സിനിമയിലെ പ്രാധാനകഥാപാത്രമായ സുട്ടു എന്ന നായയും സുട്ടു അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും സുട്ടുവിൻ്റെ യാത്രയും സുട്ടുവിൻ്റെ ജീവിതത്തിൽ ഇടപെടുന്ന മനുഷ്യരുടെ പ്രവൃത്തികളുമാണ് സിനിമയുടെ ഇതിവൃത്തം

നടനും സഹസംവിധായകനുമായ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പെണ്ണും പോറാട്ടും, സിനിമ ഐ എഫ് എഫ് കെയിൽ മലയാളം സിനിമ ടു ഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന അവസരത്തിൽ എഷ്യനെറ്റ് ന്യൂസ് ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖം

1. പെണ്ണും പൊറാട്ടും എന്ന സിനിമയുടെതായി പുറത്ത് വിട്ട പോസ്റ്ററുകളിൽ പ്രധാനകഥാപാത്രമായി കണ്ടത് ഒരു നായയേയാണ് , സിനിമയിൽ മൃഗങ്ങൾക്കുള്ള പ്രാധാന്യം എത്രത്തോളമുണ്ട് ?

പോസ്റ്ററിൽ ഉള്ളത് പോലെ മനുഷ്യരെപ്പോലെ മൃഗങ്ങൾക്ക് തുല്ല്യ പ്രാധാന്യമുള്ള സിനിമയാണ് പെണ്ണും പൊറാട്ടും.സിനിമയിലെ പ്രധാന കഥാപാത്രം തന്നെ സുട്ടു എന്ന പേരുള്ള ഒരു നായയാണ്. സുട്ടുവിനെ പോലെ ആന , ഹാമ്സ്റ്റർ, താറാവ്, വിവിധയിനം പശുക്കൾ , കോഴികൾ, ആട് മുതലാവയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച മൃഗങ്ങളും മനുഷ്യരും പുതുമുഖങ്ങളാണ്. ജാതി പോലെയുള്ള വേർതിരിവിൽ നിന്ന് ചിന്തിക്കുന്ന മനുഷ്യരും, ഒരു വിഭാഗീയതയുമില്ലാതെ പെരുമാറുന്ന മൃഗങ്ങളുടെ സ്വഭാവസവിശേഷതയമാണ് സിനിമ ചർച്ച ചെയ്യുന്നത്. സിനിമയിലെ പ്രാധാനകഥാപാത്രമായ സുട്ടു എന്ന നായയും സുട്ടു അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും സുട്ടുവിൻ്റെ യാത്രയും സുട്ടുവിൻ്റെ ജീവിതത്തിൽ ഇടപെടുന്ന മനുഷ്യരുടെ പ്രവൃത്തികളുമാണ് സിനിമയുടെ ഇതിവൃത്തം.

പെണ്ണും പൊറാട്ടും എന്ന പേരിന് പൊറാട്ട് നാടകവുമായി എന്തെങ്കിലും ബന്ധമുണ്ടോ?

പൊറാട്ട് നാടകം എന്ന കലാരൂപത്തിന് സിനിമയിൽ നേരിട്ട് ബന്ധമില്ലെങ്കിലും പെറാട്ട് എന്ന വാക്കിന് സിനിമയുടെ കഥയുമായി ബന്ധമുണ്ട്. പെറാട്ടിന് പാലക്കാട് ഭാഗങ്ങളിൽ അസഭ്യം കലർന്നത് എന്നൊരു അർത്ഥം കൂടിയുണ്ട് , ആ ഒരു അർത്ഥം സിനിമയ്ക്ക് മറ്റൊരു ലെയർ കൊടുക്കുന്നുണ്ട്. അതെന്താണെന്ന് സിനിമ കണ്ട് തന്നെ മനസ്സിലാക്കണം. ഇത് കൂടാതെ സിനിമയിൽ ഒരു പാട്ട് പാടാൻ എത്തിയ യഥാർത്ഥ പൊറാട്ട് നാടകം കലാകാരൻമാരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അവരെല്ലാം ഗംഭീര നടീ നടൻമാരാണെന്നത് എനിക്ക് കിട്ടിയ തിരിച്ചറിവ് കൂടി ആയിരുന്നു.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളല്ലാം പുതുമുഖങ്ങളാവുക എന്ന തീരുമാനമെടുക്കാനുള്ള കാരണമെന്താണ്? എങ്ങനെയായിരുന്നു അവരുടെ തിരഞ്ഞെടുപ്പ്?

സിനിമയിലെ കഥ ഒരു പുതിയ ഭൂപ്രകൃതിയിലാണ് പ്ലെയിസ് ചെയ്തിരിക്കുന്നത്. കഥയുടെ വിശ്വാസ്യതയ്ക്ക് വേണ്ടിയാണ് പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യാം എന്ന തീരുമാനത്തിലെത്തുന്നത്. അഭിനേതാക്കളെ പ്രധാനമായും ഓഡിഷനിലൂടെയാണ് തിരഞ്ഞെടുത്തത്. ഈ സിനിമയിൽ അഭിനയിച്ച പലരും ആദ്യമായാണ് ഷൂട്ടിങ്ങ് കാണുന്നത്. വൈകുന്നേരം തൊഴിലുറപ്പിന് പോയി വരുന്ന വഴിക്ക് ഓഡിഷന് വന്ന് സെലക്ടായവരും സ്ഥിരമായി ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്യുന്നവരുമെല്ലാം ഈ കൂട്ടത്തിലുണ്ട്. സിനിമയിൽ കടന്ന് വരുന്ന പല അപ്രതീക്ഷിത മുഹൂർത്തങ്ങളിലും ഇവർ അഭിനയിച്ച രീതി ശരിക്കും ഞങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

രാജേഷിൽ നിന്ന് കാസർകോടിൻ്റെ ഫ്ലെവറുള്ള ഒരു തമാശപടമാണ് പ്രേക്ഷകർ പ്രതീക്ഷികുക, പെണ്ണും പൊറാട്ടും പക്ഷേ ഒരു ഫെസ്റ്റിവൽ മൂഡ് സിനിമയായിട്ടാണ് ആളുകളിലേക്കെത്തുക എന്ന ഭയമുണ്ടോ?

ഒരിക്കലുമില്ല, പെണ്ണും പൊറാട്ടും പൂർണമായും തിയറ്ററിന് വേണ്ടി ഉണ്ടാക്കിയ ഒരു കൊമേഴ്സിയൽ സിനിമ തന്നെയാണ്. സിനിമയുടെ സ്‌കെയിലും വലുതാണ്. ഒരുപാട് തിയറ്റർ മൊമൻ്റ്സ് ഉള്ള ചിരിച്ച് രസിക്കാവുന്ന സിനിമയാണിത്. ഞാനുൾപ്പടെ ഭാഗമായ മലബാർ ഭാഗത്ത് നിന്നുള്ള സിനിമകൾ പ്രേക്ഷകർ ഒരുപാട് കണ്ട് കഴിഞ്ഞു. ആ വിധത്തിൽ നാട്ടിൽ പുറത്തിൻ്റെ എല്ലാ നിഷ്‌കളങ്കതയും നർമ്മവും ഉള്ള ഒരു സ്ഥലം തന്നെയാണ് പാലക്കാട്. അത് കൊണ്ടാണ് സിനിമ പാലകാടിന് കഥ പറയാൻ തിരഞ്ഞെടുത്തത്. മാത്രമല്ല പാലകാടിലെ ഉൾനാടൻ ഗ്രാമങ്ങൾ ഇപ്പോഴും ഒരു പരധിക്ക് അപ്പുറം ഉപയോഗിക്കപ്പെട്ടിട്ടുമില്ല. ഈ സിനിമ ഫിലിം ഫെസ്റ്റിവലുകളിലേക്ക് അയക്കാൻ പറഞ്ഞത് ടൊവിനോയാണ്.

ടൊവിനോ എങ്ങനെയാണ് സിനിമയുടെ ഭാഗമായത്?

ഈ സിനിമയിൽ ഒരുപാട് മൃഗങ്ങളുണ്ടെന്ന് പറഞ്ഞല്ലോ. ഇതിലേ ചില മൃഗങ്ങൾ സംസാരിക്കുന്നുമുണ്ട്. പല മൃഗങ്ങൾക്കും ശബ്‌ദം കൊടുത്തിരിക്കുന്നത് സിനിമയിലെ എൻ്റെ സുഹൃത്തുക്കൾ കൂടിയായ ബേസിൽ, ആനന്ദ് മൻമദൻ, ദിവ്യ പ്രഭ എന്നിവരെല്ലാമാണ്. അത് പോലെ ഒരു മൃഗത്തിന് ഡബ് ചെയ്യാനാണ്

ഞാൻ ടൊവിനോയെ കാണുന്നത് , ടൊവിനോ ഡബ് ചെയ്യാനുള്ള ഭാഗങ്ങൾ അദ്ദേഹത്തെ കാണിച്ചപ്പോൾ അദ്ദേഹം മുഴുവൻ സിനിമ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും സിനിമ കണ്ടതിന് ശേഷം ഈ സിനിമയ്ക്ക് ഒരു കൊമേഴ്‌സിയൽ സാധ്യതയ്ക്ക് അപ്പുറം ഒരു ഫെസ്റ്റിവൽ സാധ്യതകൂടിയുണ്ട് അത് കൊണ്ട്

സിനിമ ഫെസ്റ്റിവലുകൾക്ക് അയക്കണം എന്നും പറഞ്ഞു. പിന്നീട് ടൊവിനോ ഈ സിനിമയുടെ നിർമ്മാതാക്കളോടും ഇക്കാര്യം സൂചിപ്പിക്കുകയും അവരും ഈ സിനിമ ചലചിത്രമേളകൾക്ക് അയക്കാം എന്ന് തീരുമാനമെടുക്കകയും ആയിരുന്നു. സിനിമയുടെ നിർമ്മാതാക്കളായ സന്തോഷ് ടി കുരുവിള, ബിനു ടി അലക്സാണ്ടർ എന്നിവരില്ലാതെ ഇങ്ങനെയൊരു സിനിമ സാധ്യമാവില്ലായിരുന്നു. ഈ സിനിമയുടെ വിഷ്യൽ ലാംഗ്വേജിലെ പരീക്ഷണ സ്വഭാവം മനസ്സിലാക്കി കൂടെ നിന്ന നിർമ്മാതക്കളോട് എനിക്ക് അളവറ്റ നന്ദിയുണ്ട്.

സിനിമയുടെ ഷൂട്ടിങ്ങ് ദിനങ്ങൾ എങ്ങനെയുണ്ടായിരുന്നു?

80 ദിവസത്തോളമാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. സിനിമയിൽ ഒരുപാട് മൃഗങ്ങൾ അഭിനയിക്കുന്നത് കൊണ്ട് മനസ്സിൽ ഉദ്ദേശിച്ച പല ഷോട്ടുകളും കിട്ടാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. പല ദിവസങ്ങളിലും പാലക്കാട്ടിലെ ഷൂട്ടിങ്ങ് ലൊക്കേവിനുകളിലെ ചൂട് നാൽപ്പത്തിമൂന്ന് ഡിഗ്രിയായിരുന്നു. നാൽപ്പത്തിയാറ് ഡിഗ്രി വരെ താപനില ഉയർന്ന ദിവസങ്ങളുണ്ട് ഞാനും ക്യാമറമാനുമുൾപ്പടെ പലരും തല കറങ്ങി വീണിട്ടുണ്ട്. ഡ്രിപ്പിട്ട് കിടന്ന് വിശ്രമിച്ച ശേഷമാണ് പലപ്പോഴും ഷൂട്ടിങ്ങ് പുനരാരംഭിച്ചിട്ടുള്ളത്.

ഐ എഫ് എഫ് ഐയിലെ ഗാലാ പ്രീമിയറിലും സിനിമ പ്രദർശിപ്പിച്ചിരുന്നല്ലോ, എങ്ങനെയുണ്ടായിരുന്നു അവിടുത്തെ പ്രതികരണം?

തീർത്തും മനസ് നിറച്ച ഒരു പ്രതികരണമാണ് സിനിമയ്ക്ക് ഐ എഫ് എഫ് ഐയിൽ കിട്ടിയത്. സിനിമ കണ്ട പല വിദേശ സിനിമ പ്രവർത്തകരും , സംവിധായകരും മികച്ച അഭിപ്രായങ്ങളാണ് പറഞ്ഞത്. മലയാള സിനിമയിൽ നിന്ന് സിനിമ കണ്ട രഞ്ജി പണിക്കർ , ഷങ്കർ രാമകൃഷ്ണൻ, തമർ എന്നിവരും സിനിമ നന്നായിരിക്കുന്നു എന്ന അഭിപ്രായമാണ് പറഞ്ഞത്. സിനിമയുടെ പ്രദർശനം കഴിഞ്ഞപ്പോൾ അങ്ങിങ്ങായി ലഭിച്ച സ്റ്റാണ്ടിങ്ങ് ഒവേഷനും ഏറെ സന്തോഷം നൽകിയ ഒരു കാഴ്ചയായിരുന്നു.

ആദ്യ സിനിമ കാണാനിരിക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

ആദ്യ സിനിമയായി ഞാൻ പ്ലാൻ ചെയ്തിരുന്നത് ബിഗ് ബജറ്റിലുള്ള ഒരു മൾട്ടി സ്റ്റാർ സിനിമയായിരുന്നു. എന്നാൽ ആ സിനിമയ്ക്ക് മുമ്പ് ഒരു ചെറിയ സിനിമ ചെയ്യാം എന്ന ഉദ്ദേശത്തോടെയാണ് ഈ സിനിമ തുടങ്ങിയത്. എന്നാൽ തിരക്കഥാകൃത്ത് രവി ഷങ്കറിനൊപ്പമിരുന്ന് ചിന്തിച്ച് വന്നപ്പോൾ സിനിമ ഒരുപാട് വലുതായിപ്പോയി. പക്ഷേ ഒരിക്കലും മൃഗങ്ങളെ വച്ചുള്ള ഒരു ക്യൂട്ട് സ്റ്റോറിയായി മാറാതെ ഒരു ഹാർഡ് ഹിറ്റിങ്ങായ , കനപ്പെട്ട എൻ്റെയും രവി ഷങ്കറിൻ്റെയും ജീവിതത്തിൽ സംഭവിച്ച ചില സംഭവങ്ങളാണ് ചില ആചാരങ്ങളേയും സംസ്‌കാരത്തെയും അടിസ്ഥാനപ്പെടുത്തി പറയാൻ ശ്രമിച്ചത്.

അത് കൊണ്ട് തന്നെ സിനിമയ്ക്ക് ഒരു സർവൈവൽ സ്വഭാവമുണ്ട്. സുട്ടു വിൻ്റെ യാത്രയും സർവൈവലും ഇത് വരെ കണ്ട് പരിചയിചിട്ടില്ലാത്ത രീതിയിലാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. തീർച്ചയായും എല്ലാവരുടെയും സപ്പോർട്ട് ഈ സിനിമയ്ക്ക് അത്യാവശ്യമാണ്. എക്കോ പോലുള്ള കണ്ടൻ്റ് ഓറിയൻ്റണ്ട് സിനിമകൾ വിജയിക്കുന്നത് ഇങ്ങനെയുള്ള സിനിമകളുണ്ടാൻ തരുന്ന ഊർജം ചെറുതല്ല. സിനിമ അടുത്ത വർഷം ആദ്യം തിയറ്ററുകളിൽ എത്തുന്നതായിരിക്കും.