'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' നല്‍കിയ വിജയത്തുടക്കം; മറുഭാഷാ ചിത്രങ്ങളും നീസ്ട്രീമിലേക്ക്

By Nirmal SudhakaranFirst Published Jun 16, 2021, 7:08 PM IST
Highlights

"നിലവില്‍ പൈറസി വലിയൊരു വെല്ലുവിളി തന്നെയാണ് ഞങ്ങള്‍ക്കും. കാരണം ഒരു സിനിമ സ്ട്രീം ചെയ്‍താല്‍ ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ അതിന്‍റെ പൈറേറ്റഡ് പതിപ്പ് വരുന്നുണ്ട്. പക്ഷേ അതേസമയം പൈറേറ്റഡ് പതിപ്പുകള്‍ കാണുന്നത് ഒരു സ്ഥിരം പ്രേക്ഷകവൃന്ദമാണ്. വ്യാജ പതിപ്പുകള്‍ കാണുന്നവരുടെ എണ്ണം ശ്രദ്ധിക്കുമ്പോള്‍ അത് മനസിലാവും"

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമയ്ക്കു ലഭിച്ച വലിയ സ്വീകാര്യതയോടൊപ്പം സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ ഒടിടി പ്ലാറ്റ്ഫോം ആണ് നീസ്ട്രീം. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആയിരുന്നു അവരുടെ ആദ്യത്തെ എക്സ്ക്ലൂസീവ് സ്ട്രീമിംഗ്. കേരളത്തില്‍ നിന്നുള്ള ഒരു പ്രാദേശിക ഒടിടി എന്ന നിലയില്‍ ആരംഭിച്ച പ്ലാറ്റ്ഫോമിലേക്ക് തമിഴ് ഉള്‍പ്പെടെ മറുഭാഷാ ചിത്രങ്ങളും എത്തുകയാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നല്‍കിയ വിജയത്തുടക്കത്തില്‍ നിന്നുള്ള മുന്നോട്ടുപോക്കിനെക്കുറിച്ചും ഒടിടി മേഖല നേരിടുന്ന സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുകയാണ് നീസ്ട്രീം ഹെഡ് ആയ ചാള്‍സ് ജോര്‍ജ്, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍.

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' നല്‍കിയ തുടക്കം

എക്സ്ക്ലൂസീവ് ആയിട്ട് ഞങ്ങള്‍ സ്ട്രീം ചെയ്‍ത ആദ്യത്തെ സിനിമയായിരുന്നു 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. അതിനു മുന്‍പ് തിയറ്ററില്‍ ഇറങ്ങിയ മൂന്ന് പടങ്ങള്‍ ടെസ്റ്റ് സ്ക്രീനിംഗ് എന്ന രീതിയില്‍ ചെയ്‍തിരുന്നു. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ആണ് ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ പ്രേക്ഷകരുടെ മനസില്‍ നീസ്ട്രീമിനെ രജിസ്റ്റര്‍ ചെയ്യിച്ചത്. ഏതൊരു പരസ്യവും ചെയ്യുന്നതിനേക്കാള്‍ റീച്ച് ഈ സിനിമ ഞങ്ങളുടെ പ്ലാറ്റ്ഫോമിന് നല്‍കി. 'തൊണ്ടിമുതലി'നു ശേഷം നിമിഷയും സുരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒക്കെ ആദ്യമേ ശ്രദ്ധിച്ചിരുന്നു.രണ്ട് മാസം കഴിഞ്ഞ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ജോമോന്‍ ആണ് ഞങ്ങള്‍ക്ക് ആദ്യം ഒരു മെയില്‍ അയക്കുന്നത്. സ്ക്രീനിംഗിന് മുന്‍പ് നാല് തവണയെങ്കിലും ഞാന്‍ ആ സിനിമ കണ്ടിട്ടുണ്ട്. സുരാജിനെയും നിമിഷയെയും കണ്ട് ആ സിനിമ കാണാനെത്തുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ ഉണ്ടാവുമെന്ന് അറിയാമായിരുന്നു. പുരുഷന്മാര്‍ എത്രത്തോളം സ്വീകരിക്കുമെന്ന് അറിയില്ലെങ്കിലും സ്ത്രീകള്‍ക്ക് അവരുടെ നിത്യജീവിത അനുഭവം അതില്‍ കാണാന്‍ പറ്റുമെന്ന് അറിയാമായിരുന്നു. പക്ഷേ പ്രതീക്ഷയ്ക്ക് മുകളിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്നുതന്നെ രണ്ടര ലക്ഷം കാഴ്ചകള്‍ ഈ സിനിമയ്ക്കു ലഭിച്ചിട്ടുണ്ട്. ഇപ്പോഴും കാണികള്‍ വരുന്നുണ്ട്. കേരളം വിട്ടുകഴിഞ്ഞാല്‍ ഉത്തരേന്ത്യയില്‍ ചിത്രത്തിന് നല്ല കാണികള്‍ ഉണ്ടായിരുന്നു. ഹിന്ദി മൊഴിമാറ്റ പതിപ്പ് തരുമോ എന്ന് ചോദിച്ച് ഇപ്പോഴും മെസേജ് അയക്കുന്ന ആളുകളുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഭാര്യ അഞ്ജലി ഞങ്ങളുടെ പ്ലാറ്റ്ഫോമിലൂടെയാണ് സിനിമ കണ്ടത്. സിനിമ ഇഷ്ടപ്പെട്ടിട്ട് ഞങ്ങള്‍ക്ക് അവര്‍ ഒരു മെയിലും അയച്ചിരുന്നു. 

 

'പേ പെര്‍ വ്യൂ' (Pay Per View) മാതൃക

സിനിമകള്‍ പണം കൊടുത്ത് കാണുന്ന മാതൃകയിലാണ് സ്ട്രീം ചെയ്യുന്ന എല്ലാ സിനിമകളും ഞങ്ങള്‍ എടുക്കുന്നത്. പക്ഷേ ഞങ്ങളുടെ സബ്സ്ക്രൈബേഴ്സിന് സിനിമകള്‍ കാണാന്‍ അധിക തുക നല്‍കേണ്ടതില്ല. നിലവില്‍ പൈറസി വലിയൊരു വെല്ലുവിളി തന്നെയാണ് ഞങ്ങള്‍ക്കും. കാരണം ഒരു സിനിമ സ്ട്രീം ചെയ്‍താല്‍ ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ അതിന്‍റെ പൈറേറ്റഡ് പതിപ്പ് വരുന്നുണ്ട്. പക്ഷേ അതേസമയം പൈറേറ്റഡ് പതിപ്പുകള്‍ കാണുന്നത് ഒരു സ്ഥിരം പ്രേക്ഷകവൃന്ദമാണ്. വ്യാജ പതിപ്പുകള്‍ കാണുന്നവരുടെ എണ്ണം ശ്രദ്ധിക്കുമ്പോള്‍ അത് മനസിലാവും. പക്ഷേ സര്‍ക്കാര്‍ തലത്തില്‍ ഒരു നിയമം വന്ന്, അത്തരം സൈറ്റുകളെ ബ്ലോക്ക് ചെയ്‍താല്‍ ഒടിടി പ്ലാറ്റ്ഫോമുകളെ മാത്രമല്ല, സിനിമാ നിര്‍മ്മാതാക്കള്‍ക്കും അത് രക്ഷയാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ കാര്യത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ആ സിനിമ കണ്ടതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ അതിന്‍റെ പൈറേറ്റഡ് പതിപ്പാണ് കണ്ടിട്ടുണ്ടാവുക. ആ തുക നിര്‍മ്മാതാവിനും റിലീസ് പ്ലാറ്റ്ഫോമിനുമൊക്കെ കിട്ടേണ്ടതായിരുന്നു. പക്ഷേ പുതിയ സര്‍ക്കാരിന്‍റെ, ഒടിടി റെഗുലേഷനുകള്‍ അടക്കമുള്ള പുതിയ നിയമങ്ങളൊക്കെ വന്നിട്ടുണ്ട്. വരുംനാളുകളില്‍ സര്‍ക്കാര്‍ പൈറസിക്കെതിരായ നിയന്ത്രണം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. പേറേറ്റഡ് പതിപ്പുകള്‍ കാണുന്ന പ്രവണത കുറയും എന്നതിനാലാണ് പല നിര്‍മ്മാതാക്കളും ഒന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകളിലെ ഒരേസമയ റിലീസിന് തയ്യാറാവുന്നതിനു കാരണമായി എനിക്കു തോന്നുന്നത്. പക്ഷേ ഏറ്റവും ചുരുങ്ങിയത് 15-30 ദിവസങ്ങളുടെ എക്സ്ക്ലൂസീവ് സ്ട്രീമിംഗിനാണ് ഞങ്ങള്‍ ശ്രമിക്കാറ്. 

പൈറസി ഉള്ളപ്പോഴും പേ പെര്‍ വ്യൂ മാതൃക ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇറങ്ങിയിട്ട് ഇപ്പോള്‍ അഞ്ച് മാസം പിന്നിട്ടു. ഇക്കാലംകൊണ്ട് നാല് ലക്ഷത്തിനടുത്ത് ഡൗണ്‍ലോഡുകള്‍ ആപ്പിന് ലഭിച്ചു. അതില്‍ അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമേ ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടുള്ളൂ. ബാക്കി പ്രേക്ഷകരെ നിലനിര്‍ത്താന്‍ പറ്റുന്നുണ്ട്. എണ്‍പതോളം സിനിമകളും ലൈവ് ചാനലുകളുമടക്കം സൗജന്യ കണ്ടന്‍റ് ഉള്ളതുകൊണ്ടാണ് അത്. 

 

പ്രോഫിറ്റ് ഷെയറിംഗ്

നിര്‍മ്മാതാവില്‍ നിന്ന് എക്സ്ക്ലൂസീവ് റൈറ്റ്സ് അല്ല വാങ്ങുന്നത്. നോണ്‍ എക്സ്ക്ല്യൂസീവ് അവകാശത്തിനൊപ്പം സ്ട്രീമിംഗ് ടൈം ആണ് വാങ്ങുന്നത്. ഇത്ര ദിവസത്തേക്ക് എന്ന രീതിയില്‍. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ 90 ദിവസത്തേക്ക് എക്സ്ക്ലൂസീവ് സ്ട്രീമിംഗും അതിനുശേഷം നോണ്‍ എക്സ്ക്ലൂസീവ് കണ്ടന്‍റും ആണ്. എക്സ്ക്ലൂസീവ് സ്ട്രീമിംഗ് കാലാവധിക്കുശേഷം നിര്‍മ്മാതാവിന് മറ്റ് ഏത് ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം സ്ട്രീം ചെയ്യാം. 'ആര്‍ക്കറിയാം' ആറ് മാസത്തേക്ക് ആയിരുന്നു. പക്ഷേ ആ കാലാവധി കഴിഞ്ഞും സിനിമ ആപ്പില്‍ ഉണ്ടാവും. സബ്സ്ക്രൈബേഴ്സിന് കാണാന്‍ പറ്റും. കൂടാതെ പുതിയ കാഴ്ചക്കാര്‍ എത്തിയാല്‍ അതിന്‍റെ വിഹിതം നിര്‍മ്മാതാവിന് ലഭിച്ചുകൊണ്ടിരിക്കും.

വരാനിരിക്കുന്നവയില്‍ മറുഭാഷാ സിനിമകളും

'ഫസ്റ്റ് മലയാളം ഗ്ലോബല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം' എന്നായിരുന്നു ഞങ്ങളുടെ ടാഗ്‍ലൈന്‍. മലയാളം സിനിമകള്‍ മാത്രം എന്നതാണ് ആദ്യം ഉദ്ദേശിച്ചത്. പക്ഷേ ഇപ്പോള്‍ മറുഭാഷാ സിനിമകളിലേക്കും എത്തുകയാണ്. 'ട്രിപ്പിള്‍ വാമി' (Tripple whammy) എന്നൊരു ഇംഗ്ലീഷ് സിനിമ ഇതിനകം ചെയ്‍തു. മലയാളി സംവിധായകന്‍റേതാണ് ചിത്രം. കന്നഡ, തമിഴ്, ഹിന്ദി സിനിമകള്‍ പ്രിവ്യൂവിസ് വന്നിട്ടുണ്ടായിരുന്നു. ഈ മാസം 24ന് ഞങ്ങളുടെ ആദ്യത്തെ തമിഴ് സിനിമ റിലീസ് ആണ്. ലീന മണിമേഖലയുടെ 'മാടത്തി' എന്ന സിനിമയാണത്. നിരവധി ഡോക്യുമെന്‍ററികള്‍ക്കു ശേഷം ലീന ചെയ്യുന്ന ആദ്യ ഫീച്ചര്‍ സിനിമയാണ്. ബുസാന്‍ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ ഫെസ്റ്റിവലുകളില്‍ പോയിട്ടുള്ള സിനിമയാണ്. ഒരു സംസ്‍കൃത സിനിമ വരുന്നുണ്ട്. ഒരു ഹിന്ദി സിനിമയുടെ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. തമിഴില്‍ നിന്ന് പുതുതായി അഞ്ച് പ്രിവ്യൂസ് വന്നിട്ടുണ്ട്. കന്നഡ, ഹിന്ദി സിനിമകള്‍ വൈകാതെ എത്തും. 

ഇന്നലെവരെ 15 സിനിമകളാണ് എക്സ്ക്ലൂസീവ് സ്ട്രീമിംഗ് ആയി ചെയ്‍തത്. അതില്‍ ഏഴെണ്ണം ഡയറക്റ്റ് ഒടിടി റിലീസ്. അതില്‍ 'തിരികെ' എന്ന സിനിമയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‍സിന്‍റെ അവാര്‍ഡ് ലഭിച്ചു. ഡൗണ്‍ സിന്‍ഡ്രോം ഉള്ള ഒരാള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വാണിജ്യചിത്രം, അതില്‍ അദ്ദേഹം തന്നെ ഡബ്ബ് ചെയ്‍തിരിക്കുന്നു. ആ ചിത്രം സ്ട്രീം ചെയ്‍തതിന് നീസ്ട്രീമിനും അവാര്‍ഡ് ഉണ്ടായിരുന്നു. ഈ മാസം ഏഴ് സിനിമകളാണ് ഇനി വരാനുള്ളത്. കൂടാതെ മൂന്നോളം ഒറിജിനല്‍ പ്രൊഡക്ഷന്‍സ് ഉണ്ട്. കെ ജി ജോര്‍ജിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി 'എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്‍റര്‍കട്ട്സ്' ആണ് എടുത്തുപറയേണ്ട മറ്റൊരു വര്‍ക്ക്. 

 

മലയാളത്തിലെ ഒടിടി സ്ട്രീമിംഗിന്‍റെ ഭാവി

തിയറ്ററുകള്‍ ഇനി എപ്പോള്‍ തുറക്കും എന്ന ധാരണ ഇപ്പോഴും വന്നിട്ടില്ല. തുറന്നാലും എത്രത്തോളം പ്രേക്ഷകര്‍ വരും എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. താരചിത്രങ്ങള്‍ക്ക് ആരാധകര്‍ എത്താമെങ്കിലും കുടുംബങ്ങള്‍ ഒന്ന് മടിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഒടിടിയില്‍ സിനിമ കാണാം. മറ്റൊന്ന് കേരളത്തില്‍ റിലീസ് ചെയ്യുന്ന ഒരു മലയാള സിനിമ കേരളത്തിനു പുറത്തോ ഇന്ത്യയ്ക്കു പുറത്തോ ഉള്ളവര്‍ക്ക് കാണണമെങ്കില്‍ മുന്‍പൊക്കെ അവിടുത്തെ തിയറ്ററുകളില്‍ റിലീസ് ചെയ്യണമായിരുന്നു. ഒടിടി റിലീസ് അതിനും സഹായിക്കും. തിയറ്ററുകള്‍ ഇനി ഒടിടിക്ക് വെല്ലുവിളി ആയിരിക്കില്ല. പക്ഷേ തിയറ്ററുകളും തുറക്കണം. കാരണം എല്ലാ സിനിമയും ഒടിടിയില്‍ കാണാന്‍ പറ്റുന്നവ അല്ലല്ലോ. 'മരക്കാര്‍' പോലെ ഒരു സിനിമ ആ ഫീലില്‍ കാണണമെങ്കില്‍ തിയറ്റര്‍ തന്നെ വേണം. ഒരുപാട് ചെറിയ സിനിമകള്‍ക്കാണ് നീസ്ട്രീം പോലെയുള്ള പ്ലാറ്റ്ഫോം പ്രയോജനപ്പെടുന്നത്. പ്രമേയത്തിലും അവതരണത്തിലുമൊക്കെ മികച്ചുനില്‍ക്കുന്ന ചെറിയ സിനിമകള്‍ക്ക് തിയറ്റര്‍ പലപ്പോഴും കിട്ടാറില്ല.

click me!