Latest Videos

ഒ. ബേബി: 'ചെകുത്താൻ മല'യുടെ വന്യ സൗന്ദര്യം പകർത്തിയ ഛായാ​ഗ്രാഹകൻ

By abhijith vmFirst Published Jun 14, 2023, 7:14 PM IST
Highlights

ചെറിയ സ്ക്രീനിൽ വീട്ടിലിരുന്ന് ഒടി.ടി യിൽ കണ്ടാൽ ഈ സിനിമാനുഭവം പൂർണ്ണമാവില്ല. കാരണം കഥ മാത്രമല്ല ഈ സിനിമ ഒരു 'വന്യമായ അനുഭവമാണ്.'

രഞ്ജൻ പ്രമോദ് 2006-ൽ സംവിധാനം ചെയ്ത 'ഫോട്ടോ​ഗ്രാഫർ' കണ്ടതിന് ശേഷമാണ് കോയമ്പത്തൂർ ജി.ആർ.ഡി കോളേജിൽ വിദ്യാർത്ഥിയായിരുന്ന അരുൺ ചാലിൽ ഛായ​ഗ്രാഹകൻ ആകാൻ ആ​ഗ്രഹിച്ചത്. രഞ്ജൻ പ്രമോദിനെയല്ല, ഫോട്ടോ​ഗ്രാഫറിന്റെ സിനിമാറ്റോ​ഗ്രഫർ, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് എൻ. അള​ഗപ്പനെയാണ് തലശ്ശേരിക്കാരൻ അരുൺ ആദ്യം പിന്തുടർന്നത്.

മധുപാലിന്റെ 'തലപ്പാവ്' സിനിമയിൽ അരുൺ ആദ്യമായി അസോസിയേറ്റ് ക്യാമറമാൻ ആയി. സിനിമകൾക്ക് ഒപ്പം പരസ്യങ്ങളും ചെയ്തു. പിന്നീട് 'അഞ്ച് സുന്ദരികൾ' എന്ന ആന്തോളജി ചിത്രത്തിലെ രണ്ടു സിനിമകളിൽ - അമൽ നീരദ് സംവിധാനം ചെയ്ത 'കുള്ളന്റെ ഭാര്യ' അൻവർ റഷീദ് സംവിധാനം ചെയ്ത 'ആമി' - അസോസിയേറ്റ് ക്യാമറമാൻ ആയി പ്രവർത്തിച്ചു. സ്വന്തമായി പരസ്യ കമ്പനി തുടങ്ങി ബാം​ഗ്ലൂരിൽ സ്ഥിരതാമസമാക്കി. കഴിഞ്ഞ വർഷം 'കള്ളൻ ഡിസൂസ'യിലൂടെ മുഴുവൻ സമയ സിനിമാറ്റോ​ഗ്രാഫറായി.

ഈ വർഷമാദ്യം അരുൺ വീണ്ടും രഞ്ജൻ പ്രമോദിനെ കണ്ടുമുട്ടി. അവരുടെ സംഭാഷണം അവസാനിച്ചത് 'ഒ. ബേബി'യിലാണ്. താൻ ആരാധിക്കുന്ന സംവിധായകന് വേണ്ടി ദിലീഷ് പോത്തനെയും രഘുനാഥ് പലേരിയെയും അരുൺ ക്യാമറയിൽ പകർത്തി. അരുൺ ചാലിൽ സംസാരിക്കുന്നു.

എങ്ങനെയാണ് അരുൺ ചാലിൽ 'ഒ. ബേബി'യുടെ സിനിമാറ്റോ​ഗ്രഫർ ആയത്?

രഞ്ജൻ പ്രമോദിന്റെ അസോസിയേറ്റ് സിദ്ധിഖ് വഴിയാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. എനിക്ക് അദ്ദേഹത്തെ ഒന്ന് പരിചയപ്പെടണം എന്നേ സിദ്ധിഖിനോട് ഞാൻ പറഞ്ഞിരുന്നുള്ളൂ. അന്നൊരു ന്യൂഇയർ ആയിരുന്നു. ഇപ്പോൾ, പിറകോട്ട് നോക്കുമ്പോൾ അതൊരു ഭാ​ഗ്യം അല്ലെങ്കിൽ അനു​ഗ്രഹം പോലെയാണ് തോന്നുന്നത്.

ആദ്യമായി ഈ സിനിമയുടെ കഥ കേട്ടപ്പോൾ എന്തായിരുന്നു മനസ്സിൽ തോന്നിയത്?

രഞ്ജൻ പ്രമോദിന്റെ സ്റ്റോറി ടെല്ലിങ് രീതി ഭയങ്കര രസമുള്ള ഒരു സം​ഗതിയാണ്. കഥ പറയുന്നതിനെക്കാൾ കഥ നടക്കുന്ന പരിസരത്തെക്കുറിച്ചാണ് അദ്ദേഹം ആദ്യം പറയുക. അതായിരുന്നു ശരിക്കും ഈ കഥയിലേക്ക് ഇത്രത്തോളം ഇൻവോൾവ് ചെയ്യാൻ എന്നെ സഹായിച്ചത്. ആ കഥ പറച്ചിൽ... അതിങ്ങനെ പറഞ്ഞു പറഞ്ഞു കൊണ്ടുപോയി ഒരു എക്സ്ട്രീം ലെവലിൽ എത്തിച്ചിട്ടാണ്, നമുക്ക് ഈ സിനിമ ചെയ്തുകൂടെ എന്ന ചോദ്യം വരുന്നത്. ആ നിമിഷം തന്നെ നമ്മൾ ആ സിനിമ എടുക്കും.

കാടും ഏലത്തോട്ടങ്ങളും നിറഞ്ഞ 'ഒ. ബേബി'യുടെ നി​ഗൂഢമായ ലൊക്കേഷനുകൾ എവിടെയാണ്?

ഇടുക്കിയിൽ അണക്കര, ചെല്ലാർക്കോവിൽ... കുമളി ഭാ​ഗത്തായിരുന്നു ഞങ്ങളുടെ ബേസ് ക്യാംപ്. ഏതാണ്ട് കുമളിക്ക് ചുറ്റും ഒരു 25 കിലോമീറ്റർ പ്രദേശത്താണ് ഈ സിനിമ ഷൂട്ട് ചെയ്തത്.

ചെകുത്താൻ മല എങ്ങനെയാണ് കണ്ടെത്തിയത്?

ഞങ്ങൾ ഒരുപാട് സ്ഥലങ്ങൾ കണ്ടു. ഇതുവരെ ആരും കാണാത്ത ലൊക്കേഷൻ വേണം എന്നതായിരുന്നു മനസ്സിൽ കരുതിയത്. ഏകദേശം രണ്ടു മാസം ലൊക്കേഷൻ  അന്വേഷിച്ച് മാത്രം നടന്നിട്ടുണ്ട്.

'ഒ. ബേബി'യിൽ പുതുമുഖങ്ങൾ ഒരുപാടു പേരുണ്ടല്ലോ. അവരെയെല്ലാം അഭിനയിപ്പിക്കാൻ ബുദ്ധിമുട്ടിയോ?

പുതിയ ആളുകളെക്കൊണ്ട് അഭിനയിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളെ അവരുടെ കംഫർട്ട് സോണിലേക്ക് എത്തിക്കുക, അതായിരുന്നു ശ്രമിച്ചത്. അവർക്ക് ക്യാമ്പുകൾ കൊടുത്തിരുന്നു, ട്രെയിനിങ് കൊടുത്തിരുന്നു... പിന്നെ, നമ്മളും ഒരു കുടുംബം പോലെയാണ് മുന്നോട്ടുപോയത്. അത് അവരുടെ കോൺഫിഡൻസ് ലെവൽ കൂട്ടി.

കാടിനകത്ത് ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണല്ലോ, അതെങ്ങനെയാണ് കൈകാര്യം ചെയ്തത്?

ബുദ്ധിമുട്ടാണോ എന്ന് ചോ​ദിച്ചാൽ, ഇതൊരു ബുദ്ധിമുട്ട് തന്നെയാണ്. നമ്മൾ അത് മറികടന്ന് ഒരു പാഷൻ ആയി കരുതി. സത്യത്തിൽ കാടുമായി ഞങ്ങൾ വളരെ ഇടപഴകി. ഉറങ്ങാൻ മാത്രമായിട്ടാണ് ഞങ്ങൾ മുറിയിലേക്ക് വരുന്നത്. ഷൂട്ടിങ്ങിനിടെ ഏറ്റവും അധികം സമയം ചെലവഴിച്ചത് കാട്ടിലാണ്. ശരിക്കും കാട് കയറിക്കഴിഞ്ഞാലാണ് മനുഷ്യൻ ഒന്നുമല്ലെന്ന് മനസ്സിലാകുന്നത്.

'ഒ. ബേബി'യിൽ ഇരുട്ട് പ്രധാനപ്പെട്ട ഒരു ഘടകമാണ്. അതെങ്ങനെയാണ് ഷൂട്ട് ചെയ്തത്?

സംവിധായകൻ ഞങ്ങളോട് ആദ്യം തന്നെ പറഞ്ഞിരുന്നത് മലയാള സിനിമ ഇനി 'നീലവെളിച്ചം' കാണണ്ട എന്നായിരുന്നു. ഇരുൾ എന്ന് പറഞ്ഞാൽ മലയാള സിനിമയിൽ നീല നിറം ഉപയോ​ഗിക്കുന്നതാണ്. അത് ഒന്ന് മാറ്റിപ്പിടിക്കാനാണ് ശ്രമിച്ചത്. അതൊരു ബുദ്ധിമുട്ടുള്ള ജോലി തന്നെയായിരുന്നു. രാത്രിയിൽ ഷൂട്ട് ചെയ്തിരുന്നു, പിന്നെ കൂടുതലും ഇരുണ്ട മേഖങ്ങളുണ്ടായിരുന്നു; അതും ഇരുട്ടിന്റെ പ്രതീതിയാണ്. പിന്നെ, കാട്ടിലും വെളിച്ചമുണ്ട്; പൂർണമായും ഇരുട്ടല്ല.

'ഒ. ബേബി'യിൽ ഒരു നായയും അഭിനയിച്ചിട്ടുണ്ട്...

നളൻ എന്നാണ് അവന്റെ പേര്. എട്ട് മാസം മാത്രം പ്രായമുള്ള രാജപാളയം ഇനത്തിൽപ്പെട്ട നായയാണ് നളൻ. വെള്ളയാൻ എന്നാണ് സിനിമയിൽ അവന്റെ പേര്. അവൻ നല്ല ട്രെയിനിങ് കിട്ടിയ നായയാണ്. സിനിമ കണ്ട് എല്ലാവരും എന്നോടു ചോദിച്ചു, എങ്ങനെയാണ് നായ മൂന്നു കാലിൽ ഒക്കെ കൃത്യമായി അഭിനയിച്ചത് എന്ന്. നളൻ ഈ സിനിമയിലുള്ള എല്ലാവരെക്കാളും വലിയ സൂപ്പർ സ്റ്റാർ ആണ്. അവൻ ഇപ്പോൾ മറ്റൊരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നുണ്ട്.

സിനിമ കണ്ട ശേഷം ആളുകളുടെ പ്രതികരണം എങ്ങനെയാണ്?

വിളിക്കുന്ന എല്ലാവരോടും ‍ഞാൻ ചോദിക്കുന്നത് സിനിമ കണ്ടോ എന്നാണ്. സിനിമ കണ്ടെങ്കിൽ വളരെ സന്തോഷം. കാരണം ഇത് തീയേറ്ററിൽ പോയി കാണേണ്ട സിനിമയാണ്. ചെറിയ സ്ക്രീനിൽ വീട്ടിലിരുന്ന് ഒടി.ടി യിൽ കണ്ടാൽ ഈ സിനിമാനുഭവം പൂർണ്ണമാവില്ല. കാരണം കഥ മാത്രമല്ല ഈ സിനിമ ' ഒരു വന്യമായ അനുഭവമാണ് ' കഴിയുന്നവരെല്ലാം തീയേറ്ററിൽ തന്നെ കാണണം അല്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്. സ്ക്രീനിൽ കാണുന്ന ബ്യൂട്ടിയാണ് ശരിക്കും ഇതിന്റെ തീയേറ്റർ എക്സ്പീരിയൻസ്. എന്നോട് സിനിമ കണ്ട ഒരാൾ പറഞ്ഞത്, ശരിക്കും മഴ നനഞ്ഞ ഒരു ഫീൽ തീയേറ്ററിൽ നിന്ന് കിട്ടിയെന്നാണ്.

...സിനിമ കണ്ട് ഒരുപാട് പേർ വിളിച്ചോ?

ഒരുപാട് പേർ വിളിച്ചു. ഈ സിനിമ എനിക്ക് തന്നിരിക്കുന്നത് വലിയൊരു റെസ്പോൺസിബിലിറ്റിയാണ്. അതാണ് അടുത്തൊരു പേടി.

രഞ്ജൻ പ്രമോദ് എന്ന സംവിധായകനൊപ്പം ജോലി ചെയ്യാൻ കിട്ടിയ അവസരം എത്രമാത്രം സന്തോഷിപ്പിക്കുന്നുണ്ട്?

വിഷ്വലായാണ് രഞ്ജൻ പ്രമോദ് കഥ പറയുന്നത്. ഈ സിനിമ പൂർണമായും കൊറിയോ​ഗ്രഫി ചെയ്താണ് ഷൂട്ട് ചെയ്തത്. പിന്നെ, രഞ്ജൻ പ്രമോദ് ഒരു എൻസൈക്ലോപ്പീഡിയ ആണ്. ആ കളരിയിൽ എനിക്ക് പഠിക്കാൻ പറ്റി എന്നത് തന്നെ വലിയ കാര്യം.

click me!