'ആശുപത്രിയിലെ കാര്യങ്ങൾ കഴിഞ്ഞ് കൂടെ വരാമെന്നായിരുന്നു സച്ചിയേട്ടൻ പറഞ്ഞത്', ജയൻ നമ്പ്യാരുമായി അഭിമുഖം

By Manu VargheseFirst Published Oct 5, 2020, 5:07 PM IST
Highlights

സച്ചി ചെയ്യാൻ ആഗ്രഹിച്ച സിനിമ സംവിധാനം ചെയ്യാൻ ശിഷ്യൻ ജയൻ നമ്പ്യാര്‍.

കരുത്തുറ്റ തിരക്കഥകൾ കൊണ്ടും സംവിധാന മികവ് കൊണ്ടും മലയാളി പ്രേക്ഷകരെ വിസ്‍മയിപ്പിച്ച സംവിധായകനാണ് സച്ചിദാന്ദന്‍ എന്ന സച്ചി. തിരക്കഥാക്കൃത്തിന്റെ കുപ്പായത്തിൽ നിന്ന് സംവിധായകന്റെ വേഷത്തിലെത്തിയപ്പോഴും മലയാള സിനിമയ്ക്ക് ജനപ്രിയ സിനിമയുടെ രസക്കൂട്ടുകളാണ്  സച്ചി സമ്മാനിച്ചത്. അകാലത്തിൽ വിടപറഞ്ഞ സച്ചിയുടെ സ്വപ്‍ന ചിത്രമായിരുന്നു ഇന്ദു ഗോപന്റെ പ്രസിദ്ധമായ വിലായത്ത് ബുദ്ധ എന്ന ലഘുനോവൽ. വിലായത്ത് ബുദ്ധ വായിച്ചപ്പോൾത്തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണെന്നാണ് പുസ്‍തകത്തിന്റെ അവതരണമായി സച്ചി എഴുതിയിരുന്നത്.

സച്ചിയുടെ ഡ്രീം പ്രൊജക്ട് ആയിരുന്ന ചിത്രം സംവിധാനം ചെയ്യുവാൻ ഒരുങ്ങുകയാണ് സച്ചിയുടെ പ്രിയ ശിഷ്യനും അസോസിയേറ്റുമായ ജയൻ നമ്പ്യാർ. ചിത്രത്തിൽ നായകനായി എത്തുന്നതാകട്ടെ പൃഥ്വിരാജും. സച്ചിയുടെ തിരക്കഥയിൽ പൃഥ്വിരാജിനെ നായകനാക്കി സിനിമ ഒരുക്കാനുള്ള പ്ലാനിലായിരുന്നു ആദ്യം ജയന്‍ നമ്പ്യാർ. ആ ചിത്രം മാറ്റിവെച്ചാണ് സച്ചിയുടെ സ്വപ്‍നമായിരുന്ന വിലായത്ത് ബുദ്ധയുമായി മുന്നോട്ട് പോവുന്നത്. ചിത്രത്തിന്‍റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ് സംവിധായകൻ ജയൻ നമ്പ്യാർ. മനു വർഗീസ് നടത്തിയ അഭിമുഖം.

'വിലായത്ത് ബുദ്ധ' സച്ചിയേട്ടന്റെ സ്വപ്‍ന ചിത്രം

ഇന്ദു ഗോപന്റെ പ്രസിദ്ധമായ വിലായത്ത് ബുദ്ധ എന്ന ലഘുനോവലിനെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. സച്ചിയേട്ടന്റെ തിരക്കഥയിൽ ഞാൻ ചെയ്യുന്ന ഒരു സിനിമ കഴിഞ്ഞ്  ചിത്രം ചെയ്യാനായിരുന്നു സച്ചിയേട്ടൻ പ്ലാൻ ചെയ്‍തത്. പക്ഷെ സച്ചിയേട്ടന്റെ വിയോഗത്തെ തുടർന്ന്  ചിത്രം ചെയ്യാനുള്ള ദൗത്യം എന്നിലേയ്ക്ക് എത്തുകയായിരുന്നു. സിനിമയുടെ തിരക്കഥ ഇന്ദുഗോപനും രാജേഷും (ഓള്‍ഡ് മങ്ക് രാജേഷ്) ചേർന്നാണ് എഴുതുന്നത്. പകിട എന്ന സിനിമയുടെ തിരക്കഥ എഴുതിയാളാണ് രാജേഷ്. അവരായിട്ട് തുടങ്ങിവെച്ച കഥ സച്ചിയേട്ടനിലേയ്ക്ക് എത്തുകയായിരുന്നു. സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്.

ഡബിൾ മോഹൻ എന്ന കഥാപാത്രമായി പൃഥ്വിരാജ്‌

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം പകുതിയോടെ തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്. ഭാസ്‌കരൻ മാസ്റ്റർ, ഡബിൾ മോഹനൻ എന്നീ കഥാപാത്രങ്ങളാണ് നോവലിലുള്ളത്‌. ഇതിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ്‌ എത്തുക. മറ്റുള്ളവരുടെ കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും. ചിത്രത്തിന്‍റെ പോസ്റ്റർ ഡിസൈൻ നടക്കുന്നു. സച്ചിയേട്ടന്‍ ആഗ്രഹിച്ച സിനിമ എന്ന നിലയില്‍  വളരെ പ്രത്യേകത നിറഞ്ഞ ഒന്നാണ് ചിത്രം. എല്ലാവരുടെയും ഒരു ആഗ്രഹം പോലെ ആ സിനിമ ഞങ്ങൾ ചെയ്യുന്നു.

മറയൂർ ചിത്രത്തിന്റെ ലൊക്കേഷൻ

ചിത്രത്തിന്റെ പ്രധാന  ലൊക്കേഷൻ മറയൂരാണ്. ചിത്രത്തെ പറ്റി ചർച്ച നടന്ന സമയത്ത് തന്നെ സച്ചിയേട്ടൻ എന്നോട് പറഞ്ഞിരുന്നു മറയൂരിൽ പോയി ലൊക്കേഷൻ കാണുവാൻ. ആശുപത്രിയിലെ കാര്യങ്ങൾ കഴിഞ്ഞ് അദ്ദേഹം കൂടെ വരാം, ഇപ്പോൾ പോയി നീ കാണു എന്ന് പറഞ്ഞ് എന്നെ മറയൂരിലേയ്ക്ക് വിട്ടിരുന്നു. പ്ലോട്ട് ഇത് തന്നെയാണെങ്കിലും സിനിമയുടെ പരിസരങ്ങളിലേയ്ക്ക് ഈ നോവലിനെ മാറ്റിയാണ് ചെയ്യുക. സിനിമ കാണുവാൻ വരുന്ന എല്ലാത്തരം പ്രേക്ഷകരെ തൃപ്‍തിപ്പെടുത്തുന്ന തരത്തിലായിരിക്കും സിനിമ ഒരുക്കുന്നത്. 

സിനിമയെ പറ്റി പലപ്പോഴായി സച്ചിയേട്ടൻ ചർച്ച ചെയ്‍തിട്ടുണ്ടെങ്കിലും പൂർണമായ ഒരു തിരക്കഥ ഒന്നും എഴുതിയിട്ടില്ലായിരുന്നു.

സച്ചിയേട്ടനൊപ്പം  നിഴലുപോലെ

സച്ചിയേട്ടനൊപ്പം ഇത്രയും നാൾ വർക്ക് ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. നിഴലുപോലെ അദ്ദേഹത്തിന് ഒപ്പം നിൽക്കാൻ കഴിഞ്ഞത് വലിയ അനുഭവമാണ്. അദ്ദേഹവുമായി വളരെ അടുത്ത് നിൽക്കാൻ എനിക്ക് കഴിഞ്ഞു. കോളേജ്‌ ഡെയ്‍സ്, കാഞ്ചി, ടിയാൻ എല്ലാം ഒരുക്കിയ സംവിധായകൻ ജിയെൻ കൃഷ്‍ണകുമാറിനൊപ്പമാണ് ഞാൻ ആദ്യം സഹ സംവിധായകനായി വർക്ക് ചെയ്‍തത്. പിന്നീട് മലയാള സിനിമയിലെ പല സംവിധായകർക്ക് ഒപ്പവും വർക്ക് ചെയ്‍തു.

പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫറിലും വർക്ക് ചെയ്‍തിരുന്നു.

click me!