
ഒരു മതവിഭാഗത്തേയും ജഗളയിൽ മോശമായി പരാമർശിച്ചിട്ടില്ല. മനുഷ്യന്റെയും വിശപ്പിന്റെയും പക്ഷത്ത് നിന്നാണ് ജഗള സംസാരിക്കുന്നതെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. മലബാർ ലഹളയുടെ പശ്ചാത്തലത്തിൽ പറഞ്ഞ ജഗള പുരസ്‌കാര വേദികളിൽ നിന്ന് തഴയപ്പെട്ടതിന് പിന്നിലെ രാഷ്ട്രീയം തുറന്നു പറഞ്ഞ് ശ്രീദേവ് കപ്പൂർ.
ജഗളയ്ക്ക് പിന്നിലെ കഥ
സാധാരണ ഒരു വാണിജ്യ സിനിമ ചെയ്യുന്നതിനേക്കാൾ തയ്യാറെടുപ്പും പഠനങ്ങളും ആഴത്തിൽ ജഗളയ്ക്ക് വേണ്ടി എടുത്തിരുന്നു. പ്രത്യേകിച്ച് നൂറു വർഷം പഴക്കമുള്ള ഒരു കഥാപരിസരം റീ ക്രിയേറ്റ് ചെയ്യുക എന്നത് തന്നെ ഒരു ഫിലിം മേക്കറെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു. വായനയിലൂടെ കിട്ടുന്ന അറിവുകളും ആ കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ ഇപ്പോൾ ജീവിച്ചിരിക്കുന്ന പിൻതലമുറക്കാരിൽ നിന്ന് കേട്ടറിഞ്ഞ കഥകൾ മാത്രമാണ് നമുക്ക് റഫറൻസ് എന്ന രീതിയിൽ എടുക്കാൻ കഴിയുകയുള്ളൂ. ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് അത്രമാത്രം അനുഭവങ്ങൾ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ഇത്തരം ഒരു കഥയുമായി എത്തുമ്പോൾ ബാക്കിയെല്ലാം സങ്കല്പികം മാത്രമാണ്. അന്നവർ സംസാരിച്ചിരുന്ന ഭാഷ, അവരുടെ ഇടപെടൽ, അവരുടെ നിറം തുടങ്ങിയവ. ജഗളയുടെ സ്വഭാവം അതിന്റെ കളർ ടോണാണ്. അത് നമ്മൾ ടെക്‌നിക്കലി ഉണ്ടാക്കിയെടുത്തതല്ല. ഈ സിനിമ കമ്മിറ്റ് ചെയ്യുന്നത് സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ആണ്. ഇതിന്റെ കളർ ടോണിന് വേണ്ടി മാർച്ച് ഏപ്രിൽ മാസം വരെ ഞങ്ങൾ ഇത് ഷൂട്ട് ചെയ്യാൻ കാത്തിരുന്നു. അങ്ങനെയൊരു ഡ്രൈ പരിസരം തന്നെ വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. അത് പഴയകാലം കൺവീൻസ് ചെയ്യാൻ ഏറെ സഹായിച്ചു. നേരത്തെയും മലബാർ ലഹളയുടെ പശ്ചാത്തലത്തിൽ സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും ജഗളയെ സംബന്ധിച്ച് ഫിക്ഷണൽ എലമെന്റുകൾ കൂടുതലാണ്. അത്തരത്തിൽ സങ്കൽപ്പിക കഥ പറയാൻ ശ്രമിച്ചപ്പോൾ ഏറെകുറെ അത് വിജയിച്ചുവെന്നാണ് ഇപ്പോൾ ചിത്രത്തിന് കിട്ടുന്ന പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. സിനിമ കണ്ട പലരും സിനിമയുടെ മേക്കിങ്ങിനെ കുറിച്ച് സംസാരിച്ചു. ഇതുവരെ കാണാത്ത വീടുകളും തറ വാടുകളും ഇടവഴികളും വേണമെന്നുള്ളത് കൊണ്ട് വളരെയധികം സമയം എടുത്താണ് അതെല്ലാം കണ്ടെത്തിയത്.അതുപോലെ, ജഗളയിലെ ഓരോ അഭിനേതാക്കളെയും ചിത്രത്തിന്റെ ബാക്കിഡ്രോപ്പിലൂടെ കടന്നു പോകുന്ന അഭിനേതാക്കൾക്ക് പോലും കഥയുടെ കാലഘട്ടവുമായി സംവദിക്കാൻ സാധിക്കുന്നുണ്ട്. അതെല്ലാം അത്രമാത്രം സൂക്ഷ്‌മതയോടെ ചെയ്തതാണ്. അതെല്ലാം സിനിമ കണ്ടവരും സംസാരിക്കുമ്പോൾ സംവിധായകൻ എന്ന നിലയിൽ സന്തോഷമുണ്ട്.
ചെറിയ ബഡ്‌ജറ്റിൽ ഒരു പിരിയോഡിക് സിനിമ
നൂറു വർഷം പഴക്കമുള്ള ഒരു സിനിമ ചെയ്യുമ്പോൾ എങ്ങനെ ചെറിയ ബഡ്ജറ്റിൽ ചെയ്തു തീർക്കാമെന്ന് ഉള്ളതിനുള്ള ഒരു ഉദാഹരണവും മാതൃകയുമാണ് ജഗള. സിജി പോലുള്ള സാങ്കേതികയൊന്നും ജഗള യിൽ അധികം ഉപയോഗപ്പെടുത്തിയിട്ടില്ല. അത് കണ്ടെത്തിയ ലൊക്കേഷനുകളെല്ലാം പഴമണ്ടെന്നത് കൊണ്ടാണ്. അതിന് ഫിലിം മേക്കർ എന്ന നിലയിൽ വലിയൊരു എഫോർട്ട് ഉണ്ടായിരുന്നു. റിസ്ക്ക് എടുത്തിരുന്നത് കൊണ്ട് തന്നെ സിനിമ എത്തിയപ്പോൾ ആ കാലഘട്ടത്തിനോട് നീതി പുലർത്തിയെന്നാണ് കണ്ടിറങ്ങിയവർ പറഞ്ഞത്. വലിയൊരു താരനിര ഇല്ലെങ്കിലും ഇതിൽ അഭിനയിച്ചവരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. ഇതുവരെയും സിനിമ സെറ്റുകളിൽ വരെ പോവാത്തവർ നമ്മുടെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ നിന്ന് അത്രയധികം എഫോർട്ട് എടുത്താണ് അവരെയെല്ലാം കണ്ടെത്തിയത്. അത് ഞങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരുന്നെങ്കിലും അത്രയധികം പുതുമയുള്ള മുഖങ്ങളെ നമുക്ക് അവതരിപ്പിക്കാൻ കഴിഞ്ഞു.
ചിയാമുസ്ലിയാർക്ക് കിട്ടുന്ന കൈയടി
മലയാളത്തിലെ മഹാന്മാരായ നെടുമുടി ചേട്ടനും മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കരാടി,തിലകൻ ചേട്ടൻ തുടങ്ങി ശക്തരായ ആർട്ടിസ്റ്റുമാർ ചെയ്യേണ്ട ഒരു കഥാപാത്രമാണ് ചിയാ മുസ്ലിയാരുടേത്. അതൊരു പുതുമുഖത്തെ വച്ച് ചെയ്യിപ്പിക്കുക എന്നത് തന്നെ വെല്ലുവിളി ഉയർത്തുന്ന ഒന്നായിരുന്നു. ആരും എടുക്കാത്ത ഒരു പരീക്ഷണമായിരുന്നു ഞാൻ എടുത്തത്. ലത്തീഫ് കുറ്റിപ്പുറം എന്ന താരതമ്യേന പുതിയൊരാളെ ചിയാ മുസ്ലിയാരായി കാസ്റ്റ് ചെയ്തുവെന്നത് എന്നെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. സിനിമ പറയുന്ന വിഷയം അതെ ആഴത്തിൽ പ്രേക്ഷകരുമായി സംവദിക്കുന്നത് ചിയാ മുസ്ലിയാരുടെ കഥാപാത്രത്തിലൂടെയാണ്. അത് അദ്ദേഹം മനോഹരമായി ചെയ്തെന്ന് കണ്ടിറങ്ങിയവർ പറയുമ്പോൾ സന്തോഷമുണ്ട്.
പുരസ്‌കാര വേദികളിൽ തഴയപ്പെട്ടു
സിനിമ പറഞ്ഞ വിയോജിപ്പുകളാണ് പുരസ്‌കാര വേദികളിൽ നിന്ന് തഴയപ്പെട്ടതെന്നാണ് എനിക്ക് വ്യക്തിപരമായി മനസിലാക്കാൻ കഴിഞ്ഞത്. മലബാർ കലാപം പോലെയൊരു വിഷയം ഇനിയിവിടെ ചർച്ച ചെയ്യപ്പെടരുതെന്ന് ഒരു കൂട്ടം ആൾക്കാർക്ക് നിർബന്ധം ഉണ്ടായത് പോലെ തോന്നിയിരുന്നു. ജൂറി ആണെങ്കിലും സിനിമ നല്ല സിനിമയാണ്, നല്ല മേക്കിങ്ങാണ്, സ്ക്രീൻ ചെയ്യപ്പെടേണ്ട സിനിമയാണെന്ന് അവരുടെ ഭാഗത്ത് നിന്ന് വരുമ്പോഴും എന്നാൽ, ഇതിവിടെ ചർച്ച ചെയ്യണ്ട ഒന്നല്ല എന്നൊരു നിലപാട് ഉള്ളത് പോലെ തോന്നിയിരുന്നു. പക്ഷേ ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് പരാതിയില്ല. കാരണം ജൂറിയുടെ തീരുമാനം അന്തിമമാണല്ലോ. ഈ സിനിമയിൽ മനുഷ്യരുടെയും വിശപ്പിന്റെയും പക്ഷത്ത് നിന്നാണ് ഞാൻ ഈ സിനിമ ചെയ്തത്. അല്ലാതെ വിവാദപരമായി ഒരു ചർച്ചയുണ്ടാക്കണമെന്ന ലക്‌ഷ്യം ഞങ്ങൾക്കില്ലായിരുന്നു. പക്ഷേ വേദികളിൽ തഴയപ്പെട്ടതിന് പിന്നിലെ രാഷ്ട്രീയം ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.