
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആസിഫ് അലി ചിത്രം ആഭ്യന്തരകുറ്റവാളി റിലീസ് തിയ്യതിയെല്ലാം നിശ്ചയിച്ചു, ബുക്ക് മൈ ഷോയിൽ ബുക്കിംഗ് ആരംഭിച്ചിരിക്കവേയായിരുന്നു ചിത്രത്തിന്റെ റീലിസ് ഹൈക്കോടതി സ്റ്റേ ചെയ്യുന്നത്. സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്തചിത്രത്തിന്റെ ആദ്യ പ്രൊഡ്യൂസേഴ്‌സായ ഈസി ഫ്ലൈ എന്ന കമ്പനിയിലെ ഒരു പാർട്ണറുമായി വിവേക് വിശ്വം എന്ന ആൾ നടത്തിയ സാമ്പത്തിക ഇടപാടിനെ തുടർന്നാണ് പരാതി ഉയർന്നു വന്നതും ഇപ്പോളിതാ സിനിമയുടെ റിലീസിന് വരെ വെല്ലുവിളിയായി നിൽക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. താൻ ആരുടെ കൈയിൽ നിന്ന് പണം കൈപറ്റിയിട്ടില്ലെന്നും, തന്റെ സിനിമയെ തകർക്കാൻ വേണ്ടി അവർ ചെയ്യുന്നതാണെന്നും, കേസിൽ നിന്ന് പിന്മാറാൻ ഇരുപത്തഞ്ചു ലക്ഷം രൂപയാണ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും, എന്നാൽ താൻ ഈ പറയുന്ന ആൾക്കാരിൽ നിന്ന് ഒരു ചായ പോലും വാങ്ങി കുടിക്കുകയോ ഒരിക്കൽ പോലും നേരിട്ട് കാണുകയോ ചെയ്യാത്ത അവർക്ക് തന്റെ കൈയിൽ നിന്ന് പണം കൊടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ നിസാം സലാം. സിനിമയുടെ റിലീസ് അനുമതി നേടാൻ നിസാം സലാം ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.നേരിട്ട വെല്ലുവിളികളെ കുറിച്ച് നിസാം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിച്ചു.
യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ് ?
സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്ത ആസിഫ് അലി നായകനായ അഭ്യന്തര കുറ്റവാളി എന്നിലേക്ക് വരുന്നു. ചിത്രവുമായി ഞാൻ മുന്നോട്ട് പോവുകയും ചെയ്തു. ആദ്യം ജില്ലാ കോടതിൽ നിന്ന് ഇത്തരത്തിൽ സ്റ്റേ ചെയ്തിരുന്നു. ആ കേസിൽ പൂർണമായി ഞങ്ങൾ വിജയിക്കുകയും സിനിമയുമായി മുന്നോട്ട് പോവുകയും ചെയ്യുകയായിരുന്നു. അന്ന് പ്രസ് മീറ്റ് വിളിച്ചുകൂട്ടി ഇക്കാര്യങ്ങളെല്ലാം സംസാരിക്കണം എന്ന് കരുതിയെങ്കിലും, എന്തിനാണ് ഇനി വെറുതെ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും, കൺഫ്യുഷൻറെ പുറത്ത് സംഭവിച്ചതായിരിക്കുമെന്നാണ് കരുതിയത്. അതിന് ശേഷം ഷൂട്ടിംഗ് കഴിഞ്ഞു, പ്രൊമോഷൻ വർക്കുകകൾ നല്ല രീതിയിൽ നടന്നു. റീലിസ് തിയ്യതി പ്രഖ്യാപിച്ചു. ഈ സമയങ്ങളിലെല്ലാം വളരെ സ്മൂത്തായാണ് കാര്യങ്ങൾ നടന്നത്. ബുക്ക് മൈ ഷോയിൽ ബുക്കിംഗ് ഓപ്പണായി ഞങ്ങൾ എല്ലാവരും റിലീസ് കാര്യങ്ങളുടെ ഓട്ടത്തിൽ ഇരിക്കെയാണ് ഹൈക്കോടതി സിനിമ നിർത്തലാക്കാനുള്ള സ്റ്റേ പുറപ്പിടിപ്പിക്കുന്നത്. വിവേക് വിശ്വം എന്ന വ്യക്തിയുടെ പരാതിയിലാണ്. ആഭ്യന്തരകുറ്റവാളി എന്ന എന്റെ സിനിമയ്ക്ക് വേണ്ടി 1.55 കോടി അവരിൽ നിന്ന് തട്ടിയെടുത്തുന്നുവെന്നാണ് അവർ ഉന്നയിക്കുന്ന പരാതി. ഇയാളെ അന്നേവരെ കാണുകയോ ഫോണിൽ പോലും സംസാരിക്കുക പോലും ചെയ്യാത്ത ഞാൻ എങ്ങനെയാണ് അയാളിൽ നിന്ന് ഈ തുക വാങ്ങുക. അയാളുമായി ഞങ്ങളുടെ സിനിമയ്ക്കും യാതൊരു വിധ ബന്ധവുമില്ല. ഞങ്ങളുടെ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്ന ഈസി ഫ്ലൈ എന്ന കമ്പനിയിലെ ഒരു പാർട്ണറുമായാണ് ഈ വ്യക്തി ഇടപാട് നടത്തിയിരുന്നത്. ഇപ്പോൾ കേസ് കൊടുത്ത ഇതേ വ്യക്തി ഇതേ തുക പറഞ്ഞുകൊണ്ട് നേരത്തെയും മറ്റു കാരണങ്ങൾ പറഞ്ഞു കൊണ്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
നേരത്തെയുള്ള പ്രൊഡ്യൂസേഴ്സ് സിനിമയിൽ നിന്ന് മാറാൻ കാരണം ?
ഈസി ഫ്ലൈ എന്ന കമ്പനി അജി മേടയിൽ, തൗഫീക്ക് എന്നി രണ്ടു വ്യക്തികൾ ചേർന്നതാണ്. ഈ കമ്പനിയായിരുന്നു നേരത്തെ ആഭ്യന്തരകുറ്റവാളി പ്രൊഡ്യൂസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികളിലും ഏർപ്പെട്ടു. എന്നാൽ, ആ കമ്പനിയെ കൊണ്ട് നമ്മുടെ സിനിമയെ പുള്ള് ഓഫ് ചെയ്യാൻ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് സംവിധായകൻ പദ്മകുമാറും നായക നടനായി എത്തുന്ന ആസിഫ് അലിയും അവിടെ നിന്ന് പിന്മാറുന്നത്. അവരുടെ കൈയിൽ നിന്ന് കൈപ്പറ്റിയ അഡ്വാൻസ് പേയ്‌മെന്റ് ഉൾപ്പടെ അവർ തിരികെ നൽകി. ഫിലിം ചേംബറിൽ ഇതേ പേരിൽ അവർ രജിസ്റ്റർ ചെയ്ത എഗ്രിമെന്റ് ക്യാൻസൽ ചെയ്യുകയും ചെയ്തു. എന്നാൽ, ഞാൻ ചെയ്ത ആകെ തെറ്റ് ചേംബറിൽ ക്യാൻസൽ ചെയ്ത ടൈറ്റിൽ എടുത്തുവെന്നതാണ്. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ വേട്ടയാടുപെടേണ്ടി വന്നത്. ഈസി ഫ്ലൈയുടെ പേരിൽ അല്ല കേസിന് ആസ്പദമായ വിവേക് വിശ്വം പണം ഇൻവെസ്റ്റ് ചെയ്തത്. അവരിലെ പാർട്നണെഴ്‌സിലെ തൗഫീക്ക് എന്ന വ്യക്തിയുമായി മാത്രമാണ് ഈ പറഞ്ഞ വ്യക്തി പണം ഇടപാട് നടത്തിയത്. ഞങ്ങളുടെ സിനിമയ്‌ക്കോ സിനിമയുമായി ബന്ധമുള്ള ഒരാൾക്കും ഈ പറഞ്ഞ വ്യക്തിയുമായി യാതൊരുവിധ ബന്ധവുമില്ല.
സുപ്രീംകോടതിയിലേക്ക് പോവാനുള്ള തീരുമാനം ?
കേസിൽ നിന്ന് പിന്മാറാൻ 25 ലക്ഷം രൂപയാണ് എന്റെ കൈയിൽ നിന്ന് അവർ ആവശ്യപ്പെട്ടത്. ഒരുപക്ഷേ സുപ്രിംകോടതിയിൽ കേസുമായി പോകുമ്പോൾ ഇതിലും വലിയ തുക എന്റെ അടുത്തുനിന്ന് ചെലവാവുമായിരിക്കും, അവരിൽ നിന്ന് ഞാൻ ഒന്ന് കൈപറ്റാത്ത സാഹചര്യത്തിലും, എന്റെ ഭാഗത്ത് യാതൊരുവിധ തെറ്റും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടും ഞാൻ എന്തിനാണ് എന്റെ പണം അവർക്ക് നല്കണം. ഇവിടുത്തെ നീതിന്യയ സംവിഹിതയിൽ വിശ്വാസം ഉള്ളത് കൊണ്ട് തന്നെയാണ് സുപ്രീംകോടതിയിൽ പോയതും. റീലിസ് അനുമതി ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ഒരുപാട് പ്രതീക്ഷയുള്ള സിനിമ കൂടിയാണിത്. ഇതൊരു പോരാട്ടമാണ്. സിനിമയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കൂട്ടരുടെ പോരാട്ടം. ഞങ്ങൾക്ക് അനുകൂലമായ വിധി വരുമെന്നതിൽ ഉറപ്പുണ്ട് ഞങ്ങൾക്ക്.