പ്രണയത്തിനപ്പുറം 'ഇഷ്കി'ന് ചിലത് പറയാനുണ്ട്: അനുരാജ് മനോഹര്‍ സംസാരിക്കുന്നു

By Reshma VijayanFirst Published May 15, 2019, 6:04 PM IST
Highlights

പ്രണയത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയാണ് 'ഇഷ്ക്'. എന്നാല്‍ പ്രണയത്തിനപ്പുറത്തേക്ക് ചര്‍ച്ച ചെയ്യുന്ന ചില കാര്യങ്ങളാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

വ്യത്യസ്തതയുള്ള  പ്രമേയങ്ങള്‍ എന്നും  നിറകൈയ്യടികളോടെ സ്വീകരിച്ചിട്ടുള്ള മലയാളി പ്രേക്ഷകർക്ക് മുമ്പിലേക്ക് പ്രണയത്തില്‍ ചാലിച്ച പുതുമയുള്ള ആശയവുമായി എത്തുന്ന ചിത്രമാണ് 'ഇഷ്‌ക്'. എട്ടു വർഷം സഹസംവിധായകനായി പ്രവർത്തിച്ചതിന്റെ  അനുഭവ സമ്പത്ത് കരുത്താക്കിയ അനുരാജ് മനോഹര്‍ ഒരുക്കുന്ന ആദ്യ ചിത്രം 'ഇഷ്‌ക്' വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജോലി ഉപേക്ഷിച്ച് സിനിമയ്ക്കായി തുടങ്ങിയ യാത്ര ആദ്യ ചിത്രത്തില്‍ എത്തി നിൽക്കുമ്പോള്‍ പ്രണയത്തിനപ്പുറം 'ഇഷ്കി'ന് പറയാനുള്ളതിനെക്കുറിച്ച് സംവിധായകൻ അനുരാജ് മനോഹർ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓൺലൈനോട്‌ സംസാരിക്കുന്നു.

ഇഷ്കിൽ പ്രണയമില്ലേ...? 

'ഇഷ്‌ക്'- നോട്ട് എ ലവ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. പ്രണയം മാത്രം പറയുന്ന ചിത്രമല്ല ഇഷ്‌ക്. പ്രണയത്തിന്റെ പശ്ചത്തലത്തിൽ പ്രസക്തമായ ഒരു സാമൂഹിക പ്രശ്നം കൂടി സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രണയത്തിനിടയിൽ വരുന്ന ഈഗോയും പോസ്സസ്സിവനസും വിരഹവുമൊക്കെ ഇന്നത്തെ സാമൂഹിക സാഹചര്യം കൂടി കണക്കിലെടുത്ത് ആവിഷ്കരിക്കുന്ന സിനിമയാണിത്. അതുകൊണ്ട് തന്നെ ഇഷ്‌ക് ഒരു മുഴുനീള പ്രണയചിത്രമല്ല. എന്നാൽ പ്രണയം പശ്ചത്തലമാകുന്ന സിനിമയാണ്.

സച്ചിയും വസുധയും ഇഷ്‌കും...

 കൊച്ചി പനമ്പള്ളി നഗറിൽ താമസിക്കുന്ന ഐ ടി പ്രൊഫഷണലായ സച്ചി എന്ന സച്ചിദാനന്ദനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കൊച്ചിയിലെ പരിചിതമായ ചുറ്റുപാടിൽ ജീവിക്കുന്ന ചെറുപ്പക്കാരനാണ് സച്ചി. കോട്ടയം സി എം എസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് നായികാ കഥാപാത്രമായ വസുധ. ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന സച്ചിയുടെയും വസുധയുടെയും പ്രണയത്തിലൂടെയാണ് ചിത്രം മുമ്പോട്ട് പോകുന്നത്. ഇവർ ഒരുമിച്ച് നടത്തുന്ന ഒരു യാത്രയിലാണ് സിനിമ ആരംഭിക്കുന്നത്. നായരമ്പലത്ത് താമസിക്കുന്ന ആൽവിന്‍-മരിയ ദമ്പതികളാണ് ചിത്രത്തിലെ മറ്റു രണ്ട്  പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍. ഷൈൻ ടോം ചാക്കോയും ലിയോണയുമാണ് ഈ വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കിയും 'ഇഷ്‌കി'ൽ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൊച്ചിയിലെ വളരെ സാധാരണക്കാരായ ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. 

ഫഹദിന് പകരം ഷെയ്ന്‍..

'ഇഷ്‌കി'ലെ നായകനായി ആദ്യം തീരുമാനിച്ചത് ഫഹദ് ഫാസിലിനെ ആയിരുന്നു. ചിത്രം ഫഹദ് തന്നെ നിർമിക്കാമെന്ന് തീരുമാനിച്ചതുമാണ്. കഥ ഇഷ്ടപ്പെട്ട ശേഷം ഫഹദ് അഡ്വാൻസും വാങ്ങിയിരുന്നു.  എന്നാല്‍ പിന്നീട് ചില കാരണങ്ങൾ കൊണ്ട് അദ്ദേഹം പിന്മാറി. അതിനു ശേഷമാണ് ഷെയ്നിലേക്ക്  എത്തുന്നത്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ സിനിമ ചെയ്യാമെന്ന് ഷെയ്ന്‍ സമ്മതിച്ചു. തുടർന്ന് ഒരു വർഷം സിനിമയുടെ ഭാഗമായി ഞങ്ങളുടെ ടീമിന്‍റെയൊപ്പം ഷെയ്ന്‍ ഉണ്ടായിരുന്നു. മറ്റു സിനിമകളുടെ തിരക്കിനിടയിലും ഷെയ്ന്‍ സമയം കണ്ടെത്തി ഫ്ലാറ്റിൽ വന്ന് ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിർദേശങ്ങൾ പറയുന്നതിനൊപ്പം സിനിമയുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാനുള്ള മനസ്സും ഷെയ്ന്‍റെ പ്രത്യേകതയാണ്. അത്തരത്തിൽ ഒരു ടീം വർക്കിന്റെ ഫലം സിനിമയിൽ പ്രേക്ഷർക്ക് കാണാൻ സാധിക്കും.

ആൻ ശീതൾ വസുധയായപ്പോൾ...

സിനിമയുടെ ചിത്രീകരണത്തിന് മുന്പ് പ്രത്യേകിച്ച് ട്രെയിനിങ്ങോ ക്യാമ്പുകളോ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഒട്ടുമിക്ക ദിവസങ്ങളിലും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തിയിരുന്നു. അങ്ങനെ ഒരു ചർച്ചയിലാണ് നായികാ കഥാപാത്രം പുതുമുഖം മതിയെന്ന തീരുമാനത്തിലെത്തിയത്. പുതുമുഖ നായികയെ കണ്ടെത്താനായി നടത്തിയ ഓഡിഷനില്‍ നിരവധി പേര്‍ പങ്കെടുത്തു.  അവരില്‍ 40 പേരെയാണ് ഷോർട് ലിസ്റ്റ് ചെയ്തത്.  അതിലൊരാൾ ആൻ ശീതൾ ആയിരുന്നു. എസ്ര എന്ന സിനിമയിൽ ആനിന്റെ അഭിനയം കൂടി കണക്കിലെടുത്തപ്പോൾ വസുധയായി ആൻ മതി എന്ന് ഉറപ്പിച്ചു.

സച്ചിയും ഷെയ്നും... 

ഷെയ്ന്‍ നിഗം അഭിനയിച്ച കഥാപാത്രങ്ങളില്‍ കൂടുതലും പ്രായത്തേക്കാള്‍ പക്വതയുള്ളവയായിരുന്നു. 'കുമ്പളങ്ങി നൈറ്റ്സി'ന് ശേഷം ഇഷ്ക് എത്തുന്നതുകൊണ്ട്  കുമ്പളങ്ങിയിലെ പ്രണയനായകന്റെ തുടർച്ചയായി 'ഇഷ്‌കി'ലെ സച്ചിദാനന്ദനെ വിലയിരുത്താൻ സാധിക്കില്ല. ഏകദേശം 24 വയസ്സുള്ള കഥാപാത്രമാണ് സച്ചി. ഷെയ്ന്‍റെ  അതേ ഏജ് ഗ്രൂപ്പിൽപ്പെടുന്ന കഥാപാത്രമായതിനാല്‍ തന്നെ ഷെയ്നും  സച്ചിയും  തമ്മിൽ സാമ്യമുണ്ട്. സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും സച്ചിദാനന്ദൻ എന്ന കഥാപാത്രത്തിലാണ്. ഏകദേശം രണ്ടര വർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കൊച്ചിയും കോട്ടയവും ആയിരുന്നു പ്രധാന ലൊക്കേഷനുകൾ.

സച്ചിക്ക് വേണ്ടി ഷെയ്ന്‍ ചെയ്തത്...

നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന നടനാണ് ഷെയിന്‍ നിഗം. ഇഷ്കിന് വേണ്ടി ഷെയ്ന്‍റെ ലുക്കില്‍ ചില മാറ്റങ്ങള്‍ വരുത്തി. പല്ലില്‍ കമ്പി ഇട്ടതും ക്ലീന്‍ ഷേവ് ചെയ്തതുമെല്ലാം കഥാപാത്രത്തിന്‍റെ നിഷ്കളങ്കമായ മുഖത്തിന് വേണ്ടിയാണ്. സച്ചിദാനന്ദനോട് ഷെയ്ന്‍ നീതി പുലര്‍ത്തിയിട്ടുണ്ട്. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കുന്ന ആക്ടറാണ് ഷെയ്ന്‍ നിഗം. കഴിഞ്ഞ ന്യൂ ഇയർ രാത്രി 12 മണിക്ക് ഷൂട്ടിങിനിടെ ഷെയ്ന്‍ ബോധംകെട്ട് വീണു. അങ്ങനെ ഈ ന്യൂ ഇയർ ഞങ്ങൾക്ക്‌ ആശുപത്രിയിൽ ആഘോഷിക്കേണ്ടി വന്നു. അത്തരത്തിലുള്ള സംഭവങ്ങളും ചിത്രീകരണത്തിനിടെ ഉണ്ടായിട്ടുണ്ട്. 

എട്ടു വർഷത്തിന് ശേഷം സ്വന്തം സിനിമ...

കണ്ണൂരിലെ ഉൾപ്രദേശമായ കൈതപ്രമാണ് എന്‍റെ സ്വദേശം. പണ്ട് മുതല്‍ സിനിമ തന്നെയായിരുന്നു സ്വപ്നം. ബി ഉണ്ണികൃഷ്ണൻറെ 'ത്രില്ലറി'ൽ അസിസ്റ്റന്‍റ് ആയിട്ട് ആണ് തുടക്കം. 'ത്രില്ലറി'ൽ 10 ദിവസം അപ്രന്റീസ് ആയിട്ടാണ്‌ നിന്നത്‌. പത്ത് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം വന്ന് എന്നോട് പൊക്കോളാന്‍ പറഞ്ഞു. എങ്കിലും എന്‍റെ ആഗ്രഹം മനസ്സിലായിട്ടാകണം എന്നോട് ഈ കഴിഞ്ഞ 10 ദിവസത്തെ ജീവിതം ഒരു പേപ്പറിൽ എഴുതി കൊണ്ടുവരാന്‍ പറഞ്ഞു. അങ്ങനെ ആ 10 ദിവസം ഏങ്ങനെയായിരുന്നു എന്ന്‌ ഞാൻ എഴുതി അദ്ദേഹത്തെ കാണിച്ചു. സാര്‍ അത് പൃഥ്വിരാജിനെ കാണിച്ചു. വായിച്ചു കഴിഞ്ഞപ്പോള്‍ ഇവന്‍ അവിടെ നില്‍ക്കട്ടെ എന്ന് പൃഥ്വിരാജ് പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്‍റെ  കൂടെ മറ്റു നാല് സിനിമകളിലും അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി, ശ്രീകാന്ത് മുരളി, ശ്യാംധര്‍ എന്നിവരോടൊപ്പവും അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.  സഹസംവിധായകനായി ജോലി ചെയ്യുന്ന കാലഘട്ടത്തിൽ നിരവധി സിനിമയുടെ കഥകൾ കേട്ടിരുന്നു. 'പുള്ളിക്കാരൻ സ്റ്റാറാ' എന്നാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇഷ്‌കിന്റെ കഥയുമായി രതീഷ് രവി എത്തിയത്. സിനിമയുടെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാണെന്ന് മനസ്സിലായി.  റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥ വന്നാല്‍ മാത്രമേ സ്വന്തമായി സിനിമ ചെയ്യൂ എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കഥ ഇഷ്ടപ്പെട്ടതോടെ ആദ്യ സിനിമ ഇഷ്‌ക് തന്നെ എന്ന് ഉറപ്പിച്ചു. അങ്ങനെ ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇഷ്‌കിന് തുടക്കമിട്ടു. 

ജോലി ഉപേക്ഷിച്ചതില്‍ കുറ്റബോധമില്ല...

പഠനം പൂർത്തിയാക്കി കൊച്ചിൻ ഷിപ്പ്യാര്‍ഡില്‍ ജോലിക്ക് കയറുമ്പോഴും സിനിമ തന്നെ ആയിരുന്നു മനസ്സിൽ. ഏഴ് മാസം മാത്രമേ ജോലി ചെയ്തുള്ളൂ. പിന്നീട്  രാജി വച്ച് സിനിമ എന്ന ലക്ഷ്യത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചു. സിനിമയോടുള്ള തീവ്രമായ ആഗ്രഹം ജോലിയെ ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് ജോലി ഉപേക്ഷിച്ചത്. എന്നാല്‍ അതിലെനിക്ക് കുറ്റബോധമില്ല. സിനിമയായിരുന്നു അന്നും ഇന്നും എന്‍റെ ലക്ഷ്യം. 

പ്രൊഫഷണല്‍ അല്ല, പ്രാക്റ്റിക്കലാണ്...

സംവിധാനം ഒരിക്കലും പ്രൊഫഷണലായി പഠിച്ചിട്ടില്ല.  പ്രാക്ടിക്കലായുള്ള അറിവാണ് എന്‍റെ സിനിമാപരിചയം. സ്വതന്ത്ര സംവിധായകനായപ്പോള്‍ പ്രൊഫണലായി പഠിക്കാത്തതിന്‍റെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല. അല്ലെങ്കിലും സിനിമ പോലൊരു മാധ്യമത്തിന് വേണ്ടത് അനുഭവ സമ്പത്താണ്. ചിത്രത്തിന് വേണ്ടി കഴിവിന്‍റെ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. അതിനെ വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. 

മരം ചുറ്റി പ്രേമകഥയല്ല!...

സാധാരണ ഒരു പ്രണയചിത്രമായി മാത്രം 'ഇഷ്കി'നെ വിലയിരുത്തരുത്. അതിനുമപ്പുറം ചിത്രം ചര്‍ച്ച ചെയ്യുന്ന ചില സാമൂഹിക പ്രശ്നങ്ങളുണ്ട്. ഇന്നത്തെ കാലഘട്ടത്തില്‍ സമൂഹത്തില്‍ ജീവിക്കുന്ന കമിതാക്കള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ഒരു പ്രശ്നം സിനിമ വ്യക്തമാക്കുന്നു. ബഹുഭൂരിപക്ഷം അല്ലെങ്കിലും ഭൂരിപക്ഷം പ്രണയിതാക്കള്‍ക്കും ഈ ചിത്രത്തെ ജീവിതവുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഒരു സസ്പെന്‍സ് ഫാക്ടര്‍ സിനിമയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിലൂടെയാണ് ഒരു മരം ചുറ്റി പ്രേമത്തിന് അപ്പുറത്തേക്ക് 'ഇഷ്ക്' വളരുന്നത്. സസ്പെന്‍സ് എന്താണെന്നുള്ളത് ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ല. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും  നൊമ്പരത്തോടെ മാത്രമെ തിയേറ്റര്‍ വിടാന്‍ കഴിയുകയുള്ളൂ എന്ന കാര്യം ഉറപ്പാണ്. ചില ചോദ്യങ്ങള്‍ ചിത്രം അവശേഷിപ്പിക്കുന്നുണ്ട്. അത് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

 പാട്ടുകള്‍...

ജേക്ക്സ് ബിജോയിയാണ് ഇഷ്കിന്‍റെ സംഗീതസംവിധായകന്‍. രണ്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ തെന്നിന്ത്യന്‍ ഗായകന്‍ സിദ്ദ് ശ്രീറാം ആദ്യമായി പാടുന്ന മലയാള ഗാനവും ഇഷ്കിലേതാണ് എന്ന വലിയ പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ജേക്ക്സിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വര്‍ക്കുകളില്‍ ഒന്നാകും ഇഷ്ക്.

ജീവിതത്തിലെ 'ഇഷ്ക്'...

പ്രണയ വിവാഹമായിരുന്നു എന്‍റേത്. ഭാര്യ മാധ്യമ പ്രവര്‍ത്തകയാണ്. അവള്‍ മാധ്യമ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അന്നുമുതല്‍ ഇന്നുവരെ ഭാര്യ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. കരിയറിന്‍റെ വളര്‍ച്ചയ്ക്ക് അച്ഛനും അമ്മയും ഭാര്യയുമൊക്കെ നല്‍കിയ പിന്തുണയാണ് കരുത്തായത്. 


 

click me!