ചിത്രീകരണം തിരുവനന്തപുരത്ത്, ലോകത്തെ 15 ഹ്രസ്വചിത്രങ്ങളില്‍ ഒന്ന്; ഓസ്‍കര്‍ തിളക്കത്തിലേക്ക് ആ മലയാളി

Published : Jul 14, 2025, 07:48 PM IST
Sidharth Harikumar

Synopsis

മലയാളത്തിൻ്റെ ഓസ്കർ തിളക്കം. പതിനാല് വിദേശ ഭാഷാ ചിത്രങ്ങളുമായാണ് ‘വാസു’ മത്സരിക്കുന്നത്.

താൻ സംവിധാനം ചെയ്ത ‘വാസു’ എന്ന ഹ്രസ്വ ചിത്രം 2025 സ്റ്റുഡന്റ് ഓസ്‌കാർ നാമനിർദേശപ്പട്ടികയിൽ ഇടംപിടിച്ചത് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി സിദ്ധാർഥ്‌ ഹരികുമാറിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ലോക സിനിമയൊന്നാകെ ഉറ്റുനോക്കുന്ന അക്കാദമി അവാർഡിൻ്റെ വെബ്സൈറ്റിൽ മറ്റ് വിദേശഭാഷാ ചിത്രങ്ങൾക്കൊപ്പം ഒരു മലയാള ചിത്രത്തെയും എത്തിക്കാനായ ചാരിതാർഥ്യമുണ്ട് സിദ്ധാർഥിന്. വിവിധ രാജ്യങ്ങളിൽ നിന്നായി 15 ചിത്രങ്ങളാണ് പട്ടികയിലുള്ളത്.

സർറിയൽ മൊമെൻ്റ്

അക്കാദമി അവാർഡ്സ് മുഴുനീള ചലച്ചിത്രങ്ങൾക്കുള്ളതാണെങ്കിൽ വിദ്യാർഥികൾക്കുള്ളതാണ് സ്റ്റുഡൻ്റ് അക്കാഡമി അവാർഡ്സ്. രണ്ടും സംഘടിപ്പിക്കുന്നത് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസ് ആണ്. ഓസകറിന് 97 വർഷങ്ങളുടെയും സ്റ്റുഡൻ്റ് ഓസ്കറിന് 52 വർഷങ്ങളുടെയും പാരമ്പര്യമാണുള്ളത്. ലോകത്താകാമാനമുള്ള കോളേജ്‌- യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ഇതിൽ പങ്കെടുക്കാം.

ജർമനിയിൽ ബർലിൻ മെറ്റ് ഫിലിം സ്‌കൂളിൽ ഛായാഗ്രഹണത്തിൽ മാസ്റ്റേഴ്‌സ് ചെയ്യുന്നതിന്റെ ഭാഗമായി സമർപ്പിച്ച പ്രോജക്ടായിരുന്നു ’വാസു'. ഫിലിംഫ്രീവേ(ആഗോളതലത്തിൽ നടക്കുന്ന ചലച്ചിത്രമേളകളിലേക്ക് സിനിമകൾ സമർപ്പിക്കുന്നതിനുള്ള ഒരു വെബ്‌സൈറ്റ് പ്ലാറ്റ്‌ഫോം) വഴി അപ്ലേ ചെയ്തിരുന്നു. ചിലപ്പോഴൊക്കെ ചില ഫെസ്റ്റിവെലുകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്ന് തെറ്റായ മെസേജുകൾ വരാറുണ്ട്. നോട്ടിഫിക്കേഷൻ വന്നപ്പോൾ അങ്ങനെയേ കരുതിയുള്ളൂ. പിന്നീട് ഓസ്കറിൽ നിന്ന് നേരിട്ട് ഇമെയിൽ വന്നു, ഉടൻ വെബ്സൈറ്റിൽ ലിസ്റ്റ് പ്ലബ്ലിഷ് ആകുമെന്ന് പറഞ്ഞു. നരേറ്റീവ് വിഭാഗത്തിൽ മറ്റ് പതിനാല് ചിത്രങ്ങൾക്കൊപ്പം വാസുവും സെമിഫൈനലിസ്റ്റ് ആയിരിക്കുന്നത് കണ്ടു.

വാസു ഉണ്ടാകുന്നത്

നമ്മുടെ കൾച്ചറിൽ റൂട്ടഡ് ആയ കഥകൾ പറയണമെന്ന ആഗ്രഹത്തിലാണ് മലയാളത്തിൽ ആകാം പ്രൊജക്ട് എന്ന് തീരുമാനിച്ചത്. 2024 ഓഗസ്റ്റിലായിരുന്നു വാസു ഷൂട്ട് ചെയ്യുന്നത്. ഒരു റിട്ടയേഡ് പൊലീസ് ഓഫീസറിൻ്റെ കഥയാണ് ചിത്രം. സർവീസ് കാലയളവിൽ സീനിയർ ഓഫീസറിൻ്റെ നിർദേശപ്രകാരം ചെയ്യേണ്ടി വന്ന ഒരു ക്രൈം ജീവിതകാലം മുഴുവനും വാസുവിനെ അലട്ടുകയാണ്. 16 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. രണ്ട് ദിവസത്തെ ചിത്രീകരണം പ്രധാനമായും തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആയിരുന്നു. ബാക്കി ചില ഭാഗങ്ങൾ പേയാട് ചിത്രീകരിച്ചു. പ്രീ-പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എല്ലാം ചേർത്ത് മൂന്ന് മാസത്തോളമാണ് വാസുവിനായി ചെലവഴിച്ചത്. പക്ഷേ അതിനും മുൻപേ വാസുവിൻ്റെ ആശയം മനസിലുണ്ട്.

ഫയർ ഫോഴ്സ്, പൊലീസ്, എയർ ഫോഴ്സ് ഒക്കെ പോലെ നമ്മുടെ ഫ്രണ്ട് ലൈൻ വർക്കേഴ്സിൻ്റെ മാനസികാരോഗ്യം എത്രമാത്രം പ്രാധാന്യത്തോടെ കാണുന്നുണ്ട് എന്ന ചോദ്യമായിരുന്നു ആദ്യം മനസിൽ. മറ്റൊന്ന് ജർമനിയിലെ കാഴ്ചകളാണ്. ജെർമനിയിൽ എവിടെ പോയാലും നാസി ജർമ്മനി കാലത്തെ അവശേഷിപ്പുകൾ മറ്റും കാണാം. നിശബ്ദദയിൽ പോലും ഈ കാഴ്ച നമ്മളോട് സംസാരിച്ചുകൊണ്ടിരിക്കും. ഓഫീസർമാർ തോക്കു ചൂണ്ടി നിൽക്കുന്നതൊക്കെ കാണുമ്പോൾ എൻ്റെ ചിന്ത പലപ്പോഴും പോയിരുന്നത് ഈ ക്രൂരതകൾ അവർ മനസുകൊണ്ട് ചെയ്തതായിരിക്കുമോ എന്നാണ്. വളരെ ചെറിയ പ്രായത്തിലാണ് അവരവിടെ പട്ടാളക്കാരായതും ഈ ക്രൂരതകൾക്കായി നിയോഗിക്കപ്പെട്ടതും. പിന്നീട് നമ്മുടെ നാട്ടിലെ പല കഥകളും അനുഭവങ്ങളും വായിച്ചാണ് വാസുവിൻ്റെ എഴുത്തിലേയ്ക്ക് കടന്നത്.

നാടകനടനായ പരമേശ്വരൻ കുര്യാത്തിയാണ് വാസുവെന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. അമെച്വർ നാടക രംഗത്ത് നാടകകൃത്തായും നടനായും സംവിധായകനായുമെല്ലാം അൻപതോളം വർഷത്തെ അനുഭവ സമ്പത്തുണ്ട് അദ്ദേഹത്തിന്. സഹീർ മുഹമ്മദ് മറ്റൊരു പ്രധാന റോളിലുണ്ട്.

എഞ്ചിനിയറുടെ സിനിമാ മോഹം

എസ്ആർഎം യൂണിവേഴ്സിറ്റിയിൽ ബയോ ടെക്നോളജിയിൽ എഞ്ചിനിയറിങ് പൂർത്തിയാക്കിയതിന് ശേഷമാണ് എൻ്റെ പാഷൻ ആയ സിനിമ പഠിക്കാനിറങ്ങിയത്. ലണ്ടനിൽ സംവിധാനത്തിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കി. അന്നൊരുക്കിയ 'സാഫ്രൺ ആഷ്' എന്ന പ്രൊജക്ട് ചില ഫെസ്റ്റിവലുകളിൽ തെരഞ്ഞെടുക്കപ്പെടുകയും അവാർഡുകൾ നേടുകയും ചെയ്തിരുന്നു. പിന്നീട് അച്ഛൻ്റെ അപ്രതീക്ഷിത മരണത്തോടെ നാട്ടിൽ തിരിച്ചെത്തി ബിസിനസ് നോക്കേണ്ടതായി വന്നു. സിനിമാ മോഹം പിന്നെയും പാതിവഴിയിലായപ്പോൾ ഗോപാൽ മേനോൻ എന്ന ഡോക്യുമെൻ്ററി സംവിധായകനൊപ്പം അസോസിയേറ്റ് ആയി ജോലി ചെയ്തു. പിന്നീട് എൻ്റെ പേഴ്സണൽ വർക്കുകളിലേയ്ക്കും ചില തിരക്കഥകളിലേയ്ക്കും കടന്നപ്പോഴാണ് ഛായാഗ്രഹണം കൂടി അറിഞ്ഞിരിക്കണം എന്ന് തോന്നുന്നത്. അങ്ങനെ ജർമനിയിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കി.

ആദ്യം ഓസ്കർ വേദി, പിന്നീട് മലയാള സിനിമ

ലോകത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർഥികളാണ് സ്റ്റുഡൻ്റ് ഓസ്കറിൽ മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുള്ളത്. വാസു തെരഞ്ഞെടുക്കപ്പെട്ടത് വലിയ നേട്ടമാണ്. മലയാളത്തിൽ നിന്ന് മുമ്പ് മറ്റ് സിനിമകൾ സ്റ്റുഡൻ്റ് ഓസ്കറിൽ തെരഞ്ഞെടുക്കപ്പെട്ടതായി അറിവില്ല. എന്നാൽ തമിഴിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഓഗസ്റ്റ് പകുതിയോടെ സ്റ്റുഡൻ്റ് ഓസ്കർ ഫൈനലിസ്റ്റുകളെ അറിയാം. അഞ്ച്- മുതൽ എട്ട് സിനിമകളാണ് ഈ ലിസ്റ്റിൽ ഉണ്ടാവുക. സെപ്റ്റംബർ അവസാനത്തോടെ വിജയികളെ അറിയാം. ഒക്ടോബർ ആറിന് ന്യൂയോർക്കിലാണ് സ്റ്റുഡൻ്റ് ഓസ്കർ ചടങ്ങുകൾ നടക്കുക.

സ്വപ്നത്തിലേയ്ക്ക് കൂടുതൽ അടുക്കുകയാണെന്നാണ് കരുതുന്നത്. ഒരു സിനിമയുടെ എഴുത്ത് നടക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ നിർമ്മാതാക്കൾക്ക് അടുത്തെത്തിക്കാം എന്നാണ് പ്രതീക്ഷ. മലയാളമോ, തമിഴോ അങ്ങനെ ഭാഷ തീരുമാനിച്ചിട്ടില്ല. കുറച്ചുകൂടി വലിയ പ്രേക്ഷകരിലേയ്ക്ക് എത്താനാകുന്ന വിഷയമാണ് മനസിൽ.

PREV
Read more Articles on
click me!

Recommended Stories

നാട്ടിൻപുറത്തെ ഇൻട്രോവെർട്ട് പയ്യനും അവന്റെ പ്രണയവും; ലുക്മാന്റെ 'അതി ഭീകര കാമുകൻ' വരുന്നു; സംവിധായകൻ സിസി നിതിൻ അഭിമുഖം
'ലുക്മാന്‍ ഞങ്ങളുടെ നായകനായതിന് കാരണമുണ്ട്'; 'അതിഭീകര കാമുകന്‍' തിരക്കഥാകൃത്തുമായി അഭിമുഖം