ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളന്‍ സിനിമയുടെ തിരക്കഥാകൃത്ത് ഡിനു തോമസുമായി അഭിമുഖം.
'ദൃശ്യം 3'യ്ക്ക് മുൻപ് എത്തുന്ന ജീത്തു ജോസഫിന്റെ സിനിമ. അതാണ് 'വലതുവശത്തെ കള്ളൻ' എന്ന പടത്തിന്റെ യുഎസ്പി. ബിജു മേനോനും ജോജു ജോർജും മത്സരിച്ച് അഭിനയിക്കുന്ന പടമാകും ഇതെന്ന് പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാണ്. കൂദാശ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ഡിനു തോമസ് ഈലാൻ ആണ് വലതുവശത്തെ കള്ളന്റെ തിരക്കഥാകൃത്ത്. മലയാള സിനിമയുടെ ഹിറ്റ് മേക്കറായ ജീത്തു ജോസഫിനൊപ്പം പ്രവർത്തിക്കാനായതിന്റെ സന്തോഷത്തിലും സിനിമ മികച്ച അനുഭവം സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലുമാണ് ഡിനു ഇപ്പോൾ. തന്റെ കഥ ജീത്തുവിലേക്ക് എത്തിയതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുകയാണ് ഡിനു തോമസ്.
ഏഴ് വർഷത്തിന് ശേഷം എത്തുന്ന സിനിമ
ഞാൻ വളരെ എക്സൈറ്റഡ് ആണ്. കാരണം ഏഴ് വർഷത്തോളം കഴിഞ്ഞിട്ടാണ് ഒരു സിനിമയുമായി ഞാൻ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഇത്രയും വർഷത്തെ ഗ്യാപ്പിനിടയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ വേണ്ടി ശ്രമിച്ചിരുന്നു. അതിന്റെ എല്ലാ ഇൻപുട്ടും സിനിമയിൽ നൂറ് ശതമാനം കൊടുത്തിട്ടുണ്ട്. ടെൻഷനുണ്ട്, പക്ഷെ എക്സൈറ്റഡ് ആണ്, എല്ലാമാണ്. നല്ലൊരു സിനിമയാവാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ബാക്കി പ്രേക്ഷകരുടെ കയ്യിൽ.

എന്താണ് വലതുവശത്തെ കള്ളൻ ?
'വലതുവശത്തെ കള്ളൻ' എന്നത് ഒരു ബിബ്ലിക്കൽ റെഫറൻസ് ടേം ആണ്. കുരിശുമരണവുമായി ബന്ധപ്പെട്ട് പറയുന്നൊരു കോൺസപ്റ്റ് ആണത്. സിനിമയിലൊരു ഘട്ടത്തിൽ ക്യാരക്ടർ ബിൽഡിങ്ങിന്റെ ഭാഗമായി അത് ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കൂടുതൽ ഡീറ്റൈൽസ് ഇപ്പോൾ പറയാനാവില്ല. ഈ പേരും കഥയുമായി എങ്ങനെ കണക്ട് ആയെന്ന് മനസിലാക്കേണ്ടതും തിരിച്ചറിയേണ്ടതും പ്രേക്ഷകരാണ്. പ്രേക്ഷകർക്കായത് വിടുകയാണ്. അവർക്കൊരു നല്ല സിനിമാനുഭവം ആകും വലതുവശത്തെ കള്ളൻ എന്നാണ് പ്രതീക്ഷ.
പത്ത് വർഷം മുൻപ് രൂപപ്പെട്ട ഐഡിയ
ഈ സ്റ്റോറി ഐഡിയ പത്ത് വർഷം മുൻപാണ് ഞാൻ രൂപപ്പെടുത്തി എടുത്തത്. അതിനിടെയാണ് കൂദാശ ചെയ്യുന്നത്. തിയറ്ററിൽ വിജയമായ സിനിമയായിരുന്നില്ല അത്. പരിമിതികൾക്കിടയിൽ നിന്നും ചെയ്ത സിനിമ ഡിവിഡിയിൽ എത്തിയപ്പോൾ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടു. അതിന്റെ പ്രമേയം ഇഷ്ടമായ ജീത്തു സാറടക്കമുള്ളവർ എനിക്ക് പ്രോത്സാഹനവുമായി എത്തി. അതിന് ശേഷം പ്രൊഡക്ഷൻ കൺട്രോളർ ഷെബീർ ഇക്ക അടുത്ത പരിപാടി എന്താണെന്ന് ചോദിച്ചിരുന്നു. പുള്ളിയോട് അന്ന് ഈ സ്റ്റോറി ഐഡിയ പറഞ്ഞു. കേട്ടപാടെ 'ഡിനു ഇത് നല്ല പരിപാടിയാ'ണെന്ന് പറഞ്ഞു. സ്ക്രീൻ പ്ലേ ആക്കാൻ എത്ര സമയം വേണമെന്നും അദ്ദേഹം ചോദിച്ചു. ഒരാഴ്ച കൊണ്ട് തിരക്കഥ എഴുതി. അവിടെന്ന് ഷാജി നടേശന്റെ അടുത്തേക്ക് എന്നെ ഇക്ക കൊണ്ടുപോയി, കഥ പറഞ്ഞു. അന്ന് ഒരു ഓപ്ഷനായിട്ടായിരുന്നു വലതുവശത്തെ കള്ളൻ എന്ന ടൈറ്റിൽ പറഞ്ഞത്. വേറെയും കുറച്ച് ഇംഗ്ലീഷ് ടൈറ്റിലുകൾ ഉണ്ടായിരുന്നു. പക്ഷേ ഷാജി ചേട്ടൻ 'വലതുവശത്തെ കള്ളൻ' തന്നെയാണ് നല്ലതെന്ന് പറഞ്ഞു. ഒടുവിൽ ജീത്തു സാറിനടുത്തേക്ക് പോയി. കഥ കേട്ടപ്പോൾ ഈ ടൈറ്റിൽ തന്നെയാണ് നല്ലതെന്ന് അദ്ദേഹത്തിനും മനസിലായി.

ജീത്തു ജോസഫ് എന്ന സംവിധായകനിലേക്ക്..
കഴിഞ്ഞ ഏഴെട്ട് വർഷമായി വലതുവശത്തെ കള്ളൻ സിനിമയാക്കാൻ ഞാൻ പല രീതിയിലും ശ്രമിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ സിനിമ തീയറ്റിൽ പരാജയപ്പെട്ടൊരു സംവിധായകനാണ് ഞാൻ. പിന്നെ കൊറോണ പോലെയുള്ള സംഭവങ്ങളും. കൊവിഡ് സിനിമാ ഫീൽഡിലെ എല്ലാവരേയും പോലെ എന്നെയും ബാധിച്ചു. ഇതിനിടയിലും സിനിമയാക്കാൻ പലവഴിക്കും ശ്രമിച്ചു കൊണ്ടേയിരുന്നു. ഞാൻ സംവിധാനം ചെയ്യാമെന്നും വിചാരിച്ചു. പക്ഷേ അതൊന്നും മുന്നോട്ട് പോയില്ല. പല ഘടകങ്ങളും ഒന്നിച്ച് ചേരുമ്പോഴാണ് സിനിമ നടക്കുന്നത്. റൈറ്റ് ടൈം, റൈറ്റ് പീപ്പിൾ, റൈറ്റ് ഐഡിയ ഇതെല്ലാം കൂടിച്ചേരണം. എനിക്ക് തോന്നുന്നത് ജീത്തു സാർ ഈ പടം സംവിധാനം ചെയ്യണം എന്നതായിരിക്കാം നിയോഗം.
ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ച്, വേറെ ജോലിക്ക് വേണ്ടി ബയോഡേറ്റയൊക്കെ തയ്യാറാക്കി വച്ചിരിക്കുന്നതിനിടെയാണ് ഷാജി ചേട്ടൻ ജീത്തു സാറുമായി കോൺടാക്ട് ചെയ്യുന്നത്. ജീത്തു സാറിന്റെ വീട്ടിൽ പോയാണ് കഥ പറയുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു മക്കളും കഥകേൾക്കാനുണ്ടായി. രണ്ട് മണിക്കൂർ എടുത്ത് ഡീറ്റെയിൽ ആയിട്ട് സ്ക്രീൻ പ്ലേ അവതരിപ്പിച്ചു. കേട്ടപ്പോൾ തന്നെ കൊള്ളാമെന്ന് സാറ് പറഞ്ഞു.

ത്രില്ലർ എന്നതിനെക്കാൾ ഉപരി ഒരു ഇമോഷണൽ ക്രൈം ഡ്രാമയാണ് വലതുവശത്തെ കള്ളൻ. സാം, ആന്റണി എന്നീ രണ്ട് വ്യക്തികളുടെ മാനസിക സംഘർഷങ്ങളിലൂടെ യാത്ര ചെയ്യുന്ന സിനിമയാണത്. അതാണ് ജീത്തു സാറിനെ എക്സൈറ്റഡ് ചെയ്യിച്ചതും. കഥ കേട്ടിട്ട് സ്ക്രീൻ പ്ലേ അയച്ച് കൊടുക്കാൻ അദ്ദേഹം പറഞ്ഞിരുന്നു. സാറിന് ഒരു ടീം ഉണ്ട്. അവരുടെ എല്ലാം അഭിപ്രായം അറിഞ്ഞ ശേഷം ഒരാഴ്ച കഴിഞ്ഞ് ഓക്കെ പറഞ്ഞു. ആ മൊമന്റ് വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്തതാണ്.
ജീത്തു സാറിന്റെ 'ഓക്കെ', മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ നിമിഷം
സാധാരണ എല്ലാ ഫിലിം മേക്കേഴ്സിനും സ്ട്രഗിളിങ് സ്റ്റേജുണ്ട്. ഒരു ക്ലീഷേ കഥയാണത്. സ്ട്രഗിളും അപ്സ് ആൻഡ് ഡൗൺ എല്ലാമുണ്ട്. നിരാശയുടെ പടുക്കുഴി എന്ന് പറയുന്ന ഘട്ടമാണല്ലോ അത്. നമ്മൾ അത്രയും ഡിപ്രസ്ഡ് ആയിട്ട്, സിനിമ നടക്കില്ല, മര്യാദയ്ക്ക് ജോലിക്കൊക്കെ പോകണം എന്ന് തീരുമാനിച്ചിരിക്കുന്ന സമയമാണ്.
ഞാൻ വീട്ടിൽ ആയിരുന്നപ്പോഴാണ് ജീത്തു സാർ സിനിമയ്ക്ക് ഓക്കെ പറയുന്നത്. ആ മൊമന്റ് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. മകൾ എന്റെ കയ്യിലിരിക്കുകയായിരുന്നു. ഞാനവളെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു. മോള് കുഞ്ഞല്ലേ.. അവൾക്ക് ഒന്നും മനസിലായില്ല. അത്രയും ഇമോഷണലി പൊട്ടിപ്പോയ നിമിഷമായിരുന്നു അത്.

കേന്ദ്ര കഥാപാത്രങ്ങളായി ബിജു മേനോനും ജോജു ജോർജും
അഭിനേതാക്കളായി പല ഓപ്ഷനുകളും നമുക്ക് മുന്നിൽ വന്നു. ജീത്തു സാർ ഇൻ ആയ ശേഷം പല ആർട്ടിസ്റ്റുകളെ വച്ച് ചർച്ചകൾ നടന്നു. ഒരു ദിവസം സാറാണ്(ജീത്തു) ബിജുവേട്ടനും ജോജു ചേട്ടനും ഒരുമിച്ച് കഴിഞ്ഞാൽ അതിനൊരു ഭംഗിയുണ്ടെന്ന് പറഞ്ഞത്. രണ്ടുപേരും നല്ല അഭിനേതാക്കളാണ്, അത്രയും പൊട്ടൻഷ്യലുള്ള രണ്ട് അഭിനേതക്കൾ. അവർക്ക് രണ്ടുപേർക്കും പെർഫോം ചെയ്യാനുള്ള സ്പേസ് ഈ സ്ക്രീൻ പ്ലേയിൽ ഓൾറെഡി ഉണ്ട്. എന്തുകൊണ്ട് ഇങ്ങനെ ഒരു സാധ്യത നമുക്ക് പരിഗണിച്ചൂടാന്ന് സാർ എന്നെ വിളിച്ചു ചോദിച്ചു. അവർ രണ്ട് പേരും എന്റെ കഥകളിലൂടെ കടന്നു പോയതായി എനിക്കാ നിമിഷം തോന്നി. ആ കിക്ക് സാറിന്റെ പുറകിലിരുന്ന് ഷൂട്ടിംഗ് കാണുമ്പോൾ എനിക്ക് കിട്ടിയിരുന്നു. ഡബ്ബിംഗ് സമയത്തും എഡിറ്റിംഗ് സമയത്തുമെല്ലാം അത് കിട്ടി. അതേ കിക്ക് ഓഡിയൻസിന് തിയറ്ററിലും കിട്ടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

എംബിഎക്കാരൻ എന്ന സിനിമാക്കാരൻ
കുട്ടിക്കാലം മുതൽ ഒരുപാട് സിനിമകൾ കാണാറുള്ള ആളാണ് ഞാൻ. സിനിമ ഭ്രാന്ത് എന്നൊക്കെ പറയാം. ഒരുപാട് സിനിമകൾ കണ്ടു തീർത്തിട്ടുണ്ടായിരുന്നു. വലുതായ ശേഷം ചില ഷോർട് ഫിലിമുകളൊക്കെ ചെയ്തു. അതിനിടയിലാണ് എംബിഎ ചെയ്യുന്നത്. മൂന്ന് വർഷം ദുബായിൽ ജോലി ചെയ്തു. പിന്നീട് ഒരു ഘട്ടത്തിൽ റിസ്ക് ഉള്ള ജോലി ചെയ്യണോ അതോ സേഫ് ആയ ജോലി ചെയ്യണമോ എന്ന് ചിന്തിച്ചു. ഒടുവിൽ സിനിമ തെരഞ്ഞെടുത്തു. ഏഴെട്ട് കൊല്ലം മുൻപായിരുന്നു അത്. സിനിമ ഇഷ്ടപ്പെട്ടുപോയി. അതിന് പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടല്ലോ എന്ന് പറയാറില്ലേ. അതുതന്നെയാണ് കാരണം. ആ റിസ്ക് എടുക്കാൻ ഞാൻ തയ്യാറായി. റിസ്ക് എടുത്തതിന്റെ എഫക്ട് ഒക്കെ എന്റെ ലൈഫിൽ ഉണ്ടായി. പക്ഷെ ഞാനിപ്പോ ആയിരിക്കുന്ന അവസ്ഥയിൽ ഭയങ്കര ഹാപ്പിയാണ്.
അവരിൽ പതിനാറാമനായാൽ മതി!
വ്യക്തിപരമായിട്ട് റൈറ്റർ ആയിരിക്കാനാണ് എനിക്ക് ആഗ്രഹം. മലയാളത്തിൽ ഒരുപാട് നല്ല ഡയറക്ടർമാരുണ്ട്. ഒരുപാട് പുതിയ ന്യൂ ഡയറക്ടർമാരുണ്ട്. ഒരുപാട് പേര് ഡയറക്ടർ ആവാൻ വേണ്ടി നിൽക്കുന്നുണ്ട്. റൈറ്റേഴ്സിൽ എണ്ണം നോക്കുമ്പോൾ, ഒരു 15 ഓളം നല്ല റൈറ്റേഴ്സ് മലയാളത്തിലുണ്ട്. അക്കൂട്ടത്തിലെ പതിനാറാമനായി മലയാള സിനിമയിൽ നിൽക്കാൻ പറ്റിയാൽ മതി. ഒരുവർഷം നൂറോളം സിനിമകൾ മലയാളത്തിൽ ഇറങ്ങുന്നുണ്ട്. അതിൽ രണ്ട് നല്ല സിനിമകളിൽ ഭാഗമാകാൻ സാധിച്ചാൽ മതി എന്നൊക്കെയാണ് എന്റെ ആഗ്രഹം. സംവിധാനം ചെയ്യണം എന്ന് വന്നാൽ ചെയ്യും. പക്ഷേ ഞാൻ എഴുതുന്ന തിരക്കഥകൾ സംവിധാനം ചെയ്യാനാകും എനിക്ക് താല്പര്യം. ഞാൻ ഡയറക്ട് ചെയ്താലോ എന്ന് ചിന്തിച്ചിരുന്ന പ്രൊജക്റ്റ് ആയിരുന്നു വലതുവശത്തെ കള്ളൻ. പിന്നീടത് മാറി.
ആ വീഴ്ചയിൽ നിന്നും ഉയർന്നുവരാൻ സമയമെടുത്തു
2018ലാണ് ഞാൻ കൂദാശ ചെയ്യുന്നത്. സ്ക്രിപ്റ്റും ഞാൻ തന്നെയായിരുന്നു. പക്ഷേ സിനിമ തിയറ്ററിൽ പരജായപ്പെട്ടു. അതിന്റെ നിരാശയും ഒപ്പം കൊറോണയും കൂടിയായപ്പോൾ വീഴ്ചയുടെ ആഴം കൂടി. ഇത് രണ്ടും കൂടി എന്നെ ശരിക്കും ബാധിച്ചിട്ടുണ്ട്. കൊറോണ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ വലതുവശത്തെ കള്ളൻ നേരത്തെ സംഭവിക്കുമായിരുന്നു. വേറൊരു പ്രൊജക്ടും വന്നേനെ. കൊറോണ എല്ലാം തകിടം മറിച്ചു. ആ വീഴ്ചയിൽ നിന്നും ഉയർന്നുവരാൻ കുറച്ച് സമയമെടുത്തു.
സിനിമ വേണ്ടെന്ന് വച്ച അവസരങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ കൂടെ ഒരു ഫാമിലി ഉണ്ട്, രണ്ട് മക്കളുണ്ട്. സിനിമളൊന്നും നടക്കുന്നില്ല. അങ്ങനെയാണ് ബയോഡേറ്റ തയ്യാറാക്കി വേറെ ജോലിക്ക് പോകാമെന്നൊക്കെ തീരുമാനിക്കുന്നത്. അപ്പോഴാണ് വലതുവശത്തെ കള്ളൻ യാഥാർത്ഥ്യമാകുന്നതും. ഒൺ സൈഡ് ലൗ സ്റ്റോറി എന്നൊക്കെ പറയുമ്പോലെയാണത്. ഞാനൊരു ആറേഴ് വർഷം സിനിമയ്ക്ക് പുറകെ നടന്നു. അവസാനം ഇനി ഞാനില്ലെന്ന് പറഞ്ഞ് തിരിച്ച് നടന്ന സമയത്താണ്, എന്നെ ഇഷ്ടമാണെന്ന് സിനിമ വീണ്ടും പറയുന്നത്.

വിഷമഘട്ടങ്ങളിലെല്ലാം ഒപ്പം നിന്നത് കുടുംബമാണ്. വൈഫ് കൂടെ നിന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ജോലിക്ക് പോകേണ്ടി വരുമായിരുന്നു. കഥകളൊക്കെ വൈഫിനോട് ഡിസ്കസ് ചെയ്യാറുണ്ട്. വലതുവശത്തെ കള്ളന്റെ കഥയും അവളോടാണ് ആദ്യം പറയുന്നത്. സിനിമയോട് ആദ്യം വിശ്വാസം അർപ്പിച്ചതും നടക്കുമെന്ന് പറഞ്ഞതും ഭാര്യ തന്നെയാണ്.
പുതിയ പടങ്ങളും സൂക്ഷ്മദർശിനി സംവിധായകനും
സൂക്ഷ്മദർശിനി സംവിധായകൻ ജിതിൻ എംസിയുടെ പടമാണ് നിലവിൽ എഗ്രിമെന്റ് ആയത്. ഞാൻ കോ റൈറ്റർ ആണ്. എംസിയുടെ വെറൊരു പ്രൊജക്ടും ഉണ്ട്. ഇതിൽ ഏതാണ് ആദ്യം വരുന്നതെന്ന് അറിയില്ല. മറ്റ് കാര്യങ്ങളൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷേ അതും നല്ലൊരു സിനിമയായിരിക്കും. ലെവൽ ക്രോസിന്റെ ഡയറക്ടറുമായി ചർച്ച നടക്കുന്നുണ്ട്. തമിഴ്-തെലുങ്ക് സിനിമയുടെ ചർച്ചകളും നടക്കുന്നുണ്ട്. ഒരുപക്ഷേ അത് ഞാനാകാം സംവിധാനം ചെയ്യുക. ഫീമെയിൽ ഓറിയന്റഡ് സിനിമയാണത്.




