'കുറ്റകൃത്യമല്ല 'ദൃശ്യം 2'ന്‍റെ പശ്ചാത്തലം, രണ്ടാംഭാഗത്തിനായി നിര്‍ബന്ധപൂര്‍വ്വം ചെയ്യുന്ന സിനിമയുമല്ല'

By Manu VargheseFirst Published Jul 13, 2020, 6:29 PM IST
Highlights

'സിനിമയിലെ ദിവസവേതനക്കാരുടെ സ്ഥിതി മോശമാണ് ഇപ്പോൾ. ഞാനുള്‍പ്പടെ പ്രതിഫലം കുറച്ചാണ് ദൃശ്യം രണ്ടുമായി സഹകരിക്കുന്നത്. ഈ സാഹചര്യത്തിൽ സിനിമകൾ ചിത്രീകരിച്ചു തുടങ്ങിയാൽ മാത്രമേ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ. പുതിയ സിനിമകളുടെ ഷൂട്ടിംഗ് പാടില്ലെന്ന് പറയുന്ന നിർമാതാക്കള്‍ സിനിമയിലെ ദിവസവേതനക്കാരുടെ അവസ്ഥ കൂടി മനസിലാക്കണം..'

ഹൈറേഞ്ചിലെ രാജാക്കാട് എന്ന  ഗ്രാമത്തിലെ ലോക്കൽ കേബിൾ ടിവി ബിസിനസ് നടത്തുന്ന ജോർജ്ജുകുട്ടിയുടെയും  കുടുംബത്തിന്‍റെയും കഥ പറഞ്ഞ ചിത്രമായിരുന്നു ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം.  കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും,ഉൾപ്പെടുന്ന അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഉണ്ടാവുന്ന പ്രശ്‍നത്തെ ജോർജ്ജുകുട്ടിയും കുടുംബവും അതിജീവിക്കുന്ന കഥയാണ് ചിത്രം പറഞ്ഞത്. ചടുലമായ ഫ്രെയിമുകളും സസ്പെൻസ് നിറഞ്ഞ കഥാസന്ദർഭങ്ങളും പുതിയ കാഴ്‍ചാനുഭവമാണ് പ്രേക്ഷകന് സമ്മാനിച്ചത്. ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്‌ത മലയാള സിനിമ, ആദ്യമായി 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ മലയാള ചിത്രം, അങ്ങനെ നിരവധി റെക്കോര്‍ഡുകളും ചിത്രം നേടി. ചിത്രം ഇറങ്ങി ഏഴ് വർഷങ്ങൾക്കിപ്പുറം  ദൃശ്യം2 എന്ന പേരിൽ  രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുമ്പോൾ വലിയ രീതിയിലുള്ള ചർച്ചകളും പ്രതീക്ഷകളുമാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാവുന്നത്. ഈ സാഹചര്യത്തിൽ ചിത്രത്തിന്‍റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ് സംവിധാകൻ ജീത്തു ജോസഫ്. മനു വര്‍ഗീസ് നടത്തിയ അഭിമുഖം.

രണ്ടാം ഭാഗം ചെയ്യാൻ വേണ്ടി മാത്രം ചെയ്യുന്ന സിനിമയല്ല 'ദൃശ്യം 2'

2015 മുതൽ ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം എന്ന നിലയിൽ ഒരു കഥയ്ക്ക് ചാൻസ് ഉണ്ടോ എന്നൊരു ആലോചന മനസിലുണ്ടായിരുന്നു. പലപ്പോഴും മറ്റു കഥകൾക്കിടയിൽ ഇക്കാര്യം ഞാൻ ആലോചിക്കാറുമുണ്ടായിരുന്നു. റാം എന്ന ചിത്രത്തിന്‍റെ  കഥ പറയാൻ ഒടിയന്‍റെ ലെക്കേഷനിൽ മോഹൻലാലിനെ കാണാൻ പോയപ്പോഴാണ് ഞാൻ ആദ്യമായി ആന്‍റണി പെരുമ്പാവൂരിനോട് ഈ കഥയെപ്പറ്റി പറഞ്ഞത്. റാം എഴുതി പൂർത്തിയാക്കിയ സമയത്ത് എനിക്ക് ദൃശ്യം2നെപ്പറ്റി ഒരു പൂർണ്ണരൂപം ലഭിച്ചു. ആന്‍റണി പെരുമ്പാവൂരിനോട് ഞാൻ ആദ്യമേ പറഞ്ഞത് എഴുതുന്ന ഫസ്റ്റ് ഡ്രാഫ്റ്റിൽ പരിപൂർണ്ണ സംതൃപ്തി ലഭിച്ചാൽ മാത്രമേ അതിൽ നിന്ന് പൂർണ്ണമായ തിരക്കഥയിലേക്ക് മാറ്റുകയുള്ളൂ എന്നാണ്. ഈ കഥയെപ്പറ്റി പറഞ്ഞപ്പോൾ എന്‍റെ സുഹൃത്തുക്കൾ ചോദിച്ചത് ദൃശ്യത്തിന്‍റെ പേര് കളയാൻ വേണ്ടിയാണോ നീ രണ്ടാം ഭാഗം ഒരുക്കുന്നതെന്നാണ്. എന്നാൽ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി കഴിഞ്ഞപ്പോൾത്തന്നെ എനിക്കതിൽ പൂർണ്ണ തൃപ്‌തി കൈവന്നു. ഈ പറഞ്ഞ എന്‍റെ സുഹൃത്തുകൾക്കും ഫാമിലിക്കും ഞാൻ തിരക്കഥ വായിക്കാൻ കൊടുത്തു. തിരക്കഥ വായിച്ചതിനു ശേഷം അവർ പറഞ്ഞത് ഇത് നല്ല സിനിമയായിരിക്കും എന്നാണ്. മികച്ച അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്. അങ്ങനെ തിരക്കഥ പൂർത്തിയാക്കി ലാലേട്ടനും ആന്‍റണിക്കും അയച്ചു കൊടുത്തു. അവർക്കും അത് ഇഷ്ടപ്പെട്ടു.

 

കുറ്റകൃത്യമല്ല ദൃശ്യം 2ന്‍റെ പശ്ചാത്തലം

ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും കഥയിലൂടെ തന്നെയാണ് 'ദൃശ്യം 2' സഞ്ചരിക്കുന്നത്. എന്നാൽ ദ്യശ്യത്തിലുള്ളതുപോലെ ഒരു ക്രൈം പശ്ചാത്തലം ചിത്രത്തിനുണ്ടാവില്ല. ഞാൻ ഇതിനെ കാണുന്നത് ഒരു നല്ല ഫാമിലി ചിത്രമായാണ്. ആളുകൾക്ക് വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തെപ്പറ്റി. അതിനെ ഞാൻ ഭയക്കുന്നില്ല. ദൃശ്യം ഞാൻ ഒരിക്കലും ഒരു ത്രില്ലർ ചിത്രമായല്ല ഒരുക്കിയത്. രണ്ടു കുടുംബങ്ങളുടെ കഥ പറയുന്നതിനിടെ ത്രില്ലർ പശ്ചാത്തലം കടന്നുവരുകയായിരുന്നു. ദൃശ്യം എന്ന ചിത്രത്തിനു ശേഷം ഞാൻ ചെയ്തത് ലൈഫ് ഓഫ് ജോസൂട്ടിയെന്ന ചിത്രമാണ്. വലിയൊരു കേസിൽ നിന്നു മുക്തരായ ശേഷം ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്, പൊലീസിന്‍റെ നിലപാട് എന്താണ്, ജോർജ്ജുകുട്ടിയുടെ മക്കൾ വളർന്നതിനു ശേഷം എങ്ങനെയാണ് ആ കുടുംബം കഴിയുന്നത് തുടങ്ങിയ കാര്യങ്ങളിലൂടെയാണ് ദൃശ്യം 2ന്‍റെ സഞ്ചാരം. ദൃശ്യത്തിലെ ചില കഥാപാത്രങ്ങള്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും ഈ രണ്ടാം ഭാഗത്തിൽ വരും. ഒരു നല്ല ഫാമിലി ചിത്രമായിരിക്കും ദൃശ്യം 2 എന്ന് പറയാൻ സാധിക്കും.

ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിച്ചേക്കാം

കൊവിഡ് മാനദണ്ഡത്തില്‍ മാറ്റമില്ലെങ്കില്‍ ദൃശ്യം രണ്ട് ഓഗസ്റ്റ് പതിനേഴിനുതന്നെ ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നത്. എന്നാൽ കൊവിഡ് ഇങ്ങനെ വ്യാപിക്കുന്ന സാഹചര്യത്തില്‍ ചിലപ്പോൾ ഷൂട്ടിംഗ് നീട്ടിയേക്കാം. ഷൂട്ടിംഗ് തുടങ്ങാതെ കോവിഡ് പശ്ചാത്തലത്തിലെ സിനിമാ പ്രതിസന്ധി മാറില്ല. സിനിമയിലെ ദിവസവേതനക്കാരുടെ സ്ഥിതി മോശമാണ് ഇപ്പോൾ. ഞാനുള്‍പ്പടെ പ്രതിഫലം കുറച്ചാണ് ദൃശ്യം രണ്ടുമായി സഹകരിക്കുന്നത്. ഈ സാഹചര്യത്തിൽ സിനിമകൾ ചിത്രീകരിച്ചു തുടങ്ങിയാൽ മാത്രമേ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ. പുതിയ സിനിമകളുടെ ഷൂട്ടിംഗ് പാടില്ലെന്ന് പറയുന്ന നിർമാതാക്കള്‍ സിനിമയിലെ ദിവസവേതനക്കാരുടെ അവസ്ഥ കൂടി മനസിലാക്കണം. ഈ അവസ്ഥയിൽ ഒരു നിർമാതാവ് സിനിമ നിർമ്മിക്കാൻ വന്നത് വലിയ കാര്യമാണ്. ജോലി ലഭിക്കുക എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ കാര്യം.

 

റാം അവസാന ഘട്ടത്തിൽ

വലിയ പ്രതീക്ഷയുള്ള ചിത്രമാണ് റാം. ചിത്രത്തിന്‍റെ ഇന്ത്യന്‍ ഷെഡ്യൂളും ക്ലൈമാക്സും പൂര്‍ത്തിയാക്കിയിരുന്നു.  എഴുപത് ശതമാനത്തോളം ചിത്രം പൂർത്തീകരിച്ചു. ഇന്ത്യക്ക് പുറമെ വിദേശത്ത് രണ്ട് ലൊക്കേഷനുകളുണ്ടായിരുന്നു. ഫെബ്രുവരി അവസാനത്തോടെ ഉസ്ബെക്കിസ്ഥാനിലും യുകെയിലും ചിത്രീകരിക്കാമെന്നായിരുന്നു പ്ലാൻ. എന്നാൽ അതിനിടെയാണ്  ലോക്ക്ഡൗണ്‍ വന്നത്. ഇനി സാഹചര്യം അനുകൂലമാകുന്നതനുസരിച്ച് ബാക്കി ഭാഗങ്ങൾ ഷൂട്ട് ചെയ്യാനാണ് തീരുമാനം. തൃഷയാണ് ചിത്രത്തിലെ നായിക. കൊച്ചിയിലും ധനുഷ്‌കോടിയിലുമാണ് സിനിമ ഇതുവരെ ചിത്രീകരിച്ചത്.

ഒടിടി റിലീസ്- സാധ്യതകളുടെ വാതിൽ

മലയാള സിനിമകളുടെ ഡിജിറ്റൽ റിലീസുകളുടെ സാധ്യതകളെക്കുറിച്ച് നാം മനസിലാക്കണം. ചെറുകിട, ഇടത്തരം ബജറ്റ് ചിത്രങ്ങൾ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാനാവുക എന്നത് വലിയ കാര്യമാണ്. പലപ്പോഴും ചെറിയ ചിത്രങ്ങൾക്ക് തീയേറ്ററുകൾ ലഭിക്കാറില്ല. ഈ അവസത്തിൽ ഒടിടി റിലീസ് വലിയ കാര്യമാണ്. എന്നാൽ ബിഗ് ബജറ്റ് ചിത്രങ്ങളോ സൂപ്പര്‍താര ചിത്രങ്ങളോ ഒന്നും ഒടിടി റിലീസിലൂടെ എത്രമാത്രം ആസ്വദിക്കാൻ പറ്റും എന്ന് അറിയില്ല. തീയേറ്റർ എക്സ്പീരിയൻസ് ഒരിക്കലും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കില്ലല്ലോ. പുതിയതായി സിനിമയിലേക്ക് എത്തുന്നവർക്ക്  അവസരങ്ങളുടെ വലിയ വാതിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ.

click me!