മാറ്റത്തിന്റെ വഴിയിലൂടെ മലയാള സിനിമ; വിപിൻ ആറ്റ്‌ലി സംസാരിക്കുന്നു

By Web TeamFirst Published Oct 24, 2019, 10:37 AM IST
Highlights

പ്രേക്ഷകൻ എന്ന നിലയിൽ സിനിമയിലെ മാറ്റങ്ങളെ വളരെ കാര്യമായി തന്നെ നോക്കി കാണുന്നയാളാണ് ഞാൻ. വിത്യസ്തമായ ചിത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട്. അത്തരത്തിലുള്ള മാറ്റങ്ങൾക്ക് പ്രേക്ഷകരുടെ പിന്തുണ ലഭിക്കുന്നു എന്നത് വലിയ കാര്യമാണ്. 

വ്യത്യസ്ത സിനിമകളിലൂടെയും വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനും സംവിധായകനുമാണ് വിപിൻ ആറ്റ്‌ലി. ഓരോ സിനിമ കഴിയുമ്പോഴും പുതുമയാർന്ന പ്രമേയങ്ങളും കഥാപരിസരവുമാണ് വിപിൻ ആറ്റ്‌ലി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ഹോംലി മീൽസ്, ബെൻ എന്നീ സിനിമകൾക്കുശേഷം വിപിൻ സംവിധാനം ചെയ്യുന്ന വട്ടമേശസമ്മേളനം തിയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാളം കണ്ട ഏറ്റവും ബോറൻ സിനിമ എന്ന് ട്രെയിലറിൽ പ്രഖ്യാപിച്ച സിനിമ ഇതിനോടകം സമൂഹമാധ്യമങ്ങളിലെ സംസാരവിഷയമാണ്. തന്റെ പുതിയ ചിത്രമായ വട്ടമേശസമ്മേളനത്തെപ്പറ്റിയും സിനിമാജീവിതത്തെക്കുറിച്ചും വിപിൻ ആറ്റ്‌ലി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം. 

വട്ടമേശസമ്മേളനം ഒരു ആന്തോളജി മൂവി

ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഒരു ആന്തോളജി മൂവിയാണ് വട്ടമേശസമ്മേളനം. അഞ്ച് സംവിധായകരുടെ അഞ്ച് ചിത്രങ്ങൾ ഉൾക്കൊള്ളിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നടൻ പാഷാണം ഷാജി( സാജു നവോദയ) ഇതിൽ ഒരു സിനിമ ചെയ്തട്ടുണ്ട്. അദ്ധേഹത്തിന്റെ ആദ്യ സംവിധാനസംരംഭമാണ്. നൗഫസ് നൗഷാദ് സംവിധാനം ചെയ്ത മാനിയാക്ക്, വിജീഷ് എ സി ഒരുക്കിയ സൂപ്പർ ഹീറോ, സാജു നവോദയയുടെ കറിവേപ്പില, സാഗർ അയ്യപ്പൻ സംവിധാനം ചെയ്ത ദൈവം നമ്മോടു കൂടെ, ഞാൻ ഒരുക്കിയ പ്ർർ എന്നിവയാണ് ചിത്രങ്ങൾ. എംസിസി സിനിമ കമ്പനിയുടെ ബാനറില്‍ അമരേന്ദ്രന്‍ ബൈജുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ബോറൻ സിനിമ എന്ന പ്രചാരണം

പ്രേക്ഷകരിലേക്ക് സിനിമയെ കൂടുതൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള ഒരു മാർക്കറ്റിംഗ് പ്രചാരണം നടത്തിയത്. വ്യത്യസ്തമായ രീതിയിലുള്ള ട്രെയിലറും പ്രൊമോഷൻ രീതിയുമൊക്കെയാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വലിയ താരങ്ങൾ ഇല്ലാത്ത ചിത്രമായതിനാൽ തന്നെ ആളുകളിലേക്ക് ചിത്രത്തെ കൂടുതൽ എത്തിക്കേണ്ടതുണ്ട് അതിനാലാണ് ഇത്തരത്തിലുള്ള പ്രചാരണം

താരങ്ങളായി സംവിധായകർ

ജിബു ജേക്കബ്, മേജർ രവി, സോഹൻ സീനുലാൽ, ജൂഡ് ആന്റണി, ജിസ് ജോയ്  തുടങ്ങിയ സംവിധായകരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. അവർ അഭിനയിക്കാനായി എത്തുമ്പോൾ സംവിധായകരായല്ല മറിച്ച് നടൻമാരായി തന്നെയാണ് എത്തുന്നത്. എനിക്കും സംവിധായകനായി തന്നെ അറിയപ്പെടാനാണ് താല്പര്യം. പിന്നെ കലിംഗ ശശി,  കെ.ടി.എസ്.പടന്നയില്‍, മോസസ് തോമസ്, മെറീന മൈക്കിള്‍, ഡൊമിനിക് തൊമ്മി തുടങ്ങിയ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. 


മലയാള സിനിമ മാറ്റത്തിന്റെ വഴിയിൽ

പ്രേക്ഷകൻ എന്ന നിലയിൽ സിനിമയിലെ മാറ്റങ്ങളെ വളരെ കാര്യമായി തന്നെ നോക്കി കാണുന്നയാളാണ് ഞാൻ. വിത്യസ്തമായ ചിത്രങ്ങളെ പ്രേക്ഷകൻ സ്വീകരിക്കുന്നുണ്ട്. അത്തരത്തിലുള്ള മാറ്റങ്ങൾക്ക് പ്രേക്ഷകരുടെ പിന്തുണ ലഭിക്കുന്നു എന്നത് വലിയ കാര്യമാണ്. റിയലസ്റ്റിക്കും പുതുമയാർന്നതുമായ സബ്ജറ്റുകൾ വരുന്നുണ്ട്. അത്തരത്തിലുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ നമ്മുടെ പ്രേക്ഷകർക്ക് കഴിയുന്നു എന്നതാണ് സിനിമയുടെ വിജയം.

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സാധ്യത

തിയേറ്റര്‍ റിലീസിനും സാറ്റലൈറ്റ് റൈറ്റിനുമപ്പുറം ആമസോണ്‍ പ്രൈം പോലെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലും മലയാളസിനിമകള്‍ക്ക് ഇന്ന് പ്രദര്‍ശന സാധ്യതയുണ്ട്. ഡിജിറ്റല്‍ റൈറ്റ് എന്ന പേരിലുള്ള വരുമാനം മാത്രമല്ല, സബ്‌ടൈറ്റില്‍ വഴി മലയാളികളല്ലാത്ത ഒരു പ്രേക്ഷകവൃന്ദത്തിലേക്കുകൂടി സിനിമ എത്താന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എന്നാൽ എല്ലാത്തരം സിനിമകളും ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നില്ലാ എന്നത് ഒരു പോരായ്മയാണ്.

click me!