Latest Videos

'ഒരുപാട് മെസേജുകള്‍ ദിവസവും വരുന്നുണ്ട്'; 'ഇബ്‌ലീസ്' സംവിധായകന്‍ രോഹിത്ത് വിഎസിന് പറയാനുള്ളത്

By Web TeamFirst Published Aug 4, 2019, 3:58 PM IST
Highlights

'കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ആ സമയത്താണ് പ്രളയം ഉണ്ടായത്. അത് സിനിമയെ സാരമായി ബാധിച്ചു. കാണാന്‍ ആഗ്രഹിച്ചവര്‍ക്കും സിനിമ തീയേറ്ററില്‍ കാണാന്‍ കഴിഞ്ഞില്ല. ഇബ്‌ലീസ് പോലെയുള്ള സര്‍റിയലിസ്റ്റിക് സിനിമകള്‍ ഇഷ്ടപ്പെടുന്നവരുടെ ഇടയിലേക്ക് ചിത്രം എത്തുന്നതിന് മുന്‍പ് തന്നെ തിയേറ്റര്‍ വിട്ടു.'

2018 ആഗസ്റ്റ് മാസത്തിലാണ് ആസിഫ് അലി നായകനായ ഇബ്‌ലീസ് എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന പരീക്ഷണ ചിത്രത്തിന് ശേഷം രോഹിത് വിഎസ് ഒരുക്കിയ സിനിമ വ്യത്യസ്ത പ്രമേയവുമായാണ് പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ തിയേറ്ററില്‍ കാര്യമായ ചലനമൊന്നുമുണ്ടാക്കാതെ ചിത്രം പ്രദര്‍ശനം അവസാനിപ്പിക്കുകയും ചെയ്തു. പക്ഷേ പതിവ് വഴികള്‍ വിട്ടുള്ള തന്റെ ശ്രമം എന്നെങ്കിലും പ്രേക്ഷകര്‍ തിരിച്ചറിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു രോഹിത്തിന്. ഇപ്പോഴിതാ റിലീസിന്റെ ഒരു വര്‍ഷത്തിനിപ്പുറം രോഹിത്ത് പ്രതീക്ഷിച്ചതുപോലെ ആ സിനിമയെ ആളുകള്‍ തിരിച്ചറിയുകയാണ്. ജൂലൈ 30ന് ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ 'ഇബ്‌ലീസി'ന്റെ ആദ്യ കാഴ്ചാനുഭവം പലരും കുറിയ്ക്കുന്നു. ഒരുപാട് ആരാധകരെയും സിനിമ പുതുതായി സൃഷ്ടിക്കുന്നു. തീയേറ്ററുകളില്‍ തഴയപ്പെട്ട ഒരു ചിത്രം ഡിവിഡി റിലീസില്‍ വലിയ പ്രേക്ഷകപ്രീതി നേടുമ്പോള്‍ അതിന്റെ സംവിധായകന് പറയാനുള്ളത് എന്താണ്? രോഹിത്ത് വി എസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. അതേസമയം പുതിയ സിനിമയുടെ മുന്നൊരുക്കങ്ങളിലുമാണ് അദ്ദേഹം.

വലിയ സന്തോഷം

വളരെയധികം സന്തോഷത്തിലാണ് ഞാന്‍. ഒരുപാട് മെസേജുകള്‍ ദിവസവും വരുന്നുണ്ട്. ഇപ്പോഴാണ് ഈ ചിത്രത്തെ കൂടുതല്‍ ആളുകള്‍ ഏറ്റെടുക്കുന്നത്. ആളുകള്‍ സിനിമയെ പറ്റി സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ ഏറെ സന്തോഷമുണ്ട്. സിനിമ ഗ്രൂപ്പുകളിലൊക്കെ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതില്‍ത്തന്നെ സിനിമ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. ഒരു 'സര്‍റിയലിസ്റ്റിക്' പരീക്ഷണ ചിത്രമായാണ് ഞാന്‍ ഇബ്‌ലീസ് ഒരുക്കിയത്.

ഡിവിഡിക്കായുള്ള കാത്തിരിപ്പ്

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ആ സമയത്താണ് പ്രളയം ഉണ്ടായത്. അത് സിനിമയെ സാരമായി ബാധിച്ചു. കാണാന്‍ ആഗ്രഹിച്ചവര്‍ക്കും സിനിമ തീയേറ്ററില്‍ കാണാന്‍ കഴിഞ്ഞില്ല. ഇബ്‌ലീസ് പോലെയുള്ള സര്‍റിയലിസ്റ്റിക് സിനിമകള്‍ ഇഷ്ടപ്പെടുന്നവരുടെ ഇടയിലേക്ക് ചിത്രം എത്തുന്നതിന് മുന്‍പ് തന്നെ തിയേറ്റര്‍ വിട്ടു. കേരളത്തിന് പുറത്തും സിനിമ റിലീസ് ചെയ്യ്തില്ല. അന്ന് മുതലേ ചിത്രത്തിന്റെ ഡിവിഡിയ്ക്കായുള്ള ഒരു കാത്തിരിപ്പ് പ്രേക്ഷകരുടെ ഇടയില്‍ ഉണ്ടായിരുന്നു. പലരും അത് നേരിട്ട് ചോദിക്കാറുമുണ്ടായിരുന്നു. പക്ഷേ ഡിവിഡി പുറത്തുവരാന്‍ ഒരു വര്‍ഷമെടുത്തു. പ്രേക്ഷകരുടെ കാത്തിരിപ്പ് തന്നെയാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് കാരണം. 

മരണത്തിന്റെ മനോഹാരിതയിലേക്കുള്ള ഒഴുക്ക്

ഒരു സാങ്കല്‍പിക ഗ്രാമവും അവിടുത്തെ ആളുകളുടെ കാഴ്ചപ്പാടുകളും സംഭവബഹുലമായ കാര്യങ്ങളുമെല്ലാം ഉള്‍പ്പെടുത്തി, മായാജാല കാഴ്ചകളിലേക്കുള്ള യാത്രയായാണ് ചിത്രം ഒരുക്കിയത്. വ്യത്യസ്തമായ ഒരു പരീക്ഷണം തന്നെയായിരുന്നു ചിത്രം. അതില്‍ ഫാന്റസിയുണ്ട്, റിയാലിറ്റിക്കുമപ്പുറമുള്ള ഒരു ലോകമുണ്ട്. അതിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. മരണത്തിന്റെ മനോഹാരിതയിലേക്കുള്ള ഒഴുക്കാണ് ചിത്രത്തിന്റേത്.

ആസിഫ് അലി

രണ്ട് ചിത്രങ്ങളിലും നായകനായി ആസിഫ് എത്തിയതിന് ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദം തന്നെയാണ് കാരണം. 'ഇബ്‌ലീസി'ലെ 'വൈശാഖനെ' ആസിഫ് വളരെ സൂക്ഷ്മതയോടെയാണ് ആവതരിപ്പിച്ചത്.

click me!