സര്‍വം താളമയം, നടനത്തിന്റെ കൊടുമുടി; നെടുമുടി വേണു ജീവിതം പറയുന്ന സമ്പൂര്‍ണ അഭിമുഖം

By J BindurajFirst Published Oct 12, 2021, 11:40 AM IST
Highlights

നെടുമുടി വേണു (Nedumudi Venu) തന്റെ കലാജീവിതത്തേയും വ്യക്തിജീവിതത്തേയുംപറ്റി ആദ്യമായി പൂര്‍ണമായി മനസ്സു തുറന്നത് മാധ്യമപ്രവർത്തകനായ ജെ ബിന്ദുരാജുമായുള്ള ( J Binduraj) അഭിമുഖത്തിലായിരുന്നു. 2014-ൽ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ആ അഭിമുഖം ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.
 

അമ്പതുകളിലെ നെടുമുടി ഗ്രാമം.  അന്നൊക്കെ ആളുകൾക്ക് അവിടേയ്ക്ക് ചെന്നെത്താൻ പോലും വലിയ ബുദ്ധിമുട്ടായിരുന്നു. യന്ത്രവാഹനങ്ങളോ നിരത്തുകളോ ഇല്ലാതെ ഇടം. ടാറിട്ട നിരത്തുകൾ പോയിട്ട് ചെങ്കൽ പാതകൾ പോലുമില്ല. പാടങ്ങൾക്കിടയിലൂടെ നീങ്ങുന്ന ഒറ്റയടിപ്പാതകളിലൂടെ സഞ്ചരിച്ചുവേണം ഓരോ സ്ഥലങ്ങളിലുമെത്താൻ. മഴക്കാലത്ത് കായലേത് കരയേത് എന്നൊന്നും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. പട്ടണമായ ആലപ്പുഴയ്ക്ക് പോകണമെങ്കിൽ ചരക്കെടുക്കാൻ വരുന്ന വലിയ ചങ്ങാടങ്ങളിൽ കയറണം; വല്ലപ്പോഴുമെത്തുന്ന ബോട്ടുകളെ ആശ്രയിച്ചാൽ ഒന്നും മുന്നോട്ടു പോകില്ല. സമയത്തിന്റെ കുരുക്കിൽ അകപ്പെടാത്ത ഗ്രാമത്തിലെ നെടുമുടി എൻ എസ് എസ് സ്‌കൂളിലെ മാഷായിരുന്നു കേശവപിള്ള. തികഞ്ഞ കലാപ്രേമി. സ്‌കൂൾ വിട്ടുള്ള സമയങ്ങളിൽ മുഴുവൻ കലാപ്രവർത്തനങ്ങളാണ്. കവിതയും സംഗീതനാടകങ്ങളും ആട്ടക്കഥയും വരെ എഴുതി നാട്ടുകാർക്കു മുന്നിൽ അരങ്ങിലെത്തിക്കുകയെന്നതിലായിരുന്നു അദ്ദേഹത്തിന്റെ ആവേശം. അധ്യാപിക തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞുകുട്ടിയമ്മ. അഞ്ചു മക്കൾ. 

മക്കളെയെല്ലാം പഠിപ്പിച്ച് വലിയ ഉദ്യോഗസ്ഥരാക്കണമെന്നതിനേക്കാൾ കൂടുതൽ കേശവപിള്ള ആഗ്രഹിച്ചത് അവരെയെല്ലാം കലാകാരന്മാരാക്കി മാറ്റണമെന്നായിരുന്നു. കലാപരമായ അവരുടെ ഉന്നതിക്കായി അതുകൊണ്ട് കിട്ടുന്ന ശമ്പളത്തിന്റെ മുക്കാൽ ഭാഗവും കലകൾ അഭ്യസിപ്പിക്കുന്ന ഗുരുക്കന്മാർക്ക് ഫീസ് നൽകാനാണ് കേശവപിള്ള ഉപയോഗിച്ചത്. കഥകളി സംഗീതം മുതൽ ഘടം വരെയും മൃദംഗം മുതൽ കർണാടക സംഗീതം വരെയും പഠിപ്പിക്കാൻ കേശവപിള്ള വീട്ടിലേക്ക് ഗുരുക്കന്മാരെ വരുത്തിയിരുന്നു.  രണ്ടും മൂന്നും മാസമൊക്കെ ചെല്ലും ചെലവും കൊടുത്ത് ഈ ഗുരുക്കന്മാർ വീട്ടിൽ തന്നെ കൂടുമായിരുന്നു. കൂട്ടത്തിൽ ഏറ്റവും ഇളയവനായ വേണുവിന് പക്ഷേ ഇതൊക്കെ പഠിക്കാൻ സമയമായപ്പോഴേക്ക് അച്ഛൻ സ്‌കൂളിൽ നിന്ന് വിരമിച്ചു. അന്നത്തെ കാലത്ത് വിരമിച്ചു കഴിഞ്ഞാൽ പെൻഷനൊന്നുമില്ല. സ്വന്തം മക്കളെ മാത്രമല്ല കൊച്ചുമക്കളെ വരെ പഠിപ്പിക്കേണ്ടത് അച്ഛന്റെ ഉത്തരവാദിത്തമായിരുന്നതിനാൽ സാമ്പത്തികമായുള്ള ഞെരുക്കം മൂലം
പതുക്കെ കലാഭ്യാസനം നിന്നുപോയി. അതുകൊണ്ടു തന്നെ ചേട്ടന്മാരൊക്കെ കുട്ടിക്കാലത്ത് പഠിക്കുന്നത് കണ്ടും കേട്ടുമൊക്കെ നിന്നതല്ലാതെ വേണുവിന് ഗുരുമുഖത്തു  നിന്നും ഒരു അഭ്യസനമുണ്ടായിട്ടില്ല. പക്ഷേ ഗുരുമുഖത്തു നിന്നുള്ള അഭ്യസനം ലഭിച്ചില്ലെങ്കിലും പോലും ചേട്ടന്മാരുടെ പഠനമൊക്കെ കണ്ടും കേട്ടുമൊക്കെ നിന്നു പഠിച്ചിരുന്നു ആ ഏകലവ്യൻ. മാത്രവുമല്ല വൈകുന്നേരങ്ങളിൽ ആ വീട് എന്നും കലയുടെ കൂത്തരങ്ങായിരുന്നു. നാട്ടിൻപുറത്തുള്ള ഗായകരൊക്കെ തന്നെയും വീട്ടിലെത്തുമായിരുന്നു. സംഗീതവും പാട്ടുമൊക്കെ കേട്ടാണ് വേണു മിക്കപ്പോഴും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നത്. വളർന്നപ്പോൾ അതുകൊണ്ടു തന്നെ ഗുരുമുഖത്തു നിന്നുള്ള അഭ്യസനമില്ലെങ്കിൽ പോലും കച്ചേരികൾക്കു പോലും സംഗീത ഉപകരണങ്ങൾ വായിക്കാൻ വേണു നാട്ടിൻപുറത്തെ പരിപാടികളിലൊക്കെ പോയിത്തുടങ്ങി.

''കലാവാസനയുള്ള ഒരു കുട്ടിക്ക് വളരെ പോഷകാഹാരത്തോടു കൂടി വളർന്നുവരാൻ പറ്റിയ ഒരന്തരീക്ഷം അന്ന് വീട്ടിലുണ്ടായിരുന്നു. അച്ഛന്റെ എല്ലാ ആഗ്രഹങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അമ്മയും എല്ലാറ്റിനുമൊപ്പമുണ്ടായിരുന്നു.  അച്ഛനാണെങ്കിൽ കവിതയിലായിരുന്നു മറ്റൊരു ഹരം. സ്‌കൂളിൽ മലയാളം പഠിപ്പിച്ച അധ്യാപകൻ ചിലപ്പോഴൊക്കെ ചില കവിതകളൊക്കെ പാടി ചൊല്ലി കേൾപ്പിച്ച് ആരുടെ കവിതയാണെന്ന് ചോദിക്കുമായിരുന്നു. അറിയില്ലെന്ന് ഞാൻ പറയുമ്പോൾ ''നിന്റെ അച്ഛൻ എഴുതിയതാടാ'' എന്നു പറയും.  അച്ഛൻ ചില സംഗീതനാടകങ്ങളൊക്കെ എഴുതിയിട്ടുണ്ട്. വാമനാവതാരം എന്നൊരു ആട്ടക്കഥ എഴുതുകയും ചമ്പക്കുളത്തുകാരനായിരുന്ന ഗുരു ഗോപിനാഥ് അതിൽ വാമനന്റെ വേഷമിടുകയുമൊക്കെ ചെയ്‍തിട്ടുണ്ട്,'' അന്നത്തെ ആ കൊച്ചു ഗ്രാമപ്രദേശത്തെ തന്റെ പേരിലൂടെ അഭിനയത്തിന്റെ കൊടുമുടിയാക്കി പ്രതിഷ്ഠിച്ച നടന് ഭൂതകാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ ജീവന്റെ ചരടുകളൊക്കെ തന്നെയും ഒരു അനുഭൂതി കണക്കെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്. ആ കാലവും നാട്ടുകാരും വീടുമൊന്നുമില്ലായിരുന്നുവെങ്കിൽ നെടുമുടി വേണുവെന്ന നടൻ ഒരുപക്ഷേ മലയാളത്തിന് ലഭിക്കുമായിരുന്നില്ല.

നെടുമുടിയും ചമ്പക്കുളവുമൊക്കെ അടുത്തടുത്ത ഗ്രാമങ്ങളായിരുന്നതിനാൽ നാട്ടുകാർ കലാപ്രകടനങ്ങളുടെ സമയങ്ങളിൽ പരസ്‍പരം സഹകരിച്ചാണ് കഴിഞ്ഞിരുന്നത്. ചേട്ടന്മാരൊക്കെ വിവിധ കലകളിൽ ബഹുമിടുക്കന്മാരായതിനാൽ എന്തെങ്കിലും സംശയങ്ങളുണ്ടായാൽ വേണുവിന് തിരക്കാൻ പുറത്താരേയും അന്വേഷിക്കേണ്ടിയിരുന്നില്ല. മൂത്ത ചേട്ടൻ രാമചന്ദ്രൻ നായരാണ് വായനയുടെ അപാരമായ തീരങ്ങളിലേക്ക് വേണുവിനെ നയിച്ചത്. ഡിറ്റക്ടീവ് നോവലുകൾ മാത്രം പ്രധാന അന്നമായിരുന്ന വേണുവിനെ എം ടിയിലേക്കും ഉറൂബിലേക്കും ശങ്കരക്കുറുപ്പിലേക്കുമൊക്കെ വേണുവിനെ കൊണ്ടെത്തിച്ചത് രാമചന്ദ്രൻ നായരായിരുന്നു. ''എന്റെ വായനാബോധത്തേയും മനസ്സിനേയും ആസ്വാദനതലത്തേയുമൊക്കെ മാറ്റിമറിച്ചത് ചേട്ടനായിരുന്നു. നല്ലതുപോലെ വായിക്കുന്നയാളായിരുന്നു രാമചന്ദ്രൻ നായർ. അദ്ദേഹം നല്ല കൃതികളെന്തെങ്കിലും വായിച്ചാൽ ആ പുസ്‍തകവുമായി അദ്ദേഹം വീട്ടിലെത്തി അത് എന്നെക്കൊണ്ടു കൂടി വായിപ്പിക്കുമായിരുന്നു,'' നെടുമുടി
ഓർക്കുന്നു. 

ഗ്രാമീണാന്തരീക്ഷത്തിന്റെ ശാന്തതയും സൗമ്യതയും സമയത്തോടുള്ള അകൽച്ചയുമൊക്കെ നാടൻ കളികളുടെ താവളമായി തന്നെ ആ പ്രദേശത്തെ അന്ന് മാറ്റിയിരുന്നു. തലപ്പന്തും കിളിത്തട്ടും ഒളിച്ചുകളിയുമൊക്കെയായിരുന്നു കുട്ടിക്കാലത്തെ വിനോദങ്ങൾ. മധ്യവേനലവധിക്കാലമാകുമ്പോഴേക്ക് തങ്ങളുടെ കുട്ടികളെ വൈകുന്നേരങ്ങളിലുള്ള നാടകങ്ങൾക്ക് ഒരുക്കുകയായിരുന്നു അക്കാലത്ത് രക്ഷിതാക്കളുടെ ഒരു ജോലി. നാടകമെന്നു വച്ചാൽ തെറ്റിദ്ധരിക്കരുത്. വൃക്ഷച്ചുവട്ടിൽ കൂട്ടുകാരെല്ലാം ഒരുമിച്ച് അപ്പോൾ തോന്നുന്ന ഒരു കഥ അവനവന്റെ ഇഷ്‍ടത്തിനനുസരിച്ചുള്ള ഡയലോഗുകളുണ്ടാക്കി അഭിനയിക്കുന്ന ഏതൊണ്ടൊരു തരം നിമിഷ നാടകങ്ങളായിരുന്നു അവയൊക്കെ തന്നെയും. അക്കാലത്തെ കുട്ടിക്കളി നാടകമായിരുന്നിട്ടു കൂടി ഇത്തരം നാടകങ്ങൾ കാണാൻ വിളക്കും കത്തിച്ച
ചൂട്ടുകറ്റയുമൊക്കെയായി മുതിർന്ന ആളുകളൊക്കെ ഗൗരവമുള്ളതെന്തോ കാണാൻ വരുന്നതുപോലെ വരുമായിരുന്നു. കുട്ടികളുടെ അഭിനയത്തെ അവർ വിലയിരുത്തുകയും അഭിപ്രായങ്ങൾ പറയുകയും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. കായൽ ജലം കയറി ഇടയ്ക്ക് വളക്കൂറുള്ളതായി മാറുന്ന നെൽപ്പാടങ്ങളെപ്പോലെ ഇത്തരം കലാപ്രകടനങ്ങൾ അന്നാട്ടുകാരുടെ മനസ്സിൽ കലയോട് അപാരമായ സ്‍നേഹവും ആദരവുമാണ് ഉണ്ടാക്കിയിരുന്നത്. കൊച്ചുവേണുവിന്റെ മനസ്സിലും അതിന്റെ അനുരണനങ്ങൾ പ്രകടമായിത്തുടങ്ങിയിരുന്നു. 

''കുട്ടനാടൻ മണ്ണിനു തന്നെ ഒരു പ്രത്യേകതയുണ്ടെന്നാണ് എന്റെ വിശ്വാസം. അവിടെ ഇല്ലാത്തതായി ഒന്നുമില്ല. എന്തും വേരുപിടിക്കുന്ന ഒരു മണ്ണാണത്. നാടകരംഗത്തും കഥകളി രംഗത്തും സാഹിത്യത്തിലുമെല്ലാം കുട്ടനാട്ടുകാർ പേരെടുക്കാൻ കാരണം ആ വളക്കൂറുള്ള മണ്ണിൽ വേരുപൊട്ടിയതുകൊണ്ടാണ്,'' നെടുമുടി ഓർക്കുന്നു. 

എന്തിന്, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാനത്തിനു വരെ ഉണർവും ഓജസും നൽകിയത് കുട്ടനാട്ടുകാരായിരുന്നു. അവിടത്തെ മാത്തൂർക്ഷേത്രത്തിനടുത്തായിരുന്നു അദ്ദേഹത്തിന്റെ താമസം. അദ്ദേഹം പല കൃതികളും രചിച്ചതും അവിടെയായിരുന്നു. വള്ളത്തോളിനെപ്പോലും പോലും വിസ്‍മയിപ്പിച്ച മഹാനായ കഥകളി നടൻ മാത്തൂർ കുഞ്ഞുപിള്ള പണിക്കരും ചമ്പക്കുളം പാച്ചുപിള്ള, ഗുരു ഗോപിനാഥ് തുടങ്ങി എണ്ണിയെണ്ണിപ്പറഞ്ഞാൽ ഈ ലേഖനത്തോളം തന്നെ വരുന്നത്രയും പേർ ആ മണ്ണിന്റെ രുചിയറിഞ്ഞു വളർന്നവരാണ്. തകഴി, നെടുമുടി, കൈനകരി, മങ്കൊമ്പ്, കാവാലം, ചമ്പക്കുളം തുടങ്ങിയ ഗ്രാമത്തുരുത്തുകളൊക്കെ തന്നെ അന്നൊക്കെ വലിയ പുഴകളോ പാടങ്ങളോ ഒക്കെ കടന്നു പോകേണ്ട, വലിയ ദൂരം അനുഭവപ്പെട്ടിരുന്ന വലിയ രാജ്യങ്ങൾ തന്നെയായിരുന്നുവെങ്കിലും കലയുടെ കേളികെട്ടുകൾ ആ ദൂരങ്ങളെ നിശ്ചലമാക്കി. 

''ഇന്നിപ്പോൾ പത്തോ പതിനഞ്ചോ മിനിട്ടിനുള്ളിൽ എത്തപ്പെടാവുന്ന സ്ഥലങ്ങളായി മാറി അവയെല്ലാം തന്നെ. എല്ലായിടത്തും റോഡായി. എനിക്കതൊക്കെ ഓർക്കുമ്പോൾ വലിയ നഷ്‍ടബോധമുണ്ട്. പക്ഷേ അതൊന്നും പറയാനൊക്കില്ല. പറഞ്ഞാൽ നാട്ടുകാർ തല്ലും. പണ്ടൊന്നും ആശുപത്രിയിലൊന്നും പോകേണ്ടി വരുന്ന മട്ടിലുള്ള അസുങ്ങളൊന്നും നാട്ടുകാർക്ക് വരാറില്ല. ഇന്നിപ്പോൾ അതല്ലല്ലോ സ്ഥിതി,'' വേണു ചെറുചിരിയോടെ പറയുന്നു. ആശുപത്രിയിലേക്ക് ആളെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടൊന്നും അന്നുണ്ടായിരുന്നില്ല. ചെറുപ്പത്തിൽ ആകപ്പാടെ അത്തരമൊരു കാഴ്ച കണ്ടത് അയൽപക്കത്തുള്ളവർ ആത്മഹത്യ ചെയ്യാൻ വിഷം കഴിച്ചപ്പോൾ അവരെ കട്ടിലിൽ കിടത്തി പാടവരമ്പിലൂടെ ആശുപത്രിയിലേക്ക് എത്തിക്കാൻ ആളുകൾ ചുമന്നുകൊണ്ടു പോകുന്നതാണ്. ''അന്നൊക്കെ കുടിക്കുന്നതും കുളിക്കുന്നതുമൊക്കെ തോട്ടിലേയും കുളത്തിലേയുമൊക്കെ വെള്ളം ഉപയോഗിച്ചിരുന്നു. ഇന്നിപ്പോൾ വെള്ളം ചീത്തയായി. അസുഖങ്ങൾ പെരുത്തു. നാടിന്റെ മുഖച്ഛായയും തനിമയും ചോർന്നുപോയി,'' നെടുമുടി പറയുന്നു.

കേശവപിള്ളയ്ക്ക് നാട്ടുവൈദ്യത്തിലും വിഷചികിത്സയിലുമെല്ലാം ഗ്രാഹ്യമുണ്ടായിരുന്നതുകൊണ്ട് നാട്ടുകാരും വീട്ടിൽ സൗജന്യമായി അന്ന് ചികിത്സിച്ചിരുന്നു. വേണുവും സഹോദരന്മാരുമൊക്കെ പഠിച്ചത് അച്ഛൻ പഠിപ്പിച്ചിരുന്ന നെടുമുടി എൻ എസ് എസ് സ്‌കൂളിൽ തന്നെയായിരുന്നു. മനസ്സെപ്പോഴും മറ്റു ചില കാര്യങ്ങളിലായിരുന്നതുകൊണ്ട് പഠിക്കാൻ അത്ര കേമനൊന്നുമായിരുന്നില്ല വേണു. തട്ടിമുട്ടിപ്പോകുന്ന അവസ്ഥ. പക്ഷേ സ്‌കൂളിൽ കൂട്ടുകാരൊക്കെ ചേർന്ന് നാടകവും കലാപ്രവർത്തനങ്ങളും നടത്തുന്നതിലൊക്കെ വേണു ഉഷാറായിരുന്നു. വീരരാഘവൻ നായരുടെ ഇൻഡസ്‍ത്രീ എന്ന നാടകമായിരുന്നു അതിലൊന്ന്. ''ഇൻഡസ്‍ട്രി എന്നു പറയാൻ അറിയാത്ത ആളുകൾ ഇൻഡസ്‍ത്രീ എന്നാണ് വ്യവസായത്തെ വിളിച്ചിരുന്നത്. വേളൂർ കൃഷ്ണൻ കുട്ടിയുടെ 'റിട്ടയേർഡായി' എന്നൊരു നാടകം ഞാൻ ഇന്നും നന്നായി ഓർക്കുന്നു. ഒരാൾ റിട്ടയേർഡായി എന്നു ടെലിഗ്രാം വരുന്നതും വീട്ടുകാർ എന്താണ് സംഭവമെന്നറിയാതെ അലച്ചുവിളിയും നിലവിളിയുമൊക്കെയാകുന്നതുമാണ് ആ നർമ്മ നാടകത്തിന്റെ പ്രമേയം. ഞാൻ പഠിക്കാനത്ര കേമനൊന്നുമായിരുന്നില്ലെങ്കിലും അധ്യാപകർക്കും കൂട്ടുകാർക്കുമൊക്കെ എന്നെ വലിയ ഇഷ്‍ടമായിരുന്നു. മറ്റു കുട്ടികളുടെ മുന്നിൽ എന്നെ ഒരു തെറ്റുകാരനായി കാണിക്കാതിരിക്കാൻ, ഹോം വർക്ക് ചെയ്‍ത് ഞാൻ വന്നില്ലെങ്കിലും ഇരുന്നോളാൻ പറയുന്ന മാഷ്ന്മാരായിരുന്നു അധികവും,'' വേണു ഓർക്കുന്നു.

മിഡിൽ സ്‌കൂൾ കഴിഞ്ഞ് ചമ്പക്കുളം സെന്റ് മേരീസ് സ്‌കൂളിലായിരുന്നു പത്താം ക്ലാസ് വരെ. അന്നത്തെ കാലത്ത് യൂത്ത് ഫെസ്റ്റിവൽ ആരംഭിച്ചിരുന്നതിനാൽ അതിനു പോകാനായുള്ള തയാറെടുപ്പായിരുന്നു വർഷം ആരംഭിക്കുമ്പോൾ മുതൽ തന്നെ. ചമ്പക്കുളം സ്‌കൂളിൽ നിന്ന് യൂത്ത് ഫെസ്റ്റിവലിന് ആകെ പോയിരുന്നത് വേണു മാത്രമായിരുന്നു. താളവാദ്യ വിഭാഗത്തിലുള്ള മത്സരത്തിലാണ് പങ്കെടുത്തിരുന്നത്. മുണ്ടയ്ക്കൽ സാർ എന്നറിയപ്പെട്ടിരുന്ന അധ്യാപകന്റെ കൈയും പിടിച്ചുകൊണ്ടായിരുന്നു ഫെസ്റ്റിവലിലേക്കുള്ള യാത്ര. ഓരോ സ്‌കൂളിൽ നിന്നും നാൽപതിനടുത്തൊക്കെ വിദ്യാർത്ഥികൾ യൂത്ത് ഫെസ്റ്റിവലിന് പോകുമായിരുന്നെങ്കിൽ സെന്റ് മേരീസിലെ ഏക കലാകാരൻ വേണുവായിരുന്നു. 

''യൂത്ത് ഫെസ്റ്റിവലിന് മുമ്പ് ഒരു ജാഥയുണ്ട്. അതിൽ സെന്റ് മേരീസിന്റെ കൊടി പിടിച്ചു  നടക്കുന്ന എനിക്കു പിന്നിൽ മറ്റാരും ഉണ്ടായിരുന്നില്ല. അത്ര പ്രാക്ടീസ് ചെയ്‍തൊന്നുമല്ല ഞാനതിൽ പങ്കെടുത്തത്. അതിനാൽ സമ്മാനമൊന്നും കിട്ടിയില്ല. പക്ഷേ  സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും പങ്കെടുക്കുകയെന്നതായിരുന്നു അക്കാലത്തെ വലിയ സന്തോഷം. ഞാൻ ഘടമാണ് വായിച്ചത്. അന്ന് ഞാൻ ഘടം വായിച്ചപ്പോൾ  എനിക്ക് താളം വായിച്ചത് അവിടെ വച്ച് പരിചയപ്പെട്ട ഒരു പയ്യനായിരുന്നു. അവൻ മൃദംഗം വായിക്കുന്നവനായിരുന്നു. അവനായിരുന്നു ഒന്നാം സ്ഥാനം. ഞങ്ങൾ തമ്മിൽ  പരസ്‍പരം മത്സരിക്കുന്നവരായിരുന്നിട്ടും അവന് ഞാനും തിരിച്ച് ഘടം വായിച്ചു കൊടുത്തു. അന്നത്തെ ആ പയ്യനാണ് ആലപ്പി രംഗനാഥ്. രണ്ടു കൂട്ടരും മത്സരിച്ചെങ്കിലും  അന്നത്തെ മത്സരങ്ങൾ സൗഹാർദ്ദപരമായിരുന്നു. പിന്നീടൊരിക്കൽ എനിക്ക് ഗ്രൂപ്പ് മ്യൂസിക്കിന് ഒന്നാം സ്ഥാനം കിട്ടി. ഒരു ഹിന്ദിപ്പാട്ടായിരുന്നു അത്,'' നെടുമുടിയുടെ  ഓർമ്മകൾ പഴയ സൗഹൃദക്കൂട്ടുകളെ വരിഞ്ഞുമുറുക്കുകയാണ്.

ഒരു നാട്ടിൻപുറത്തുകാരന്റെ എല്ലാ ഉൾവലിയലുകളോടും കൂടിയാണ് പക്ഷേ വേണു ആലപ്പുഴ എസ് ഡി കോളെജിൽ പ്രീഡിഗ്രിക്ക് ചേരുന്നത്.   പ്രീഡിഗ്രിക്കാലത്ത് രണ്ടു വർഷത്തോളം കലാപ്രവർത്തനങ്ങളിൽ നിന്നൊക്കെ അകന്നു നടന്നിരുന്നുവെങ്കിൽ ബി എയ്ക്കെത്തിയതോടെ അതൊക്കെ മാറി. പതുക്കെ  പഴയ വാസനകളൊക്കെ പുറത്തുവരാൻ തുടങ്ങി. അവിടെ വച്ചാണ് പിൽക്കാലത്ത് പ്രമുഖ സംവിധായകനായി മാറിയ ഫാസിലിനെ വേണു പരിചയപ്പെടുന്നത്. സമപ്രായക്കാരായിരുന്നുവെങ്കിലും വേണു മലയാളം ബി എയ്ക്കും ഫാസിൽ ബി എ ഇക്കണോമിക്സിനുമാണ് പഠിച്ചുകൊണ്ടിരുന്നത്. 

ആ സമയത്ത് കോളെജിൽ നടന്ന  ഒരു ആക്ടിങ് മത്സരത്തിന് സീരിയസ് റോളിലുള്ള അഭിനയത്തിന് ഫാസിലിനും ഹാസ്യറോളിലുള്ള അഭിനയത്തിന് വേണുവിനുമായിരുന്നു ഒന്നാം സ്ഥാനം. കാലടി  ഗോപിയുടെ ഏഴു രാത്രികളിൽ ആലുംമൂടൻ അവതരിപ്പിച്ച പാഷാണം വർക്കി എന്ന കഥാപാത്രത്തെയാണ് വേണു അവതരിപ്പിച്ചത്. അന്ന് ആക്ടിങ് വേദിയിൽ വച്ച് ഇരുവരും തമ്മിലുടലെടുത്ത സൗഹൃദം പിൽക്കാലത്ത് സിനിമയിലേക്കും ജീവിതത്തിലുമെല്ലാം നിലനിന്ന ഒരു ആജന്മ സൗഹൃദമായി രൂപാന്തരപ്പെട്ടു. വേണു ബി എ പൂർത്തിയാക്കി കോളെജ് വിട്ടുവെങ്കിലും ഫാസിൽ എം എയ്ക്ക് ചേർന്നു. 

''ഫാസിലുമായുള്ള ബന്ധം അപ്പോഴും ഞാൻ  തുടർന്നു. ഞങ്ങളൊരുമിച്ച് ദിവസവും കോളെജിലേക്ക് പോകുകയും ഫാസിൽ കോളെജിന് അകത്തിരിക്കുകയും ഞാൻ ഫാസിൽ തിരിച്ചുവരുന്നതുവരെ  പുറത്തിരിക്കുകയും ചെയ്‍തു,'' വേണു ഓർക്കുന്നു. അന്ന് കാമ്പസിൽ എസ് എഫ് ഐ കൊടികുത്തിവാഴുന്ന കാലമാണെങ്കിലും വേണു രാഷ്‍ട്രീയ പ്രസ്ഥാനത്തിലൊന്നും  ആകൃഷ്‍ടനായിരുന്നില്ല. 1964 മുതൽ 1970 വരെയുള്ള കാലം സൗഹൃദങ്ങളുടെ ഇഴയിണക്കങ്ങൾ കൊണ്ട് സുരഭിലമായിരുന്നു വേണുവിന്റെ ജീവിതത്തിൽ. കോളെജ് പഠനം കഴിഞ്ഞ വേളയിൽ എൻ എസ് മാധവന്റെ നാടകമൊക്കെ അവതരിപ്പിച്ചു നടക്കുന്ന കാലം.  ഫാസിലും വേണുവുമായിരുന്നു നാടകത്തിലെ മുഖ്യകഥാപാത്രങ്ങൾ. കാവാലം നാരായണപ്പണിക്കരായിരുന്നു സംവിധാനം. 

''ഫാസിൽ എം എയ്ക്ക് ചേർന്ന കാലയളവിൽ ഒരുപാട് നാടകങ്ങൾ ഞങ്ങൾ തന്നെ എഴുതി മത്സരങ്ങൾക്ക്  അവതരിപ്പിക്കുമായിരുന്നു. അത്തരത്തിൽ അവതരിപ്പിച്ച ഒരു നാടകത്തിന് കാവാലമായിരുന്നു വിധികർത്താവ്. നല്ല നാടകത്തിനുള്ള സമ്മാനം അന്ന് ഫാസിലിനും  നല്ല നടനുള്ള സമ്മാനം എനിക്കും കിട്ടി. സമ്മാനദാനം കഴിഞ്ഞ സമയത്ത് കാവാലം ഞങ്ങളെ വിളിച്ച് പിറ്റേന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്കൊന്ന് വരണമെന്ന്  ആവശ്യപ്പെട്ടു. ആ സമയത്ത് അദ്ദേഹം ഒരു പുതിയ നാടകസംഘം ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും നാടക സംവിധാന  കോഴ്‍സ് പാസ്സായി കുമാരവർമ്മ എന്നൊരു ദേഹം അദ്ദേഹത്തോടൊപ്പമുള്ള സമയമാണത്.  അന്നൊന്നും പ്രൊഫഷണൽ ട്രൂപ്പുകൾക്കു പോലും നാടക സംവിധായകനെ ആവശ്യമില്ലാത്ത സമയമാണ്. നാടകം സംവിധാനം ചെയ്‍ത് വേദിയിൽ അവതരിപ്പിക്കണമെന്ന ചിന്ത കാവാലം ഞങ്ങളോട് പങ്കിട്ടു. അങ്ങനെയാണ് എനിക്കുശേഷം എന്ന നാടകത്തിന്റെ പിറവി. 

പ്രൊഫഷണലായി തന്നെ ചില നാടകങ്ങൾ കളിക്കാം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. എൻ പി ആർ വർമ്മയായിരുന്നു സംഗീത സംവിധായകൻ. ഞാനും ഫാസിലുമൊക്കെയായിരുന്നു പ്രധാന വേഷങ്ങളിൽ. പക്ഷേ ഞങ്ങൾക്ക് ശീലമില്ലാത്ത മട്ടിലുള്ള മോട്ടിവേറ്റഡ് മൂവ്‍മെന്റിനെ അവലംബിച്ച ആ നാടകം അത്ര നന്നായില്ല. ആലപ്പുഴ നിന്നും വാടകയ്ക്കെടുത്ത ഒരു മൈക്കായിരുന്നു വേദിയിൽ തൂക്കിയിട്ടിരുന്നത്. കഥാപാത്രങ്ങളുടെ ചലനങ്ങൾക്കൊത്തുള്ള സംഭാഷണങ്ങൾ മൈക്കിലൂടെ കേൾക്കുക അസാധ്യമായിരുന്നു. അന്ന് നാടകം കാണാൻ സി എൻ ശ്രീകണ്ഠൻ നായർ, (ഭരത്) ഗോപി, അടൂർ ഗോപാലകൃഷ്‍ണൻ, കടമ്മനിട്ട രാമകൃഷ്‍ണൻ ഒക്കെ എത്തിയിരുന്നു. പക്ഷേ പലർക്കും നാടകം കാണാനും കേൾക്കാനുമായില്ല,'' വേണു ഓർക്കുന്നു.

ആ നാടകം പിന്നീട് അവതരിപ്പിക്കേണ്ടെന്ന തീരുമാനിച്ചെങ്കിൽ ആദ്യ അവതരണത്തിലൂടെ തന്നെ വേണുവിന് പേരു കിട്ടി. വരാഹമിഹിരൻ എന്ന സൂത്രധാരന്റെ റോളായിരുന്നു വേണുവിന് അതിൽ. പ്രത്യേകിച്ച് മൈക്കിനു മുന്നിൽ നിന്നും വേറിട്ട് ചലനങ്ങളൊന്നുമില്ലാത്തതിനാൽ വേണു പറഞ്ഞതൊക്കെ മാത്രമാണ് ആൾക്കാർ കേട്ടത്. ''നാടകം കഴിഞ്ഞപ്പോൾ ഗോപി അണിയറയിലെത്തിലെത്തി എന്നെ പ്രത്യേകമായി കണ്ട് അഭിനന്ദിച്ചു. ഗോപിയെ അന്ന് സ്വയംവരം പുറത്തിറങ്ങിയ സമയത്തേ ഞങ്ങൾക്കറിയാം. വളരെ കുറച്ചു സമയം മാത്രമേ ഗോപി സിനിമയിൽ വരുന്നുള്ളുവെങ്കിലും ഒരക്ഷരം ഉരിയാടുന്നില്ലെങ്കിലും കഥാപാത്രത്തിന്റെ എല്ലാ മാനസിക വ്യാപാരങ്ങളും കണ്ണിലൂടെ തന്നെ തെളിയിച്ച നടൻ എന്ന നിലയ്ക്ക് ഞങ്ങൾക്കൊരു അത്ഭുതമായിരുന്നു ഗോപി,'' വേണു ഓർക്കുന്നു.

'എനിക്കുശേഷം' എന്ന നാടകത്തിനുശേഷമാണ് കാവാലം 'ദൈവത്താർ' എന്ന നാടകം ചെയ്യുന്നത്. വരാഹമിഹിരൻ എന്ന പഴയ കഥാപാത്രത്തെ കുറച്ചുകൂടി വലുതാക്കിയെടുത്തതായിരുന്നു അതിലെ കാലൻ കണിയാൻ എന്ന വേണുവിന്റെ കഥാപാത്രം. വായ്ത്താരിയും നൃത്തചലനങ്ങളും താളാത്മകമായ സംഭാഷണങ്ങളുമൊക്കെയുണ്ടായിരുന്നു ദൈവത്താറിൽ. ഉടുക്കു പോലുള്ള താളവാദ്യം വേദിയിൽ കഥാപാത്രം തന്നെ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഒരർത്ഥത്തിൽ ബഹുമുഖപ്രതിഭയായ വേണുവിന് തന്റെ കഴിവുകളൊക്കെ തന്നെയും ഒരൊറ്റ കഥാപാത്രത്തിലൂടെ അവതരിപ്പിച്ചുകാട്ടാൻ ഏറെ സഹായിച്ചു ദൈവത്താർ. ആലപ്പുഴയിലായിരുന്നു ദൈവത്താറിന്റെ ആദ്യ അവതരണം. നാടകം കഴിഞ്ഞയുടനെ അത് കാണാനെത്തിയ സി എൻ ശ്രീകണ്ഠൻ നായർ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് നിന്ന് പറഞ്ഞ വാചകങ്ങൾ ഇന്നും വേണുവിന്റെ മനസ്സിൽ ഉറഞ്ഞുകിടക്കുന്നു. ''കാവാലവും ഞാനും ശങ്കരപ്പിള്ളയുമെല്ലാമാണ് തനത് നാടകവേദിയുടെ സ്രഷ്‍ടാക്കളെങ്കിലും അത് ആദ്യം കണ്ടെത്തിയത് കാവാലമാണെന്നാ''യിരുന്നു ശ്രീകണ്ഠൻ നായരുടെ പ്രസ്‍താവന. ''എപ്പോഴെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഒരുപാട് പ്രമുഖർ അന്ന് അണിയറയിലെത്തി ഞങ്ങളെ പ്രശംസ കൊണ്ട് വാരിപ്പുതഞ്ഞു. കേരളം മുഴുവനും ആ നാടകം കളിച്ചു. ദൽഹിയിലും ഫരീദാബാദിലുമൊക്കെ നിരവധി കാണികൾ നാടകത്തിനുണ്ടായിരുന്നു,'' വേണു അഭിനയജീവിതത്തിൽ വഴിത്തിരിവായ നാടകത്തെപ്പറ്റി വാചാലനാകുകയാണ്.

അതിനുശേഷമാണ് ഭഗദജ്ജുകം എന്ന നാടകം വരുന്നത്. നാലാം നൂറ്റാണ്ടിൽ ബോധായനൻ എഴുതിയെതെന്ന് വിശ്വസിക്കപ്പെടുന്ന നാടകമായിരുന്നു അത്. പരസ്‍പരം ചേരാത്ത സന്ന്യാസിയും വേശ്യയും തമ്മിലുള്ള ചേർച്ചയായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. ആ സംസ്‌കൃത നാടകം കാവാലം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഗുരുവും ശിഷ്യനുമായിരുന്നു നാടകത്തിലെ പ്രധാന വേഷക്കാർ. ഗുരുവിന്റെ വേഷത്തിൽ വേണുവും ശിഷ്യന്റെ റോളിൽ ഗോപിയുമായിരുന്നുവെന്നത് വൈരുദ്ധ്യം! ദൈവത്താർ വന്നതോടെയാണ് അതുവരെ ശങ്കരപ്പിള്ളയുടെ പ്രസാധന എന്ന നാടകസംഘത്തിൽ പ്രവർത്തിക്കുകയായിരുന്ന ഗോപി കാവാലത്തിന്റെ തിരുവരങ്ങ് എന്ന നാടകസംഘത്തിൽ ചേരുന്നത്. ദൈവത്താറിൽ വെളിച്ചപ്പാടിന്റെ റോളായിരുന്നു ഗോപിക്കായിരുന്നു.  

അതിനുശേഷമാണ്  കാവാലം അവനവൻ കടമ്പ സംവിധാനം ചെയ്യുന്നത്.  ആലപ്പുഴ ജവഹർ ബാലഭവനിൽ കുട്ടികളെ നാടകം പഠിപ്പിക്കുന്ന ജോലി വേണു ഏറ്റെടുത്തിരിക്കുകയായിരുന്നു അക്കാലത്ത്. ആ സമയത്ത് കാവാലം തിരുവനന്തപുരത്തേക്ക് പോയി അരവിന്ദനുമൊത്ത് അവനവൻ കടമ്പ ആരംഭിച്ചു. 

''വിപ്ലവാത്മകമായ മാറ്റമുണ്ടാക്കിയ  നാടകമായിരുന്നു അവനവൻ കടമ്പ. എന്നെക്കൂടി തിരുവനന്തപുരത്തേക്ക് എത്തിച്ച് അവനവൻ കടമ്പയിൽ വേഷമിടുവിച്ചത് കാവാലമാണ്. കടമ്പയിൽ ഒന്നാം പാട്ടുവേഷമായിരുന്നു എനിക്ക്. ഗോപിച്ചേട്ടനും കൃഷ്‍ണൻ കുട്ടി നായരും ജഗന്നാഥനും കൈതപ്രവുമൊക്കെ അതിലുണ്ടായിരുന്നു. അന്നത്തെ റിഹേഴ്‍സൽ  ക്യാമ്പെന്നുവച്ചാൽ നാടകത്തിലുള്ളവർ മാത്രമല്ല നാടകത്തോട് പ്രതിപത്തിയുള്ളവരൊക്കെ ക്യാമ്പിലെത്തുമായിരുന്നു. പത്മരാജനും കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും  ജോൺ എബ്രഹാമും സേതുവും തുടങ്ങി ഒരുപാടു പേർ ഈ നാടകത്തിന്റെ ആരാധകരായിരുന്നു. ഓരോ റിഹേഴ്‍സൽ കഴിയുമ്പോഴും നാടകം വികസിച്ചുവികസിച്ചുവരുമായിരുന്നു.

അരവിന്ദനാണ് ഇത് അരങ്ങിൽ കളിക്കേണ്ട നാടകമല്ലെന്നും ഇത് പ്രകൃതിയുടെ മടിത്തട്ടിൽ കളിക്കേണ്ട നാടകമാണെന്നുമുള്ള അഭിപ്രായം ആദ്യം പറഞ്ഞത്. അങ്ങനെയാണ് ആദ്യമായി ഈ നാടകം അട്ടക്കുളങ്ങര സ്‌കൂളിൽ മരങ്ങൾക്കു കീഴെ കർട്ടനുകളൊന്നുമില്ലാതെ അവതരിപ്പിക്കപ്പെടുന്നത്. അഭിനേതാക്കളായ ഞങ്ങൾക്കും കാണികൾക്കുമൊക്കെ പുതിയൊരു അനുഭവമായിരുന്നു അത്. എൻവയൺമെന്റൽ തീയേറ്റർ എന്ന ആശയം അങ്ങനെ യാഥാർത്ഥ്യമായി,'' വേണു ഓർക്കുന്നു. 

അന്നുണ്ടായിരുന്ന സംഘത്തിലെ ബാക്കി നിൽക്കുന്നവർ ചേർന്ന് മൂന്നു വർഷം മുമ്പ് കാവാലത്തിന്റെ എൺപതാം  പിറന്നാളിൽ അനവൻ കടമ്പ വീണ്ടും കളിച്ചതോർക്കുമ്പോൾ വേണുവിന്റെ സ്വരത്തിൽ പഴയകാലത്തിലേക്ക് മടങ്ങാനുള്ള ആർദ്രത പടരുന്നു. ''മരണപ്പെട്ടവർ ഇല്ലാതെ ആ നാടകം കളിച്ചപ്പോൾ എന്റെ മനസ്സു വല്ലാതെ നൊന്തു. പക്ഷേ നാടകത്തിന്റെ അതിന്റേതായ ഒരു കരുത്തുണ്ട്. നാൽപതു വർഷത്തിനുശേഷവും അത് ചെയ്യുമ്പോഴും ശാരീരികമായ അഭ്യാസം ആവശ്യമുള്ള ഒരു നാടകമാണത്. ഓട്ടവും ചാട്ടവും മറിയലുമൊക്കെ ആവശ്യമാണ്. പക്ഷേ ഇത്രയും കാലം കഴിഞ്ഞ് അത് ചെയ്യുമ്പോഴും  നാടകമെന്ന സത്യസന്ധമായ കല ചെയ്യുമ്പോഴുണ്ടാകുന്ന ഒരു ചാർജുണ്ട്...ഒരു ബാറ്ററി ചാർജു ചെയ്യുന്നതു പോലെ...അതിലേക്കിറങ്ങി ചെല്ലുമ്പോഴേക്കും നമ്മൾ എല്ലാ  പരാധീനതകളും മറക്കുകയാണ്. സ്വയം ഒരു പറക്കലിലേക്ക് പോകുന്ന അവസ്ഥയുണ്ടല്ലോ.. അതാണത്,'' വേണുവിന്റെ ആവേശം താനറിയാതെ വാക്കുകളിൽ  നിറയുകയാണ്.

തിരുവനന്തപുരത്തെത്തിയപ്പോൾ നാടകസംഘത്തിലെ മറ്റുള്ളവർക്കെല്ലാം മറ്റു വരുമാനമാർഗങ്ങളുള്ളതിനാൽ വേണുവിന് ഒരു തൊഴിൽ വേണമെന്ന് പറഞ്ഞാണ് അരവിന്ദനും നടരാജനും കാവാലവും ചേർന്ന് എം എസ് മണിയെ കണ്ട് കലാകൗമുദിയിൽ ജോലി കൊടുക്കണമെന്ന് പറയുന്നത്. നാളെ മുതൽ ജോയിൻ ചെയ്‍തോളാൻ മണി പറഞ്ഞു. ഇഷ്‍ടമുള്ളതെന്തും എഴുതിക്കോളാനായിരുന്നു മണിയുടെ നിർദ്ദേശം. കടമ്മനിട്ട പടയണിയെക്കുറിച്ചും അറിയപ്പെടാത്ത കലാരൂപങ്ങളെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചും എഴുതി. തൃത്താല കേശവപ്പൊതുവാൾ എന്ന തായമ്പക കലാകാരനെപ്പറ്റിയും കലാമണ്ഡലം ഹൈദരാലിയെപ്പറ്റിയുമൊക്കെ ആദ്യമെഴുതുന്നത് വേണുവായിരുന്നു. എം ഡി രാമനാഥൻ, ചുട്ടി ബാബു, ടി വി ഗോപാലകൃഷ്‍ണൻ അങ്ങനെ പല സംഗീതജ്ഞരേയും നേരിട്ടു കണ്ട് ലേഖനങ്ങളെഴുതി. അന്നത്തെ  പ്രമുഖരായ നാടകൃത്തുക്കളായ തോപ്പിൽ ഭാസി, കൈനിക്കര കുമാരപിള്ള, ജി ശങ്കരപ്പിള്ള, സി എൻ ശ്രീകണ്ഠൻ നായർ, എൻ എൻ പിള്ള, എൻ കൃഷ്‍ണപിള്ള
തുടങ്ങി അക്കാലത്തെ പ്രമുഖരായവരെയൊക്കെ കലാകൗമുദിയുടെ പേജുകളിലൂടെ വേണുവിന്റെ സാംസ്‌കാരിക പത്രപ്രവർത്തന അഭിമുഖങ്ങളായി മാറി.


അപ്പോഴേക്കും ഫിലിം മാസികയും തുടങ്ങി. അങ്ങനെയാണ് കെ ജി ജോർജ്, പ്രേം നസീർ, കെ പി ഉമ്മർ, സോമൻ, ജയഭാരതി, ഷീല തുടങ്ങിയ ചലച്ചിത്രതാരങ്ങളുമായി മുഴുവൻ അക്കാലത്ത് വേണു സംഭാഷണങ്ങൾ നടത്തി. ''ഞാൻ സിനിമയിൽ വന്നതിനുശേഷവും- തമ്പ്, ആരവം, തകര- റിലീസായതിനുശേഷവും ഞാൻ ലൊക്കേഷനുകളിൽ പോകുകയും ആളുകളെ അഭിമും നടത്തുകയുമൊക്കെ ചെയ്‍തിട്ടുണ്ട്. പക്ഷേ ആളുകൾക്കൊന്നും അന്നെന്നെ മനസ്സിലായിട്ടില്ല,'' വേണു പറയുന്നു.

അങ്ങനെ ഒരു അഭിമുഖത്തിലൂടെയാണ് സംവിധായകൻ ഭരതനെ വേണു പരിചയപ്പെടുന്നത്. ഭരത് അന്ന് പ്രയാണം എന്ന സിനിമ കഴിഞ്ഞ് ഇനിയെന്ത് എന്ന ആലോചനയിലിരിക്കുകയായിരുന്നു. പത്മരാജൻ നേരത്തെ തീയേറ്ററുമായി ബന്ധപ്പെട്ട് എത്തിയിരുന്നതിനാൽ വേണുവിന് അദ്ദേഹത്തെ നേരത്തെ പരിചയമുണ്ടായിരുന്നു. ''അഭിമുഖം കുറച്ചു കഴിഞ്ഞപ്പോൾ ഭരതൻ എന്നോട് നാളെയെന്താ പരിപാടിയെന്ന് ചോദിച്ചു. ആപ്പീസിൽ പോകണമെന്ന് ഞാൻ പറഞ്ഞു. സമയമുള്ളപ്പോൾ ഇങ്ങോട്ടു വരൂ. നമുക്ക് സംസാരിച്ചിരിക്കാമെന്നായി ഭരതൻ. പിന്നേറ്റ് ഓഫീസ് ജോലികൾക്കുശേഷം ഞാൻ അദ്ദേഹത്തെ കണ്ടു. അന്നു തുടങ്ങിയ ആ സൗഹൃദം വലിയൊരു ബന്ധത്തിലേക്കുള്ള തുടക്കമായിരുന്നു. അതിനുശേഷമാണ് പത്മരാജൻ പറഞ്ഞ് ഞാനൊരു നടനാണെന്നും കാവാലത്തിന്റെ തീയേറ്ററിലൊക്കെ പ്രവർത്തിച്ചിട്ടുള്ളയാളാണെന്നുമൊക്കെ ഭരതൻ  അറിയുന്നത്. ഞാൻ അതുവരെ അതൊന്നും അദ്ദേഹത്തോട് വിളമ്പാൻ പോയിട്ടില്ല,'' വേണു ഓർക്കുന്നു.

പി എ ബക്കർ പണിത കലാരസികനായ കൃഷ്‍ണൻ നായരുടെ നികുഞ്‍ജം എന്ന ഹോട്ടലുണ്ടായിരുന്നു അന്ന് തിരുവനന്തപുരത്ത്. ആ ഹോട്ടലിൽ വരുന്നവർക്കൊക്കെ ആഹാരമുണ്ടെങ്കിലും ആരും ബില്ലു കൊടുത്ത് കണ്ടിട്ടില്ലെന്ന് വേണു പറയുന്നു. കാലാകാരന്മാർക്കൊക്കെ ഫ്രീയാണ് അവിടെ താമസം. സമാനചിന്താഗതിക്കാരായ കലാകാരന്മാരെല്ലാം ഒത്തുകൂടുന്ന സങ്കേതമായിരുന്നു അത്. അന്നാണ് കവിയരങ്ങുകൾക്ക് തുടക്കമാകുന്നത്. അയ്യപ്പപ്പണിക്കരും കാവാലവുമൊക്കെ അതിൽ സജീവമായി. നാടകങ്ങൾക്ക് മുമ്പ് കവിതകൾ ചൊല്ലുന്നത് പതിവായി. തിരുവരങ്ങിന്റെ അവനവൻ കടമ്പയും കവിയരങ്ങും എന്നായിരുന്നു അക്കാലത്തെ നോട്ടീസുകൾ തന്നെ. വൈകുന്നേരമായാൽ നികുഞ്‍ജത്തിലേക്ക് നെയ്യാറ്റിൻകര വാസുദേവൻ, എം ജി രാധാകൃഷ്‍ണൻ തുടങ്ങിയ സംഗീതജ്ഞരോ കവികളോ ഒക്കെയെത്തും. പിന്നെ
സംഗീതവും കാവ്യാലപനവുമൊക്കെയാകും. ആ നികുഞ്‍ജം കാലത്തിനിടയിൽ വച്ചാണ് ഭരതൻ വേണുവിനോട് താനൊരു സിനിമ ചെയ്യുന്നുണ്ടെന്നും ആരവം എന്നാണതിന്റെ പേരെന്നും പറയുന്നത്. ''കമലഹാസനെയാണ് പ്രധാന റോളിലേക്ക് താൻ താൽപര്യപ്പെട്ടിരുന്നതെന്നും കമലഹാസനുമായി അതേപ്പറ്റി കുറെയേറെ ചർച്ച ചെയ്‍തിട്ടുണ്ടെന്നും ഭരതൻ പറഞ്ഞു. പിന്നെയാണ് കമലഹാസൻ വേണമെന്നില്ല, വേണുവിന് അത് ചെയ്യാൻ കഴിയുമോ എന്നു ചോദിക്കുന്നത്. എന്നെ ആ ഓഫർ ആവേശത്തിലാക്കിയൊന്നുമില്ല. എല്ലാ ദിവസവും വൈകുന്നേരവും പാട്ടുപാടുന്ന പോലെ നിങ്ങളെല്ലാം കൂടെയില്ലേ, പിന്നെ എനിക്കെന്താ പ്രശ്‍നം? എന്നായിരുന്നു
എന്റെ തോന്നൽ. ചെയ്യാമെന്ന് ഭരതന് വാക്കു കൊടുത്തു. അങ്ങനെ സിനിമയിലേക്ക് എന്നെ ആദ്യം ക്ഷണിക്കുന്നത് ഭരതനാണ്. പക്ഷേ ആരവം സംഭവിച്ചത് അരവിന്ദന്റെ തമ്പിനുശേഷമായിരുന്നുവെന്നു മാത്രം,'' വേണു ചലച്ചിത്രത്തിലേക്കുള്ള കടന്നുവരവിനെപ്പറ്റി പറയുന്നു.

അരവിന്ദന്റെ തമ്പ് സംഭവിക്കുന്നത് 1978-ലാണ്. അന്ന് നീണ്ട മുടിയും താടിയുമൊക്കെയുണ്ടായിരുന്നു വേണുവിന്. ഒരുപക്ഷേ തന്നെ ആ സിനിമയിലേക്ക് എടുക്കാനുള്ള പ്രധാന കാരണം ആ താടിയും മുടിയുമൊക്കെയായിരുന്നുവെന്ന് വേണു പൊട്ടിച്ചിരിയോടെ പറയുന്നു. മലേഷ്യയിൽ പോയി വേരുകൾ നഷ്‍ടപ്പെട്ട, കഞ്ചാവിന് അടിപ്പെട്ട സോപാന സംഗീതം കേട്ട് അതിൽ ആകൃഷ്‍ടനാകുന്ന, എങ്ങോട്ടു പോകണമെന്നോ എന്തു ചെയ്യണമെന്നോ അറിയാത്ത ഒരു ചെറുപ്പക്കാരന്റെ അവസ്ഥയിലുള്ള രൂപം അരവിന്ദൻ വേണുവിന്റെ രൂപത്തിൽ കാണുകയായിരുന്നു. ''അല്ലാതെ അഭിനയിക്കാനുള്ള വലിയ വകുപ്പൊന്നും തമ്പിലുണ്ടായിരുന്നില്ല. ബാഹ്യമായി കാണുമ്പോൾ കഥാപാത്രത്തിൽ ആരോപിക്കാൻ പറ്റിയ രൂപമായിരുന്നേു എന്റേത്. അല്ലാതെ എന്റെ അഭിനയപ്രതിഭ കൊണ്ടൊന്നുമാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ആ സിനിമ ഒരനുഭവമായിരുന്നു. ആ സെറ്റിൽ വച്ചാണ് വി കെ ശ്രീരാമനേയും ആർട്ടിസ്റ്റ് നമ്പൂതിരിയേയുമടക്കം നിരവധി കലാകാരന്മാരെ
പരിചയപ്പെട്ടത്. അവരെല്ലാം അരവിന്ദന്റെ സുഹൃത്തുക്കളായിരുന്നു. തിരുനാവായ മണപ്പുറത്ത് വാടകയ്ക്കെടുത്തിട്ടുള്ള ഒരു വീട്ടിലാണ് ഇവരെല്ലാമെത്തുന്നത്. ഡയറക്ടർ മുതൽ ലൈറ്റ് ബോയ്സ് വരെ  കിടക്കുന്നത് ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം ആ വീട്ടിലെ തറയിലായിരുന്നു,'' വേണു തമ്പിന്റെ ചരിത്രം പരതുകയാണ്.

അതുകഴിഞ്ഞാണ് ഭരതന്റെ ആരവം വന്നത്. തമിഴ്‍നാട്ടിലെ ഹൊഗനക്കലിലായിരുന്നു ഷൂട്ടിങ്. ''കാലത്തിനപ്പുറത്തു നിന്ന ചിത്രമായിരുന്നു ആരവം. നൃത്തചലനങ്ങളുള്ള ഒരുപാട് പാട്ടുകളുണ്ടായിരുന്നു അതിൽ. പക്ഷേ നൃത്ത സംവിധായകനില്ലായിരുന്നു ആ ചിത്രത്തിന്. വേണുവെന്താണ് ചെയ്യുന്നത് അത് ഞങ്ങൾ ക്യാമറയിൽ പകർത്തിക്കോളാമെന്നാണ് ഭരതൻ പറഞ്ഞത്. ഈ പാട്ടുകളിലെയെല്ലാം നൃത്തസംവിധാനം അങ്ങനെ ഞാൻ തന്നെയായി. സംവിധായകന് തുല്യമായ സ്ഥാനം നൽകിയാണ് ഭരതൻ എന്നെക്കൊണ്ട് ആ ചിത്രത്തിൽ അഭിനയിപ്പിച്ചത്. ആരവം പക്ഷേ നന്നായില്ല. അതിനുശേഷമാണ് തകര വരുന്നത്. സാധാരണഗതിയിൽ ഒരു സിനിമ നന്നായില്ലെങ്കിൽ അതിലെ നടന്മാരേയും നടിമാരേയുമൊക്കെ ഉപയോഗിച്ച് ഒരു സിനിമയെടുക്കാൻ ആരും ധൈര്യപ്പെടില്ല. അവിടെയാണ് ഭരതൻ വേറിട്ടു നിന്നത്. പക്ഷേ അടുത്ത സിനിമ തകരയാണെങ്കിൽ അതിൽ വേണുവും പ്രതാപ് പോത്തനുമുണ്ടാകണമെന്ന് ഭരതന് നിർബന്ധമായിരുന്നു. അങ്ങനെയാണ് പത്മരാജന്റെ തിരക്കഥയിൽ തകര ജനിക്കുന്നത്,'' സിനിമയിലെ ഭരതസ്‍പർശം തന്നെ സ്വാധീനിച്ചതെങ്ങനെയെന്ന് വേണു  പറയുന്നു.

സിനിമ ഷൂട്ട് ചെയ്‍തുകഴിഞ്ഞ് ആരും എടുക്കാനില്ലാതെ വേണുവിന്റെ ചെല്ലപ്പനാശാരിയും തകരയും പെട്ടിയിൽ തന്നെയിരുന്നു. പുതിയ പിള്ളേരെ ഉപയോഗിച്ച് ഷൂട്ട് ചെയ്‍ത ചിത്രം ആരു കാണാനാണെന്ന തോന്നലായിരുന്നു വിതരണക്കാർക്ക്. ഹരിപോത്തന്റെ ഉത്സാഹത്തിലാണ് ഒടുവിൽ സിനിമ പുറത്തുവരുന്നത്. സിനിമ പുറത്തുവന്നപ്പോൾ അതൊരു മഹാസംഭവവുമായി. ജനങ്ങളുടെ മനസ്സിലേക്ക് ഓടിക്കയറിയ കഥാപാത്രമായി ചെല്ലപ്പനാശാരി. ''സാധാരണക്കാരുടെ മനസ്സിലും കാര്യഗൗരവത്തോടെ സിനിമ കാണുന്നവരുടെയുമൊക്കെ മനസ്സിൽ ചെല്ലപ്പനാശാരിക്ക് കയറിക്കൂടാനായി. തുടർന്നായിരുന്നു ചാമരം. അതിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ സപ്പോർട്ടിങ് ആർട്ടിസ്റ്റുള്ള പുരസ്‌കാരം എനിക്ക് ലഭിച്ചു,'' വേണു ഓർക്കുന്നു. തുടർന്ന് ലെനിൻ രാജേന്ദ്രന്റെ വേനൽ അടക്കം പതിനഞ്ചോളം ചിത്രങ്ങൾ. അപ്പോഴൊന്നും താൻ സിനിമയിലുണ്ടെന്ന ഒരു തോന്നലൊന്നും നെടുമുടി വേണുവിനുണ്ടായിട്ടില്ല. ''ഒരു സിനിമ കഴിഞ്ഞാൽ വീണ്ടും നാടകത്തിലേക്ക്
പോകാം. പത്രപ്രവർത്തനം തുടരാം എന്നൊക്കെയുള്ള ചിന്തയായിരുന്നു മനസ്സിൽ. പക്ഷേ ഒരു പതിനഞ്ചു സിനിമ കഴിഞ്ഞപ്പോഴേക്ക് അപരിചിതരായ ആൾക്കാർ പോലും സിനിമ ചെയ്യാനായി എന്നെ സമീപിക്കാൻ തുടങ്ങി. ഇരിക്കാൻ സമയമില്ലെന്ന അവസ്ഥ വന്നുതുടങ്ങി. അങ്ങനെയാണ് ഞാൻ സിനിമയിൽ പെട്ടുപോയിരിക്കുന്നുവെന്ന് എനിക്ക് തന്നെ മനസ്സിലായത്,'' വേണുവിന്റെ പൊട്ടിച്ചിരി.

പിന്നെ ഒരു ഒഴുക്കായിരുന്നു. ഏറ്റവും നല്ല കലാകാരന്മാരും ഏറ്റവും നല്ല കലശിൽപികളും സിനിമയുടെ പിന്നാമ്പുറത്ത് നിന്ന സമയത്തായിരുന്നു വാസ്‍തവത്തിൽ നെടുമുടി വേണുവിന്റെ പിറവി. പത്മരാജൻ, ഭരതൻ, അരവിന്ദൻ, ജോൺ എബ്രഹാം, കെ ജി ജോർജ്, മോഹൻ, ലെനിൻ രാജേന്ദ്രൻ........ ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, യവനിക, പഞ്ചവടിപ്പാലം, വിട പറയുംമുമ്പേ, സാഗരം ശാന്തം, പൂച്ചയ്ക്കൊരു മുക്കുത്തി, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, ഹിസ് ഹൈനസ് അബ്‍ദുള്ള, പഞ്ചാഗ്നി, താളവട്ടം, ചിത്രം, വന്ദനം, ഭരതം, മാർഗം, തേന്മാവിൻ കൊമ്പത്ത്, ലാൽ സലാം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങി 2013-ലെ നോർത്ത് 24 കാതം വരെ അത്
നീളുന്നു....  

''ഞാൻ ഏറ്റവും സജീവമായ തൊണ്ണൂറുകളിലല്ല മറിച്ച് എൺപതുകളിലാണ് മലയാള സിനിമയുടെ യഥാർത്ഥ വസന്തകാലം.  സിനിമയിൽ പ്രകടമായ ഒരു മാറ്റം വന്നകാലമായിരുന്നു. സ്റ്റുഡിയോ ഫ്ളോറിലെ ചെടിപ്പിക്കുന്ന കാഴ്ചകളിൽ നിന്ന് പ്രകൃതിയുടെ വിശാലമായ മടിത്തട്ടിലേക്ക് സിനിമയെ ഇറക്കിക്കൊണ്ടുവന്ന പി എൻ മേനോന്റെ പിന്തുടർച്ചക്കാരായിരുന്നു അവരൊക്കെ. ജീവിതത്തിൽ കാണാൻ പറ്റാത്ത, ഹിന്ദി സിനിമകളിൽ നിന്നൊക്കെയുണ്ടാക്കിയ കഥാപാത്രങ്ങൾ അവസാനിച്ചു. യഥാർത്ഥ വിഷയങ്ങളിലേക്കും യഥാർത്ഥ ചുറ്റുപാടുകളിലേക്കും യഥാർത്ഥ മനുഷ്യരിലേക്കും മലയാള സിനിമ എത്തി. ചിത്രസംയോജനം തൊട്ട് കലാസംവിധാനം വരെയുള്ള സിനിമയുടെ അണിയറയിലും യുവപ്രതിഭകളുടെ വരവുണ്ടായി. നമുക്കു മുന്നേ പോയവരുടെ വഴിയിലൂടെ പോകാതെ പുതിയ വഴിവെട്ടാൻ ശ്രമിക്കുമ്പോഴെ ഏതു രംഗത്തും വിപ്ലവകരമായ മാറ്റങ്ങളുണ്ടാകൂ,'' വേണു പറയുന്നു. ''നടൻ അന്ന് സിനിമയുടെ ഭാഗമായിരുന്നു. അല്ലാതെ നടനു വേണ്ടി കഥയുണ്ടാകുക എന്ന രീതി അന്നുണ്ടായിരുന്നില്ല. കഥാപാത്രത്തിന്റെ രൂപത്തിന് ഇണങ്ങുന്നതും കഥാപാത്രത്തെ വ്യാഖ്യാനിക്കാൻ കഴിവുള്ളയാളും എന്നതിൽ കവിഞ്ഞ് ഒരു യോഗ്യതയും അന്ന് സിനിമയ്ക്ക് വേണ്ടായിരുന്നു.'' പക്ഷേ താരങ്ങളുണ്ടാകുക എന്നത് സിനിമയുടെ കച്ചവടത്തിന് ആവശ്യമായതിനാൽ താരങ്ങളെ സൃഷ്‍ടിക്കാൻ നിർമ്മാതാക്കളും വിതരണക്കാരും തീയേറ്റർ ഉടമകളും മാധ്യമങ്ങളുമൊക്കെ എല്ലാ കാലവും ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നത് വേറെ കാര്യം. ''എന്നെയൊക്കെ താരമാക്കാൻ ശ്രമം നടന്നിട്ടുണ്ട്. നമുക്കത് പറ്റില്ല എന്നറിഞ്ഞ് പിന്മാറിയതാണ് പലരും.

''കള്ളൻ പവിത്രനിൽ ഗോപിയുടെ പെർഫോമൻസ് കണ്ടിട്ട് ഞാൻ അമ്പരന്നു നിന്നിട്ടുണ്ട്. മാമച്ചൻ മുതലാളി എന്ന കഥാപാത്രത്തെ എത്ര സൂക്ഷ്‍മാംശങ്ങളിലൂടെയാണ് ഗോപി അവതരിപ്പിക്കുന്നത്. എന്റെ കഥാപാത്രമായ കള്ളന് കാര്യമായി ഒന്നും ചെയ്യാനില്ല. കള്ളൻ പവിത്രൻ എന്ന കഥ വായിച്ചാൽ ഒരു സിനിമയ്ക്കുള്ള അസംസ്‌കൃത വസ്‍തു അതിലുണ്ടോയെന്ന് നമുക്ക് സംശയം തോന്നും. പക്ഷേ അതിൽ നിന്നും മനോഹരമായ സിനിമയുണ്ടാക്കാൻ പത്മരാജന് കഴിഞ്ഞു. സാധാരണക്കാരിലേക്ക് ആ സിനിമ എത്തിക്കാനും അദ്ദേഹത്തിനായി,'' നെടുമുടി. കെ ജി ജോർജിന്റെ ഉൾക്കടലും കോലങ്ങളും അദ്ദേഹത്തിന് പേരുണ്ടാക്കി നൽകി. കോലങ്ങളിലെ കള്ളുവർക്കി നെടുമുടിക്കേറെ ഇഷ്‍ടമുള്ള കഥാപാത്രങ്ങളിലൊന്നാണ്. ബോംബെ പരമു എന്ന ഉൾക്കടലിലെ വില്ലൻ കഥാപാത്രവും പ്രിയപ്പെട്ടതു തന്നെ. പക്ഷേ ഭാഗ്യത്തിന് അവരാരും
തന്നെ വേണുവിനെ ഏതെങ്കിലും വേഷത്തിലേക്ക് ടൈപ്പ്കാസ്റ്റ് ചെയ്‍തില്ല. ഓരോ ചിത്രത്തിലും കഴിഞ്ഞ ചിത്രങ്ങളിൽ നിന്നും വേറിട്ട അഭിനയപ്രധാനമായ കഥാപാത്രങ്ങൾ വേണുവിന് ലഭിച്ചു. ഒരിടത്തൊരു ഫയൽവാനിൽ പ്രായത്തിൽ കവിഞ്ഞ കഥാപാത്രമായിരുന്നു വേണുവിന്. പക്ഷേ തൊട്ടടുത്ത പടമായ കള്ളൻ പവിത്രനിൽ നായകവേഷം. ഇമേജുകളുടെ പരിഗണനയില്ലാതെയാണ് അന്നൊക്കെ കാസ്റ്റിങ് നടന്നുകൊണ്ടിരുന്നത്.

പക്ഷേ ഒരുപാട് വാസനകളുള്ള നെടുമുടി വേണുവിന്റെ പല വാസനകളേയും ചേർത്തുവയ്ക്കുന്ന ഒരു സിനിമ ഇനിയും ഉണ്ടായിട്ടില്ല. ''എന്റെ എല്ലാ വാസനകളേയും സിനിമകളൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ല. അങ്ങനെയൊരു കഥാപാത്രം വന്നിട്ടില്ല. പക്ഷേ അത് ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത്  നാടകത്തിൽ കാവാലമാണ്. പാട്ടിലും നൃത്തത്തിലും അഭിനയത്തിലും താളവാദ്യത്തിലും വായനയിലും സാഹിത്യത്തിലുമൊക്കെയുള്ള താൽപര്യം കാവാലം കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയൊരു കഥാപാത്രം സിനിമയിൽ ലഭിക്കാത്തതിൽ എനിക്ക് നിരാശയൊന്നുമില്ല. എനിക്കു വേണ്ടി അങ്ങനെയൊരു കഥാപാത്രത്തെ സൃഷ്‍ടിച്ചെടുക്കുന്നതിനോട് എനിക്ക് താൽപര്യവുമില്ല. കമലഹാസന്റെ ദശാവതാരം അങ്ങനെ ചെയ്യാൻ നോക്കിയെങ്കിലും നന്നായില്ലല്ലോ,'' വേണു കൂട്ടിച്ചേർക്കുന്നു.

പ്രിയദർശന്റേയും ഫാസിലിന്റേയും സിനിമകളുടെ കാലം വളരെ ആസ്വദിച്ചു ചെയ്‍ത അനുഭവമായിരുന്നുവെന്ന് വേണു പറയുന്നു. എൺപതുകളിൽ നിന്നും ഊർജം ഉൾക്കൊണ്ട അവർ മറ്റൊരു തരം സിനിമകളുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. ''എല്ലാ കഥാപാത്രങ്ങളുമൊന്നും മനസ്സിൽ ഓർമ്മ വരാറില്ല. അധികം കഥാപാത്രങ്ങളും മനസ്സിന്റെ മതിലിനു പുറത്താണ്. പേരിനു കുറെ സിനിമകളും പേരിനു കുറെ കഥാപാത്രങ്ങളുമെന്ന മട്ടിൽ പല സിനിമകളും വന്നുപോയി. സൗഹൃദത്തിന്റെ പേരിൽ അഭിനയിച്ച എത്രയോ ചിത്രങ്ങളുണ്ട്. പല വിട്ടുവീഴ്‍ചകളും അതിൽ ചെയ്യേണ്ടി വരും,'' വേണു പറയുന്നു. പക്ഷേ ഒരിടത്തൊരു ഫയൽവാൻ നെടുമുടിയെ കാരണവർ റോളുകളിലേക്ക് ടൈപ്പ്കാസ്റ്റ് ചെയ്‍തുവെന്നത് ഒരു യാഥാർത്ഥ്യമല്ലേ? ''കാലൻ കണിയാൻ എന്ന നാടകം കാണുമ്പോൾ പത്മരാജൻ വിചാരിച്ചത്
ഞാൻ പ്രായമുള്ള ആളാണെന്നാണ്. പക്ഷേ അണിയറയിൽ വന്ന് വേണുവിനെ കണ്ടപ്പോഴാണ് ഇത്ര ചെറുപ്പത്തിലുള്ള ആ റോൾ ചെയ്‍തതെന്നത് മനസ്സിലായപ്പോൾ അത്ഭുതം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത്തഞ്ച് വയസ്സായിരുന്നു അന്നെനിക്ക്. അതുകൊണ്ടാണ് ഒരിടത്തൊരു ഫയൽവാനിലെ ശിവൻ പിള്ള മേസ്‍ത്രിയായി എന്നെ കാസ്റ്റ് ചെയ്‍തത്. പക്ഷേ പിന്നെപ്പിന്നെ ആളുകൾ അത്തരത്തിലുള്ള റോളുകൾ വരുന്നതോടെ എന്നെ പിടിച്ച് അച്ഛനാക്കാനും അമ്മാവനാക്കാനും കാരണവരാക്കാനുമൊക്കെ തുടങ്ങി. പക്ഷേ അതിനോടെനിക്ക് ഇഷ്‍ടക്കേടൊന്നും തോന്നിയിട്ടില്ല. അതൊക്കെ അഭിനയ ജീവിതത്തിലെ ദശാസന്ധികളാണ്. കഴിയുന്നതും ആവർത്തനം ആകാതെ എന്തെങ്കിലും പ്രത്യേകതകൾ ആ കഥാപാത്രത്തിന് നൽകാനാകുമോ എന്നു ഞാൻ ശ്രമിച്ചിട്ടുണ്ട്,'' വേണു പറയുന്നു.

സിനിമാരംഗത്തെത്തിയതിൽ പിന്നെ ഇക്കാലമത്രേയും കാലത്ത് നെടുമുടി വേണുവിനെ വേദനിപ്പിച്ച ഒരേയൊരു സംഗതിയുണ്ടെങ്കിൽ അത് അന്തരിച്ച നടൻ തിലകനിൽ നിന്നുള്ള ചില ആരോപണങ്ങളായിരുന്നു.  തിലകനു വച്ച റോളുകൾ വേണു തട്ടിയെടുക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.  ''വാർധക്യത്തിന്റേയും സുഖമില്ലായ്‍മയിൽ നിന്നുമൊക്കെയാകാം അങ്ങനെയൊക്കെ തിലകൻ ചേട്ടൻ ചിന്തിച്ചത്. ഇരുപത്തിനാലു മണിക്കൂറും ഓടിനടന്ന് തൊഴിലെടുത്തുകൊണ്ടിരുന്ന നടൻ വെറുതെയിരിക്കേണ്ടി വരുമ്പോൾ മറ്റുള്ളവരിൽ കുറ്റം ആരോപിക്കാനുള്ള വാസന വരും. ഇന്നയാളു മൂലമാണ്, ഇന്ന സാഹചര്യം മൂലമാണ് അങ്ങനെ സംഭവിച്ചതെന്നൊക്കെ ചിന്തിക്കും. പുള്ളി ദൈവവിശ്വാസിയായിരുന്നുവെങ്കിലും വല്ലവനും കൂടോത്രം ചെയ്തതാണെന്ന് കരുതിയേനെ. ആ ആരോപണങ്ങൾ കേട്ടപ്പോൾ ഞാൻ വല്ലാതെയായിപ്പോയി. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. സഹപ്രവർത്തകർക്കിടയിൽ നിന്നും ഒരിക്കലും ഇതുപോലെ മറ്റൊരു അനുഭവം എനിക്കുണ്ടായിട്ടില്ല,'' വേണു പറയുന്നു. ഹിസ് ഹൈനസ് അബ്‍ദുള്ളയിലെ വേണുവിന്റെ ഉദയവർമ്മ തമ്പുരാൻ എന്ന കഥാപാത്രം തിലകന്
വേണമെന്നായിരുന്നു മോഹം. വേണുവിന് അതിലൂടെ ലഭിച്ച പേരും പ്രശസ്‍തിയും രസിച്ചില്ലെന്നത് വേറെ കാര്യം. ''ആ വേഷം തിലകന് നിശ്ചയിച്ചിരുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയാണെങ്കിൽ അതിനുത്തരവാദി ഞാനല്ല. അതിന്റെ തിരക്കഥാകൃത്തും അതിന്റെ സംവിധായകനുമാണ്. അവരെയാണ് പ്രതിക്കൂട്ടിൽ നിർത്തേണ്ടത്,'' വേണു കൂട്ടിച്ചേർക്കുന്നു. വേണു ആദ്യമായി പൂരം എന്ന സിനിമ ചെയ്‍തപ്പോൾ അതിൽ കാസ്റ്റ് ചെയ്‍തതു പോലും തിലകനെയായിരുന്നു. ഒരുമിച്ച് ഉണ്ടും ഉറങ്ങിയും കളിതമാശകൾ പറഞ്ഞുമൊക്കെ ജീവിച്ച കാലം തിലകൻ മറന്നുപോയതെന്തേയെന്ന് വിഷമത്തോടെ വേണു ചോദിക്കുന്നു. ''ചിരിപ്പിക്കാൻ ഒന്നുമില്ലാതെ വരുമ്പോഴാണ് ആളുകൾ തെറി പറയുന്നത്. മറ്റു ചിലപ്പോൾ മുണ്ടു പറിച്ചെറിയുന്നത്. അതുപോലെ വേറെ ഒന്നും ഏശാതെ വരുമ്പോൾ ആളുകൾക്ക് എടുത്ത് പ്രയോഗിക്കാവുന്ന നല്ല ആയുധമാണ് ജാതി,'' നെടുമുടി നായരും തിലകൻ താഴ്ന്ന ജാതിയുമായതാണ് സിനിമയിലെ അയിത്തത്തിന് കാരണമായതെന്നതിനെപ്പറ്റിയുള്ള പരാമർശനങ്ങളെപ്പറ്റി വേണു പറയുന്നു.

സംവിധാനത്തിലും ഒരു ശ്രമം നടത്തി വേണു- പൂരം (1992). ''സിനിമയുടെ എല്ലാ രസങ്ങളും അനുഭവിക്കുന്നത് സംവിധായകനാണെന്ന് എനിക്കറിയാമായിരുന്നു. നേരത്തെ തന്നെ സംവിധായകനാകണമെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. ഒരുപാട് സിനിമകളിൽ ചെന്നുപെടുമ്പോൾ പലയിടത്തും സംവിധായകന്റെ ബലഹീനത മൂലം ജോലി മുന്നോട്ടുപോകാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അപ്പോൾ ഞാൻ കയറി ഇടപെടുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും പറയാൻ പാടില്ല. തിരക്കഥകൾ ഒരുപാട് മാറ്റിയെഴുതിയിട്ടുണ്ട്. ഷൂട്ടിങ് മാറ്റിവച്ചു പോലും തിരക്കഥ മാറ്റിയെഴുതാനിരുന്നിട്ടുണ്ട്. ചിലത് നന്നാവും, ചിലത് മോശമാകും. മാറ്റിയെഴുതിയതു കൊണ്ടു മാത്രം നന്നായ ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ സംവിധാനം എനിക്കറിയാവുന്ന വിദ്യ തന്നെയായിരുന്നു. ഗുഡ്നൈറ്റ് മോഹനാണ് സിനിമ നിർമ്മിച്ചത്. പൂരം ജനപ്രിയ സിനിമ ആയില്ലെങ്കിലും സിനിമയെപ്പറ്റി അറിയാവുന്ന ആളുകളൊക്കെ തന്നെ അത് ഏറെ പ്രശംസിച്ചു. ഒരു നാടകസംഘത്തിന്റെ കഥ തന്നെയായിരുന്നു അത്. പൂരം കഴിഞ്ഞ പൂരപ്പറമ്പുപോലെ നാടകസംഘം ഒഴിഞ്ഞുപോകുന്ന സ്ഥലവും അതു തന്നെ കഥാപാത്രത്തിന്റെ അനുഭവവുമാകുന്നതായിരുന്നു കഥ. ഇനിയും ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. അത് രൂപപ്പെട്ടുവരുന്നേയുള്ളു. അതേപ്പറ്റി കൂടുതൽ പറയണമെങ്കിൽ അത് പഴുത്തു പാകണം. നമ്മുടെ നാടുമായി ബന്ധമുള്ള സാമൂഹ്യപ്രാധാന്യമുള്ള ഒരു കഥ. നടന്മാർക്ക് വലിയ അഭിനയസാധ്യതകളുള്ള ഒരു ചിത്രമായിരിക്കുമത്. ഞാനും ഒരു പ്രമുഖ നടനും അതിലുണ്ടാകും,'' വേണു പറഞ്ഞുനിർത്തുന്നു. 

കാറ്റത്തെ കിളിക്കൂട്, ശ്രുതി,  തീർത്ഥം, അമ്പടാ ഞാനേ, ഒരു കടങ്കഥ പോലെ, ഓഒരു കഥ നുണക്കഥ, പണ്ടൊരു രാജകുമാരി എന്നു സിനിമകൾക്ക് കഥയെഴുതി . കാവേരി, തനിയെ എന്ന  ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ഇപ്പോൾ രസം എന്ന സിനിമയ്ക്കും തിരക്കഥയെഴുതി. ''ഇതിനൊന്നും ഞാൻ അധിക സമയമെടുക്കാറില്ല. തനിയെക്ക് തിരക്കഥയെഴുതിയത് ഷൂട്ടിങ് നടക്കുന്ന ബംഗ്ലാവിൽ വച്ചു തന്നെയായിരുന്നു. ആ ബംഗ്ലാവിന്റെ മുക്കും മൂലയും പരിചിതമാക്കിയശേഷമാണ് തിരക്കഥയെഴുതിത്തുടങ്ങിയത്, ലൊക്കേഷനിൽ വച്ച് തിരക്കഥയെഴുതുമ്പോൾ അത് നമുക്ക് അനുവേദ്യമാകും,'' വേണു പറയുന്നു.

സിനിമയിലൊക്കെ വന്നു കഴിഞ്ഞപ്പോൾ തന്നെ നന്നായി അറിയാവുന്ന ഒരാളാണ് കൂടെയുള്ളതെങ്കിൽ പ്രശ്‍നങ്ങളൊന്നും ഉണ്ടാവില്ലെന്നു കണ്ടാണ് നെടുമുടി വേണു തന്റെ അകന്ന ബന്ധു തന്നെയായ സുശീലയെ 1982-ൽ വിവാഹം ചെയ്‍തത്. ''സിനിമയിലൊക്കെയുള്ള ആൾക്കാരെപ്പറ്റിയൊക്കെ പല ഗോസിപ്പുകളും വരുന്ന കാലമായിരുന്നു. എന്നെ കുട്ടിക്കാലം തൊട്ടേ അറിയാവുന്നയാളാണ് സുശീല. അമ്മ പഠിപ്പിച്ചതാണ്. അമ്മയുടെ വത്സലശിഷ്യയായിരുന്നു അവൾ. ഞാൻ എന്നെ വിവാഹം ചെയ്യാമോയെന്ന് സുശീലയോട് ചോദിക്കുകയായിരുന്നു. സുശീലയുടെ വീട്ടിൽ കുറച്ചൊരു എതിർപ്പുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്ത് രജിസ്റ്റർ മാര്യേജ് ചെയ്യുകയായിരുന്നു. പിന്നീട് കുഞ്ഞുണ്ടായപ്പോൾ ആ എതിർപ്പുകളൊക്കെ മാറി,'' വേണു പറയുന്നു. പൊതുവേ ലജ്ജാശീലനായിരുന്നതിനാൽ കുട്ടിക്കാലത്ത്
സ്‍ത്രീകളുമായി അടുത്തിടപഴകിയിട്ടില്ലെങ്കിലും പിൽക്കാലത്ത് നാടകക്കാലമെത്തിയതോടെ അതൊക്കെ പോയി. ''പെണ്ണിനോട് മാത്രമല്ല, സൗന്ദര്യമുള്ള എല്ലാറ്റിനോടും എക്കാലത്തും എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്. ഇപ്പോഴും തോന്നിക്കൊണ്ടേയിരിക്കുന്നു. ഉദയം കണ്ടാലും അസ്‍തമയം കണ്ടാലും ഒരു നല്ല പൂങ്കാവനം കണ്ടാലുമൊക്കെ പ്രണയം തോന്നണം. പക്ഷേ വിവാഹം കഴിക്കണം, ഒന്നിച്ചു ജീവിക്കണമെന്ന അർത്ഥത്തിൽ ഞാൻ പ്രണയം പറഞ്ഞിട്ടുള്ളത് എന്റെ ഭാര്യയോട് മാത്രമേയുള്ളു,'' വേണുവിന്റെ കുസൃതിച്ചിരി.

മലയാളത്തിൽ നെടുമുടി അഭിനയിച്ചതിന്റെ പരമാവധി അഭിനയിച്ചു കഴിഞ്ഞുവെന്നും ഇനി തമിഴിലേക്ക് വരാനും കമൽഹാസൻ ഒരിക്കൽ വേണുവിനെ ക്ഷണിച്ചു. താൻ വേണമെങ്കിൽ വേണുവിന്റെ സെക്രട്ടറിയായി തൊഴിലെടുക്കാമെന്നായിരുന്നു കമലിന്റെ വർത്തമാനം. ശിവാജി ഗണേശനായിരുന്നു വേണുവിന്റെ മറ്റൊരു ആരാധകൻ. സിനിമയിൽ നിന്ന് തിരക്കൊഴിഞ്ഞശേഷം ടെലിവിഷനിൽ വേണുവിന്റെ ചിത്രങ്ങൾ കണ്ടുകൊണ്ടിരിക്കേ, നെടുമുടി വേണു എന്ന പേര് ഉച്ചരിച്ച ആശ്രിതനോട് ശിവാജി ഗണേശൻ ഇങ്ങനെ പറഞ്ഞു: ''നെടുമുടി വേണു എന്നു വിളിക്കരുത്. കൊടുമുടി വേണു എന്നു വിളിക്കണം. അഭിനയത്തിന്റെ കൊടുമുടിയിലാണ് അയാൾ.'' പക്ഷേ കേരളത്തിൽ ഇത്രയും അഭിനയശേഷിയുള്ള പല മേഖലകളിൽ പ്രാവീണ്യമുള്ള താരത്തിന് സിനിമാലോകം അർഹിക്കുന്ന അംഗീകാരം നൽകിയിട്ടുണ്ടോയെന്നത് സംശയകരം. ''കൊട്ടാരക്കര ശ്രീധരൻ നായരും ശങ്കരാടിയുമൊക്കെ ഉണ്ടായിരുന്ന കാലയളവിലും സത്യനും നസീറിനുമൊക്കെയായിരുന്നില്ലേ താരപദവി? താരങ്ങളുടെ പിറകേയാകും എപ്പോഴും മാധ്യമങ്ങളും ജനങ്ങളും പോകുക. ഇന്നും എന്നും അങ്ങനെ തന്നെ. സിനിമ എനിക്ക് എപ്പോഴും അർഹമായ സ്ഥാനം തരുന്നുണ്ട്. പഴയ തലമുറയും പുതിയ തലമുറയും എനിക്ക് എല്ലാ ആദരവും നൽകുന്നുണ്ട്. ഞാൻ തൃപ്‍തനാണ്,'' വേണു പറയുന്നു.

 കേരളത്തിന്റെ തനത് സംസ്‌കാരം നിലനിർത്താനുള്ള ശ്രമങ്ങളിൽ ഊന്നൽ നൽകിക്കൊണ്ട് പ്രവർത്തിക്കാനുള്ള ത്വരയാണ് എന്നും നെടുമുടി വേണുവിന്  ആവേശം പകർന്നിരുന്നത്. ''എന്റെ ജീവിതം തന്നെ ഒരർത്ഥത്തിൽ അതായിരുന്നു. അതിനുവേണ്ടി ഒരു സംഘടനയോ ഒന്നും ആവശ്യമില്ല. ചെയ്‍ത കഥാപാത്രങ്ങളും പാടിയ പാട്ടുകളും കവിയരങ്ങുകളും നാടകങ്ങളുമൊക്കെ എവിടെയെങ്കിലുമൊക്കെ ചെന്നു കൊള്ളും. അത് നന്മയിലേക്ക് നയിക്കും.'' 'ഛായാമുഖിയുടെ സംവിധായകനായിരുന്ന പ്രശാന്ത് നാരായണനുമായി ചേർന്ന് തിരുവരങ്ങിൽ പണ്ട് ചെയ്‍തിരുന്ന നാടകങ്ങൾ വീണ്ടും അരങ്ങിലെത്തിക്കാൻ ഒരു സ്ഥിരം നാടകവേദി   രൂപകൽപന ചെയ്യാനുള്ള ശ്രമത്തിലായിരുന്നു 2014-ൽ കാണുമ്പോൾ നെടുമുടി.

click me!