ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പ്രേമവതി...' ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്.
പ്രേക്ഷകരുടെ മനസ്സ് കവരാൻ 'അതിഭീകര കാമുകൻ' എത്തുന്നു. മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയരായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബർ പതിനാലിന് തീയേറ്ററുകളിൽ എത്തുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുജയ് മോഹൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനായി മനസ്സ് തുറക്കുകയാണ്.
എന്താണ് അതിഭീകര കാമുകൻ എന്ന് ചിത്രത്തിന് പേരിടാൻ കാരണം? ഇതിലെ കാമുകൻ കുറച്ച് ഭീകരൻ ആണോ?
ചിത്രത്തിൽ പ്രണയമാണ് പറയുന്നത്. ഒരു അതിഭീകര പ്രണയം. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ഒരു കാമുകനെ പ്രേക്ഷകർക്ക് ചിത്രത്തിൽ കാണാം. പ്രണയം ശരിക്കും ഒരു ഭീകരമായ അവസ്ഥയാണ്. അത് തുറന്ന് കാട്ടുകയാണ് ചിത്രത്തിലൂടെ ചെയ്യുന്നത്.
ഏതൊരു പെൺകുട്ടിയും കൊതിക്കും ഇങ്ങനെയൊരു കാമുകനെ എന്ന് കേട്ടിരുന്നു. എന്താണ് അങ്ങനെ പറയാനുള്ള കാരണം?
എല്ലാ കാലത്തും പ്രണയമുണ്ട്. എല്ലാ പ്രണയങ്ങളിലും പെൺകുട്ടികൾ പ്രതീക്ഷിക്കുന്നൊരു കാമുകൻ ഉണ്ട്. തന്നെ വളരെയധികം സ്നേഹിക്കുന്ന ഒരു കാമുകനെയാവും അവർ ആഗ്രഹിക്കുക. ഈ സിനിമയിലെ കാമുകൻ തന്റെ പ്രണയം എങ്ങനെയെല്ലാമാണ് തുറന്ന് കാട്ടുന്നത് എന്ന് പ്രേക്ഷകർക്ക് കാണാം.
എങ്ങനെയാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റിംഗിലേയ്ക്ക് എത്തിയത്? ലുക്മാനെ മനസ്സിൽ കണ്ടാണോ കഥ എഴുതിയത് ?
ഇത് എന്റെ രണ്ടാമത്തെ ചിത്രമാണ്. കൊറോണ ധവാനാണ് ആദ്യത്തെ ചിത്രം. ലുക്മാൻ ആ ചിത്രത്തിൽ അഭിനയിച്ചു എന്നതുകൊണ്ടല്ല അദ്ദേഹത്തെ ഈ ചിത്രത്തിന്റെ നായകനായി തെരഞ്ഞെടുത്തത്. ഇന്ന് മലയാള സിനിമയിൽ ഈ ചിത്രത്തിലെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ മുഖം ലുക്മാൻ മാത്രമാണ്. കഥാപാത്രത്തിന് അനുയോജ്യമായ മുഖം, മാനറിസം എല്ലാം ലുക്മാന് ആയിരുന്നു. പിന്നെ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു നടൻ കൂടി ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തമിഴിലെ ശിവകാർത്തികേയൻ, ധനുഷ് ഇവരെയൊക്കെ പോലെ ഫീച്ചേഴ്സ് ഉള്ള ഒരാൾ വേണമെന്ന് ഉണ്ടായിരുന്നു. അങ്ങനെയാണ് ലുക്മാനിലേയ്ക്ക് എത്തുന്നത്.
ദൃശ്യയെ നായികയാക്കി തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
ദൃശ്യ ഹാപ്പി വെഡിങ്ങിൽ ചെയ്ത ക്യാരക്റ്റര്‍ എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഭയങ്കര ചാം ഉള്ള നടിയാണ് ദൃശ്യ. അതിന് ശേഷം ദൃശ്യ വലിയൊരു ബ്രേക്ക് എടുത്തിരുന്നു. സത്യത്തിൽ ദൃശ്യയെ അല്ല ഞങ്ങൾ ആദ്യം മനസ്സിൽ കണ്ടത്. പുതിയൊരു ഫേസ് ആണ്. പക്ഷെ ഡിസ്കഷന്റെ ഇടയ്ക്ക് ദൃശ്യയുടെ പേര് കടന്നുവരികയായിരുന്നു. ദൃശ്യയുടെ ഒരു കം ബാക്ക് കൂടിയാണ് ഈ പടം. സിനിമയുടെ പാട്ടുകൾ ഒക്കെ റിലീസ് ആയപ്പോൾ ഒരുപാട് പേർ ചോദിക്കുകയുണ്ടായി എവിടെയായിരുന്നു ഈ നടി എന്ന്. ആളുകൾക്ക് ഇഷ്ട്ടമുള്ള ഒരു നടിയെ വീണ്ടും സ്ക്രീനിലേക്ക് കൊണ്ടുവരാൻ കൂടി കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.
പ്രണയം എന്നുള്ള തീം തന്നെ സിനിമയ്ക്ക് വേണ്ടി തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
എല്ലാവരുടെ മനസ്സിലും പ്രണയം ഉണ്ട്. എല്ലാ കാലത്തും പ്രണയം ഉണ്ട്. നമ്മുടെ ഇൻഡസ്ട്രിയുടെ ഒരു ചരിത്രം എടുത്ത് നോക്കിക്കഴിഞ്ഞാൽ എല്ലാ കാലത്തും പ്രണയസിനിമകൾ വരാറുണ്ട്. അനിയത്തിപ്രാവ് മുതൽ പ്രേമം, ഹൃദയം, തട്ടത്തിൻ മറയത്ത് അങ്ങനെ ഒരുപാട്. പ്രണയ സിനിമകൾ ജനങ്ങൾ സ്വീകരിക്കാറുമുണ്ട്. മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷയിലും പ്രണയസിനിമകൾ വരാറുണ്ട്. പിന്നെ എല്ലാവരും പറയും പ്രണയം ഭയങ്കര ക്രിഞ്ച് ആണെന്ന്, ക്‌ളീഷേ ടെംപ്ലേറ്റ് ആണെന്ന്. പക്ഷെ ഞാൻ അതിൽ വിശ്വസിക്കുന്നില്ല. പ്രണയം എല്ലായിടത്തും ഒരുപോലെത്തന്നെയാണ്. പ്രണയിക്കുന്നവർക്കിടയിൽ നടക്കുന്ന ഇമോഷനുകളുടെ വേരിയേഷനുകളും അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളുമൊക്കെയേ വ്യത്യാസമായിട്ടുള്ളു.
പിന്നെ അതിഭീകര കാമുകൻ എന്ന് വെച്ചാൽ എല്ലാവരും കരുതും ഇതൊരു ക്യാമ്പസ് ചിത്രം മാത്രമാണെന്ന്. എന്നാൽ അല്ല . ഇതൊരു പക്കാ ഫാമിലി ഫിലിം ആണ്. അത് തീയേറ്ററിൽ വരുന്ന പ്രേക്ഷകർക്ക് ഉറപ്പായും ഫീൽ ചെയ്യും. ഫാമിലി ചിത്രം ഏറ്റെടുക്കും എന്ന് തന്നെയാണ് വിശ്വാസം.
എത്ര സമയമെടുത്തു ഈ സ്ക്രിപ്റ്റ് പൂർത്തിയാക്കാൻ?
സത്യം പറയാലോ... 2013 ൽ ഇതിന്റെ സ്ക്രിപ്റ്റ് പൂർത്തിയായതാണ്. 12 വര്‍ഷത്തിനിപ്പുറമാണ് സിനിമ സംഭവിക്കുന്നത്. അന്ന് ഞങ്ങൾ ഒരുപാട് പേരുടെ പുറകെ കഥ പറയാനായിട്ടും, അഭിനേതാക്കളെ തേടിയും ഒക്കെ നടന്നിട്ടുണ്ട്. എന്നാൽ അന്ന് അതൊന്നും ശരിയായില്ല. പ്രതീക്ഷിച്ചവരൊന്നും തയ്യാറായില്ല. പിന്നീട് ഇത്ര വർഷക്കാലത്തിനപ്പുറം ഈ സിനിമ സംഭവിക്കുമ്പോൾ വളരെ എക്സൈറ്റഡ് ആണ്, അഭിമാനമുണ്ട്.
പിന്നെ ഈ സിനിമയിൽ കാണിക്കുന്ന പ്രണയം നടക്കുന്നത് 2013 - 14 കാലഘട്ടത്തിലാണ്. ഒരുപാട് മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഒന്നും അങ്ങനെ അവൈലബിൾ ആവാതിരുന്ന കാലം, സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലം. ഇന്നിപ്പോ നെറ്റ് കഴിഞ്ഞ് വീണ്ടും നമ്മൾ ഡാറ്റ ആഡ് ചെയ്യുന്ന കാലമാണ്. ഞാൻ വിശ്വസിക്കുന്നത് അന്നത്തെ പ്രണയത്തിനായിരുന്നു കുറച്ചുകൂടി സത്യസന്ധത ഉള്ളത് എന്നാണ്. നമ്മളിൽ ഒരുപാട് പേർക്ക് ചിത്രത്തെ റിലേറ്റ് ചെയ്യാന്‍ സാധിക്കും. നമ്മളെല്ലാം ഒരിക്കലെങ്കിലും പ്രണയിച്ചവരായിരിക്കും. 'ടൂ വേ' പ്രണയം എല്ലാവർക്കും ഇല്ലെങ്കിലും 'വൺ വേ' പ്രണയം എല്ലാവർക്കും ഉറപ്പായും ഉണ്ടായിട്ടുണ്ടാകും.
സുജയ്, വളരെ സ്നേഹത്തോടെ ചോദിക്കട്ടെ, ആരോടെങ്കിലും പ്രണയം തുറന്ന് പറയാതെ പോയിട്ടുണ്ടോ ?
ഉറപ്പായിട്ടും ഉണ്ട്. ഞാൻ ഭയങ്കര ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു. എനിക്ക് പ്രണയം ഉണ്ടായിരുന്നു. തുറന്ന് പറയാൻ പറ്റാതെ പോയിട്ടുണ്ട്. ഇപ്പൊ ആലോചിക്കുമ്പോൾ തോന്നാറുണ്ട് എന്തിനാണ് അങ്ങനെ പേടിച്ചതെന്ന്. പിന്നെ എനിക്ക് തോന്നുന്നു അന്ന് ഞാൻ മാത്രമല്ല ഒരുപാടുപേർ എങ്ങനെയായിരിക്കും. പിന്നെ എന്റെ ലൈഫിൽ ഉള്ള കുറച്ച് എലമെന്റ്സ് കൂടി ഈ സിനിമയിൽ ഉണ്ട്.
എവിടെയാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത് ?
പ്രധാനമായും പാലക്കാട് ആണ്. പാലക്കാടിന്റെ ഒരു ഭംഗി വേറെ തന്നെയാണ്. ചിറ്റൂരിലാണ് ഭൂരിഭാഗം ചിത്രീകരണവും നടത്തിയിട്ടുള്ളത്. സിനിമയിലെ നായകനും നായകന്റെ അമ്മയുമെല്ലാം ഒരു നാട്ടിൻപുറത്തെ സ്നേഹം മനസ്സിൽ കാത്തുസൂക്ഷിക്കുന്നവരാണ്. ഇപ്പോൾ കണ്ടുവരുന്ന ചിത്രങ്ങളിലെ പ്രണയമെല്ലാം ഹൈടെക്ക് സിറ്റികളിലാണ്. അപ്പോൾ ഞങ്ങൾ ആദ്യമേ പ്ലാൻ ചെയ്തിരുന്നു നമ്മുടെ കഥ നടക്കുന്നത് ഒരു നാട്ടിൻപുറത്ത് ആയിരിക്കണമെന്ന്. ഇതൊരു സാധാരണക്കാരന്റെ പ്രേമമാണ്. അത് നന്നായി ചെയ്‌തെന്ന് വിശ്വസിക്കുന്നു.
എങ്ങനെയാണ് ചിത്രത്തിലെ പാട്ടുകളൊക്കെ ചിട്ടപ്പെടുത്തിയത്? 'പ്രേമവതി....' എന്ന് തുടങ്ങുന്ന പാട്ട് വൻ ഹിറ്റാണ് ഇപ്പോൾ തന്നെ.
ഈ ചിത്രത്തിൽ എട്ട് പാട്ടുകളാണുള്ളത്. എല്ലാം നന്നായി ചെയ്യണമെന്ന് ആദ്യമേ പ്ലാൻ ചെയ്തിരുന്നു. ബിബിൻ അശോക് ആണ് മ്യൂസിക് ഡയറക്ടർ. അദ്ദേഹം നന്നായി ചെയ്തു വെച്ചിട്ടുണ്ട്. പിന്നെ പ്രേമവതി, ഡെലുലു...എന്നീ പാട്ടുകൾ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഒരു പ്രോമോ വീഡിയോയ്ക്ക് വേണ്ടിയൊക്കെ ഇടുകയുണ്ടായി. അതൊരു വലിയ ഷോ ആണ്. ഉറപ്പായും ആളുകളെല്ലാം ആ പാട്ടുകൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ഞങ്ങളെപോലെയുള്ള തുടക്കക്കാർക്ക് അതൊക്കെ വലിയ സന്തോഷമാണ്. ബിഗ് ബോസിനോട് അതുകൊണ്ടുതന്നെ വലിയൊരു നന്ദിയുണ്ട്.
സിനിമ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
സത്യത്തിൽ ഇപ്പോൾ സിനിമയുടെ ട്രെൻഡ് ഒക്കെ മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും കോവിഡിന് ശേഷം. ആളുകൾക്കിടയിലേയ്ക്ക് ഒരു പ്രണയം അവതരിപ്പിക്കുന്നതിന്റെ ഒരു ടെൻഷൻ സത്യത്തിൽ ഞങ്ങൾക്ക് ഉണ്ട്. എങ്കിലും പ്രേക്ഷകർ ഇത് ഏറ്റെടുക്കുമെന്നാണ് വിശ്വാസം. ഞാൻ നേരത്തെ പറഞ്ഞപോലെ ഒരിക്കല്‍ ലൈഫിൽ പ്രണയിച്ച എല്ലാവർക്കും ഇത് കണക്ട് ആവും. പിന്നെ സിനിമയിലൊരു സർപ്രൈസ് എലമെന്റ് ഞങ്ങൾ വെച്ചിട്ടുണ്ട്. അതിപ്പോൾ പറയുന്നില്ല. പ്രേക്ഷകർക്ക് തീയേറ്ററിൽ ഉറപ്പായും അത് എക്സ്പീരിയൻസ് ചെയ്യാം.
പിന്നെ 'കൊറോണ ധവാൻ' ഞാൻ സി സി നിധിൻ ( സംവിധായകൻ ) നിർബന്ധിച്ചതിനെ തുടർന്ന് എഴുതിയതാണ്. എന്നാൽ ഈ പടം അങ്ങനെയല്ല. കുറേ നാളായിട്ട് ആഗ്രഹിച്ച് എഴുതിയതാണ്. അതുകൊണ്ട് തന്നെ ഇതിനോട് ഒരു പ്രത്യേക അടുപ്പം ഉണ്ട്. എന്റെ എവിടെയോ ഒരു പ്രണയം പോലെ എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ 12 വർഷത്തിന് ശേഷം ഞങ്ങളുടെ സിനിമ തീയേറ്ററിൽ വരുമ്പോൾ കിട്ടുന്നൊരു കിക്ക്, അത് ജനങ്ങൾ എങ്ങനെ എടുക്കുമെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാം ഉണ്ട്. കാത്തിരിക്കുകയാണ് പ്രേക്ഷകരുടെ പ്രതികരണമറിയാൻ.
