'ഒരു പുതിയ സംവിധായകന് ഐഎഫ്എഫ്കെ നല്‍കുന്ന സാധ്യത വലുതാണ്'; 'മോഹം' സംവിധായകന്‍ ഫാസില്‍ റസാഖ് അഭിമുഖം

Published : Dec 14, 2025, 06:29 PM ISTUpdated : Dec 14, 2025, 06:46 PM IST
mohanm malayalam movie director Fazil Razak interview iffk 2025

Synopsis

2023-ലെ ഐഎഫ്എഫ്കെയിൽ പ്രേക്ഷക പുരസ്കാരം നേടിയ 'തടവ്' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഫാസിൽ റസാഖ് തൻ്റെ രണ്ടാമത്തെ ചിത്രമായ 'മോഹ'വുമായി എത്തുകയാണ് ഇത്തവണ ഐഎഫ്എഫ്കെയിൽ

ഐഎഫ്എഫ്കെയിലൂടെ ആദ്യ ചിത്രവുമായെത്തി പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകനാണ് ഫാസില്‍ റസാഖ്. 2023 ഐഎഫ്എഫ്കെയില്‍ ഓഡിയന്‍സ് അവാര്‍ഡ് ലഭിച്ചത് ഫാസിലിന്‍റെ ആദ്യ ചിത്രമായ തടവിന് ആയിരുന്നു. ചിത്രത്തിന് മികച്ച നടിക്കും പുതുമുഖ സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഇതേ ചിത്രത്തിന് ലഭിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിപ്പുറം 30-ാം ഐഎഫ്എഫ്കെയില്‍ കരിയറിലെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് ഫാസില്‍ റസാഖ്. ഐഎഫ്എഫ്കെയിലാണ് ചിത്രത്തിന്‍റെ പ്രീമിയര്‍ ഷോയും. ചിത്രത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് സംവിധായകന്‍.

2023 ഐഎഫ്എഫ്കെയില്‍ കാണികള്‍ ഏറ്റെടുത്ത ചിത്രമായിരുന്നു ആദ്യ ചിത്രമായ തടവ്. രണ്ടാം ചിത്രമായ മോഹവുമായാണ് ഇത്തവണ എത്തുന്നത്. ചിത്രത്തെക്കുറിച്ച് പറയാമോ?

ഐഎഫ്എഫ്കെയില്‍ സെലക്റ്റ് ആയതില്‍ വളരെ സന്തോഷമുണ്ട്. മോഹത്തിന്‍റെ പ്രീമിയര്‍ ഷോയും ഇവിടെയാണ്. അതിന്റെ ത്രില്ലുമുണ്ട്. തടവിന്‍റെ വേള്‍‍ഡ് പ്രീമിയര്‍ മുംബൈയിലായിരുന്നു, മാമി ഫിലിം ഫെസ്റ്റിവലില്‍. ഒരു കൊച്ചു സിനിമയാണ് മോഹം. ഒരു ഫീല്‍ ഗുഡ് സിനിമയാണ്. സിനിമയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ഫെസ്റ്റിവലിന് ശേഷം ആളുകൾ കൂടുതൽ പറയുമെന്ന് വിചാരിക്കുന്നു.

ഐഎഫ്എഫ്കെയിലെ പുരസ്കാരങ്ങള്‍ക്കൊപ്പം മികച്ച നടിക്കും പുതുമുഖ സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും തടവിന് ലഭിച്ചിരുന്നു. രണ്ടാമത്തെ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താന്‍ ഇത് സഹായകമായോ?

തീർച്ചയായിട്ടും. ആദ്യത്തെ സിനിമയുടെ ഒരു പേരിലാണ് നമുക്ക് രണ്ടാമത്തെ സിനിമ കിട്ടിയത് തന്നെ. റസാഖ് അഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തടവ് കണ്ട് ഇഷ്ടപ്പെട്ടാണ് പുള്ളി ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലേക്ക് എത്തിയത്. ആദ്യത്തെ സിനിമ കഴിഞ്ഞ് രണ്ടാമത്തേത് ചെയ്യാന്‍ ഒരുപാട് സബ്ജക്റ്റുകള്‍ നോക്കിയിരുന്നു. ഫെസ്റ്റിവല്‍ സര്‍ക്യൂട്ട് സിനിമകള്‍ മാത്രമല്ല, വാണിജ്യപരമായി വര്‍ക്ക് ആവുന്ന സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം. അങ്ങനെ തടവ് കഴിഞ്ഞിട്ട് എല്ലാത്തരത്തിലുള്ള ആലോചനകളും നടന്നിരുന്നു. പക്ഷെ സംഭവിച്ചത് മോഹമാണ്.

രണ്ട് വര്‍ഷം സമയമെടുത്തു. അല്ലെ?

ഒരു വര്‍ഷം ഗ്യാപ്പ് ഉണ്ടായി. ആ കാലയളവില്‍ തടവ് മറ്റ് ഫെസ്റ്റിവലുകളില്‍ ഓടുന്നുണ്ടായിരുന്നു. ഐഎഫ്എഫ്കെയ്ക്ക് ശേഷം ബെയ്ജിംഗ്, പൂനെ, ബെംഗളൂരു, ധർമ്മശാല ഇവിടെയൊക്കെ പോയിരുന്നു. കഴിഞ്ഞ വർഷം അവസാനമാണ് സിനിമയുടെ ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ അവസാനിച്ചത്. ഈ വര്‍ഷമാണ് മോഹത്തിന്‍റെ കാര്യങ്ങള്‍ തുടങ്ങിയത്.

മോഹത്തിന്‍റെ ആദ്യ ചിന്ത എവിടെ നിന്നാണ്?

ഞങ്ങളുടെ കൈയില്‍ ഉണ്ടായിരുന്ന ഒരു കഥയാണ്. സിനിമ മനസില്‍ കണ്ട് എഴുതാന്‍ തുടങ്ങി. എഴുത്തിന്‍റെ ഘട്ടത്തില്‍ പുതുതായി കിട്ടിയ ആശയങ്ങളൊക്കെ കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക മേഖലകളിലൊക്കെ മുന്‍ ടീം തന്നെയാണോ?

സിനിമാറ്റോഗ്രാഫറും എഡിറ്ററും ആദ്യ ചിത്രത്തില്‍ വര്‍ക്ക് ചെയ്തവര്‍ തന്നെയാണ്. ചില വിഭാഗങ്ങളിലൊക്കെ പുതിയ ആളുകളാണ്. എന്നാലും പ്രധാന ക്രൂ സെയിം ആണ്.

നാല് പേര്‍ ചേര്‍ന്നാണല്ലോ രചന?

ആദ്യ സിനിമയുടെ രചന ഞാന്‍ ഒറ്റയ്ക്കാണ് നിര്‍വ്വഹിച്ചത്. മോഹത്തിലേക്ക് എത്തിയപ്പോള്‍ രചനയില്‍ എനിക്കൊപ്പം സിനിമാറ്റോഗ്രാഫറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ട് പേരും ഉണ്ടായിരുന്നു. നാല് പേര്‍ ചേര്‍ന്ന് എഴുതിയത് കൂടുതല്‍ എളുപ്പമായി തോന്നി. നാല് പേര്‍ ചേര്‍ന്ന് എഴുതുമ്പോള്‍ നാല് പേരുടെയും ഐഡിയകള്‍ കിട്ടും. ഏത് എടുക്കണം എന്ന തെര‍ഞ്ഞെടുപ്പ് മാത്രം ഞാന്‍ ചെയ്താല്‍ മതി. അഭിനയിച്ചവര്‍ സംഭാഷണ രചനയിലും പങ്കാളികളായപ്പോള്‍ അവര്‍ക്ക് പ്രാക്റ്റീസ് ചെയ്യമ്പോഴും പെര്‍ഫോം ചെയ്യുമ്പോഴുമൊക്കെ കുറച്ചുകൂടി എളുപ്പമായി. എല്ലാവര്‍ക്കും സിനിമയുടെ എല്ലാം അറിയാം എന്ന നിലയിലേക്ക് എത്തി. സിനിമാറ്റോഗ്രാഫറും സംവിധായകനും അഭിനേതാക്കളും ചേര്‍ന്ന് എഴുതുമ്പോള്‍ അതിനൊരു പ്ലസ് ഉണ്ടാവുമല്ലോ.

എഴുത്ത് എത്ര സമയം എടുത്തു?

ഇത് വളരെ ചെറിയ ടൈം ലൈനിൽ കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞ ഒരു സിനിമയാണ്. ഒരു മാസത്തിനുള്ളില്‍ ഫൈനൽ സ്ക്രിപ്റ്റ് ആയി. പ്രാഥമിക ആശയത്തില്‍ നിന്ന് ഫൈനല്‍ സ്ക്രിപിറ്റിലേക്ക് ആ കാലയളവില്‍ എത്തി. എഴുത്ത് മുതല്‍ ഫൈനല്‍ ഔട്ട് വരെ 100 ദിവസം കൊണ്ട് പൂര്‍ത്തിയായി.

കാസ്റ്റിംഗ് എങ്ങനെ ആയിരുന്നു?

അഭിനയിച്ച മിക്ക ആളുകളും നമ്മുടെ സുഹൃത്തുക്കളാണ്. പിന്നെ നമ്മുടെ ജിയോ ചേട്ടൻ (ജിയോ ബേബി) ഉണ്ട്. അദ്ദേഹവും സുഹൃത്താണ്. ചെറിയ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. പിന്നെ ജിബിന്‍ ഗോപിനാഥ് ഉണ്ട്. ഫാലിമിയിലൊക്കെ അഭിനയിച്ച റെയ്നയുണ്ട്. വിനീത് വാസുദേവനുണ്ട്. ഗൗതമി ഗോപന്‍ ഉണ്ട്.

ചിത്രത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത ഒരു അനുഭവം എന്താണ്?

മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങളുണ്ട്. ഞാന്‍ രണ്ട് സിനിമകളേ ചെയ്തിട്ടൂള്ളൂ. എന്നാലും ഈ സിനിമയാണ് ഏറ്റവും ലളിതമായും സമാധാനത്തോടുകൂടിയും ഷൂട്ട് ചെയ്ത സിനിമ. വിചാരിച്ചതിനേക്കാള്‍ ഒരു ദിവസം മുന്‍പ് ഷൂട്ട് പൂര്‍ത്തിയാക്കാന്‍ പറ്റി. ഒരുപാട് ഷോർട്ട് ഫിലിംസ് ചെയ്ത അനുഭവത്തിലാണ് ആദ്യ സിനിമ ചെയ്തത്. ആദ്യ സിനിമയുടെ അനുഭവവും മോഹത്തിന്‍റെ കാര്യത്തില്‍ തുണയായി.

ഐഎഫ്എഫ്കെയില്‍ ചിത്രം ആദ്യമായി എത്തുമ്പോഴുള്ള പ്രതീക്ഷകള്‍ എന്തൊക്കെയാണ്?

എല്ലാവരും സിനിമ കാണണം, ചർച്ച് ചെയ്യണം, പരമാവധി ആളുകളിലേക്ക് എത്തിക്കണം. അതൊക്കെ തന്നെയാണ് ആഗ്രഹം. ഇത്തവണ മത്സര വിഭാഗത്തിലല്ല സിനിമ, മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ്.

തടവിന് ശേഷം കമേഴ്സ്യല്‍ സിനിമയുടെ സാധ്യത ആലോചിച്ചിരുന്നെന്ന് പറഞ്ഞല്ലോ? പ്രോജക്റ്റിനായി ശ്രമിച്ചിരുന്നോ?

അങ്ങനെ ഒരു വര്‍ക്ക് ഓണ്‍ ആയിട്ടുണ്ട്. പക്ഷേ ആക്റ്ററുടെ ഡേറ്റ് പ്രശ്നം കാരണം കുറച്ച് തള്ളിപ്പോയി. അതിന്റെ ഇടവേളയില്‍ ചെയ്ത ഒരു സിനിമയാണ് മോഹം. മുഖ്യധാരാ സിനിമകള്‍ ആലോചിക്കുന്നുണ്ട്. ഒരെണ്ണം എഴുതി കഴിഞ്ഞിട്ടുണ്ട്. പിച്ച് ചെയ്യുന്നുണ്ട്. അത് നടക്കും എന്നുള്ള പ്രതീക്ഷയിലാണ്.

സംവിധാന മേഖലയിലെ നവാഗതര്‍ക്ക് ഐഎഫ്എഫ്കെ നല്‍കുന്ന സാധ്യത എന്താണ്?

തീര്‍ച്ചയായും വലിയ സാധ്യതയാണ്. ആദ്യ സിനിമ ഐഎഫ്എഫ്കെയില്‍ നിന്നും സംസ്ഥാന അവാര്‍ഡില്‍ നിന്നുമൊക്കെ നല്‍കിയ ഒരു പ്രൊഫൈല്‍ കൊണ്ടാണ് ഇന്‍ഡസ്ട്രിയിലെ നിര്‍മ്മാതാക്കളെയും അഭിനേതാക്കളെയുമൊക്കെ കാണാനും പുതിയ പ്രോജക്റ്റ് ചര്‍ച്ച ചെയ്യാനുമൊക്കെ സാധിച്ചത്. രണ്ടാമത്തെ സിനിമ നടക്കാനാണെങ്കിലും അടുത്ത സിനിമയുടെ ഡിസ്കഷന്‍ ആണെങ്കിലുമൊക്കെ ഈ ഐഎഫ്എഫ്കെ പശ്ചാത്തലം ഗുണകരമായിട്ടുണ്ട്. നമ്മുടെ കൈയില്‍ ലഭ്യമായ സാധ്യതകള്‍ ഉപയോഗിച്ച് ചെയ്ത സിനിമ നല്ല രീതിയില്‍ എത്തിപ്പെടുകയാണെങ്കില്‍ വലിയ സിനിമകളിലേക്ക് എത്താന്‍ കഴിയുമെന്നാണ് വിശ്വാസം.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ചിരിച്ചുകൊണ്ട് കഥയെഴുതി, സിനിമ കണ്ടപ്പോൾ കണ്ണുനിറഞ്ഞു'; ഇത് 60-ാം വയസിൽ ജീവിതം സിനിമയായ കഥ
പതിനെട്ടാം വയസ്സില്‍ പട്ടാളത്തില്‍, രാജിവെച്ച് ആദ്യ സിനിമയുമായി ഐഎഫ്എഫ്‍കെയില്‍