ചീനട്രോഫി: 'എന്‍റെ ശബ്ദം വ്യത്യസ്തമാണ്, അതാണല്ലോ ഇപ്പോഴെങ്കിലും പാടാൻ അവസരം കിട്ടിയത്'

By Web TeamFirst Published Nov 28, 2023, 12:35 PM IST
Highlights

പാലക്കാട് ചിറ്റൂർ സർക്കാർ കോളേജിൽ സം​ഗീത അധ്യാപകനായ, 30 വർഷമായി ​പ്രൊഫഷണൽ ​ഗായകനായ അഷ്ടമൻ പിള്ളയുടെ ആദ്യത്തെ സിനിമാ​ഗാനമാണ് 'ചീനട്രോഫി'യിലെത്.

'ചൂടാറും നേരം...' തൊണ്ട തുറന്ന് പാടുകയാണ് അഷ്ടമൻ പിള്ള. പാട്ട് ആസ്വദിച്ച് മ്യൂസിക് കംപോസർമാരായ സൂരജ് സന്തോഷ്, വർക്കി. യൂട്യൂബിൽ റിലീസ് ചെയ്ത് രണ്ടു ദിവസം കൊണ്ട് രണ്ട് ലക്ഷത്തിന് മുകളിൽ വ്യൂസ് ലഭിച്ച ഈ ​ഗാനം, പുതുമുഖ സംവിധായകൻ അനിൽ ലാലിന്റെ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സിനിമ 'ചീനട്രോഫി'യിൽ നിന്നാണ്.

പാലക്കാട് ചിറ്റൂർ സർക്കാർ കോളേജിൽ സം​ഗീത അധ്യാപകനായ, 30 വർഷമായി ​പ്രൊഫഷണൽ ​ഗായകനായ അഷ്ടമൻ പിള്ളയുടെ ആദ്യത്തെ സിനിമാ​ഗാനവുമാണ് 'ചൂടാറും നേരം'. സം​ഗീതത്തിൽ റാങ്കോടെ ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയ അഷ്ടമൻ പിള്ള, നിലവിൽ കോട്ടയം മഹാത്മാ​ഗാന്ധി സർവ്വകലാശാലയിൽ പി.എച്ച്.ഡ‍ിയും ചെയ്യുന്നുണ്ട്. കൊല്ലം കരുനാ​ഗപ്പള്ളി സ്വദേശിയായ അഷ്ടമൻ പിള്ള, തന്റെ ആദ്യത്തെ ചലച്ചിത്ര​ഗാനം വന്ന വഴിയെക്കുറിച്ച് സംസാരിക്കുന്നു.

'ചീനട്രോഫി'യിലെ 'ചൂടാറും മുൻപെ' എന്ന പാട്ട് പാടാനുള്ള അവസരം എങ്ങനെയാണ് കിട്ടിയത്?

ഈ സിനിമയുടെ സംവിധായകൻ അനിൽ ലാൽ. തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് കോളജിൽ എന്റെ വിദ്യാർത്ഥിയായിരുന്നു. അനിൽ മൃദം​ഗം ആണ് പഠിച്ചിരുന്നത്. ഞാൻ തൊണ്ട തുറന്നാണ് പണ്ട് മുതലെ പാടുക. കോളേജിൽ പഠിപ്പിച്ചിരുന്ന സമയത്ത് എന്റെ പാട്ട് ക്ലാസ് മുറിയിൽ മാത്രമല്ല, ക്യാംപസിന്റെ മുക്കിലും മൂലയിലും പോലും കേൾക്കുമായിരുന്നു. അനിലിന് ഒരു പ്രത്യേക ശബ്​ദമായിരുന്നു ഈ പാട്ടിന് വേണ്ടിയിരുന്നത്. സത്യത്തിൽ എന്നോട് പോലും പറയാതെയാണ് അനിൽ, സൂരജിനോട് എന്നെക്കുറിച്ച് പറഞ്ഞത്. ഞാൻ മുൻപ് ചില റിയാലിറ്റി ഷോകളിൽ പാടിയിരുന്നു. ഈ വീഡിയോ സൂരജ് സന്തോഷ് കണ്ടു. അങ്ങനെയാണ് എന്നെ വിളിക്കുന്നതും പാട്ട് റെക്കോഡ് ചെയ്യുന്നതും.

എന്തായിരുന്ന പാട്ട് പാടാൻ വിളിച്ചപ്പോൾ അവർ തന്ന നിർദേശം?

ഒതുക്കിപ്പാടണ്ട, ഓപ്പൺ ത്രോട്ട് വോയിസ് വേണമെന്നാണ് പറഞ്ഞത്. സിനിമയിൽ സാധാരണ കേൾക്കുന്ന ശബ്ദമല്ല അവർക്ക് വേണ്ടിയിരുന്നത്. ഞാൻ ക്ലാസ്സിക്കൽ പാട്ടുപാടുന്നയാളാണ്. പക്ഷേ, തമിഴ് ഡപ്പാൻകൂത്ത് പാട്ടുകളും പാടും. അതുകൊണ്ടാണ് എന്നെ വിളിച്ചത്. ക്ലാസ്സിക്കൽ പാടുന്ന ഒരാൾ ഓപ്പൺ ത്രോട്ടിൽ പാടുന്നത് ഒരു വ്യത്യസ്തതയല്ലേ? അത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടെന്നാണ് കമന്റുകളിൽ നിന്ന് എനിക്ക് തോന്നുന്നത്.

സൂരജ് സന്തോഷിനൊപ്പമുള്ള റെക്കോഡിങ്ങ് അനുഭവം എങ്ങനെയായിരുന്നു?

സൂരജ് വളരെ 'ഫ്രീ' ആണ്. നമ്മുടെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് റെക്കോഡിങ്ങ് നടത്തുന്നയാളാണ്. ഇന്നത് ചെയ്യരുത്, ചെയ്യണം എന്നില്ല. നല്ലതാണെങ്കിൽ അദ്ദേഹം അത് ഉൾക്കൊള്ളും. സൂരജ് ഉദ്ദേശിക്കുന്ന മ്യൂസിക്കിൽ നിന്ന് അൽപ്പം വ്യതിചലിച്ചാലും അത് നല്ലതാണെങ്കിൽ അത് കൊള്ളാമെന്ന് പറയും. ഒരു സമ്മർദ്ദമുള്ള റെക്കോഡിങ് ആണെന്ന് തോന്നിയിട്ടേയില്ല. വളരെ റിലാക്സ്ഡ് ആയ അന്തരീക്ഷമായിരുന്നു.

പാട്ടുകേട്ട് കഴിഞ്ഞ് ആളുകളുടെ പ്രതികരണം എങ്ങനെയാണ്?

ഒരുപാട് ആളുകൾ വിളിച്ചു. പ്രത്യേകിച്ചും പഴയ സുഹൃത്തുക്കൾ. എന്റെ ശബ്ദം വർഷങ്ങൾക്ക് ശേഷം വീണ്ടും കേൾക്കാനുള്ള അവസരം കൂടെയാണല്ലോ പലർക്കും.

അഷ്ടമൻ പിള്ളയുടെ ശബ്ദം വ്യത്യസ്തമാണല്ലോ. സ്ഥിരം കേൾക്കുന്ന ശബ്ദങ്ങൾ പോലെയേ അല്ല. ഇത് സത്യത്തിൽ സിനിമാ മേഖലയിൽ ഒരു ​ഗുണമാണോ ദോഷമാണോ?

ഇങ്ങനെയൊരു വോയിസ് ഉള്ളതുകൊണ്ടാണല്ലോ എനിക്ക് ഇപ്പോഴെങ്കിലും ചാൻസ് കിട്ടിയത്. മെലോഡിക് വോയിസ് ആണെങ്കിൽ കേരളത്തിൽ ഇഷ്ടംപോലെ ​ഗായകരുണ്ട്. പക്ഷേ, വ്യത്യസ്തത ആ​ഗ്രഹിക്കുന്നവർ നമ്മളെ തേടി വരും. ഒരുപക്ഷേ ഇതുവരെ സിനിമയിൽ പാടാൻ അവസരം കിട്ടാത്തത് അതിനുള്ള സമയം ആയിട്ടുണ്ടാകില്ല എന്നത് കൊണ്ടായിരിക്കും.

ഒരു പ്രൊഫഷണൽ ​ഗായകനെ സംബന്ധിച്ച് സിനിമാ മ്യൂസിക് എത്രമാത്രം പ്രധാനപ്പെട്ടതാണ്?

ഞാൻ 30 കൊല്ലത്തിന് മുകളിലായി ​ഗാനമേള, കച്ചേരികൾ ചെയ്യുന്നുണ്ട്. ആകാശവാണിയിൽ എ ​ഗ്രേഡ് കച്ചേരി ആർട്ടിസ്റ്റുമാണ്. പക്ഷേ, ഞാൻ അത് പാടുമ്പോൾ എനിക്ക് ഒരു സിനിമാ​ഗാനത്തിന് കിട്ടുന്നതിന്റെ നാലിലൊന്ന് കേൾവിക്കാരെ മാത്രമേ കിട്ടൂ. ഭയങ്കരമായ ഒരു കീർത്തനം പാടുന്നത് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്ന ശ്രദ്ധ കിട്ടില്ല. നിങ്ങൾ 2000 സ്റ്റേജ് പരിപാടികൾ ചെയ്താലും ആളുകൾ മറന്നുപോകും. പക്ഷേ, സിനിമയിൽ ഒരു പാട്ട് പാടിയാൽ എല്ലാക്കാലത്തും നിങ്ങളെ ആളുകൾ ഓർക്കും. കാരണം ജനങ്ങൾ ഏറ്റെടുക്കുന്ന കാര്യങ്ങൾ ചെയ്താലെ ഭാവി തുറന്നുകിട്ടൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

(അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍. വ്യക്തതയ്ക്ക് വേണ്ടി സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്.)

 

click me!