'കമ്മാരസംഭവത്തിന്റെ കലാസംവിധായകനായി മനു ജഗത്തിന്റെ പേര് വെക്കാനാവില്ല'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍

By Nirmal SudhakaranFirst Published Mar 11, 2019, 8:02 PM IST
Highlights

'ആദ്യമായി ഈ 40 ശതമാനത്തിന്റെ കണക്ക് എനിക്ക് മനസിലാവുന്നില്ല. ആകെ 24 ഷൂട്ടിംഗ് ദിനങ്ങളില്‍ മാത്രമേ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഇടയ്ക്ക് വച്ച് ജോലി അവസാനിപ്പിച്ച് പോയ ഒരാള്‍ക്ക് ആകെ വര്‍ക്കിന്റെ ഇത്ര ശതമാനം ഞാനാണ് ചെയ്തതെന്ന് എങ്ങനെയാണ് അവകാശപ്പെടാനാവുക?'

മികച്ച കലാസംവിധാനത്തിനുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 'കമ്മാരസംഭവ'ത്തിനായിരുന്നു. കലാസംവിധായകന്‍ വിനേഷ് ബംഗ്ലനാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ 'കമ്മാരസംഭവ'ത്തിലെ കലാസംവിധായകന്റെ കര്‍തൃത്വത്തെച്ചൊല്ലി ഒരു ആരോപണം ഉയര്‍ന്നിരുന്നു. പ്രശസ്ത കലാസംവിധായകന്‍ മനു ജഗത്താണ് ആരോപണവുമായി രംഗത്തെത്തിയത്. ചിത്രത്തിന്റെ 40 ശതമാനം കലാസംവിധാനവും താനാണ് നിര്‍വ്വഹിച്ചതെന്നും എന്നാല്‍ പേര് ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡിലേക്ക് ഒതുക്കിയെന്നുമായിരുന്നു മനു ജഗത്തിന്റെ ആരോപണം. ഈ ആരോപണത്തോട് ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് അമ്പാട്ട് ആദ്യമായി പ്രതികരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖം..

'കമ്മാരസംഭവ'ത്തിന്റെ കലാസംവിധാനത്തില്‍ 40 ശതമാനവും നിര്‍വ്വഹിച്ച തന്നെ താങ്ക്‌സ് കാര്‍ഡിലേക്ക് ഒതുക്കിയെന്നാണ് മനു ജഗത്തിന്റെ ആരോപണം?

ആദ്യമായി ഈ 40 ശതമാനത്തിന്റെ കണക്ക് എനിക്ക് മനസിലാവുന്നില്ല. ആകെ 24 ഷൂട്ടിംഗ് ദിനങ്ങളില്‍ മാത്രമേ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഇടയ്ക്ക് വച്ച് ജോലി അവസാനിപ്പിച്ച് പോയ ഒരാള്‍ക്ക് ആകെ വര്‍ക്കിന്റെ ഇത്ര ശതമാനം ഞാനാണ് ചെയ്തതെന്ന് എങ്ങനെയാണ് അവകാശപ്പെടാനാവുക? 2015 ഡിസംബറിലാണ് മനു ജഗത്തിന് അഡ്വാന്‍സ് കൊടുക്കുന്നത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായത് 2016 മാര്‍ച്ചിലും ചിത്രീകരണം തുടങ്ങിയത് ആ വര്‍ഷം ഓഗസ്റ്റ് 18നുമാണ്. 90 'ഷൂട്ടിംഗ് ദിനങ്ങളാ'ണ് കരാറില്‍ ഉണ്ടായിരുന്നത്. അതില്‍ 2016 ഡിസംബര്‍ വരെ 24 ഷൂട്ടിംഗ് ദിനങ്ങളിലേ മനു ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. 22 ഷെഡ്യൂളുകളിലായി ആകെ 154 ദിവസങ്ങള്‍ ഷൂട്ട് ചെയ്ത സിനിമയാണ് 'കമ്മാരസംഭവം'. അതില്‍ 130 ദിവസവും, അതായത് ആകെ ജോലിയുടെ 84 ശതമാനം പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വ്വഹിച്ചത് വിനേഷ് ബംഗ്ലനാണ്. സെന്‍ട്രല്‍ ജയില്‍, പവനഗുഡി കളക്ട്രേറ്റ്, യുദ്ധവിമാനങ്ങള്‍, മധുര റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി സിനിമയുടെ പ്രധാന വര്‍ക്കുകളെല്ലാം അദ്ദേഹം തന്നെയാണ് ചെയ്തിരിക്കുന്നത്. 24 ദിവസം മാത്രം വര്‍ക്ക് ചെയ്ത്, പ്രൊഡക്ഷനുമായി ഒത്തുപോകാതെ സ്വയം ഒഴിഞ്ഞുപോയ മനു ജഗത്തിനാണോ അതോ 130 ദിവസം ഞങ്ങള്‍ക്ക് തൃപ്തികരമായി ഒപ്പംനിന്ന് പ്രവര്‍ത്തിച്ച വിനേഷ് ബംഗ്ലനാണോ ഞങ്ങള്‍ ടൈറ്റിലില്‍ ക്രെഡിറ്റ് കൊടുക്കേണ്ടത്?

പക്ഷേ വ്യക്തമായ കാരണങ്ങളോ അറിയിപ്പോ ഇല്ലാതെ പുറത്താക്കപ്പെടുകയായിരുന്നുവെന്നാണ് മനു ജഗത്തിന്റെ ആരോപണം?

ചിത്രീകരണം തുടങ്ങിയ ദിവസം മുതല്‍ പ്രൊഡക്ഷനുവേണ്ടി വാങ്ങിയ പണത്തിന്റെ കണക്ക് കൃത്യമായി നല്‍കുന്നതില്‍ മനു വീഴ്ച വരുത്തിയിരുന്നു. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ ലൈന്‍ പ്രൊഡ്യൂസറുമായി തര്‍ക്കത്തിലുമായിരുന്നു. 2016 ഓഗസ്റ്റ് 18ന് ചിത്രീകരണം തുടങ്ങിയ സിനിമയുടെ കലാസംവിധാനത്തിന്റെ ഏകദേശ ബജറ്റ് മനു നിര്‍മ്മാതാവിന് ഇമെയില്‍ ചെയ്യുന്നത് 2017 ജനുവരി 26നാണ്. നേരത്തേ പറഞ്ഞത് പ്രകാരം മൂന്ന് ഷെഡ്യൂളുകളിലായി 24 ദിവസം വര്‍ക്ക് ചെയ്ത അദ്ദേഹം തനിക്ക് സാമ്പത്തികപ്രതിസന്ധി ഉണ്ടെന്നും കമ്മാരസംഭവത്തില്‍ ഇനി തുടരണമെങ്കില്‍ പറഞ്ഞുറപ്പിച്ചതിന് പുറമെ പ്രതിമാസം രണ്ട് ലക്ഷം തരണമെന്നും എന്നോടും പ്രൊഡക്ഷന്‍ കണ്‍ട്രോളറോടും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മറ്റൊരാളെ നോക്കിക്കൊള്ളാനും. ഈയാവശ്യം ഉന്നയിച്ച് 2016 ഡിസംബര്‍ ഏഴിന് അദ്ദേഹം പ്രൊഡ്യൂസര്‍ക്ക് ഇമെയില്‍ അയച്ചു. പക്ഷേ അഡ്വാന്‍സ് വാങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ബജറ്റ് നല്‍കാത്ത, വാങ്ങിയ പണത്തിന്റെ കണക്ക് കൃത്യമായി കൊടുക്കാത്ത ഒരു കലാസംവിധായകന് അധിക പ്രതിഫലം നല്‍കാന്‍ നിര്‍മ്മാതാവ് തയ്യാറല്ലായിരുന്നു. പിന്നാലെ മറ്റൊരു കലാസംവിധായകനെ നിയമിക്കാനുള്ള അനുമതിക്കായി ഫെഫ്ക ആര്‍ട്ട് ഡയറക്ടേഴ്സ് അസോസിയേഷനെ നിര്‍മ്മാതാവ് സമീപിക്കുകയായിരുന്നു.

തന്റെ പക്കല്‍ നിന്ന് 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' പോലും വാങ്ങാതെയാണ് പുതിയൊരാളെ ചുമതലയേല്‍പ്പിച്ചതെന്നും മനു ജഗത്ത് ആരോപിച്ചിരുന്നു?

ഫെഫ്ക ആര്‍ട്ട് ഡയറക്ടേഴ്സ് അസോസിയേഷന്‍ ഇടപെട്ട് പരിഹരിച്ച വിഷയമാണ് ഇത്. 'എന്‍ഒസി' ഇല്ലാതെ വര്‍ക്ക് ചെയ്യാന്‍ ഫെഫ്ക അനുവദിക്കില്ല. പ്രതിഫലം വാങ്ങിത്തന്നതില്‍ നന്ദി അറിയിച്ചും മറ്റൊരാള്‍ വര്‍ക്ക് തുടരുന്നതില്‍ പരാതിയില്ലെന്നും അറിയിച്ച് മനു യൂണിയന് 2017 മാര്‍ച്ച് 8ന് ഒരു മെയില്‍ അയച്ചിട്ടുണ്ട്. 24 ചിത്രീകരണദിനങ്ങളില്‍ വര്‍ക്ക് ചെയ്ത മനു ജഗത്തിന് കരാര്‍ പ്രകാരമുള്ള 90 ദിവസത്തെ പ്രതിഫലവും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വിനേഷ് ബംഗ്ലന് അവാര്‍ഡ് കിട്ടിയപ്പോള്‍ പരാതി ഉന്നയിക്കുന്ന മനു ജഗത്ത് തന്നെയാണ് ചിത്രം റിലീസ് ചെയ്തതിന്റെ തൊട്ടടുത്തയാഴ്ച താങ്ക്സ് കാര്‍ഡില്‍ തന്റെ പേര് വച്ചതില്‍ നന്ദി അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 

മനു ജഗത്ത് പുറത്തുപോയതിന് ശേഷവും അദ്ദേഹം വരച്ച സ്‌കെച്ചുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ?

വിനേഷ് ബംഗ്ലന്‍ ഈ സിനിമയില്‍ ജോയിന്‍ ചെയ്യുമ്പോള്‍ എന്നോട് ആവശ്യപ്പെട്ടത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, മനു ജഗത്തിന്റെ എന്‍ഒസി വേണം. രണ്ട്, അദ്ദേഹം വരച്ച സ്‌കെച്ചുകള്‍ ഉപയോഗിക്കില്ല. മുരളി ഗോപിയുടെ തിരക്കഥ വളരെ ഡീറ്റെയില്‍ഡ് ആയ ഒന്നായിരുന്നു. അതില്‍ എനിക്ക് വേണ്ടത് എന്തൊക്കെയാണെന്ന കൃത്യമായ ബ്രീഫിംഗ് മനുവിന് ഞാന്‍ കൊടുത്തിരുന്നു. എനിക്ക് വേണ്ടതരം ലൊക്കേഷനുകളുടെയും വീടുകളുടെയുമൊക്കെ റെഫറന്‍സുകളും നല്‍കി. അതേ റെഫറന്‍സുകളും ബ്രീഫിംഗും തന്നെയാണ് വിനേഷിനും നല്‍കിയത്. സ്വാഭാവികമായും ചെറിയ സാദൃശ്യങ്ങള്‍ ഉണ്ടാവും. അത്രയേ ഉള്ളൂ. അതല്ലാതെ ഒരു സുപ്രഭാതത്തില്‍ മനു ജഗത്ത് കുറെ സ്‌കെച്ചുകള്‍ വരച്ചിട്ട് സിനിമ ചെയ്‌തോളൂ എന്ന് പറഞ്ഞ് എനിക്ക് കൊണ്ടുത്തന്നതല്ല. വിനേഷ് ബംഗ്ലാന്‍ വന്നതിന് ശേഷം അദ്ദേഹത്തിന്റെ കോണ്‍ട്രിബ്യൂഷനില്‍ തന്നെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ മുന്നോട്ടുപോയത്.

click me!