംവിധായകർ
കൊറോണ ധവാന് ശേഷം നമ്മുടെ തിരക്കഥാകൃത്ത് സുജയ് ഗൗതമിന് വേണ്ടി ഒരു തിരക്കഥ തയ്യാറാക്കിയിരുന്നു. ഗൗതമിന്റെ സിനിമയുടെ ചർച്ചയുമായിട്ടുള്ളൊരു യാത്രയ്ക്കിടയിലാണ് ഞാൻ വേറൊരു കഥ പറയുന്നത്. അത് കേട്ടപ്പോൾ ഗൗതമിന് വളരെയധികം ഇഷ്ടമായി. അങ്ങനെയാണ് അവൻ എന്നോട് ചോദിക്കുന്നത് നമുക്കിത് ഒരുമിച്ച് ചെയ്തൂടെ എന്ന്. സിനിമ സംഭവിക്കുന്നത് ഇപ്പോഴും നല്ല സൗഹൃദങ്ങളിൽ നിന്നാണ്. യാതൊരു വിധ ഈഗോയും ഇല്ലാതെ രണ്ടുപേർക്കും വർക് ചെയ്യാൻ പറ്റി. രണ്ടുപേരുടെയും നിർദ്ദേശങ്ങൾ സിനിമയെ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ ഉപകരിച്ചു. എല്ലാ തീരുമാനങ്ങളും ഒരുമിച്ചെടുത്ത് മികച്ച രീതിയിലാണ് വർക്ക് ചെയ്തത്. അതുതന്നെയാണ് ഞങ്ങളുടെ കോംബോ വർക്ക് ആവാനുള്ള കാരണം തന്നെ. ഗൗതം ഈ സിനിമയുടെ പ്രൊഡ്യൂസർ കൂടിയാണ്. കഥ കേട്ടപ്പോൾ തന്നെ അവനു നല്ല പോലെ ഇഷ്ടമായി എന്ന് പറഞ്ഞല്ലോ, അങ്ങനെയാണ് ഇത് പെട്ടെന്ന് തന്നെ തുടങ്ങണം എന്ന് തീരുമാനിക്കുന്നത്. വേറെയാരെയും അന്വേഷിച്ച പോവേണ്ട എന്ന് അവൻ തന്നെയാണ് പറഞ്ഞത്. അങ്ങനെയാണ് സിനിമ തുടങ്ങുന്നത് തന്നെ.
എട്ട് പാട്ടുകൾ ഉള്ള സിനിമ
നേരത്തെ ഇറങ്ങിയ രണ്ട് പാട്ടുകളും നല്ല രീതിയിൽ റീച്ച് ആയിരുന്നു. സാഹസം, മന്ദാകിനി എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. കൊറോണ ധവാന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് ചെയ്തതും ബിബിൻ ആയിരുന്നു. എട്ട് പാട്ടുകളാണ് സിനിമയിലുള്ളത്. പ്രണയ കഥയായതുകൊണ്ട് തന്നെ പാട്ടുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. സിദ്ധ് ശ്രീറാം അടക്കം മികച്ച ഗായകർ ചിത്രത്തിൽ പാടിയിട്ടുണ്ട്.