മാത്യു തോമസ് നായകനായ 'സുഖമാണോ സുഖമാണ്' എന്ന തന്‍റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് സംസാരിക്കുകയാണ് അരുണ്‍ലാല്‍ രാമചന്ദ്രന്‍
മാത്യു തോമസ്, ദേവിക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈ വാരാന്ത്യം തിയറ്ററുകളിലെത്തിയ ചിത്രമാണ് സുഖമാണോ സുഖമാണ്. 17 വര്‍ഷം മുന്‍പ് സിനിമാ ജീവിതം ആരംഭിച്ച, നാല് ചിത്രങ്ങള്‍ക്ക് മുന്‍പ് തിരക്കഥ ഒരുക്കിയ അരുണ്‍ലാല്‍ രാമചന്ദ്രന്‍റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. ഗൗരവപ്പെട്ട വിഷയങ്ങളെ നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തെക്കുറിച്ചും തന്‍റെ സിനിമാ ജീവിതത്തെക്കുറിച്ചും സിനിമാ കാഴ്ചപ്പാടുകളെക്കുറിച്ചും പറയുകയാണ് അരുണ്‍ലാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ ഈ അഭിമുഖത്തില്‍.
ഫാമിലി എന്‍റര്‍ടെയ്നര്‍ എന്ന് പൊതുവില്‍ പറയാമെങ്കിലും ജോണര്‍ മിക്സ് ഉള്ള സിനിമയായി തോന്നി സുഖമാണോ സുഖമാണ്. പ്രധാനമായും ഡാര്‍ക് ഹ്യൂമര്‍ ട്രാക്കിലൂടെ പോകുന്ന ചിത്രം ഒരു ഫീല്‍ ഗുഡ് ഇമോഷണല്‍ ഡ്രാമയുമാണ്. ചെയ്ത് ഫലിപ്പിക്കാന്‍ പ്രയാസമുള്ള ഒരു മിക്സിംഗ് ആണ് ഇത്. രചനാഘട്ടം മുതല്‍ അക്കാര്യത്തില്‍ നേരിട്ട ബുദ്ധിമുട്ട് എന്തായിരുന്നു? എങ്ങനെ അതിനെ മറികടന്നു?
ഒറ്റപ്പെടല്‍ എന്നത് എല്ലാവര്‍ക്കും മനസിലാവുന്ന ഒരു വിഷയമാണ്. അത് എഴുതുന്ന സമയത്ത്, ഒരു വരള്‍ച്ച വരാന്‍ സാധ്യതയുണ്ടെന്ന് തുടക്കം മുതലേ എനിക്ക് മനസിലായി. വളരെ ഗൗരവപൂര്‍വ്വം ഇതിനെ സമീപിച്ചാല്‍ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് നമ്മള്‍ പറയാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങളില്‍ ഒരു വലിച്ചില്‍ തോന്നാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഒരു ഹ്യൂമര്‍ പാറ്റേണ്‍ ബോധപൂര്‍വ്വം ഇതില്‍ കൊണ്ടുവരണമെന്ന് തോന്നി. പ്രിയദര്‍ശന്‍ സാറിന്‍റെയൊക്കെ സിനിമകള്‍ എടുത്തുകഴിഞ്ഞാല്‍ സത്യം പറഞ്ഞാല്‍ വളരെ വേദനയുള്ള കോമഡികളാണ് ഉള്ളത്. വെള്ളാനകളുടെ നാടിലെ റോഡ് റോളര്‍ തമാശയില്‍ നമ്മള്‍ പൊട്ടിച്ചിരിക്കുമെങ്കിലും അയാള്‍ക്ക് ആകെ ആ റോഡ് റോളര്‍ മാത്രമേയുള്ളൂ എന്നൊരു അവസ്ഥയുണ്ടല്ലോ. വേദനയെ ഒരു ഹ്യൂമറില്‍ പൊതിഞ്ഞ് പറയുമ്പോള്‍ ചിരിക്കുമെങ്കിലും അത് മനസില്‍ തങ്ങിനില്‍ക്കുന്നത് അതില്‍ ഒരു വേദന ഒളിഞ്ഞുകിടക്കുന്നതുകൊണ്ടാണ്. ഈ സിനിമയെ സംബന്ധിച്ച് ഒരു ഹ്യൂമര്‍ ചേരുവയോടെ പറഞ്ഞുകഴിഞ്ഞാല്‍ ആ മെസേജ് കുറച്ചുകൂടി ആളുകളിലേക്ക് എത്തിക്കാന്‍ പറ്റുമെന്ന് തോന്നി. അതുകൊണ്ടാണ് ഇങ്ങനെയുള്ള ഒരു ജോണറിലേക്ക് വന്നത്. നായകന്‍റെ ഒരു മാറ്റം അവസാനം ഓഡിയന്‍സിന് കിട്ടണം എന്നുള്ളതുകൊണ്ടാണ് ഒരു ഫീല്‍ ഗുഡ് സംഗതിയില്‍ എന്‍ഡ് ചെയ്തത്.

എന്‍ഡിംഗില്‍ മാത്രമല്ല ഒരു ഫീല്‍ ഗുഡ് വൈബ് തോന്നിയത്?
പ്രേതം, ആത്മാവ് എന്നൊക്കെ എല്ലാവരും പറയുമ്പോഴും ഞാന്‍ അതിനകത്ത് ഉദ്ദേശിച്ചത് മരണം പലര്‍ക്കും വേദന നല്‍കുന്ന ഒരു കാര്യം ആയിരിക്കുമ്പോഴും ഒരു മനുഷ്യന് അത് സന്തോഷം നല്‍കുകയാണ്. സന്തോഷത്തിന്‍റെ ഒരു വശം അവന്‍ അതില്‍ കാണുകയാണ്. വേറെ ഒരു ഓപ്ഷനും അവന് ഇല്ല. ആരുമില്ലാത്ത അവന്‍ നഷ്ടപ്പെട്ടുപോയ കുറേപ്പേരെയും കൊണ്ടാണ് വീട്ടില്‍ പോകുന്നത്. അത് സീരിയസ് ആവാനും മെലോഡ്രാമ വരാനുമൊക്കെ സാധ്യതയുണ്ട്. അതുകൊണ്ട് ഇതിനകത്ത് ഒരു ഫണ്‍ വേണമെന്ന് തോന്നി. അതുകൊണ്ട് തന്നെയാണ് ഉണ്ണിച്ചേട്ടന്‍, തബലിസ്റ്റ്, റാപ്പര്‍ എന്നൊക്കെയുള്ള കഥാപാത്രങ്ങളെ നമ്മള്‍ കൊണ്ടുവന്നത്. മറ്റ് രീതിയിലുള്ള കഥാപാത്രങ്ങളെ കൊണ്ടുവന്നാല്‍ ഉറപ്പായും ഇത് സീരിയസ് ആയേനെ.
അരങ്ങേറ്റ സിനിമയായിത്തന്നെ ഇത്തരമൊരു ട്രീറ്റ്മെന്‍റ് ഉള്ള ചിത്രം ചെയ്യാമെന്ന തീരുമാനം?
ഇത് ആക്സിഡന്‍റലി ഉണ്ടായ ഒരു സിനിമ എന്ന് വേണമെങ്കില്‍ പറയാം. വേഫെറര്‍ കമ്പനി തുടങ്ങുന്ന സമയത്ത് ഒരു ത്രില്ലര്‍ സിനിമ ദുല്‍ഖറുമായിട്ട് സംസാരിച്ചിരുന്നു. വേഫെററിന്‍റെ ആദ്യ സിനിമയായി വരാന്‍ ചാന്‍സ് ഉള്ള ഒരു സിനിമയായിരുന്നു എന്‍റെ സിനിമ. പിന്നീട് മമ്മൂക്കയുമായി ഒരു പ്രോജക്റ്റ് സംസാരിച്ച്, അതും നീണ്ടുപോയി. ഈ കഥ ശരിക്കും മാത്യു എന്‍റെ ഒരു സുഹൃത്ത് വഴി കേള്‍ക്കുകയും താല്‍പര്യം അറിയിച്ചപ്പോള്‍ നേരിട്ട് പോയി കാണുകയുമായിരുന്നു. അങ്ങനെ ചര്‍ച്ചകളില്‍ നിന്ന് ഉണ്ടായതാണ് ഈ സിനിമ. അവസാനം ചെയ്തത് വേട്ട ആയതുകൊണ്ട് (രചയിതാവ് എന്ന നിലയില്‍) ഒന്ന് മാറി ഒരു ജോണര്‍ പിടിക്കണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു ഉള്ളില്‍. പിന്നെ, ഞാന്‍ എപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. സിനിമയുടെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ നമ്മള്‍ കൊണ്ടുനടക്കുന്ന കഥ ആയിരിക്കില്ല നമ്മള്‍ ചെയ്യാന്‍ പോകുന്ന സിനിമ. കൈയിലിരിക്കുന്ന വേറെ ഏതെങ്കിലുമൊരു കഥയായിരിക്കും. ഒരു തിരക്കഥ ആയിരിക്കും എപ്പോഴും നമ്മളെ തെരഞ്ഞെടുക്കുന്നത്. ഒരു സിനിമ നമ്മളെയാണ് തെരഞ്ഞെടുക്കുന്നത്. നമ്മളല്ല സിനിമയെ തെരഞ്ഞെടുക്കുന്നത്.
സിനിമയുടെ പേരില്‍ കൗതുകമുണ്ട്. നിത്യജീവിതത്തില്‍ സ്ഥിരം ഉപയോഗിക്കുന്ന ഒരു ചോദ്യവും ഉത്തരവുമാണ്. എന്നാല്‍ അതിന്‍റെ മറ്റൊരു വശമാണ് സിനിമ പറയുന്നത്. ഈ പേരിലേക്ക് എത്തിയത്?
വളരെ കാഷ്വല്‍ ആയി നമ്മള്‍ ചോദിക്കുന്ന കാര്യമാണ് സുഖമാണോ, ഹൗ ആര്‍ യു എന്നൊക്കെ. എല്ലാവരും ഉള്ളവര്‍ ഉണ്ട്. എന്നാല്‍ അതൊന്നും ഇല്ലാത്തവരും ഉണ്ടല്ലോ. ആ ഒരു വേദന ഒളിഞ്ഞിരിക്കുന്ന ടൈറ്റില്‍ എന്ന നിലയിലാണ് ഈ പേരിലേക്ക് എത്തിയത്. അത്തരത്തിലൊരാളാണ് നമ്മുടെ തിയോ. അത് പോലും ചോദിക്കാന്‍ അവന് ആരുമില്ല. ആ വശമാണ് കൊണ്ടുവന്നത്. സിനിമയുടെ ട്രെയ്‍ലറില്‍ ഒരു ഷോട്ട് കാണിക്കുന്നുണ്ട്. എന്നോട് ആരും ഇങ്ങനെ ചോദിക്കാനില്ല എന്ന് നായകന്‍ പറയുന്നുണ്ട്. ശരിക്കും നമ്മുടെ നിര്‍മ്മാതാവാണ് ഈയൊരു ടൈറ്റില്‍ സജസ്റ്റ് ചെയ്തത്. കൊള്ളാം, അതില്‍ ഒരു ആര്‍ക്ക് ഉണ്ടെന്ന് തോന്നി. കാര്യം ആദ്യ പകുതിയില്‍ സുഖമാണോ എന്ന് ഇവനോട് ചോദിക്കാന്‍ ആരുമില്ല. രണ്ടാം പകുതിയില്‍ സുഖമാണ് എന്നൊരു അവസ്ഥയിലേക്ക് ഇവന്‍ എത്തുന്നു. അങ്ങനെ ഇട്ടതാണ് പേര്.

അപ്പോള്‍ നായകനായി ഒരു നടനെ മനസില്‍ വച്ച് എഴുതിയ സിനിമയല്ല?
എന്ന് വേണമെങ്കില്‍ ഒരു പരിധി വരെ പറയാം. സ്ക്രിപ്റ്റിംഗിന്‍റെ പകുതിയോളം കഴിഞ്ഞ ഒരു ഘട്ടത്തിലാണ് മാത്യു കഥ കേള്‍ക്കുകയും ഇന്‍ ആവുകയും ചെയ്യുന്നത്. എഴുതുന്ന സമയത്ത് ഒരിക്കലും മാത്യുവിനെ ഞാന്‍ മനസില്‍ കണ്ടിട്ടില്ല. മാത്യുവിനെ ഞാന്‍ ആദ്യം നേരില്‍ കാണുന്നത് പോലും നരേഷന്‍റെ സമയത്താണ്. പുള്ളിയുടെ മാനറിസങ്ങളൊന്നും എനിക്ക് പരിചിതമായിരുന്നുമില്ല. ഒരു ആര്‍ട്ടിസ്റ്റിനെ മുന്നില്‍ കാണാതെ എഴുതാന്‍ പറ്റിയാല്‍ ഒരു വല്യ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. മാത്യുവിന്‍റെ ഉള്ളില്‍ ഒരു നല്ല നടന്‍ ഉണ്ടെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ആളുകള്‍ എക്സ്പ്ലോര്‍ ചെയ്യാത്ത നല്ല ഒരു ആക്റ്റര്‍. മാത്യു ഓരോ പടത്തിലും ഇംപ്രൂവ് ചെയ്യാന്‍ ഒരു ശ്രമം നടത്തുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
മാത്യു- ദേവിക കോമ്പോ ചിത്രത്തിന് ഒരു ഫ്രഷ്നസ് നല്‍കുന്നുണ്ട്. ദേവികയിലേക്ക് എങ്ങനെ എത്തി?
ആ കഥാപാത്രമായി ഒരുപാട് കണ്ട് പരിചയമുള്ള ഒരു നടി വരരുതെന്ന് തീരുമാനം എടുത്തിരുന്നു. ഒരു പോയിന്‍റില്‍ ഒരു പുതുമുഖത്തെ തന്നെ ആലോചിച്ചാലോ എന്നും ചിന്തിച്ചിരുന്നു. അതേസമയം കുറേ മുഹൂര്‍ത്തങ്ങളുള്ള, പെര്‍ഫോമന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന കഥാപാത്രമാണല്ലോ എന്നതും ചിന്തിച്ചിരുന്നു. ദേവിക കുറച്ച് ബ്രേക്ക് എടുത്ത് നില്‍ക്കുന്ന സമയമായിരുന്നു. ദേവിക ആപ്റ്റ് ആയി തോന്നി. അങ്ങനെ നമ്മള്‍ സംസാരിക്കുകയായിരുന്നു.
കേന്ദ്ര കഥാപാത്രങ്ങള്‍ക്കപ്പുറത്ത് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ കോമ്പിനേഷനുകളും രസകരമായി തോന്നി. സ്ഫടികം ജോര്‍ജിനെയൊക്കെ ഇതുവരെ കാണാത്ത തരത്തിലാണ് പ്രസന്‍റ് ചെയ്തിരിക്കുന്നത്. ചെറിയ റോളില്‍ വന്നുപോയ മണിക്കുട്ടന്‍ പോലും ശ്രദ്ധ നേടുന്നുണ്ട്. അത്തരം കാസ്റ്റിംഗ് തീരുമാനങ്ങളെപ്പറ്റി പറയാമോ? എന്തായിരുന്നു മനസില്‍?
ഇതുവരെ കാണാത്ത കോമ്പിനേഷനുകള്‍ വര്‍ക്ക് ചെയ്യണം എന്നുണ്ടായിരുന്നു. കാസ്റ്റിംഗ് ചെയ്തിരിക്കുന്നത് രാകേന്ത് പൈ എന്ന് പറയുന്ന കാസ്റ്റ് മി പെര്‍ഫെക്റ്റ് എന്ന ഏജന്‍സിയുടെ ആളാണ്. കാണാത്ത രീതിയില്‍ ആളുകളെ അവതരിപ്പിക്കണമെന്ന് ആദ്യമേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സ്ഫടികം ജോര്‍ജ് ചേട്ടനെയൊക്കെ അങ്ങനെ അവതരിപ്പിച്ചത്. ചെറിയ കഥാപാത്രമാണെങ്കില്‍ പോലും ആ കഥാപാത്രമായി മണിക്കുട്ടന്‍ വേണമെന്ന് തീരുമാനം എടുത്തതും അതുകൊണ്ടാണ്. അതിന്‍റെ റിസല്‍ട്ട് കിട്ടി എന്നാണ് പ്രതീക്ഷിക്കുന്നത്.
അവതരിപ്പിക്കാന്‍ അത്ര എളുപ്പമുള്ള കഥാപാത്രമല്ല ചിത്രത്തിലെ നായകനായ തിയോ. മാത്യുവിന്‍റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?
ഈ പടത്തിന്‍റെ പ്രോസസിന്‍റെ പല ഏരിയകളിലും മാത്യു എന്നെ ഞെട്ടിച്ചിട്ടുണ്ട്. അമ്മ വന്ന് കാറില്‍ കയറുന്ന സീനിലൊക്കെ ഞാന്‍ എഴുതിയതിനെക്കാളും ഒരുപടി മുകളിലേക്ക് മാത്യു ലിഫ്റ്റ് ചെയ്തിട്ടുണ്ട്. ഭയങ്കരമായിട്ട് ഒബ്സര്‍വ് ചെയ്യുന്ന, കഥാപാത്രത്തിന് വേണ്ടി ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തുന്ന, ഒരുപാട് കഷ്ടപ്പെടുന്ന ആളാണ് മാത്യു. മാത്യുവിന്‍റെ ഉള്ളില്‍ നല്ല ഒരു നടന്‍ കിടപ്പുണ്ട്. വരുന്ന കാലയളവില്‍ നല്ല നല്ല സിനിമകളിലൂടെ അത് പുറത്തുവരും എന്നാണ് എന്‍റെ വിശ്വാസം. എക്സ്പ്ലോര്‍ ചെയ്യപ്പെടാത്ത വലിയൊരു നടനുണ്ട് മാത്യുവിന്‍റെ ഉള്ളില്‍.
ചിത്രത്തിന്‍റെ പ്രതികരണങ്ങള്‍? മറക്കാനാവാത്ത വല്ലതും?
തീര്‍ച്ചയായിട്ടും. ഇറങ്ങി മൂന്നാം ദിവസമാണ് നമ്മള്‍ സംസാരിക്കുന്നത്. നല്ല അഭിപ്രായങ്ങള്‍ വന്നുതുടങ്ങുന്നുണ്ട്. പലയിടത്തും ടിക്കറ്റ് ബുക്കിംഗ് നല്ല രീതിയില്‍ നടക്കുന്നുണ്ട്. മറക്കാന്‍ പറ്റാത്ത പ്രതികരണം എന്ന് ചോദിച്ചാല്‍ എന്‍റെ കൂട്ടുകാരന്‍റെ ഭാര്യ ഇന്നലെ സിനിമ കണ്ടു. സുഹൃത്തിനോട് പുള്ളിക്കാരി പറഞ്ഞ ഒരു കാര്യം എന്നെ ഭയങ്കരമായി ടച്ച് ചെയ്തു. പുള്ളിക്കാരി തമിഴ്നാട്ടില്‍ ഇടയ്ക്ക് വര്‍ക്ക് ചെയ്യുന്ന സമയത്ത് ഒറ്റയ്ക്ക് അവിടെ താമസിക്കുകയായിരുന്നു. ഒരു പിറന്നാള്‍ ദിനത്തില്‍ ആരും വിളിച്ച് ആശംസകളൊന്നും പറഞ്ഞില്ല. വൈകിട്ട് 4 മണി വരെ ആരും വിഷ് ചെയ്തില്ല. പുള്ളിക്കാരി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുപോയി ബേക്കറിയില്‍ നിന്ന് ഒരു കേക്ക് വാങ്ങി. അടുത്തുള്ള ഗിഫ്റ്റ് ഷോപ്പില്‍ നിന്ന് ഗിഫ്റ്റും വാങ്ങി. അങ്ങനെ സ്വന്തമായിട്ട് ബര്‍ത്ത്ഡേ സെലിബ്രേറ്റ് ചെയ്തു. ബന്ധുക്കളൊക്കെ ഉള്ള ഒരാള്‍ തന്നെയാണ്. പക്ഷേ സാഹചര്യം അതായിരുന്നു. എല്ലാവരും ഉള്ളവര്‍ ആണെങ്കില്‍ പോലും തിരക്കിനിടയില്‍ ചിലരെയൊക്കെ ബര്‍ത്ത്ഡേ വിഷ് ചെയ്യാന്‍ നമ്മള്‍ മറക്കുമല്ലോ. അതിന്‍റെയൊരു എക്സ്ട്രീം ആണല്ലോ ആരുമില്ലാത്ത ഒരാളിന്‍റെ അവസ്ഥ. ഈ സിനിമ ബ്ലോക്ക്ബസ്റ്റര്‍ ആവുക എന്നതിനേക്കാളൊക്കെ ഞാന്‍ ആഗ്രഹിച്ച കാര്യം ഒരാളെയെങ്കിലും കണക്റ്റ് ചെയ്യാന്‍ പറ്റിയാല്‍ എന്നാണ്. ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുവന്ന ഒരാളെ കണക്റ്റ് ചെയ്യുന്നതിലുപരി കടന്നുപോകാത്ത ആളുകളെ കണക്റ്റ് ചെയ്താല്‍ അത് അവര്‍ക്ക് ഒരു തിരിച്ചറിവ് ആയേക്കാം. ചിലപ്പോള്‍ മറ്റേയാള്‍ക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടെങ്കിലോ എന്ന് അവര്‍ ആലോചിച്ചേക്കാം. അത്തരം കാര്യങ്ങള്‍ നമുക്ക് വേണമെങ്കില്‍ ഒരാളോട് ചോദിക്കാമെന്നും. പുറത്തൊന്നും പോകണ്ട, നമ്മുടെ അമ്മയോടെ ഭാര്യയോടോ മക്കളോടോ എത്ര പേര്‍ ഇത്തരം കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അങ്ങനെയൊരു ചിന്ത ഒരാളില്‍ ഉണ്ടാക്കിയാല്‍ ഈ സിനിമ സക്സസ്ഫുള്‍ ആയിയെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍.

റെഡ് ചില്ലീസ് എന്ന സിനിമയില്‍ അസിസ്റ്റന്‍റ് ആയാണ് സിനിമയിലേക്കുള്ള എന്‍ട്രി. പിന്നീട് നാല് തിരക്കഥകള്‍ എഴുതി. അഞ്ചാമത്തെ രചനയാണ് സുഖമാണോ സുഖമാണ്. സംവിധാന അരങ്ങേറ്റത്തിന് ഇത്രയും വൈകിയത് എന്തുകൊണ്ടാണ്?
സംഭവിച്ചത് എന്താണെന്ന് വച്ചാല്‍ തിരക്കഥാകൃത്തായുള്ള ആദ്യ സിനിമ 10:30 എഎം ലോക്കള്‍ കോള്‍ എന്ന സിനിമ ആയിരുന്നു. അത് കഴിഞ്ഞ് ഉടനെതന്നെ അടുത്ത വര്‍ഷം അടുത്ത സിനിമ സംഭവിച്ചു. വീണ്ടും അടുത്ത വര്‍ഷം അടുത്ത സിനിമ. എല്ലാം പെട്ടെന്നു പെട്ടെന്ന് ആയിരുന്നു. വേട്ട വരെ തുടര്‍ച്ചയായി സിനിമകള്‍ ആയിരുന്നു (രചയിതാവായി). വേട്ടയില്‍ രാജേഷ് ഏട്ടനുമായുള്ള (രാജേഷ് പിള്ള) ഒരു സമ്പര്‍ക്കത്തില്‍ എനിക്ക് മനസിലായ ഒരു സാധനമുണ്ട്. നമ്മള്‍ എടുപിടി എന്ന് ചെയ്യാന്‍ പാടില്ലാത്ത ഒരു സാധനമാണ് സിനിമ. ഇരുന്ന് ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ഉണ്ടാക്കേണ്ട ഒന്നാണ്. അവിടെ റിസള്‍ട്ട് ഒരിക്കലും നോക്കരുത്. രാജേഷ് ഏട്ടന്‍ പഠിപ്പിച്ചുതന്ന ഒരു കാര്യമാണ്. സിനിമ വിജയിക്കാം, വിജയിക്കാതിരിക്കാം. പക്ഷേ ഇതിനകത്ത് ഇനിയും ഒരു പൊടി പോലും എഫര്‍ട്ട് ഇടാന്‍ ഇല്ല എന്ന് തോന്നുന്ന ഒരു എഫര്‍ട്ട് ഇട്ട് അത് ചെയ്യണം. അത് എന്നെ പഠിപ്പിച്ചുതന്ന എന്‍റെയൊരു ഗുരുവാണ് രാജേഷ് ഏട്ടന്‍ അക്കാര്യത്തില്‍. അതുകൊണ്ട് തന്നെയാണ് ഞാന്‍ ടൈം എടുത്ത് ഇങ്ങനെയൊരു പ്രോസസിലേക്ക് കയറിയത്. പ്രത്യേകിച്ചും സംവിധാന അരങ്ങേറ്റം എന്ന് പറയുമ്പോള്‍ അത്ര മാത്രം നമ്മള്‍ ശ്രദ്ധിക്കണമല്ലോ.
ദിവസേന എന്തെങ്കിലും എഴുതുന്ന കൂട്ടത്തിലാണ് ഞാന്‍. രാവിലെ എഴുന്നേറ്റാല്‍ ഒന്ന് രണ്ട് മണിക്കൂര്‍ എന്തെങ്കിലുമൊക്കെ എഴുതുന്ന സ്വഭാവമുണ്ട് എനിക്ക്. സംവിധാനം ഞാന്‍ ഒരുപാട് ആസ്വദിക്കുന്നതാണ്. എഴുത്ത് ഒരുപക്ഷേ അതിലും ഒരുപടി മുകളില്‍ ആസ്വദിക്കുന്നുണ്ട്. ഈ എട്ടൊന്‍പത് കൊല്ലം ഗ്യാപ്പ് വരുമ്പോഴും ഞാന്‍ എല്ലാ ദിവസവും എഴുതുന്നുണ്ടായിരുന്നു. ഒരു പ്രോജക്റ്റ് മൂവ് ചെയ്യുന്ന സമയത്ത് മറ്റൊരു എലമെന്‍റ് എന്നെ എക്സൈറ്റ് ചെയ്യിച്ചാല്‍ ഞാന്‍ അതിന്‍റെ പിറകില്‍ പോകും. മറ്റേ പ്രോജക്റ്റ് അതിന്‍റെ വഴിയേ നടക്കും. പക്ഷേ എന്നും രാവിലെ എഴുതുന്നതിന്‍റെ ഒരു സുഖമുണ്ടല്ലോ. അങ്ങനെ ഒരു മൂന്നാല് തിരക്കഥ തീര്‍ത്ത് വച്ചിട്ടുണ്ടായിരുന്നു. അതിലൊരു തിരക്കഥയായിരുന്നു ഇത്. ഈ ഗ്യാപ്പില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിനായുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. പക്ഷേ പ്രകൃതി നമ്മളെക്കൊണ്ട് എത്തിക്കുന്ന ഒരു സമയം ഉണ്ടാവുമല്ലോ. ആ സമയത്തേ നമുക്ക് അതിലേക്ക് എത്താന്‍ പറ്റൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സമയം എല്ലാം കറക്റ്റ് ആയി വന്നത് ഈ സിനിമയ്ക്ക് വേണ്ടി ആയിരിക്കും. കറക്റ്റ് കാസ്റ്റിംഗ് ആണ് കിട്ടിയതെന്ന് ഈ സിനിമ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയിരുന്നു. മാത്യു തന്നെയാണ് ഇത് ചെയ്യേണ്ടിയിരുന്നതെന്ന് എനിക്ക് തോന്നി. ജഗദീഷേട്ടന് തന്നെയാണ് ഐപ്പ് ആവേണ്ടിയിരുന്നതെന്നും തോന്നി.
അടുത്ത ചിത്രങ്ങള്‍?
അടുത്ത സിനിമകള്‍ ചര്‍ച്ചയില്‍ ഉണ്ട്. ഒന്നു രണ്ട് ആര്‍ട്ടിസ്റ്റുകളുമായി ചര്‍ച്ചയില്‍ ആണ്. ഇതിന്‍റെ തിരക്ക് ഒന്ന് ഒഴിഞ്ഞിട്ട് അതിലേക്ക് കയറാമെന്ന പ്ലാന്‍ ആണ്. പ്രത്യേകിച്ച് ജോണര്‍ ഒന്നും ഫിക്സ് ചെയ്തിട്ടില്ല. രണ്ട് മൂന്ന് തിരക്കഥകള്‍ ഉണ്ട്. ചര്‍ച്ചകള്‍ നടക്കുന്നു.



