കിരൺ നാരായണൻ സംവിധാനം ചെയ്ത് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന 'റിവോൾവർ റിങ്കോ' നാളെ തിയേറ്ററുകളിലെത്തും. സൂപ്പർ നാച്ചുറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന ഒരു കൂട്ടം കുട്ടികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അവരെ സഹായിക്കുന്ന പ്രിയേഷ് എന്ന യുവാവിൻ്റെ കഥയാണിത്.

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കിരൺ നാരായണൻ ഒരുക്കിയ 'റിവോൾവർ റിങ്കോ' നാളെ മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം കുട്ടികളും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ മനസ്സിൽ ആരാധിക്കുന്ന കുട്ടികൾക്കൊപ്പം അവരുടെ സ്വപ്‍നങ്ങൾ സാധ്യമാക്കാൻ ഇറങ്ങിത്തിരിക്കുന്ന നാട്ടിലെ ഒരു ചെറുപ്പക്കാരനായ പ്രിയേഷിൻ്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്. കുട്ടികളുടെ പ്രകടനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെ കുട്ടികളേയും, കുടുംബങ്ങളേയും ആകർഷിക്കുന്ന വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം. സിനിമയുടെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവയ്ക്കുന്നു സംവിധായകൻ കിരൺ നാരായണൻ.

Add Asianetnews as a Preferred SourcegooglePreferred

1. റിവോൾവർ റിങ്കോയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ ശ്രദ്ധേയമായിരുന്നു. എന്താണ് ഈ സിനിമ സംസാരിക്കുന്ന വിഷയം?

ഈ റിവോൾവർ റിങ്കോ എന്ന ടൈറ്റില് ശരിക്കും 80-കളിൽ മലയാളത്തിൽ ഇറങ്ങിയ ഒട്ടനവധി കോമിക്സ് ഉണ്ടായിരുന്നു. കോമിക്സ് എന്ന് പറയുന്നത് മെയിൻസ്ട്രീം കോമിക്സ് ഉണ്ട്. ഇതല്ലാണ്ട് തന്നെ ഈ ചെറിയ ചെറിയ കോമിക്സുകൾ ഇറങ്ങിയിട്ടുണ്ടായിരുന്നു, വളരെ ചെറിയ ലിമിറ്റഡ് പ്രിന്റിംഗ് ഫെസിലിറ്റി ഒക്കെ ഉള്ള സ്ഥലത്ത് നിന്ന് ഇറങ്ങിയ കോമിക്സ് ഉണ്ടായിരുന്നു. അങ്ങനെ പാലക്കാട് ഭാഗത്ത് നിന്ന് ഇറങ്ങിയ ഒരു കോമിക്സ് ടൈറ്റിലിന്റെ പേരാണ് റിവോൾവർ റിങ്കോ. സിനിമ സംസാരിക്കുന്ന വിഷയം എന്ന് പറയുന്നത് ഒരു ആഗ്രഹത്തിനു വേണ്ടി കുറച്ചു പേര് മുന്നിട്ടിറങ്ങി അത് നടത്തിയെടുക്കുന്നതാണ്. ഈ സിനിമയിൽ കുട്ടികളാണ് അങ്ങനെ ഒരു ആഗ്രഹത്തിനു വേണ്ടി ഇറങ്ങുന്നത്. അവരുടെ ആഗ്രഹം വലുതായിരുന്നെങ്കിലും അതിനകത്ത് ഒരു നിഷ്കളങ്കത ഉണ്ട്. അപ്പോൾ അങ്ങനെ അവർ അതിൻ്റെ പിറകെ പോകുന്നു, അതവർക്ക് നടത്തിയെടുക്കാനുള്ള ബുദ്ധിമുട്ടുകളാണ് സിനിമയുടെ പ്രമേയം.

2. എങ്ങനെയാണ് ഒരു സൂപ്പർ ഹീറോ എലമെന്റിലേക്ക് എത്തുന്നത്? എന്തായിരുന്നു ഇത്തരമൊരു സിനിമ ചെയ്യാനുള്ള ഇൻസ്പിരേഷൻ?

1981 ൽ ഹോളിവുഡിൽ ഇറങ്ങിയ സിനിമയുണ്ട് 'ഇന്ത്യാന ജോൺസ് റൈഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആർക്'. നമുക്കെല്ലാവർക്കും അറിയുന്ന ഒരു സിനിമയാണ് അത്. ആ സിനിമ അത്രയും ഹിറ്റ് ആയിരുന്നു. വളരെ പ്രശസ്തമായ സിനിമയാണ്. ഈ സിനിമ അതിഭീകര ഹിറ്റ് ആയിരുന്നു. അപ്പോൾ ഇതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് യുഎസിൽ ഉള്ള കുറച്ച് കുട്ടികൾ അതായത് 10, 12 വയസ്സുള്ള പിള്ളേര് അവർ അവരുടേതായ രീതിയിൽ ഈ സിനിമ റീക്രിയേറ്റ് ചെയ്യാൻ നോക്കി. ഒരു ഫാൻ മെയ്ഡ് വേർഷൻ. അപ്പോൾ അന്നത്തെ കാലത്ത് നമുക്ക് കേരളത്തിൽ ഒരു ക്യാമറ പോലും ഇല്ലാത്ത ഒരു കാലമാണ്. അന്ന് അവര് അവരുടെ കയ്യിലുള്ള ഒരു ക്യാമറ വെച്ചിട്ട് ഈ സിനിമയുടെ സീൻ ബൈ സീൻ

അതേപോലെ സിനിമയിൽ അവര് റീക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചു. എന്നിട്ട് അവർ ആ സിനിമ ചെയ്തു തീർത്തു. പക്ഷേ അവരതൊരു ഏഴ് വർഷം എടുത്തിട്ടാണ് ചെയ്തത്. അവരവരുടെ ഫ്രീ ടൈമിൽ ഒരു ഹോബി പോലെ ചെയ്ത് തീർത്തതാണ്. എന്നിട്ട് അവരതിനൊരു ചെറിയൊരു പ്രീമിയർ ഒരു പ്രിവ്യൂ ഷോ ഒക്കെ വെച്ചു. ചെറിയ രീതിയിൽ ആയിരുന്നു. അന്ന് പ്രത്യേകിച്ച് വിശേഷണം ഒന്നും ഉണ്ടായില്ല. പക്ഷെ ഒരു 2002 ഒക്കെ ആയപ്പോൾ വേറെ എവിടെയോ ഈ സിനിമ പ്രീമിയർ ചെയ്ത് അത് അവിടുന്ന് ഭയങ്കര ഹിറ്റ് ആയി. ഒരു കൾട്ട് ഫോളോയിങ് എന്നൊക്കെ പറയാൻ പറ്റും. ആ രീതിയിൽ അങ്ങനെ സിനിമ ഹിറ്റ് ആയി. ഇത് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്നു. അവരെ സ്റ്റീഫൻ സ്പിൽബർഗ് പോലും അഭിനന്ദിക്കുന്നു. അങ്ങനെ അവർ അവരുടെ ചെറിയൊരു ആഗ്രഹത്തിന്റെ പുറകെ പോയി ഒരു സിനിമ ചെയ്തു. അതിനെക്കുറിച്ച് നെറ്റ്ഫ്ലിക്സിലും മറ്റും ഡോക്യുമെന്ററീസ് ഒക്കെ വന്നിട്ടുണ്ട്. ഇതിന്റെ ഒരു ഡോക്യുമെന്ററി ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ഡോക്യുമെന്ററികൾ മാത്രമല്ല കുറെ വീഡിയോകളൊക്കെ കണ്ടിരുന്നു. അതായിരുന്നു സത്യം പറഞ്ഞാൽ ഈ സിനിമയുടെ ഇൻസ്പിറേഷൻ.

3. ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് എന്താണ് പറയാനുള്ളത്? വിഷ്ണു ഉണ്ണികൃഷ്ണനിലേക്കും കുട്ടികളുടെ കാസ്റ്റിങ്ങിലേക്കും എങ്ങനെയാണ് എത്തിയത്?

കാസ്റ്റിംഗ് എന്ന് പറയുമ്പോൾ ഈ സിനിമയിൽ കുട്ടികൾ ആണ് കൂടുതലും. ശ്രീപത് ആദ്യമേ മനസ്സിലുള്ള ഒരു കാസ്റ്റ് ആയിരുന്നു. ബാക്കിയുള്ളവരൊക്കെ നമ്മൾ ഒരുപാട് അന്വേഷിച്ച് കണ്ടെത്തിയതാണ്. ഈ കുട്ടികളുമായിട്ട് എളുപ്പം ജെൽ ആവുന്ന ഒരാൾ എന്ന നിലയിലാണ് വിഷ്ണു ഉണ്ണികൃഷ്ണനിലേക്ക് എത്തിയത്. അവരുടെമേലെ ഒരു കെമിസ്ട്രി എളുപ്പത്തിൽ വർക്ക് ഔട്ട് ആവും എന്ന് തോന്നി. അങ്ങനെ വിഷ്ണുവിനെ തിരഞ്ഞെടുത്തു.

4. സിനിമയ്ക്കുള്ളിലെ ഒരു സിനിമാക്കഥ തന്നെയാണോ റിവോൾവർ റിങ്കോയും സംസാരിക്കുന്നത്?

സിനിമയിലുള്ള ഒരു സിനിമാക്കഥ തന്നെയാണോ എന്ന് ചോദിച്ചാൽ ഏറെക്കുറെ ആണ്, പക്ഷേ അത് സിനിമ ചെയ്യുന്നതിനേക്കാൾ ഉപരി ഈ പറഞ്ഞ പോലെ ഒരു ലക്ഷ്യത്തിന്റെ പുറകെ പോകുന്ന ആൾക്കാരുടെ കഥ എന്ന് വേണമെങ്കിൽ പറയാം.

5. കുട്ടികൾക്ക് എത്രത്തോളം പ്രാധാന്യമുണ്ട് ഈ ചിത്രത്തിൽ?

കുട്ടികളാണ് പ്രധാനമായിട്ടും സിനിമയിൽ. എന്നാൽ കുട്ടികളെപ്പോലെ തന്നെ പ്രധാനപ്പെട്ട ക്യാരക്ടർ ആണ് വിഷ്ണുവിന്റെയും വിഷ്ണുവിന്റെ കൂടെയുള്ള ക്യാരക്ടേഴ്സും. വിഷ്ണു തന്നെയാണ് സത്യത്തിൽ കുറെയൊക്കെ കഥ ലീഡ് ചെയ്യുന്നത്. അപ്പോ നമ്മളത് കുട്ടികളുടെ മാത്രം ചിത്രമായാണ് എടുത്തത്. മനു അങ്കിൾ എന്ന് പറഞ്ഞ സിനിമ, അതൊരു കുട്ടികളുടെ സിനിമയാണ്. പക്ഷേ അതിനകത്ത് ലീഡ് ചെയ്യുന്നത് കുട്ടികൾ മാത്രമല്ല. എല്ലാവരും ഇതിനകത്ത് ഒരേപോലെ പ്രാധാന്യമുള്ളവരാണ്.

6. സിനിമയുടെ തുടക്കം എങ്ങനെയായിരുന്നു?

ഞാൻകൊറോണ സമയത്താണ് ഇതിന്റെ ഡോക്യുമെന്ററി ഒക്കെ കാണുന്നത്. പിന്നെ വേറെ ഒന്ന് രണ്ട് ഐഡിയകളും നമ്മൾ ആ സമയത്ത് സ്വാധീനിച്ചിട്ടുണ്ടായിരുന്നു. അപ്പോൾ അതായിരുന്നു സിനിമയിലേക്കുള്ള തുടക്കം എന്ന് വേണമെങ്കിൽ പറയാം.

7. നാളെ സിനിമ റിലീസ് ആണ്, എന്തൊക്കെയാണ് പ്രതീക്ഷകൾ? എന്താണ് പ്രേക്ഷകരോട് പറയാനുള്ളത്?

നാളെയാണ് സിനിമ റിലീസ് ആകുന്നത്. മറ്റേത് സിനിമ പോലെയും ഒരുപാട് നാളത്തെ കഷ്ടപ്പാടാണ് ഈ സിനിമയും. നല്ല രീതിയിൽ ചെയ്യാൻ പറ്റിയിട്ടുണ്ട് എന്നാണ് നമ്മുടെ ടീമിന്റെ വിശ്വാസം. ആൾക്കാർ അങ്ങനെ എടുക്കുമെന്ന് നമ്മൾ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ വിജയപ്രതീക്ഷ വാനോളം ഉയർന്നു നിൽക്കുകയാണ്. ഈ സിനിമ മാത്രമല്ല ഇതിന്റെ കൂടെ ദൃഢം, അങ്കം അട്ടഹാസം ഇങ്ങനെയും ചിത്രങ്ങൾ റിലീസ് ആവുന്നുണ്ട്. അപ്പോൾ ഇവർക്കെല്ലാവർക്കും നാളെ ഒരു സന്തോഷത്തിന്റെ ദിവസമാവട്ടെ. അതിൻ്റെ കൂടെ എൻ്റെ സിനിമയും വിജയിക്കട്ടെ എന്നാണ് പ്രാർത്ഥനകൾ.

YouTube video player