
പത്ത് വർഷങ്ങൾക്ക് മുമ്പ് ഡാർവിൻ്റെ പരിണാമത്തിലൂടെയാണ് ഹന്ന റെജി കോശി മലയാള സിനിമയിൽ അരങ്ങേറിയത്. പ്രകടനങ്ങളിൽ തൻ്റേതായ കൈയ്യൊപ്പ് നൽകിയ താരം, കരിയറിലെ തന്നെ വ്യത്യസ്തമായ സിനിമയുമായായി എത്തിയിരിക്കുന്നു. നവാഗതനായ നീലേഷ് ഇ കെ സംവിധാനം ചെയ്ത് ഹന്നയും കലേഷ് രാമാനന്ദും പ്രധാന വേഷങ്ങളിൽ എത്തിയ 'ഫേയ്സസ്' മാർച്ച് ആറിന് തിയേറ്ററുകളിൽ എത്തി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാത്തരം ഇമോഷനുകളും കൈകാര്യം ചെയ്യാനാകുന്ന ഒരു കഥാപാത്രമായിരുന്നു ഫെയ്സസിലെ നിത്യയെന്ന് ഹന്ന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
കഷ്ടപ്പാടുകളുടെ ഫലം ലഭിക്കുന്നു
സിനിമ കണ്ടിറങ്ങുന്നവർ നല്ല അഭിപ്രായമാണ് പറയുന്നത്. കഥയിലെ പുതുമ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുണ്ട്. പല ഴോൺറകളുടെ മിക്സ് ആണ് ഫെയ്സസ്. ഒരു പരിചയവുമില്ലാത്ത ആളുകൾ തിയേറ്ററിനു പുറത്ത് അഭിപ്രായം പറയുന്നതാണ് ഏറ്റവും സന്തോഷം നൽകുന്നത്. ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് ഞങ്ങൾ സിനിമ പൂർത്തിയാക്കിയത്. 35 ദിവസത്തോളം രാപ്പകലില്ലാതെ ചിത്രീകരണം നീണ്ടു. അതിനു ഫലം ലഭിക്കുന്നതിലാണ് സന്തോഷം.
നിത്യ എന്നും 'സ്പെഷ്യൽ'
പോസ്റ്റ് ട്രൊമാറ്റിക് ഡിസോഡറുള്ള കഥാപാത്രമാണ് നിത്യ. കൂടാതെ നിത്യ കാണുന്ന പുരുഷന്മാർക്കെല്ലാം കലേഷ് അവതരിപ്പിച്ച മൈക്കിളിൻ്റെ മുഖമാണ്. നിത്യയുടെ പാസ്റ്റിലൂടെയും പ്രെസൻ്റിലൂടെയും ഒരേസമയം കഥപറയുകയാണ് ചിത്രം. സന്തോഷം, സങ്കടം, ഓർമ്മകൾ, സൈക്കോളജിക്കലായ പ്രയാസങ്ങൾ, പ്രതികാര ചിന്തകൾ അങ്ങനെ ഒരുപാട് വൈകാരിക നിമിഷങ്ങളിലൂടെയാണ് നിത്യ കടന്നു പോകുന്നത്. കരിയറിൽ ഇന്നുവരെ ചെയ്ത കഥാപാത്രൾക്കൊക്കെയും എന്തെങ്കിലും ഒരു കോർ ഇമോഷനാകും കൈകാര്യം ചെയ്യാനുണ്ടാവുക. എനിക്ക് ചെയ്യാനാകില്ല എന്ന് തോന്നിയ പലതും അങ്ങനെയല്ലെന്ന് നിത്യയിലൂടെ തെളിയിക്കാനായി. അതുകൊണ്ടു തന്നെ ഫെയ്സസ് വ്യത്യസ്തമാണ്, എനിക്ക് വളരെയധികം സ്പെഷ്യലും.
വ്യക്തിപരമായി ചില പ്രയാസങ്ങളിലൂടെ കടന്നുപോവുകയായിരുന്നു ഞാൻ അപ്പോൾ. നിത്യയുടെ വൈകാരിക നിമിഷങ്ങളെ സ്ക്രീനിൽ കൊണ്ടുവരാൻ അതെനിക്ക് സഹായമായിട്ടുണ്ട്. ഇത്തരം സൈക്കോളജിക്കൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനികൾ കാണാൻ ഞാൻ ശ്രമം നടത്തിയില്ല. മറ്റൊന്നിനെ കോപ്പി ചെയ്യുന്നതിനു പകരം സംവിധായകനിൽ വിശ്വസിച്ച് അഭിനയിക്കുകയാണ് ചെയ്തത്.
സെക്കൻ്റ് വാച്ചിൽ മനസിലാകുന്നത്
ഫെയ്സസിൻ്റെ കഥപറച്ചിൽ രീതി വ്യത്യസ്തമാണ്. പാസ്റ്റും പ്രെസൻ്റും മാറി മാറി വരുന്നു, അവ തമ്മിൽ ബ്ലെൻഡ് ആകുന്നു. ഒപ്പം നിത്യ കടന്നു പോകുന്ന സാഹചര്യങ്ങൾ പ്രേക്ഷകർക്ക് വിശ്വസനീയമായി തോന്നുകയും വേണം. ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് എനിക്കത് ആശയക്കുഴപ്പമുണ്ടാക്കി. സംവിധായകനിൽ വിശസിക്കുകയായിരുന്നു മുഴുവനായും ഞാൻ. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കഥയുടെ ഡീറ്റെയിലിങ്ങിനെക്കുറിച്ചാണ്. രണ്ടാമതും കണ്ട് അഭിപ്രായങ്ങൾ അറിയിക്കുന്നത് എനിക്കും ഒരു കൗതുകമാണ്.
നീലേഷ് മാജിക്
നീലേഷ് ഒരു പുതുമുഖ സംവിധായകനാണെന്ന തോന്നൽ എനിക്കുണ്ടായിട്ടേയില്ല. സിജി-ഗ്രാഫിക്സ് പോലുള്ള സാങ്കേതിക സഹായങ്ങളിലാതെ ചെറിയ ബജറ്റിൽ ഒരു സിനിമ ചെയ്യുമ്പോൾ എത്രമാത്രം കൈയ്യടക്കത്തോടെ അതു നിറവേറ്റണമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിത്യ കാണുന്ന പുരുഷന്മാർക്കെല്ലാം മൈക്കിളിൻ്റെ മുഖമാകുമ്പോൾ അത് ചിത്രീകരിക്കുക പ്രയാസമാണ്. സെറ്റിൽ ഞങ്ങൾ കുറച്ചു പേർക്കാണ് കഥ മുഴുവനായി അറിയുന്നത്. മറ്റുള്ളവർ ആകെ അത്ഭുതത്തിലായിരുന്നു. എന്താണ് നടക്കുന്നതെന്ന് അവർക്ക് പലപ്പോഴും വ്യക്തമായില്ല. ചെറിയ ബജറ്റിൽ ഈ സിനിമയെടുത്തയാൾക്ക് നല്ലൊരു ബജറ്റ് ലഭിച്ചാൽ മാജിക് കാണിക്കാനാകും. കലേഷും ഞാനും സെയിൽ ആദ്യ ദിവസം മുതൽ സുഹൃത്തുക്കൾ ആണ്. അതിൻ്റെ ഗുണം കൂടി സിനിമയ്ക്കുണ്ടെന്നാണ് വിശ്വസിക്കുന്നത്.
ത്രില്ലർ പ്രിയപ്പെട്ടത്
ത്രില്ലർ ചിത്രങ്ങൾ കാണാൻ ഇഷ്ടമുള്ളയാളാണ്. എന്നെ തേടിവരുന്ന സിനിമകളിൽ അധികവും ത്രില്ലറുകൾ ആയത് യാദൃശ്ചികമാണ്. മലയാളത്തിൽ നിന്നും ഒരു പ്രൊജക്ടും രണ്ട് പ്രൊജക്ടുകൾ ഇതരഭാഷകളിൽ നിന്നുമാണ് ചർച്ചയിൽ ഉള്ളത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള ശ്രമാണ് എപ്പോഴും.