തീയേറ്ററില്‍ ജനം കുറയുന്നതിന് കാരണം എന്ത് ? ഫിയോക് പ്രസിഡന്റ് കെ വിജയകുമാറുമായി അഭിമുഖം

By Anju ThankappanFirst Published Jul 4, 2022, 1:21 PM IST
Highlights

ഡയറക്ട് ഒടിടി റിലീസിനെയാണ് എതിർക്കുന്നത് എന്ന് ഫിയോക്ക് പ്രസിഡന്റ്.
 

കൊവിഡ് കാലം പിന്നിട്ടതോടെ പുതിയ റിലീസുകളുടെ  പ്രവാഹമാണ് മലയാള സിനിമയിലിപ്പോൾ. എന്നാൽ ഈ ഉണർവ് തിയറ്ററുകളിൽ അത്ര പ്രകടമല്ല എന്നതാണ് വാസ്‍തവം.   തീയേറ്ററില്‍ ജനം കുറയുന്നതിന് കാരണം എന്താണ് ? അടുത്തിടെ, സംവിധായകനായ  തരുണ്‍ മൂര്‍ത്തി ഈ ചോദ്യം ഫേസ്ബുക്കിലൂടെ ഉന്നയിച്ചതിന് പിന്നാലെ വിഷയം സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായി.തിയറ്ററിൽ നിന്ന് അകലാനുളള കാരണങ്ങൾ എണ്ണിപ്പറഞ്ഞ് പലരും പോസ്റ്റുകളിട്ടു, ഒടിടി പ്ലാറ്റ്ഫോമുകളുടെ സ്വാധീനം തന്നെയായിരുന്നു കാരണങ്ങളിൽ മുഖ്യം. ഒപ്പം മികച്ച സിനിമകളുടെ കുറവ്,  ഉയർന്ന ടിക്കറ്റ് നിരക്ക് , ടെലഗ്രാം ചാനലുകളിലൂടെയുളള പൈറസി തുടങ്ങിയ കാരണങ്ങളും എടുത്തുകാട്ടപ്പെട്ടു.

കഴിഞ്ഞദിവസം നിർമ്മാതാവായ സിയാദ് കോക്കറും ഈ വിഷയത്തിൽ പ്രതികരണവുമായെത്തി. മിഡിൽ ക്ലാസ് തിയറ്റിൽ നിന്നും അകലുകയാണ്, കുടുംബമായി തിയറ്ററിൽ സിനിമ കാണാൻ വലിയ തുക ചെലവാകുന്നു. ഒരാഴ്‍ചയിലെ അഞ്ച് ദിവസം, ഫസ്റ്റ് ഷോയുടെയും, സെക്കന്റ് ഷോയുടെയും ടിക്കറ്റ് റേറ്റ് കുറക്കണം എന്നും സിയാദ് കോക്കർ ആവശ്യപ്പെട്ടു.

തിയറ്റർ ഉടമകൾ ടിക്കറ്റ് റേറ്റ് കുറച്ചാൽ തീരുന്ന പ്രശ്‍നമാണോ ഇത്? തിയറ്ററുകളുടെ പ്രതിസന്ധിയുടെ നിലവിലെ സ്ഥിതി എന്താണ? ഇക്കാര്യങ്ങളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് നിലപാട് വ്യക്തമാക്കുകയാണ്, തിയറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ്  കെ. വിജയകുമാർ.


 
കൊവിഡിന് ശേഷം എന്താണ് തിയറ്റർ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന പ്രധാന കാരണം?

കൊവിഡ് കാലത്തിന് ശേഷം പ്രേക്ഷകന്റെ അഭിരുചി വലിയ തോതിൽ മാറി. പ്രേക്ഷകൻ ആർത്തിയോടെ തിയറ്ററുകളിൽ തന്നെ കാണണമെന്ന് കരുതുന്ന സിനിമകൾ കുറഞ്ഞു. അത്തരം ഉളളടക്കമുളള സിനിമകൾ കുറയുന്നത് തന്നെയാണ് ഈ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മൂന്നാഴ്‍ചയ്‍ക്കിടെ റിലീസ് ചെയ്തത് ഇരുപതോളം മലയാള ചിത്രങ്ങളാണ്.ഇതിൽ ഒരു സിനിമ പോലും തിയറ്ററിലേക്ക് വലിയ തോതിൽ ആളുകളെ ആകർഷിക്കുന്നത് ആയിരുന്നില്ല എന്നതാണ് വാസ്‍തവം.

സിനിമ തിയറ്ററിൽ തന്നെ കാണണമെന്ന നിർബന്ധം ഇല്ലാതായിരിക്കുന്നു. ഒടിടി പ്ലാറ്റ്‍ഫോമുകൾ മാത്രമാണോ ഇതിന് കാരണം?

പ്രേക്ഷകൻ തിയറ്ററിൽ നിന്ന് അകന്നിട്ടുണ്ടെങ്കിൽ, മുൻനിര താരങ്ങളും മുൻനിര നിർമ്മാതാക്കളും തന്നെയാണ് ഈ ദുരവസ്ഥയ്‍ക്ക് കാരണം. ഒടിടി വഴി ലാഭം കൊയ്യാമെന്ന ധാരണയുടെ പുറത്ത് കൊവിഡ് കാലത്ത് നിരവധി ചിത്രങ്ങൾ തട്ടിക്കൂട്ടി എടുക്കപ്പെട്ടു. ആ ചിത്രങ്ങൾ തിയറ്ററുകളിലേക്ക് തുടർച്ചയായി എത്തിയപ്പോൾ പ്രേക്ഷകർ സ്വാഭാവികമായി അവയെ കൈവിട്ടു. 'ആര്‍ആര്‍ആര്‍', 'കെജിഎഫ്', 'വിക്രം' തുടങ്ങിയ വമ്പൻ അന്യഭാഷാ ചിത്രങ്ങളാണ് ഈ അടുത്ത കാലത്ത് തിയറ്ററുകൾക്ക് ഉപജീവനത്തിന് വഴി ഉണ്ടാക്കിയത്. പ്രേക്ഷകന്റെ പ്രതീക്ഷ കാക്കുന്ന സിനിമകൾ വന്നാൽ തിയറ്ററുകൾ നിറയും എന്നതിന്റെ ഉദാഹരണം തന്നെയാണ് അന്യഭാഷാ ചിത്രങ്ങളുടെ ചാകര.

ടിക്കറ്റ് നിരക്ക് കൂടുതലാണ്. ബുക്ക് മൈ ഷോ വഴി ബുക്ക് ചെയ്യുന്നവർക്ക് കമ്മിഷൻ ഇനത്തിൽ തന്നെ നല്ലൊരു തുക നൽകേണ്ടി വരുന്നു. ഇത് ഒരു കാരണമല്ലേ?

മൾട്ടിപ്ലക്സുകളിൽ മാത്രമാണ് നിലവിൽ അത്തരം പരാതി. കേരളത്തിലെ 750ലേറെ വരുന്ന സാധാരണ തിയറ്റകളിൽ 20 മുതൽ 25 രൂപ വരെ മാത്രമാണ് ബുക്കിംഗ് നിരക്കായി ഈടാക്കുന്നത്. തിയറ്ററിൽ ചെന്ന് ടിക്കറ്റെടുത്താലും 10 രൂപ റിസർവേഷൻ ഫീസ് ആയി നൽകണം.

:സിയാദ് കോക്കർ പറയുന്നത് പോലെ തിയറ്റുടമകൾ നിരക്ക് കുറയ്ക്കുന്നത് പ്രായോഗികം ആണോ?

ടിക്കറ്റ് നിരക്ക് ഒരു രീതിയിലും കുറയ്ക്കാനാകില്ല.130 രൂപയാണ് സാധാരണ തിയറ്ററുകളിൽ ഇപ്പേഴത്തെ ടിക്കറ്റ് നിരക്ക്. അഞ്ച് പേരുളള ഫാമിലിക്ക് ശരാശരി ആയിരം രൂപ ചെലവാകും ഒരു സിനിമ കാണാൻ എന്നിത് സത്യമാണ്. എന്നാൽ 1000 രൂപയിൽ കുറഞ്ഞ് അഞ്ച് പേർക്ക് ഒരുമിച്ചുളള ഒരു വിനോദാപാധി മറ്റെന്തുണ്ട്? ഏറ്റവും ചെലവ് കുറഞ്ഞ വിനോദാപാധി  ഇന്നും സിനിമ തന്നെയാണ്.

സാറ്റലൈറ്റ് പോലെ ഇന്ന് സിനിമ വ്യവസായത്തെ നിലനിർത്തുന്നത് ഒടിടി വരുമാനമാണ്. തിയറ്റർ വരുമാനം മാത്രം കൊണ്ട് സിനിമകൾക്ക് പിടിച്ചുനിൽക്കാൻ കഴിയുമോ?

ഡയറക്ട് ഒടിടി റിലീസിനെയാണ് ഞങ്ങൾ എതിർക്കുന്നത്. സൂപ്പർ താരങ്ങളെ അവരാക്കിത്തീർത്തത് തിയറ്ററുകളിലെ ജനക്കൂട്ടമാണ്. എന്നിട്ടും അവർ തിയറ്ററുകളോട് നന്ദികേട് കാണിക്കുകയാണ്. രജനികാന്തും വിജയും പോലുളള വലിയ താരങ്ങൾ നേരിട്ട് അവരുടെ സിനിമ ഒടിടിക്ക് കൊടുക്കുന്നില്ലല്ലോ. ഇവിടെ മാത്രമാണ് ഇങ്ങനെ. ഒടിടിയിൽ വൻ വിജയമായ താരങ്ങളുടെ ചിത്രങ്ങൾ തിയറ്ററിൽ ജനം കൈവിടുന്നത് നമ്മൾ കാണുന്നുണ്ട്. തിയറ്ററിനെ മറികടന്ന് മുന്നോട്ടു പോകരുതെന്നാണ് താരങ്ങളോടും നിർമ്മാതാക്കളോടും വീണ്ടും വീണ്ടും പറയാനുളളത്.

കൊവിഡിന് ശേഷം തിയറ്റ‌ർ വരുമാനം എത്രത്തോളം കുറഞ്ഞു?

ഒരു തിയറ്ററിൽ ഒരു ഷോ നടത്താൻ ശരാശരി 3000 രൂപയാണ് ചെലവ്. ഒരു ഷോയിലൂടെ ആ വരുമാനം പോലും കിട്ടാത്ത സ്ഥിതിയാണെങ്കിൽ പിന്നെ ‌ഞങ്ങളുടെ സ്ഥിതി പറയേണ്ടല്ലോ. ഹൗസ് ഫുൾ ഷോകൾ വളരെ വിരളമാകുയാണ്.  രണ്ടാമത്തെ ആഴ്‍ചയിലേക്ക് പോകുന്നതും കുറച്ച് സിനിമ മാത്രമാണ്.വളരെ കുറച്ച് ആളുകൾ മാത്രം വരുന്നതിനാൽ ഷോകൾ റദ്ദാക്കുന്നത് പതിവ് സംഭവമായി കഴിഞ്ഞു.

 2022ൽ തിയറ്ററുകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്‍ചവച്ച ചിത്രങ്ങൾ ഏതൊക്കെയാണ്?

2021 അവസാനമിറങ്ങിയ 'കുറുപ്പും' 2022 തുടക്കത്തിലിറങ്ങിയ 'ഹൃദയ'വും 50ശതമാനം പ്രേക്ഷകരെ മാത്രം തിയറ്ററിൽ പ്രവേശിപ്പിച്ചപ്പോഴും മികച്ച വിജയം നേടിയിരുന്നു. 'കെജിഎഫ്', 'ആർആർആർ', 'വിക്രം' എന്നീ അന്യഭാഷാ ചിത്രങ്ങളും 'ഭീഷ്‍മ', 'ജനഗണമന', 'ജോ ആന്റ് ജോ', 'സിബിഐ 5', തുടങ്ങിയ മലയാള ചിത്രങ്ങളും തിയറ്ററുകളിൽ വരുമാനമുണ്ടാക്കി. 

Read More : ബിഗ് ബോസിന് വൻ ജനപ്രീതി, ലഭിച്ചത് 21 കോടിയിലേറെ വോട്ടുകള്‍

tags
click me!