വർഷങ്ങൾക്ക് മുൻപ് അന്തിയുറങ്ങിയിരുന്നത് വഴിയോരങ്ങളിലും റെയിൽവേ പ്ലാറ്റ്ഫോമിലും! ഇന്ന് 200 കോടി മൂല്യമുള്ള കഫേ നിലൂഫർ അമരക്കാരൻ

Published : Aug 17, 2026, 12:05 PM IST
cafe niloufer owner babu rao

Synopsis

റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിയിരുന്ന എ. ബാബുറാവു, ഹൈദരാബാദിലെ പ്രമുഖ ചായ ബിസിനസ് ശൃംഖലയായ 'കഫേ നിലൂഫറി'ന്റെ അമരക്കാരനായി മാറിയ പ്രചോദനാത്മകമായ കഥയാണിത്. 1978-ൽ ഒരു ചെറിയ കഫേ ഏറ്റെടുത്ത അദ്ദേഹം, കഠിനാധ്വാനത്തിലൂടെ അതിനെ 2000 കോടിയോളം മൂല്യമുള്ള ഒരു ഭീമൻ സംരംഭമാക്കി വളർത്തി.

ഹൈദരാബാദ്: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലും വഴിയോരങ്ങളിലും ഉറങ്ങിയിരുന്ന ഒരു നിർധനനായ മനുഷ്യനിൽ നിന്ന് 200 കോടി രൂപയോളം മൂല്യമുള്ള പ്രമുഖ ചായ ബിസിനസ് ശൃംഖലയുടെ അമരക്കാരനിലേക്ക് വളർന്ന ഹൈദരാബാദിലെ 'കഫേ നിലൂഫർ' (Café Niloufer) ഉടമ എ. ബാബുറാവുവിന്റെ ജീവിത കഥ ഇന്റർനെറ്റിൽ ശ്രദ്ധ നേടുകയാണ്. 1975-ൽ ടിക്കറ്റെടുക്കാൻ പോലും പണമില്ലാതെ ആദിലാബാദിൽ നിന്ന് ഹൈദരാബാദിലെത്തിയതാണ് അദ്ദേഹം. ഒരു തുണിക്കടയിൽ സെയിൽസ്മാൻ ആയാണ് ബാബുറാവു തന്റെ കരിയർ ആരംഭിച്ചത്. അക്കാലത്ത് താമസിക്കാൻ ഇടമില്ലാത്തതിനാൽ 15 ദിവസത്തോളം തെരുവിൽ കിടന്നുറങ്ങുകയും നാമ്പള്ളി റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പുമുറി കുളിക്കാനായി ഉപയോഗിക്കുകയും ചെയ്തുവെന്ന് അദ്ദേഹം തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

പിന്നീട് ഒരു ഹോട്ടലിലേക്ക് ജോലി മാറിയ ബാബുറാവുവിന്റെ കഠിനാധ്വാനം കണ്ട ഒരു സ്ഥിരം കസ്റ്റമറാണ് നിലൂഫർ കഫേയിലേക്ക് എ. ബാബുറാവുവിനെ റെഫർ ചെയ്തത്. ആദ്യ ദിവസങ്ങളിൽ കഫേയിൽ വെയിറ്ററായും പാത്രങ്ങൾ കഴുകുന്ന ആളായും അദ്ദേഹം തന്റെ ജോലി ആരംഭിച്ചു. പിന്നീട് കൃത്യമായ മേൽനോട്ടത്തിലൂടെയും ഉപഭോക്താക്കളോടുള്ള പെരുമാറ്റത്തിലൂടെയും അദ്ദേഹം സ്ഥാപന ഉടമയുടെ വിശ്വാസ്യത നേടിയെടുത്തു. ആ വിശ്വാസമാണ് തുടർന്ന് കഫേയുടെ പൂർണ്ണ ചുമതല ബാബുറാവുവിനെ ഏൽപ്പിക്കാൻ ഉടമക്ക് മുതൽക്കൂട്ടായത്. 1978-ൽ കഫേ ബാബുറാവുവിന് കൈമാറുകയായിരുന്നു.

ഇറാനി ചായയും ഒസ്മാനിയ ബിസ്കറ്റും വിറ്റുകൊണ്ട് തുടക്കമിട്ട സ്ഥാപനം ഇന്ന് A.B.R കഫേ ആൻഡ് ബേക്കേഴ്‌സ് എന്ന ഭീമൻ സംരംഭമായി വളർന്നു. 2021 സാമ്പത്തിക വർഷത്തിൽ 24.76 കോടി രൂപയായിരുന്ന കമ്പനിയുടെ വാർഷിക വരുമാനം, 2025 സാമ്പത്തിക വർഷത്തോടെ 206 കോടിയായി കുതിച്ചുയർന്നു. ഹൈടെക് സിറ്റിയിൽ 40,000 ചതുരശ്ര അടിയിൽ 700 പേർക്കിരിക്കാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടീ കഫേയും നില നിലൂഫറിന്റേതായുണ്ട്. നിലവിൽ പ്രമുഖ ഫണ്ട് മാനേജർമാർ വഴി വിപണിയിൽ നിന്ന് നിക്ഷേപം സമാഹരിക്കാൻ ഒരുങ്ങുന്ന കമ്പനിക്ക് ഏകദേശം 1,500 കോടി മുതൽ 1,899 കോടി രൂപ വരെ മൂല്യം പ്രതീക്ഷിക്കുന്നുണ്ട്. വിജയങ്ങളുടെ കൊടുമുടിയിലും താൻ കടന്നുവന്ന വഴികൾ മറക്കാത്തയാളാണ് ബാബുറാവു. ഹൈദരാബാദിൽ നിർദ്ധനരായ ആളുകൾക്കും രോഗികൾക്ക് ദിവസേന സൗജന്യ ഭക്ഷണവും നൽകിവരുന്നുണ്ട് അദ്ദേഹം.

PREV
Read more Articles on
click me!

Recommended Stories

3,000 കോടി രൂപ! പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി മുത്തൂറ്റ് ഫിൻകോർപ്പ്; സാധാരണ നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ
ചന്ദ്രശേഖരന്റെ രണ്ടാമൂഴത്തില്‍ ടാറ്റയുടെ നഷ്ടം 70,000 കോടി; പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം