
'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ- നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാജിക് മഷ്‌റൂംസ്'. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഫാമിലി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രം ജനുവരി 23 ന് തിയേറ്ററുകളിൽ എത്തുകയാണ്. സിനിമയുടെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവയ്ക്കുന്നു, തിരക്കഥാകൃത്ത് ആകാശ് ദേവ്.
മാജിക് മഷ്റൂംസ് എന്ന സിനിമ ഒരു ഫൺ ഫാമിലി എന്റർടൈനറാണ്. കുറച്ചു നാളുകൾക്ക് ശേഷമായിരിക്കും ഇത്തരത്തിൽ തിയേറ്ററിൽ പോയി ചിരിച്ച് മനസ്സറിഞ്ഞ് സന്തോഷമായിട്ട് പുറത്തിറങ്ങാൻ പറ്റുന്ന തരത്തിലുള്ള ഒരു സിനിമ വരുന്നത് എന്നാണ് എന്റെ ഒരു വിശ്വാസം.തീർച്ചയായിട്ടും കുടുംബ പ്രേക്ഷകർക്കും എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു ഹ്യൂമർ സിനിമയാണ് മാജിക് മഷ്റൂം.
ആറ് മണിക്കൂർ നീണ്ട കഥ പറച്ചിൽ
എനിക്ക് ചെറുപ്പം മുതലേ ഡയറക്ഷൻ ആയിരുന്നു താല്പര്യം. അല്ലെങ്കിൽ ഒരു സിനിമയിൽ എങ്ങനെയെങ്കിലും വർക്ക് ചെയ്യണം, അതിൻ്റെ ഏതെങ്കിലും ഒരു ഡിപ്പാർട്ട്മെൻറ്റിൽ വർക്ക് ചെയ്യണം, അതിൽ എത്തിപ്പെടണം എന്നുള്ളത് തന്നെയാണ് കുട്ടിക്കാലം മുതലുള്ള ഒരു ആഗ്രഹം. ഒരു പ്രായം കഴിഞ്ഞപ്പോൾ ഇതാണ് നമ്മുടെ പരിപാടി എന്ന് തിരിച്ചറിഞ്ഞ് അത് പഠിക്കാൻ വേണ്ടി സമയം മാറ്റിവെക്കുന്നു.
അതിൻ്റെ കുറെ പഠനം കാര്യങ്ങളും ഒരു കോൺഫിഡൻസ് ഒക്കെ ആകുന്നു. എനിക്ക് ഇഷ്ടപ്പെട്ട തരത്തിൽ ഒരു സിനിമ ചെയ്യുക എന്നുള്ളൊരു ആഗ്രഹത്തിന്റെ പുറത്ത് നമ്മൾ കണ്ടിട്ടുള്ള കുറെ വിഷ്വലുകൾ, കുറച്ച് ഒരു കുറച്ച് മേക്കിംഗ് ഐഡിയാസ് എന്നതിൽ നിന്നൊക്കെ ഇത്തരത്തിലൊരു കഥയിൽ വർക്ക് ചെയ്യാം എന്ന് തീരുമാനിക്കുന്നു. സ്ക്രിപ്റ്റിലേക്ക് വരുന്ന സമയത്ത് ഈ ഒരു കൺസെപ്റ്റിൽ സ്ക്രിപ്റ്റ് വർക്ക് ചെയ്യാം. അതിലൊരു മേക്കിംഗ് സ്റ്റൈൽ പ്ലാൻ ചെയ്ത ഇങ്ങനെയൊരു സിനിമ എന്നുള്ളത് തന്നെയാണ് മനസിലുണ്ടായിരുന്നത്. അങ്ങനെ എഴുത്ത് നടക്കുന്നു, ആറേഴ് വർഷമായി എനിക്കൊരു ടീമുണ്ട്. ഞങ്ങൾ എല്ലാവരും ഒരേ പ്രായക്കാരുമാണ്.
അവരോട് ഫസ്റ്റ് ഡ്രാഫ്റ്റ് ഡിസ്കസ് ചെയ്ത സമയത്ത് അവർക്ക് ഇഷ്ടമായി. അവർക്കും വിഷ്ണുചേട്ടൻ എന്നുള്ള ഒരു ഓപ്ഷൻ തന്നെയാണ് മനസ്സിൽ വന്നത്. അങ്ങനെ വിഷ്ണുചേട്ടന്റെ അടുത്ത് കഥ പറയാൻ പോകുന്നു, വിഷ്ണു ചേട്ടനെ വച്ച് സിനിമ ഓൺ ആകുന്നു. ഞാൻ സംവിധാനം ചെയ്യാൻ നിൽക്കുന്ന സമയത്ത് ചില കാരണങ്ങൾ കൊണ്ടത് കറക്റ്റ് ആയില്ല. അപ്പോൾ വിഷ്ണു ചേട്ടനാണ് പറഞ്ഞത് നാദിർഷക്ക അടുത്ത കഥ നോക്കുന്നുണ്ട് എന്ന്. അങ്ങനെ ഇക്കയുടെ അടുത്ത കഥ പറയാൻ പോകുന്നു.
ഒരുപാട് തിരക്കഥകൾ കേട്ടിട്ട് ഇക്കയ്ക്ക് ഒന്നും ഇഷ്ടപ്പെടാതെ ഇരിക്കുന്ന സമയമായിരുന്നു അത്. കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും നാലോ അഞ്ചോ ആളുകൾ ഇക്കയുടെ അടുത്ത് സ്ക്രിപ്റ്റ് കൊടുത്തിട്ട് പോകുന്നുണ്ട്. ആറ് മണിക്കൂറോളം എടുത്താണ് കഥ പറഞ്ഞ് തീർന്നത്. കഥ കേട്ട് കഴിഞ്ഞപ്പോ ഇക്ക പറഞ്ഞിരുന്നു നമുക്കിത് ചെയ്യാമെന്ന്. നമ്മളിത് ചെയ്യുന്നു എന്നുള്ള രീതിയിൽ തന്നെയാണ് അവിടുന്ന് അന്ന് യാത്ര പറഞ്ഞതും. അങ്ങനെയാണ് മാജിക് മഷ്‌റൂംസ് ഇക്കയിലേക്ക് എത്തുന്നത്.
മനസിലുള്ള താരങ്ങൾ തന്നെ സ്ക്രീനിലും
ഇതിന്റെ കാസ്റ്റിംഗ് എന്ന് പറയുന്നത് തിരക്കഥ എഴുതുന്ന സമയത്ത് മനസ്സിലുണ്ടായിരുന്ന ആർട്ടിസ്റ്റുകൾ തന്നെയാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒന്ന് രണ്ട് പേർക്ക് മാത്രമാണ് ഒരു മാറ്റങ്ങൾ സംഭവിച്ചുള്ളൂ. അത് അവരുടെ ഡേറ്റിൻ്റെ പ്രശ്നം കൊണ്ട് സംഭവിച്ചതാണ്. നമുക്കൊരു ഒരു ഈ ഇത്തരത്തിലുള്ള ഒരു പുതിയ കാസ്റ്റ് നാദിർഷക്കയുടെ സിനിമകളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഒരു ലൈനപ്പ് ആണ്. നമ്മൾ പറഞ്ഞ ആർട്ടിസ്റ്റുകൾ എല്ലാം തന്നെ ഇക്കക്കും ഓക്കെ ആയിരുന്നു.
അങ്ങനെയാണ് കാസ്റ്റിങ്ങ്. ഇതിലെ കേന്ദ്ര കഥാപാത്രമാണ് ജാനകി എന്ന് പറയുന്ന ഹീറോയിൻ. പ്രേക്ഷകർ അത്രമാത്രം പരിചിതമല്ലാത്ത ഒരു കാസ്റ്റിംഗ് ആയിരിക്കണം നായിക എന്നുണ്ടായിരുന്നു. അതുകൊണ്ട് പത്തായിരത്തഞ്ഞൂറോളം കുട്ടികളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്ത് ഓഡിഷൻ നടത്തി അതിനുശേഷമൊക്കെയാണ് ഉദയകുമാർ എന്ന ആർട്ടിസ്റ്റിനെ നമ്മൾ ഈ പടത്തിൽ ഫിക്സ് ചെയ്യുന്നത്.
നാദിർഷയുടെ സംഗീതം
ഇതിലെ പാട്ടുകളൊക്കെ ഹിറ്റ് ആവും എന്നുള്ളത് നാദിർഷക്ക ഇതിന്റെ മ്യൂസിക് ചെയ്യാമെന്ന് തീരുമാനിക്കുമ്പോൾ തന്നെ നമുക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. കാരണം ഇക്ക ചെയ്തിട്ടുള്ള എല്ലാ സോങ്ങുകളും തന്നെ ജനം റിപ്പീറ്റടിച്ച് ഏറ്റുപാടിയിട്ടുള്ളതും എല്ലാ വേദികളിലും ഉത്സവപ്പറമ്പുകളിലും ഒക്കെ ഒരുപാട് തരംഗമായിട്ടുള്ള പാട്ടുകളാണ്. അപ്പോൾ അതുകൊണ്ട് തന്നെ പാട്ടിനെ കുറിച്ച് നമുക്ക് അന്നും പ്രതീക്ഷ ഉണ്ടായിരുന്നു. ഇനിയും ചിത്രത്തിലെ രണ്ടു മൂന്ന് പാട്ടുകൾ റിലീസ് ആവാനുണ്ട് അതും ജനങ്ങൾ ഏറ്റെടുക്കും എന്ന് തന്നെയാണ് നമ്മുടെ പ്രതീക്ഷ.
ആക്ടിങ്ങിൽ നിന്നും എഴുത്തിലേക്ക്
കുട്ടിക്കാലം മുതലേ സിനിമയിൽ എങ്ങനെയെങ്കിലും എത്തിപ്പെടണം ഇതിന്റെ ഏതെങ്കിലും ഒരു മേഖലയിൽ വർക്ക് ചെയ്യണം എന്നുള്ളത് ആയിരുന്നു ആഗ്രഹം. കാരണം ചെറുപ്പത്തിൽ ടിവി കാണുന്ന സമയത്ത് അല്ലെങ്കിൽ ഓരോ സിനിമ കഴിയുന്ന സമയത്തും, എങ്ങനെ ഈ കഥ സംഭവിക്കുന്നു, എങ്ങനെ ഇത് പെർഫോമൻസ് ചെയ്യുന്നു, ഈ ഗ്യാപ്പിനുള്ളിൽ ഇവരൊക്കെ എങ്ങനെ കോസ്റ്റ്യൂംസ് ഒക്കെ മാറുന്നു, ലൊക്കേഷൻ, അതിൻ്റെ വർക്കുകൾ, ഇതെങ്ങനെ ഈ ഒരു അത്ഭുതം നടക്കുന്നു എന്നുള്ള ഒരു കൗതുകം സിനിമ കാണുന്ന സമയത്ത് ചെറുപ്പത്തിൽ ഉണ്ടായിരുന്നു. ക്രെഡിറ്റ്സ് വരുമ്പോൾ ഓരോ ഡിപ്പാർട്ട്മെന്റുകളിലും വർക്ക് ചെയ്ത ആളുകളുടെ പേരൊക്കെ വായിക്കും. അപ്പോ ഈ ഡിപ്പാർട്ട്മെന്റുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ പോലും അറിയില്ല. സിനിമ അന്നും ഇന്നും ഒരത്ഭുതമായിട്ട് തോന്നുന്നു.
പ്ലസ് ടുവിൽ എത്തുമ്പോഴാണ് നമുക്കൊരു കഴിവുണ്ടെന്ന് തിരിച്ചറിയുന്നതും കലോത്സവ വേദിയിൽ ഒരു ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടുന്നതും. അപ്പോൾ പ്ലസ് ടുവിന് ശേഷം ഒരു കോൺഫിഡൻസ് ആയി. ഇനി എന്തെങ്കിലും പഠിക്കുന്നുണ്ടെങ്കിലും അത് സിനിമ തന്നെ അല്ലെങ്കിൽ ആർട്ട് ആയിട്ട് ബന്ധപ്പെട്ട് എന്തെങ്കിലും കാര്യം പഠിക്കണം എന്നുള്ളത് അപ്പോഴേ തീരുമാനിച്ചിരുന്നു.
ഞാൻ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലാണ് പഠിച്ചത്. അവിടെ ആക്ടിങ് വിദ്യാർത്ഥിയായിരുന്നു. അവിടെ ഫസ്റ്റ് ഇയർ പഠിക്കുന്ന സമയത്താണ് അങ്കമാലി ഡയറീസിന്റെ ഓഡിഷൻ നടക്കുന്നത്. ആ ഓഡിഷനിൽ പങ്കെടുത്ത് സെലക്ഷൻ കിട്ടി. അതിലൊരു വേഷം ചെയ്തു. പിന്നീട് ലിജോ ജോസ് പലിശ്ശേരിയുടെ തന്നെ ഈ.മ.യൗ, ജെല്ലിക്കെട്ട് ഈ മൂന്ന് സിനിമകളിലും അഭിനയിച്ചു. പക്ഷേ ഒരു ആക്ടറിനെക്കാൾ ഉപരി ഉള്ളിൽ ഒരു തിരിച്ചറിവ് സംഭവിച്ചിരുന്നു, ഇതാണ് നമ്മുടെ മേഖല എന്നുള്ള രീതിയിൽ. സംവിധായകനാവുക എന്നുള്ളത് തന്നെയാണ് നമ്മുടെ പ്രധാന ലക്ഷ്യം.
അതിന് കുറച്ചും കൂടെ പഠനം ആവശ്യമാണ് എന്നത് കൊണ്ട് കോളേജ് പഠനം കഴിഞ്ഞതിനു ശേഷം അതിനുവേണ്ടി കുറെ സമയം. ചെലവഴിച്ചിരുന്നു. അതിനുശേഷം ഒരു കോൺഫിഡൻസ് ആയതിനുശേഷമാണ് സ്ക്രിപ്റ്റ് റൈറ്റിംഗിലോട്ട് വരുന്നത്. സ്വന്തമായി കഥ എഴുതി സംവിധാനം ചെയ്യാം, എനിക്ക് ഇത്തരത്തിലൊരു കഥ ഓഡിയൻസിനെ അല്ലെങ്കിൽ ഇത്തരത്തിലൊരു വിഷ്വൽ ട്രീറ്റ്മെന്റിലൂടെ ഒരു കഥ പറയാനാണ് താൽപ്പര്യം അതിനനുസരിച്ച് ഒരു കഥ വർക്ക് ചെയ്യുക, കഥാപാത്രങ്ങളെ രൂപപ്പെടുത്തുക എന്നുള്ള ഒരു പ്രോസസ്സിൽ തന്നെയാണ് സ്ക്രിപ്ട് എഴുതുന്നത്. അങ്ങനെയാണ് സിനിമയിലേക്കുള്ള ഒരു എൻട്രി സംഭവിച്ചത് ഇപ്പോഴും സംവിധായകനാവുക എന്നുള്ളത് തന്നെയാണ് സ്വപ്നം.
'മാജിക് മഷ്റൂംസ്' എന്ന പേരിന് പിന്നിൽ
മാജിക് മഷ്റൂംസ് എന്ന പേര് സംഭവിക്കുന്നത് കൂണുകളും ഇതിലെ കഥാപാത്രങ്ങളും തമ്മിൽ ഒരു കണക്ഷൻ ഉണ്ട്. അവർക്കിടയിൽ ഉണ്ടാകുന്ന ഒരു മാജിക് ഉണ്ട്. അപ്പോ അത് അത് വെച്ചിട്ടാണ് അങ്ങനെ ഒരു ടൈറ്റിൽ നൽകുന്നത്. അതിനെപ്പറ്റി കൂടുതൽ ഇപ്പോൾ എനിക്ക് പറയാൻ സാധിക്കില്ല. ആ ഒരു മാജിക്കും ആ ഒരു കണക്ഷനും എന്താണെന്നുള്ളത് പ്രേക്ഷകർ സിനിമ കണ്ടു തന്നെ മനസ്സിലാക്കട്ടെ.
23-ാം തീയതി ചിത്രം റിലീസ് ആവുകയാണ്.നല്ല രീതിയിൽ ചെയ്തിട്ടുണ്ട് എന്നുള്ള ഒരു ആത്മവിശ്വാസം ഇതിന്റെ എല്ലാ ഡിപ്പാർട്ട്മെന്റിലും വർക്ക് ചെയ്ത അണിയറ പ്രവർത്തകർക്കുണ്ട്. അത് പ്രേക്ഷകരും 23-ാം തീയതി ഇരുകൈയും നീട്ടി സ്വീകരിക്കും എന്നുള്ള വിശ്വാസത്തിലാണ്. തീർച്ചയായും എല്ലാവരും തിയേറ്ററിൽ തന്നെ പോയി കാണുക, വിജയിപ്പിക്കുക.
നേരിട്ട പ്രധാന വെല്ലുവിളികൾ
വലിയ രീതിയിലുള്ള വെല്ലുവിളികളൊന്നും സിനിമയുമായി ബന്ധപ്പെട്ട് നേരിട്ടിട്ടില്ല. എങ്കിലും ഇതിന്റെ സ്ക്രീൻ പ്ലേ വർക്ക് ചെയ്യുന്ന സമയത്ത് അതിലെ ചില എലമെന്റുകൾ, ചില വിഷ്വൽ ട്രീറ്റ്മെന്റിന്റെ ഐഡിയാസ് അല്ലെങ്കിൽ ചില മാച്ച് കട്ട്, ചില ട്രാൻസിഷൻ അതിന്റെയൊക്കെ ഒരു പൂർണ്ണരൂപം എത്രത്തോളമാണെന്നുള്ളത് ആദ്യഘട്ടങ്ങളിൽ എഴുത്തുകാരന്റെ മനസ്സിലായിരിക്കും.
അതിന്റെ ഒരു പൂർണ്ണ രൂപത്തിൽ തന്നെ ഐഡിയ കിട്ടുന്ന രീതിയിൽ മറ്റ് ടെക്നീഷ്യന്മാരുമായിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്ത് അവർക്കും കറക്റ്റ് ആയിട്ടുള്ള ഒരു പ്രോപ്പർ ഐഡിയ കിട്ടിയാലാണ് നമുക്ക് അതേ രീതിയിൽ അതിന്റെ ഔട്ട് എടുക്കാൻ സാധിക്കുക. നമ്മൾ എഴുതുന്ന സമയത്ത് നമ്മൾ വിചാരിച്ച അതേ വിഷ്വലിലോട്ട് തന്നെ ഇതിന്റെ ഒരു ഫൈനൽ ഔട്ട് കൊണ്ടുവരിക എന്നുള്ളത് ഒരു കുറച്ച് ശ്രമകരമായിട്ടുള്ള കാര്യമായിരുന്നു, എങ്കിലും അത് കറക്റ്റ് ആയി മനോഹരമായി നമ്മുടെ സിനിമയിൽ സംഭവിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.