ലണ്ടന്‍: കരിയറില്‍ കത്തിനിന്ന കാലത്ത് എതിര്‍ ടീം ബൗളര്‍മാരുടെ പേടി സ്വപ്നമായിരുന്നു വീരേന്ദര്‍ സെവാഗ്. ടെലിവിഷനില്‍ ആരുടെയെങ്കിലും ബാറ്റിംഗ് കാണാനിരിക്കുമെങ്കില്‍ അത് സെവാഗിന്റേതാണെന്ന് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും ആദം ഗില്‍ക്രിസ്റ്റുമെല്ലാം മുമ്പ് പറഞ്ഞിട്ടുണ്ട്. സെഞ്ചുറിയോ ഡബിളോ ട്രിപ്പിളോ എന്തുമാകട്ടെ സിക്സറടിക്കണമെങ്കില്‍ വീരു അടിച്ചിരിക്കും. അവിടെ റെക്കോര്‍ഡുകളെക്കുറിച്ചൊന്നും വീരു ചിന്തിക്കാറില്ല. വീരു സിംപിളാണ് പക്ഷെ പവര്‍ഫുള്‍ എന്ന് പറയേണ്ടിവരും.
എന്നാല്‍ എതിരാളികളെ മാത്രമല്ല സ്വന്തം ടീം അംഗത്തെയും സെവാഗ് ഒരിക്കല്‍ അടിച്ചുപറത്തിയിട്ടുണ്ട്. മറ്റാരുമല്ല ഏറെക്കാലം ഇന്ത്യന്‍ ടീമിലെ സഹതാരമായിരുന്ന ഹര്‍ഭജന്‍ സിംഗിനെ. അതും പനിക്കിടക്കിയില്‍ നിന്ന് എഴുന്നേറ്റുവന്ന്. പന്ത് കുത്തിത്തിരിയുന്ന പിച്ചില്‍ പത്താമനായി ഇറങ്ങിയായിരുന്നു വീരുവിന്റെ വെടിക്കെട്ട്. ഒരിക്കല്‍ സെവാഗ് തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്ന് ഇന്ത്യയുടെ ചാമ്പ്യന്‍ സ്പിന്നറായ ആര്‍ അശ്വിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംഭവം ഇങ്ങനെയാണ്. റോത്തക്കില്‍ നടന്ന ഒരു മത്സരത്തില്‍ ബാറ്റിംഗിനിടെ കടുത്ത പനി മൂലം സെവാഗ് ക്രീസ് വിട്ടു. ഹര്‍ഭജനെതിരെ രണ്ട് സിക്സറുകള്‍ അടിച്ചശേഷമാണ് സെവാഗ് ക്രീസ് വിട്ടത്. പിന്നീട് പത്താമനായി വീണ്ടും ക്രീസിലിറങ്ങി. പന്ത് കുത്തിത്തിരിയുന്ന പിച്ചില്‍ ഹര്‍ഭജനെ 10 സിക്സറുകള്‍ക്ക് കൂടി അടിച്ചശേഷമാണ് വീരു ക്രിസ് വിട്ടതെന്നും അശ്വിന്‍ പറഞ്ഞു. ഓഫ് സ്പിന്നര്‍മാരെ ബൗളര്‍മാരായിപ്പോലും താന്‍ കണക്കാക്കുന്നില്ലെന്ന് സെവാഗ് പറഞ്ഞിരുന്നതായും അശ്വിന്‍ വെളിപ്പെടുത്തിയിരുന്നു.