‘തെലുങ്കിലും തമിഴിലും ഇത്തരം പാട്ടുകൾ കേൾക്കുന്നത് പോലെ ആളുകൾക്ക് മലയാളത്തിൽ കേൾക്കാൻ ബുദ്ധിമുട്ടുണ്ട്.’

"പിതാവിന്റെയും പുത്രന്റെയും ഇടയിൽ വിരിഞ്ഞ ഇരുട്ടിന്റെ പൂവ്. തമോഗോളങ്ങളുടെ എമ്പുരാൻ..." ഡയലോഗിനു പിന്നാലെ, എമ്പുരാനേ എന്ന് രോമാഞ്ചമുണ്ടാക്കുന്ന ആനന്ദ് ശ്രീരാജിൻ്റെ തുറന്ന ശബ്ദം. എമ്പുരാൻ സിനിമയുടെ ട്രെയ്‌ലറിനൊപ്പം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ അതേ ശബ്ദമാണ് മജക്കോ മല്ലികയുടേതും. 'കാട്ടാളനിൽ' ഭദ്രയ്ക്ക് ഒപ്പം പാടിയ പാട്ടിന്റെ വിശേഷങ്ങളുമായി ആനന്ദ് ശ്രീരാജ്.

Add Asianetnews as a Preferred SourcegooglePreferred

അജനീഷ് ലോക്നാഥ് ഓർത്തുവച്ച ശബ്ദം

അജനീഷ് സാറിൻ്റെ 'മാക്സ്' എന്ന കന്നഡ സിനിമയുടെ ഒരു ഡബ്ബ് സോങ് 2024ൽ പാടിയിരുന്നു. അങ്ങനെ എൻ്റെ ശബ്ദം അജനീഷ് സാറിൻ്റെ മനസിൽ രജിസ്ട്രേഡ് ആയി. ആർട്ടിസ്റ്റ് കോ ഓർഡിനേറ്റർ കെ ഡി വിൻസൻ്റ് സാർ ആണ് ഒന്ന് ട്രയൽ ചെയ്ത് നോക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞത്. അന്നിത് ഏത് സിനിമയ്ക്കാണെന്ന് പറഞ്ഞിരുന്നില്ല. ട്രയൽ കഴിഞ്ഞ് പിന്നീട് അപ്ഡേറ്റ്സും ലഭിച്ചില്ല. വേറെയും ചിലർ ട്രയൽ ചെയ്തു നോക്കി. പിന്നെയാണ് കാട്ടാളൻ ആണ് സിനിമ എന്ന് അറിയുന്നത്. പാട്ട് റിലീസാകുന്നതിനും മൂന്ന് ദിവസം മുമ്പ് ആണ് എൻ്റെ ശബ്ദം കൺഫേമായെന്നും പാടാൻ വരാനും പറഞ്ഞത്. പ്രണയദിനത്തിൽ പാട്ട് റിലീസായി.

ബിഫോർ ആൻഡ് ആഫ്ടർ എമ്പുരാൻ

ബിഫോർ ആൻഡ് ആഫ്ടർ എമ്പുരാൻ എന്ന തരത്തിൽ എൻ്റ കരിയർ മാറി മറിഞ്ഞു. എമ്പുരാന് മുമ്പേ ദീപക് ദേവിൻ്റെ തന്നെ ബ്രോ ഡാഡി, തലവൻ എന്നീ ചിത്രങ്ങൾക്കായി രണ്ടു പാട്ടുകൾ പാടിയിട്ടുണ്ട്. വേറെയും ഒരുപാട് പാട്ടുകൾ പാടി. ഒന്നും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ എമ്പുരാനു ശേഷം പാൻ ഇന്ത്യൻ സ്വീകാര്യത ലഭിച്ചു. അതിനു ശേഷം കന്നഡയിലും തമിഴിലും അരങ്ങേറ്റം കുറിക്കാനായി. രണ്ട് സിനിമകളും റിലീസിന് ഒരുങ്ങുകയാണ്.

YouTube video player

വില്ലിങ്ടൺ ഐലൻ്റ്

ഞങ്ങളുടെ ബേബി ബാൻഡ് ആണ് വില്ലിങ്ടൺ ഐലൻ്റ്. ബാൻഡ് തുടങ്ങിയിട്ട് മൂന്നാം വർഷമാണ്. ഒരുപാട് ഷോകൾ ചെയ്തുകഴിഞ്ഞു, ഒരു ആൽബം റിലീസ് ചെയ്തു. എമ്പുരാന് ശേഷം ആളുകൾ കൂടുതൽ തിരിച്ചറിയുന്നുണ്ട്. എനിക്കും എനിക്ക് ചുറ്റുമുള്ളവർക്കും എമ്പുരാന് ശേഷം ഒരുപാട് കാര്യങ്ങൾ മാറി.


പരിമിതികളില്ല..

എമ്പുരാനെ മാത്രമല്ല, ചത്താ പച്ചയിലെ 'ലെവൽ അപ്പും' സ്പായിലെ 'മൂത്തവർ ചൊല്ലും' എന്ന പാട്ടും മജക്കോ മല്ലികയുമെല്ലാം വ്യത്യസ്തമായിരിക്കുമ്പോൾ തന്നെ ഹൈ എനർജി വേണ്ടുന്ന പാട്ടുകൾ ആണ്. മെലഡീസ് പാടാനും ഇഷ്ടമാണ്. എന്നാൽ എൻ്റെ സ്ട്രോങ് സൈഡ് ഇതാണ് എന്നെനിക്കറിയാം. ദീപക്കേട്ടനും എന്നോട് അതുതന്നെയാണ് പറയാറുള്ളത്. സ്ട്രോങ് സൈഡിനെ കൂടുതൽ നന്നാക്കി കൊണ്ടുവരിക. ഞങ്ങളുടെ ബാൻഡിൻ്റെ ഒറിജിനൽസിൽ ഞാൻ തന്നെയാണ് മെലഡീസ് പാടുന്നത്. സിനിമയിൽ അതു ചെയ്യാൻ മെലഡീസ് സ്ട്രോങ് സൈഡായിട്ടുള്ളവർ ഉണ്ടല്ലോ. ഞാൻ എല്ലാത്തിനോടും വളരെ ഗ്രേറ്റ്ഫുൾ ആണ്. പതിനഞ്ച് വയസൊക്കെ മുതൽ ആഗ്രഹിക്കുന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

അറിയാതെ പാടിയ ഐറ്റം സോങ്

പാടിയത് ഒരു ഐറ്റം സോങ് ആണെന്ന് പാട്ടിറങ്ങുന്നതിനു തൊട്ടു മുമ്പാണ് അറിയുന്നത്. ആളുകൾ തുള്ളുന്ന തരം പാട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൃത്യ സമയത്ത് ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ അത് സംഭവിച്ചു. മലയാളത്തിൽ കലാപക്കാര കഴിഞ്ഞ് ഇതുപോലെ ഒന്ന് ഇറങ്ങിയിട്ടില്ല.

തെലുങ്കിലും തമിഴിലും ഇത്തരം പാട്ടുകൾ കേൾക്കുന്നത് പോലെ ആളുകൾക്ക് മലയാളത്തിൽ കേൾക്കാൻ ബുദ്ധിമുട്ടുണ്ട്. മലയാളം ഹിന്ദിയോടോ തമിഴിനോടോ ഒക്കെ താരതമ്യം ചെയ്താൽ അത്ര സംഗീതാത്മകമായ ഭാഷയല്ലെന്നാണല്ലോ പറയുന്നത്. കലാപക്കാര ആണെങ്കിൽ പോലും ആളുകൾക്ക് ആദ്യം കേൾക്കാനൊരു കല്ലുകടിപോലെയായിരുന്നു. മജക്കോ മല്ലികയും കേട്ട് കേട്ട് ഇഷ്ടപ്പെടുകയാണ് പ്രേക്ഷകർ.

ഇത് ഭദ്രയുടെ പാട്ട്

ഭദ്രയാണ് കോ സിങ്ങർ. അവർ ഭയങ്കര അടിപൊളി ഗായികയാണ്. ഞാൻ മജക്കോ മല്ലികയെ ഭദ്രയുടെ പാട്ടായിട്ടാണ് കാണുന്നത്. ഭദ്രയ്ക്ക് നന്നായി ഷൈൻ ചെയ്യാനായി. ഞങ്ങൾ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്.