Latest Videos

'63-ാം വയസിൽ എന്‍റെ മക്കളായി തന്ന അവസരമാണിത്'; 'വാസന്തി'യിലെ ഗായിക കുമാരിയമ്മ പറയുന്നു

By Nithya RobinsonFirst Published Oct 16, 2020, 7:51 PM IST
Highlights

ജാനകിയമ്മയെ ഏറെ ആരാധിക്കുന്ന ഒരാളാണ് ഞാൻ. അവരുടെ പാട്ടുകൾ തന്നെയാണ് ഇതിലേക്ക് എന്നെ അടുപ്പിച്ചതും. ശരിക്കും സംഗീതം എനിക്ക് വളരെ പ്രിയമാണ്.

ത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ അപ്രതീക്ഷിത എന്‍ട്രി ആയിരുന്നു 'വാസന്തി' എന്ന ചിത്രം. 'റഹ്മാൻ ബ്രദേഴ്‌സ്' എന്നറിയപ്പെടുന്ന ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്‌ത ഈ ചിത്രത്തിനായിരുന്നു മികച്ച സിനിമയ്ക്കുള്ള പുരസ്കാരം. ഒപ്പം മികച്ച തിരക്കഥയ്ക്കും (റഹ്മാന്‍ ബ്രദേഴ്സ്) മികച്ച സ്വഭാവ നടിയ്ക്കുമുള്ള (സ്വാസിക വിജയ്) പുരസ്കാരങ്ങളും ഇതേ ചിത്രത്തിനായിരുന്നു. പ്രേക്ഷകര്‍ക്കറിയാത്ത മറ്റു പല കൗതുകങ്ങളും ഒളിപ്പിച്ചുവച്ച സിനിമയാണിത്. അണിയറക്കാര്‍ ഇന്ന് പുറത്തുവിട്ട ചിത്രത്തിലെ 'ആകാശം കടലാസാക്കി' എന്ന ഗാനത്തിന് പിന്നിലും അത്തരത്തില്‍ ഒരു കൗതുകമുണ്ട്. രാജേഷ് മുരുഗേശന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് 63 വയസ്സുകാരിയായ ഒരു പുതുമുഖ പിന്നണി ഗായികയാണ് എന്നതാണ് ആ കൗതുകം. നീനാ വേണുഗോപാല്‍ എന്ന 'കുമാരിയമ്മ'യാണ് ആ ഗായിക. അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ അവസരത്തെക്കുറിച്ച് നീന വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

'വാസന്തി'യിലെ പാട്ടിലേക്ക്..

ഞാൻ സിനിമയിൽ പാടുന്ന ആദ്യത്തെ ഗാനമാണിത്. ചിത്രത്തിലെ സംവിധായകരിൽ ഒരാളായ ഷിനോസ് റഹ്മാനാണ്  ഈ പാട്ട് പാടുന്നതിന് വേണ്ടി ക്ഷണിച്ചത്. എന്‍റെ വീടിന്‍റെ മുകളിലാണ് ഷിനോസ് റഹ്‍മാനും സജാസ് റഹ്മാനും സ്റ്റുഡിയോ നടത്തുന്നത്. കുമാരിയമ്മ എന്നാണ് അവരെന്നെ വിളിക്കാറ്. ഞാൻ മൂളിപ്പാട്ടൊക്കെ പാടുന്നത് അവർ കേട്ടിട്ടുണ്ട്.

വാസന്തിയിലേക്ക് പാടാൻ പോയത് വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു. ഷിനു(ഷിനോസ് റഹ്മാൻ) കുമാരിയമ്മയാണ് സിനിമയിലെ ഒരു പാട്ട് പാടുന്നതെന്ന് പറഞ്ഞു. ആദ്യം എനിക്കത് വിശ്വസിക്കാൻ സാധിച്ചില്ല. 'ശരിക്കും..?' എന്നായിരുന്നു ഞാൻ ചോദിച്ചത്. ഇക്കാര്യം ഉൾക്കൊള്ളാൻ സമയമെടുത്തു. അവസാനമായിരുന്നു എന്‍റെ പാട്ട് റെക്കോര്‍ഡ് ചെയ്തത്. സ്റ്റുഡിയോ എക്സ്പീരിയൻസ് എനിക്ക് ഇല്ലാത്തതുകൊണ്ട് പരിഭ്രമമായിരുന്നു. പാടാനായി ഒത്തിരി സമയം രാജേഷ് എനിക്ക് തന്നു. അങ്ങനെയാണ് പാടുന്നത്. ഒരു നീണ്ട നാളത്തെ കാത്തിരിപ്പാണ് ഇന്ന് സഫലം ആയത്. ഈ 63മത്തെ വയസിൽ എന്‍റെ മക്കളായി തന്ന അവസരമായാണ് ഞാനിതിനെ കാണുന്നത്.എന്‍റെ തറവാട്ടിൽ വച്ചായിരുന്നു പ്രേമം സിനിമയിലെ രണ്ടാമത്തെ ഭാഗം ഷൂട്ട് ചെയ്തത്. സിനിമയുടെ മ്യൂസിക് കമ്പോസ് ചെയ്യുന്ന സമയത്താണ് രാജേഷ് മുരുഗേശനെ പരിചയപ്പെടുന്നത്. 

വാസന്തിയുടെ കൂടെ ഞാനും യാത്ര ചെയ്തു

ഏറെ സമയമെടുത്താണ് അവർ ‘വാസന്തി‘ ചെയ്തത്. അണിയറ പ്രവർത്തകരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലമാണ് ലഭിച്ചത്. അവരുടെ കഠിനാധ്വാനം ഞാൻ കണ്ടിട്ടുള്ളതാണ്. സത്യത്തിൽ വാസന്തിയുടെ കൂടെ ഞാനും യാത്ര ചെയ്യുകയായിരുന്നു. അർഹതപ്പെട്ട അംഗീകാരം തന്നെയാണ് വാസന്തിക്ക് ലഭിച്ചത്. എന്‍റെ മക്കൾക്ക് കിട്ടിയ അവാർഡ് പോലെയാണ് എനിക്കു തോന്നിയത്.  ശരിക്കും വ്യത്യസ്തമായൊരു സിനിമ. വാസന്തി ഒരു കൊമേഴ്സ്യല്‍ സിനിമ അല്ല. അതുകൊണ്ട് അതനുസരിച്ചാണ് പാട്ടും. സിനിമയിൽ കൂടി അവരെന്താണോ പറയാൻ ഉദ്ദേശിക്കുന്നത് അതിന്‍റെ ആകെത്തുകയാണ് ഈ പാട്ട്.

കുട്ടിക്കാലം മുതലേ പാട്ടുകള്‍ പ്രിയം

കുട്ടിക്കാലം മുതൽ സംഗീതത്തോട് വളരെയധികം താൽപര്യം ഉള്ള ആളാണ് ഞാൻ. പാട്ടിനോടുള്ള താല്പര്യം കാരണം റേഡിയോയുടെ അടുത്തു നിന്ന് മാറുകയേ ഇല്ലായിരുന്നു. എന്‍റെ ഭർത്താവ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്നു ജോലി ചെയ്തിരുന്നത്. അദ്ദേഹം നിർബന്ധിക്കുമ്പോഴൊക്കെ ബാങ്കിന്‍റെ ഗെറ്റ് റ്റുഗദറിനൊക്കെ പാടിയിരുന്നു. ബാങ്കിൽ നിന്ന് റിട്ടേർഡ് ആയതിന് ശേഷം അദ്ദേഹം എറണാകുളത്തെ കൺസ്ട്രഷൻ കമ്പനിയിൽ ജോലി ചെയ്തു. അവിടെയും ആഘോഷപരിപാടികളിലൊക്കെ പാടി.

മൂവാറ്റുപുഴയാണ് എന്‍റെ സ്വന്തം സ്ഥലം. ഭർത്താവിന്‍റെ വീട്‌ ആലുവയിലാണ്. ഇവിടെ തന്നെയാണ് ഇപ്പോൾ താമസം. ഭർത്താവിന്‍റെ അമ്മ മ്യൂസിക് ടീച്ചറായിരുന്നു. അച്ഛനും പാട്ടിനോട് താൽപര്യമുള്ള ആളായിരുന്നു. ഞാൻ പാടുന്നത് കേട്ടപ്പോൾ അച്ഛനാണ് പഠിക്കാൻ പറഞ്ഞത്. അനുജൻ മൃദംഗം പഠിക്കുന്നുണ്ടായിരുന്നു. അവന്‍റെ സാർ വഴി പാട്ട് പഠിപ്പിക്കാൻ ഒരാളെ കണ്ടെത്തി. അങ്ങനെയാണ് പഠിച്ചത്. അധികം ഒന്നുമില്ല, ഒരു വർഷം മാത്രമാണ് പാട്ട് പഠിച്ചത്.

ജാനകിയമ്മയും ബാബുക്കയും

ബാബുക്കയുടെയും ജാനകിയമ്മയുടെയും പാട്ടുകൾ കേട്ടാണ് ഞാൻ വളർന്ന് വന്നത്. ജാനകിയമ്മയെ ഏറെ ആരാധിക്കുന്ന ഒരാളാണ് ഞാൻ. അവരുടെ പാട്ടുകൾ തന്നെയാണ് ഇതിലേക്ക് എന്നെ അടുപ്പിച്ചതും. ശരിക്കും സംഗീതം എനിക്ക് വളരെ പ്രിയമാണ്.

ആലുവയിലെ വീട്ടിൽ തനിച്ചാണ്

മക്കളൊക്കെ ജോലിക്കാരാണ്. ഭർത്താവ് മരിച്ചു. നിലവിൽ ആലുവയിലെ വീട്ടിൽ തനിച്ചാണ്. മൂത്ത മകൻ സിംഗപ്പൂരാണ്. രണ്ടാമത്തെ ആള് മെൽബണിലും. ഇടയ്ക്ക് അവരടുത്ത് പോകാറുണ്ട്. കൊവിഡ് കാരണം ഇപ്പോള്‍ യാത്രകളൊന്നുമില്ല.

click me!