'ഡിജിറ്റല്‍ റിലീസ് ചെയ്യാനാണെങ്കില്‍ പിന്നെ തീയേറ്ററുകള്‍ എന്തിനാണ്?' ലിബര്‍ട്ടി ബഷീര്‍ സംസാരിക്കുന്നു

By Nirmal SudhakaranFirst Published May 15, 2020, 7:29 PM IST
Highlights

'ചിത്രീകരണം പൂര്‍ത്തിയാക്കിയ 42 സിനിമകളാണ് ഇപ്പോള്‍ ഉള്ളത്. തീയേറ്ററുകള്‍ തുറക്കുന്നതിന് മുന്‍പ് സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പോയാല്‍ പിന്നെ തീയേറ്ററുകള്‍ ബാക്കിയുണ്ടാവില്ല. തീയേറ്റര്‍ തുറന്നാലും കളിക്കാന്‍ പടം വേണമല്ലോ..'

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ ഒഴിവാക്കി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ വഴി നേരിട്ട് സിനിമകള്‍ റിലീസ് ചെയ്യാന്‍ ഇന്ത്യയിലെ വ്യത്യസ്ത ഭാഷാ സിനിമാമേഖലകളില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡയറക്ട് ഒടിടി റിലീസിന്‍റെ കാര്യത്തില്‍ തമിഴിലും ഹിന്ദിയിലുമായി പല സിനിമകളുടെ പേരുകളും ആദ്യം അനൗദ്യോഗികമായും പിന്നീട് ഔദ്യോഗികമായും പുറത്തെത്തി. മുന്‍നിര ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം തങ്ങളുടെ വരാനിരിക്കുന്ന ഡയറക്ട് റിലീസ് സിനിമകളുടെ പേരുകള്‍ ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമാ ലോകത്തും അത് സജീവ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. വിജയ് ബാബുവിന്‍റെ നിര്‍മ്മാണത്തില്‍ ജയസൂര്യ നായകനാവുന്ന സൂഫിയും സുജാതയും എന്ന ചിത്രവും അക്കൂട്ടത്തില്‍ ഇടംപിടിച്ചു എന്നതാണ് കാരണം. എന്നാല്‍ ഇക്കാരണത്താല്‍ വിജയ് ബാബുവിന്‍റെയോ ജയസൂര്യയുടേതോ ആയി ഭാവിയില്‍ പുറത്തെത്തുന്ന ഒരു സിനിമയ്ക്കും തീയേറ്റര്‍ നല്‍കില്ലെന്നാണ് തീയേറ്റര്‍ ഉടമകളുടെ തീരുമാനം. ഇക്കാര്യത്തില്‍ തീയേറ്ററുടമകളുടെ വ്യത്യസ്ത സംഘടനകള്‍ യോജിപ്പില്‍ എത്തിയിട്ടുണ്ടെന്ന് ഫിലിം എക്സിബിറ്റേഴ്‍സ് ഫേഡറേഷന്‍ പ്രസിഡന്‍റ്  ലിബര്‍ട്ടി ബഷീര്‍ പറയുന്നു. മലയാളത്തിലും ഡയറക്ട് ഒടിടി റിലീസുകള്‍ വരുന്ന സാഹചര്യത്തില്‍ ലിബര്‍ട്ടി ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുന്നു.

"വിജയ് ബാബുവിന്‍റെയും ജയസൂര്യയുടെയും വരും സിനിമകള്‍ക്ക് തീയേറ്ററുകള്‍ നല്‍കില്ല. ആ തീരുമാനത്തിന് ഒരു മാറ്റവും ഉണ്ടാവില്ല. ഫെഡറേഷനും ഫിയോക്കും അക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വില്‍ക്കുന്ന അവസ്ഥയുണ്ടാവും. വിജയ് ബാബുവിന്‍റെ തീരുമാനത്തിന് പ്രത്യക്ഷത്തിലോ അല്ലാതെയോ ജയസൂര്യയുടെ പിന്തുണയും ഉണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്. വിജയ് ബാബുവിന്‍റെ സ്ഥിരം ആര്‍ട്ടിസ്റ്റ് ആണ് ജയസൂര്യ", ലിബര്‍ട്ടി ബഷീര്‍ പറയുന്നു

കേരളത്തിലെ തീയേറ്ററുകള്‍ തുറക്കുന്ന ഘട്ടമായാലും മറുഭാഷാ സിനിമകളും മലയാളത്തിലെതന്നെ ബിഗ് ബജറ്റ് സിനിമകളും ഉടന്‍ സംഭവിക്കില്ലെന്നും താരതമ്യേന കുറഞ്ഞ മുതല്‍ മുടക്കിലുള്ള സിനിമകള്‍ വഴിയാണ് പ്രേക്ഷകര്‍ തീയേറ്ററിലേക്ക് എത്തേണ്ടതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. "കേരളത്തിലെ തീയേറ്ററുകള്‍ തുറന്നാലും നാലഞ്ച് മാസത്തേക്ക് മറുഭാഷാ സിനിമകള്‍ പ്രതീക്ഷിക്കേണ്ട. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമൊക്കെ റിലീസ് ചെയ്യേണ്ട സിനിമകളാണ് അവ. അതുകൊണ്ട് റിലീസ് സ്വാഭാവികമായും വൈകും. മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളും വൈകും. തീയേറ്റര്‍ തുറക്കുന്ന ഘട്ടമായാലും അവയൊന്നും ഉടന്‍ റിലീസ് ചെയ്യില്ല. മറിച്ച് ഇത്തരത്തിലുള്ള താരതമ്യേന ചെറിയ സിനിമകള്‍ റിലീസ് ചെയ്ത് തീയേറ്ററുകളിലേക്ക് ആളുകള്‍ എത്തിയാലേ വലിയ സിനിമകള്‍ റിലീസ് ചെയ്യൂ", ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

Experience the different shades of love, in the world premiere of . Coming Soon! pic.twitter.com/EOvTx2MQEp

— amazon prime video IN (@PrimeVideoIN)

"തീയേറ്റര്‍ ഉടമകളെ സംബന്ധിച്ച് വല്ലാത്തൊരു അവസ്ഥയാണ്. മലയാളസിനിമയിലെ പ്രധാനപ്പെട്ട ഒരു പ്രൊഡ്യൂസര്‍ തന്‍റെ സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ കൊണ്ടുക്കൊടുത്താല്‍ ഞങ്ങള്‍ എന്താണ് ചെയ്യുക. ഞങ്ങള്‍ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാട് (വിലക്ക്) സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വില്‍ക്കുന്ന അവസ്ഥയുണ്ടാവും. നല്ലൊരു വിഭാഗം തീയേറ്റര്‍ ഉടമകളും മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവരാണ്. അവരൊക്കെ ആത്മഹത്യയുടെ വക്കിലേക്ക് പൊയ്പ്പോവും. ചിത്രീകരണം പൂര്‍ത്തിയാക്കിയ 42 സിനിമകളാണ് ഇപ്പോള്‍ ഉള്ളത്. തീയേറ്ററുകള്‍ തുറക്കുന്നതിന് മുന്‍പ് സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പോയാല്‍ പിന്നെ തീയേറ്ററുകള്‍ ബാക്കിയുണ്ടാവില്ല. തീയേറ്റര്‍ തുറന്നാലും കളിക്കാന്‍ പടം വേണമല്ലോ. വിജയ് ബാബുവിന്‍റെ തീരുമാനത്തിന് പ്രത്യക്ഷത്തിലോ അല്ലാതെയോ ജയസൂര്യയുടെ പിന്തുണയും ഉണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്. വിജയ് ബാബുവിന്‍റെ സ്ഥിരം ആര്‍ട്ടിസ്റ്റ് ആണ് ജയസൂര്യ."

തന്‍ അടുത്ത ചിത്രമായ ആട് 3 തീയേറ്റര്‍ റിലീസ് വേണ്ടിവരുന്ന വലിയ സിനിമയാണെന്ന വിജയ് ബാബുവിന്‍റെ അഭിപ്രായപ്രകടനത്തെക്കുറിച്ച് ലിബര്‍ട്ടി ബഷീറിന്‍റെ പ്രതികരണം ഇങ്ങനെ- "അത് ശരിയല്ലല്ലോ. വിജയ് ബാബുവിന്‍റെ എല്ലാ ചെറിയ പടങ്ങളും വലിയ പടങ്ങളും ഞങ്ങള്‍ റിലീസ് ചെയ്തിട്ടില്ലേ. വലിയ പടങ്ങള്‍ തീയേറ്ററില്‍ കളിക്കാതെ നിര്‍മ്മാതാക്കള്‍ക്ക് കാര്യമുണ്ടാവില്ലെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. ഒരു സാധാരണ സമയത്താണ് ഇത് സംഭവിക്കുന്നതെങ്കില്‍ പ്രശ്നമില്ല. നിലവിലെ അവസ്ഥയില്‍ ഇന്‍ഡസ്ട്രി മുഴുവന്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് ഇത് ശരിയായില്ല. എല്ലാ നിര്‍മ്മാതാക്കളും ആ ട്രെന്‍ഡിലേക്ക് പോയാല്‍ എന്തു ചെയ്യും? ഒരു പുതിയ നിര്‍മ്മാതാവാണ് ഇത് ചെയ്തതെങ്കില്‍ ഞങ്ങള്‍ ഇത്ര ഗൗരവം കൊടുക്കില്ലായിരുന്നു. പക്ഷേ വിജയ് ബാബുവിനെപ്പോലെ സിനിമയെപ്പറ്റി നല്ല ധാരണയുള്ള, പ്രവര്‍ത്തിപരിചയമുള്ള ഒരാള്‍ ഇത് ചെയ്യുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല. ഇതല്ലാതെ ഞങ്ങള്‍ക്ക് നിവൃത്തിയില്ല". തീയേറ്റര്‍ ഉടമകളുടെ മറ്റു സംഘടനകളായ ഫിയോക്കും ഫിലിം എക്സിബിറ്റേഴ്‍സ് അസോസിയേഷനും വിലക്കിന്‍റെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

click me!