നദികളിൽ സുന്ദരി യമുന: എല്ലാവരും ചോദിക്കുന്നു, പ്ര​ഗ്യ ന​ഗ്ര മലയാളിയാണോ?

By Web TeamFirst Published Sep 25, 2023, 11:14 AM IST
Highlights

ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടപ്പോൾ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ഹോളിവുഡ് റോംകോം 'നോട്ടിങ് ഹില്ലി'ലെ ഡയലോ​ഗാണ് പ്ര​ഗ്യയുടെ മറുപടി: "അയഥാർത്ഥ്യം, പക്ഷേ, സുഖമുള്ളത്." പ്ര​ഗ്യ ന​ഗ്ര സംസാരിക്കുന്നു.

മലയാളത്തിലെ തന്റെ അരങ്ങേറ്റ ചിത്രം 'നദികളിൽ സുന്ദരി യമുന' നടി പ്ര​ഗ്യ ന​ഗ്ര ഇതിനോടകം തന്നെ ഏഴ് തവണ കണ്ടുകഴിഞ്ഞു. ജമ്മുവിൽ ജനിച്ച്, നാലു വർഷമായി ചെന്നൈയിൽ ജീവിക്കുന്ന പ്ര​ഗ്യക്ക് മലയാളം മുഴുവനായും പിടിയില്ല. ആർമി ഉദ്യോ​ഗസ്ഥനായ അച്ഛനും മറ്റു കുടുംബാം​ഗങ്ങൾക്കും മലയാളം അറിയില്ല. പക്ഷേ, തീയേറ്ററിൽ തന്റെ പ്രകടനത്തിന് കിട്ടുന്ന പ്രേക്ഷകരുടെ കൈയ്യടിയും ചിരിയും പ്രശംസയും പൂർണ്ണമായും പ്ര​ഗ്യ ന​ഗ്ര ആസ്വദിക്കുകയാണ്. 

ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടപ്പോൾ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ഹോളിവുഡ് റോംകോം 'നോട്ടിങ് ഹില്ലി'ലെ ഡയലോ​ഗാണ് പ്ര​ഗ്യയുടെ മറുപടി: "അയഥാർത്ഥ്യം, പക്ഷേ, സുഖമുള്ളത്." പ്ര​ഗ്യ ന​ഗ്ര സംസാരിക്കുന്നു.

പ്ര​ഗ്യയുടെ ആദ്യ മലയാള സിനിമയാണല്ലോ 'നദികളിൽ സുന്ദരി യമുന'. ഈ വേഷം തെരഞ്ഞെടുക്കുന്നതിന് മുൻപ് മലയാള സിനിമയെക്കുറിച്ച് എത്രമാത്രം പ്ര​ഗ്യക്ക് അറിയാമായിരുന്നു?

ഞാൻ മലയാളം സിനിമകൾ കണ്ടുതുടങ്ങിയിട്ട് അധികമായില്ല. സത്യം പറഞ്ഞാൽ ഞാൻ ആദ്യം കണ്ട മലയാളം സിനിമ 'പ്രേമം' ആണ്. ഒ.ടി.ടിയിൽ ആണ് സിനിമ കണ്ടത്. ഇപ്പോൾ ഞാൻ എല്ലാവരുടെയും സിനിമകൾ കാണാറുണ്ട്... മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ...

പ്ര​ഗ്യ എങ്ങനെയാണ് സിനിമയിലേക്ക് വന്നത്?

എന്റെ അച്ഛൻ ആർമി ഉദ്യോ​ഗസ്ഥനാണ്. അദ്ദേഹം കുറെക്കാലം ചെന്നൈയിലായിരുന്നു ജോലി ചെയ്തിരുന്നത്. ചെന്നൈയിൽ താമസിച്ചിരുന്ന സമയത്ത് എനിക്ക് അഭിനയിക്കാൻ ചില ഓഫറുകൾ വന്നിരുന്നു. പക്ഷേ, എനിക്കും അച്ഛനെപ്പോലെ സൈന്യത്തിൽ ചേരാനായിരുന്നു താൽപര്യം. എൻ.സി.സിയിൽ ഒക്കെ സജീവമായിരുന്നു. ദേശീയതലത്തിൽ ഷൂട്ടിങ് മത്സരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. ആ ഷൂട്ടിങ്ങിൽ നിന്ന് ഇപ്പോൾ ഈ ഷൂട്ടിങ്ങിലെത്തി. ആദ്യം കുറച്ച് പരസ്യങ്ങൾ ചെയ്തു. കൊറോണ കഴിഞ്ഞ് തമിഴിൽ ജീവയ്ക്ക് ഒപ്പം ഒരു റോൾ കിട്ടി. ആതാണ് ആദ്യ സിനിമ.

'നദികളിൽ സുന്ദരി യമുന'യിലെ വേഷം എങ്ങനെയാണ് ലഭിച്ചത്?

തമിഴിലെ ഒരു അസോസിയേറ്റ് ഡയറക്ടറാണ് എന്നെ ഈ വേഷത്തിലേക്ക് റഫർ ചെയ്തത്. ഇത് കന്നഡ സംസാരിക്കുന്ന വേഷമാണെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ പറ‍ഞ്ഞു, എനിക്ക് കന്ന‍ഡ സംസാരിക്കാൻ അറിയില്ല. തർജ്ജമ ചെയ്യാൻ ആളുണ്ടെങ്കിൽ ഞാൻ റെഡിയാണെന്ന് പറഞ്ഞു. ഞാൻ വേ​ഗത്തിലാണ് തമിഴ് പഠിച്ചത്. ഭാഷ വലിയ പ്രശനമല്ല. എന്തായാലും തർജ്ജമ ചെയ്യാൻ ആളില്ലായിരുന്നു. അതുകൊണ്ട് തമിഴിലാണ് ഞാൻ ഓഡിഷൻ ചെയ്തത്. അത് സംവിധായകർക്ക് ഇഷ്ടപ്പെട്ടു. ഏതാണ്ട് 30-ൽ അധികം കന്നഡ സംസാരിക്കുന്ന നടിമാർ ഓഡിഷനിൽ പങ്കെടുത്തിരുന്നു. പക്ഷേ, എനിക്കാണ് അവസരം കിട്ടിയത്. ഞാൻ ഈ വേഷത്തോട് നീതിപുലർത്തി എന്ന് തന്നെയാണ് കരുതുന്നത്.

പ്ര​ഗ്യ മലയാളിയാണോ എന്ന് ഒരുപാട് ആളുകൾ കമന്റ് ചെയ്യുന്നുണ്ടല്ലോ...

എന്റെ അച്ഛനും അമ്മയും ഞാൻ ചെറുതായിരിക്കുമ്പോഴെ പറയും, നിനക്ക് ഒരു സൗത്ത് ഇന്ത്യൻ മുഖമാണെന്ന്. അന്ന് അത് ഒരു കളിയാക്കൽ പോലെയാണ് തോന്നിയിരുന്നത്. ഞാൻ ജനിച്ചുവളർന്ന സാഹചര്യം വളരെ വ്യത്യസ്തമായിരുന്നു. ആളുകൾക്ക് ഇടയിൽ പലതരം വേർതിരിവ് ഉണ്ടായിരുന്നു. ഞാൻ വളർന്നു വലുതായതിന് ശേഷമാണ് സ്വയം ഉൾക്കൊള്ളാനുള്ള അവസരം കിട്ടിയത്. എനിക്ക് സൗത്ത് ഇന്ത്യയാണ് ഇഷ്ടം. എന്നെ ആളുകൾ സ്വീകരിച്ചു. മലയാളത്തിൽ കൂടുതൽ അവസരങ്ങൾ കിട്ടിയാൽ തീർച്ചയായും ഞാൻ ഇവിടെ തുടരും.

(അഭിമുഖത്തിന്റെ പ്രസക്തഭാ​ഗങ്ങൾ. വ്യക്തയ്ക്ക് വേണ്ടി സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്.)
 

click me!